കൂട്ടുകാര്‍

Monday, February 3, 2014

പിറവിയുടെ കിളിനാദം..!
20140129_115041_LLS

തുടര്‍ച്ച…

ഈ മുട്ട വിരിയാനെന്താ ഒമ്പത് മാസവും ഏഴ് ദിവസവും വേണോ…അല്ല പിന്നെ..അതൊന്നു വിരിഞ്ഞിട്ടു വേണം ബ്ലോഗില്‍ കേറി ഇട്ട പോസ്റ്റിന്‍റെ ബാക്കി എഴുതാന്‍…
പണ്ടേ ഇങ്ങനെയാ…ഇങ്ങനെ വല്ല കിളിയോ കൂടോ ഒക്കെ വീണുകിട്ടുമ്പോഴാണ് ഈയുള്ളവള്‍ക്കൊരു പോസ്റ്റും വീണു കിട്ടുന്നത്..
രാവിലെ അടുക്കളയില്‍ കേറിയാല്‍ ജനാലയിലൂടെ ഏന്തി വലിഞ്ഞു ഞാന്‍ പുറത്തേക്ക് നോക്കും.കിളിക്കൂട്ടില്‍ മുട്ടകള്‍ കണ്ട നാള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ ഒളിഞ്ഞു നോട്ടം.ഇടയ്ക്കു അമ്മക്കിളി കൂട്ടില്‍ ചൂട് പകരാനിരിക്കുന്നത് കാണാറുണ്ടെന്നല്ലാതെ മുട്ടകള്‍ വിരിയുന്ന ലക്ഷണമൊന്നും കണ്ടില്ല.

DSC00628


മുറ്റത്തിറങ്ങുമ്പോള്‍ കൂടിനടുത്ത് പോയി നോക്കും..അപ്പോഴേക്കും തള്ളക്കിളി എവിടുന്നെങ്കിലും പാറിയെത്തും.പിന്നെ അടുക്കാന്‍ സമ്മതിക്കില്ല.
മുട്ട വിരിയാതെ ബ്ലോഗില്‍ കേറാനൊക്കില്ല.ഇട്ട പോസ്റ്റിന്‍റെ ബാക്കി എഴുതണമെങ്കില്‍ അത് വിരിയാതെ പറ്റില്ലല്ലോ..അത് ചീമുട്ടയാകല്ലേ എന്ന് ഇടയ്ക്കിടെ മനസ്സില്‍ പ്രാര്‍ഥിക്കും…
എന്നാലും ഞാന്‍ വെറുതെയിരുന്നില്ല കേട്ടോ…ഭര്‍ത്താവ് സ്വന്തമായി ഉണ്ടാക്കിയ അടുക്കളത്തോട്ടവും   പൂക്കളും ഒക്കെ മൊബൈലില്‍ ക്ലിക്കി ഫെസ്ബൂക്കിലെ അടുക്കളത്തോട്ടത്തിലിടും…!!
അങ്ങനെയിരിക്കെ ഒരാഴ്ചമുമ്പൊരു പുലര്‍ക്കാലം…നിനച്ചിരിക്കാതെ ജനാലക്കല്‍ ഒരു കിളിക്കൊഞ്ചല്‍! ജനല്‍ പാളി മേല്ലെതുറന്നുനോക്കി.ദേ  കിളിക്കൂട്ടില്‍ അനക്കം..!എലികുഞ്ഞുങ്ങളെപോലെ രണ്ടു മാംസപിണ്ടങ്ങള്‍!!ചുവന്ന വായ പിളര്‍ന്നു കരയുന്നു.ഞാനാദ്യമായാണ് വിരിഞ്ഞ ഉടന്‍ കിളിക്കുഞ്ഞുങ്ങളെ കാണുന്നത്.

DSC00770
DSC00789


നോക്കിക്കൊണ്ട് നില്‍ക്കെ ബ്ലോഗിനെക്കുറിച്ചോര്‍ത്തു,,ഓടിപ്പോയി മൊബൈല്‍ കൊണ്ടുവന്നു.പുറത്തേക്ക് ഓടി.കൂടിനടുത്തെക്ക് എത്തിയില്ല…അതാ തള്ളക്കിളി തലയ്ക്കു മുകളില്‍!അടുക്കാന്‍ സമ്മതിക്കുന്നില്ല..
.നിരാശയോടെ അടുക്കളയില്‍ തിരിച്ചെത്തി..ചട്ടിയിലെ കരിഞ്ഞ ദോശ തോണ്ടിയെടുത്ത് വേസ്റ്റില്‍ ഇട്ടു.അടുപ്പ് ഓഫ്‌ ചെയ്തു.ഈ ദോശയെക്കാള്‍ വലുത് എനിക്കെന്‍റെ ബ്ലോഗ്‌ തന്നെ,,ഒരു പോസ്റ്റ്‌ തഞ്ചത്തില്‍ വീണു കിട്ടിയപ്പോള്‍ ബ്ലോഗിലേക്ക് വലിഞ്ഞു കേറിയതാണ്.അത് നഷ്ട്ടപ്പെടുത്തിക്കൂടാ,,,


DSC00837


ജനലിലൂടെ ഒരു കൈ നോക്കാം..മെല്ലെ പാളി നോക്കി കൂട്ടില്‍ തള്ളയില്ല.ഒരൊറ്റ ക്ലിക്ക്..സംഭവം ക്ളിക്കായെങ്കിലും രണ്ടാമതൊന്നു എടുക്കാന്‍ പറ്റിയില്ല,തൊട്ടു തന്നെയുള്ള  മഞ്ഞ മുളയുടെ കമ്പിലും കുഞ്ഞു നാരങ്ങാമരത്തിലും  അത് മാറി മാറി ഇരുന്നു എന്നെ തുറിച്ചു നോക്കി..


DSC00856
DSC00850

അത് വകവെക്കാതെ ഞാന്‍ ജനലിലൂടെ കയ്യിട്ടു ഫോടോ എടുക്കാന്‍ വീണ്ടും ഒരു ശ്രമം നടത്തി.ആ മാതൃസ്നേഹത്തിനു മുമ്പില്‍ ഞാന്‍ അടിയറവു പറഞ്ഞു,
അത് പറന്നു വന്നു ജനല്‍ പാളിയില്‍ കുട്ടികള്‍ക്ക് കാവലായി ഇരുപ്പുറപ്പിച്ചു..

DSC00857

രക്ഷയില്ലാന്നു കണ്ടു കുറെ നേരം ഞാന്‍ മാറി നിന്നു. കുറച്ചു കഴിഞ്ഞു വീണ്ടും വന്നു നോക്കി…അമ്മ കുട്ടികള്‍ക്ക് മീതെ ചൂട് പകര്‍ന്നു  ഇരുപ്പായിരുന്നു…


DSC00862


ഫോട്ടോ എടുത്ത് വീണ്ടും ശല്യം ചെയ്തില്ല. എന്‍റെ ദോശച്ചട്ടി തണുത്തിരുന്നു…പത്രത്തില്‍ തലയും പൂഴ്ത്തി ഇരുന്നിരുന്ന ഭര്‍ത്താവ്  ചായകുടിക്കാന്‍ നേരമായെന്ന സിഗ്നലോടെ നോക്കുന്നുണ്ട്.തല്‍ക്കാലം കിളിക്കൂട്‌ വിട്ടു ദോശയിലേക്ക് തിരിഞ്ഞു.
പിന്നീട് അഞ്ചു നാള്‍ കഴിഞ്ഞു ഞാന്‍ മുറ്റത്തുകൂടെ നേരിട്ട് കിളിക്കൂടിനടുത്തെത്തി.തള്ളക്കിളി പരിസരത്തൊന്നും ഇല്ലെന്നു ഉറപ്പു വരുത്തി..ഒരൊറ്റ ക്ലിക്ക്…സംഭവം ഓക്കെ…
ചിറകു മുളച്ചു തുടങ്ങിയിരിക്കുന്നു…ഒന്നുകൂടി മൊബൈലും കൊണ്ട് ചെന്നെങ്കിലും എവിടുന്നോ കുതിച്ചെത്തിയ തള്ളക്കിളി എന്‍റെ തലയ്ക്കു മുകളിലൂടെ  തലങ്ങും വിലങ്ങും പാറി..
കുത്തി മറിഞ്ഞു വീഴാതെ ഒരു വിധത്തില്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു.
അല്ലെങ്കിലും വല്ലപ്പോഴും ഇങ്ങനെ  ഓടെണ്ടി വരുമ്പോഴൊക്കെയ്യാണ് ആയ വയസ്സിനെ കുറിച്ചു അന്തമുണ്ടാവുന്നത്.

DSC00963

തിരിഞ്ഞു നോക്കുമ്പോള്‍ അമ്മക്കിളി ആസ്ബറ്റൊസിനു മുകളില്‍ ജാഗരൂഗയായി ഇരിക്കുന്നുണ്ട്‌.തന്‍റെ പോന്നു മക്കള്‍ക്ക്‌ കാവലായി…


.
DSC00929


ഒരാഴ്ച കൂടി കിളിയും മക്കളും കൂട്ടില്‍ തന്നെയുണ്ടായിരുന്നു..പിന്നീടെപ്പോഴോ ചിറകു മുളച്ച കുഞ്ഞുങ്ങളെയും കൊണ്ട് തള്ളക്കിളി എങ്ങോട്ടോ പറന്നുപോയി…
ഈ കൂട്ടിലെ ‍ രണ്ടാമത്തെ പിറവിയും അങ്ങനെ പറന്നകന്നു…


DSC00456


ഇനിയും മൂന്നാമതൊരു കിളിക്കൊഞ്ചല്‍ കാതോര്‍ത്ത് ഞാനും ഈ കിളിക്കൂടും ഇനിയും ബാക്കി…!!
((ഉണ്ടായാല്‍ എനിക്കൊരു ‘ഉപകാരമായേനെ’…!!??))

Tuesday, January 14, 2014

കിളിവാതിലിനടുത്തൊരു കിളിക്കൂട്‌……!
രണ്ടായിരത്തി പന്ത്രണ്ടു ഏപ്രില്‍ ഇരുപത്തൊന്നിന് ഞാനെന്‍റെ ബ്ലോഗ്‌ സ്വമേധേയാ നിറുത്തിയതല്ല.നിറുത്തേണ്ടി വന്നു.അതാണ്‌ സത്യം.
പെട്ടെന്ന് തിരക്ക് പിടിച്ച ജീവിതത്തിന് മുന്നില്‍ ആദ്യമൊന്നു പകച്ചുപോയെങ്കിലും ആ തിരക്കുകളോട് പൊരുത്തപ്പെട്ടു സന്തോഷത്തോടെ തന്നെ ആ ജീവിതത്തിന്‍റെ ഭാഗമായി.
പക്ഷെ പിന്നീടുണ്ടായ കഥകള്‍ അത്ര നല്ലതല്ലായിരുന്നു...അത് പറയാന്‍ ഞാന്‍ പിന്നീട് വരാം…
ഇപ്പോള്‍ ഈ ബ്ലോഗിലേക്ക് വീണ്ടും എന്നെ നയിച്ച..അതിന് നിമിത്തമായ കിളിക്കൂടിലേക്ക് ഞാന്‍ വരട്ടെ…
ഈ എഴുത്തിലൂടെയാണ് ഇനി മനസ്സ് ശാന്തമാവേണ്ടതെന്ന് എനിക്ക് തോന്നിയത് ഈ കാഴ്ച കണ്ടപ്പോഴാണല്ലോ…

DSC00479

പൂപ്പല്‍ രോഗം വന്നു വെട്ടിക്കളയാനോരുങ്ങവേയാണ്  അടുക്കള ജനാലയോട് ചേര്‍ന്ന് നില്‍ക്കുന്ന ചെടിയില്‍ തികച്ചും യാദൃശ്ചികമായി ഞാനാ കൂട് കണ്ടത്.
മരം കൊത്തിയെ പോലെ തലയില്‍ ചുവന്ന നിറവും ചുവപ്പ് കൊക്കും ഉള്ള കിളി ഇടയ്ക്കിടെ കൂട്ടില്‍ വന്നിരിക്കുന്നത് പണിക്കിടെ ഞാന്‍ കാണും.
സമയം കിട്ടുമ്പോള്‍ പുറത്തൂടെ പോയി കിളിക്കൂട്ടിലേക്ക് പാളി നോക്കും..
അങ്ങനെ ഒരു നാള്‍ ഞാന്‍ പ്രതീക്ഷിച്ചത് കണ്ടു!

DSC00537

രണ്ട് സുന്ദരന്‍ മുട്ടകള്‍…!!
ഇന്ന് ഞാന്‍ മുറ്റത്തൂടെ നടന്നപ്പോള്‍ കിളിക്കൂടും ശ്രദ്ധിച്ചു.കൂട്ടില്‍ കിളി അടയിരിക്കുന്നു.ഉടന്‍ ഞാന്‍ അടുക്കളയില്‍ കേറി.വളരെ പണിപ്പെട്ട് ജനല്‍പ്പാളിക്കിടയിലൂടെ കിളിയെ ഫോട്ടോ എടുത്തു.

DSC00633

കിളിക്കൊരു കുലുക്കവുമില്ല..എന്നാപിന്നെ അടുത്തു പോയി എടുത്താലോ..വീണ്ടും പുറത്തുവന്നു.ഞാന്‍ മെല്ലെ കിളിക്കൂടിനടുത്തു വന്നുനിന്നു.ചുണ്ട് പിളര്‍ത്തി എന്നെ നോക്കിക്കൊണ്ട് കിളി അടയിരുപ്പു തുടര്‍ന്നു.

DSC00555

ഇനി എന്‍റെ അടുക്കള ജോലികള്‍ അടുത്ത് തന്നെ എന്നെ തേടിയെത്തുന്ന കുഞ്ഞു കിളിനാദങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട്…

അതുവരേക്കും വിട!!!

Saturday, April 21, 2012

വെറുതെ ഒരു പോസ്റ്റ്‌.


ഒരു വീട്ടമ്മ ബ്ലോഗെഴുതാന്‍ തുനിഞ്ഞാല്‍  ഇങ്ങനെയിരിക്കും  എന്ന്‍ മനസ്സിലാക്കാന്‍ ഒരു പാട് വയ്കിപ്പോയി.
പുതുപ്പെണ്ണ്‍ പുരപ്പുറം തൂക്കും എന്ന് പറഞ്ഞപോലെയായിരുന്നു എന്‍റെ അവസ്ഥ.
ബ്ലോഗിണിയായി  ഇടതു ക്ലിക്ക് ചെയ്ത് ബൂലോഗത്തേക്ക് കേറി വന്നപ്പോള്‍ ഒരുതരം സ്ഥലകാലവിഭ്രാന്തി പിടിപെട്ടപോലെയായിരുന്നു..പുതുമോടിയില്‍ അന്തോം ആദീം ഇല്ലാതെ ഓരോന്ന് എഴുതിക്കൂട്ടി. വായനക്കാരുടെ എണ്ണം കൂടിവരുന്നത് കൂടി കണ്ടപ്പോള്‍ ചുറ്റുവട്ടത്തുള്ളവരെയൊക്കെ (മക്കളാണ്..അല്ലാതാരുമല്ല കേട്ടോ..) നോക്കി ഇച്ചിരി അഹങ്കാരമൊക്കെ കാണിച്ചു.
ബ്ലോഗെഴുതാന്‍ എന്നും ഒഴിവും സമയവും കിട്ടാത്ത വെറുമൊരു വീട്ടമ്മയാണ് ഞാനെന്ന സത്യം അതിനിടയിലങ്ങ് മറന്നും പോയി.
ഇടയ്ക്കു വെച്ച് അത് സംഭവിക്കുക തന്നെ ചെയ്തു.എന്നെ കുറിച്ചോ എന്‍റെ ബ്ലോഗിനെ കുറിച്ചോ എന്തെങ്കിലും ആലോചിക്കാന്‍ പറ്റാത്ത വിധം തിരക്കുകളിലേക്ക് ഞാന്‍ വീണു പോയി.

 ഇതിനിടയില്‍ എന്തൊക്കെ കണ്ടു,കേട്ടു..ഒക്കെ നല്ലനല്ല പോസ്റ്റിനുള്ള വകകളായിരുന്നു.പറഞ്ഞിട്ടെന്താ ഒക്കെ പോയില്ലേ..ഇനി അതൊന്നും ഓര്‍മിച്ചെടുത്ത് എഴുതാന്‍ മാത്രം മെമ്മറി പവറൊന്നും എനിക്കൊട്ടില്ലതാനും.

വെക്കേഷന് ഒരു യാത്രയെങ്കിലും തരപ്പെടുമെന്നും ഒരു യാത്രാവിവരണത്തിനുള്ള വക ഒത്തു കിട്ടുമെന്നും കരുതിയുള്ള ഇരുപ്പാണിപ്പോള്‍..വെക്കേഷന്‍ കഴിയാറുമായി.മക്കളൊക്കെ പല കൊമ്പത്തും!ഒക്കെ ഒത്തു വന്നു പോകാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.
എന്‍റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ…!?


എന്തെങ്കിലുമൊക്കെ എഴുതണ്ടേ എന്ന് കരുതി എഴുതിയതാണ്.
ഒട്ടും നന്നായിട്ടില്ല എന്നറിയാം..എങ്കിലും… 
Thursday, October 27, 2011

വരുന്നോ ഈ സുന്ദര ഗ്രാമത്തിലേക്ക്…..!?

 


തുടര്‍ച്ച…. 
 
nechu
 
 
ഹങ്കാളയിലേക്കൊരു യാത്ര….
 
കഴിഞ്ഞ ഭാഗം ഇവിടെ വായിക്കാം.
 
 
മലയിറങ്ങുമ്പോള്‍ ചെക്ക്‌പോസ്റ്റില്‍ വാങ്ങി വെച്ച ഭക്ഷണത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത.
 
വിശപ്പിന്‍റെ വിളി അത്രക്കും ദയനീയമായിരുന്നു.
കുടിച്ചു തീര്‍ത്ത സംഭാരത്തെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ടു.
 
കാന്താരിമുളകും  കറിവേപ്പിലയും അരച്ചുചെര്‍ത്തു അരിച്ചെടുത്ത നല്ല രുചിയുള്ള സംഭാരമായിരുന്നു.
പറഞ്ഞിട്ടെന്താ തുള്ളിപോലും ബാക്കി വെക്കാതെയല്ലേ കുളിര്‍മ തേടി മല കേറിയത്.

ഇനിയിപ്പോ ചെക്ക്‌പോസ്റ്റില്‍ വെച്ച് ഭക്ഷണം തിരിച്ചു കിട്ടിയില്ലേല്‍ അറ്റം കാണാത്ത ഈ വയലേലകളില്‍ നിന്ന് ഞങ്ങള്‍ക്ക് എന്ത് കിട്ടാന്‍. ഓര്‍ക്കാന്‍ കൂടി വയ്യ.
 
പേടിച്ചത് പോലൊന്നും സംഭവിച്ചില്ല..!? 
 
ഇരിക്കാന്‍ പറ്റിയൊരു സ്ഥലം തേടി വണ്ടി നീങ്ങി .
 
വഴിക്ക് ഉണങ്ങിപ്പാകമായ സൂര്യകാന്തി ത്തോട്ടം കണ്ട്.വിശപ്പിനൊപ്പം കടുത്ത നിരാശയും ഉള്ളില്‍ നിറഞ്ഞു.
 
 
DSC00347
 
ഇല്ല,  ഇനിയൊരു മഞ്ഞ വര്‍ണപ്പാടം സ്വപ്നം കാണുന്നത് വെറുതെ .
 
കൊയ്ത്തു കഴിയാത്ത ഒരു ചെണ്ടുമല്ലിത്തോട്ടം ഞങ്ങളെയും കാത്തു അവിടെയെവിടെയോ  ഉണ്ടെന്നു എന്‍റെ മനസ്സിനെ ഞാന്‍ പറഞ്ഞു വിശ്വസിപ്പിച്ചു.
 
അല്ലാതെ കാണാത്തൊരു കാര്യം മറ്റാരെയെങ്കിലും ഞാനെങ്ങിനെ വിശ്വസിപ്പിക്കും?
 
പടര്‍ന്നു പന്തലിച്ചൊരു തണല്‍ ഞങ്ങള്‍ക്കായി വഴിയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ആരോ വരുമെന്ന പ്രതീക്ഷയില്‍ ഒരു കൊടിച്ചിപ്പട്ടിയും അവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു.
 
വണ്ടി തണലിലേക്ക് ചേര്‍ത്ത് നിര്‍ത്തി.അതിനോട് ചേര്‍ന്ന് ഞങ്ങള്‍ പായവിരിച്ചു..ഭക്ഷണങ്ങള്‍ നിരത്തി.

 
വയറൊക്കെ നിറഞ്ഞപ്പോള്‍ കുട്ടികള്‍ ഉഷാറായി.
ഇര്‍ഫാന്റെ നേതൃത്വത്തില്‍ പാട്ടുപാടലും കളിയുമൊക്കെയായി എല്ലാവരും പഴയ മൂഡിലേക്ക് തിരിച്ചെത്തി.
 
ഞാനപ്പോഴും മല്ലികപ്പാടങ്ങള്‍ സ്വപ്നം കാണുകയായിരുന്നു.
 
ചില പൂക്കളും ചെടികളും അങ്ങനെയാണ്.അത് നമ്മെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും.വളരെ  പെട്ടെന്ന് ഓര്‍മകളുടെ ഒരു പൂങ്കാവനം തന്നെ അവക്ക് തീര്‍ക്കാനുമാകും. 
 
അതിലൊന്നാണ് എനിക്കീ ചെണ്ടുമല്ലി എന്നു വിളിക്കുന്ന മല്ലിക.
മല്ലികയുടെ ഒരില കയ്യിലെടുത്ത്  ചേര്‍ത്ത് പിടിച്ചൊന്നു മണത്താല്‍ മതി, കുട്ടിക്കാലത്തിന്‍റെ കോലാഹലങ്ങളിലേക്ക് അതെത്ര പെട്ടെന്നാണ് എന്നെ കൂട്ടിക്കൊണ്ടുപോകുകയെന്നോ..!  
  
ഇതിനിടെ വണ്ടി ഞങ്ങളെയുംകൊണ്ട് നീങ്ങിത്തുടങ്ങിയിരുന്നു.
ഇനി ഞങ്ങള്‍ക്ക് പോകേണ്ടത്‌ വലതു വശത്തേക്ക് തിരിയുന്ന റോഡിലൂടെയാണ്.
 
പാകമായ ചോളവയലുകളെയും ആവണക്കിന്‍ പാടങ്ങളെയും പിറകിലാക്കി വളരെ സാവധാനത്തിലാണ് ഞങ്ങളുടെ യാത്ര.

കാഴ്ചകളൊന്നും മിസ്സാകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു.

ആല്‍മരത്തിന്‍റെ വള്ളികളില്‍ ആടിത്തിമര്‍ത്തും പുല്‍മേടുകളില്‍ ആട്ടിന്‍പറ്റത്തോടൊപ്പം ഓടിക്കളിച്ചും ആവുന്നത്ര ആസ്വദിച്ചു കൊണ്ടാണ് ഞങ്ങളുടെ യാത്ര.

ആടുമേക്കുന്ന വൃദ്ധന്‍ കറപിടിച്ച പല്ലുകള്‍ കാട്ടി ഞങ്ങളെ നോക്കി ചിരിച്ചു.


 Image2948_thumb[3]


ഓ പ്രകൃതീ നീ എത്ര മനോഹരി!

ഈ പുല്‍മേട് വിട്ട് ഞാനിനി എങ്ങോട്ടുമില്ലെന്ന് വിളിച്ചു പറയാന്‍ മനസ്സ് വല്ലാതെ കൊതിക്കുന്നു.

ഒരു കൊച്ചു കുട്ടിയായിരുന്നെങ്കില്‍ വാശി പിടിച്ചു നോക്കാമായിരുന്നു.
ഈ പ്രായത്തില്‍ ഞാനങ്ങനെയൊക്കെ പറഞ്ഞാല്‍ എല്ലാവരും കളിയാക്കിച്ചിരിക്കുകയെയുളളു.

ആല്‍മരക്കൂട്ടങ്ങളും തൂങ്ങിയാടുന്ന വള്ളികളും  വല്ലാത്തൊരു നിരാശയിലെക്കാണല്ലോ കൊണ്ടുപോകുന്നത്.

കാഴ്ചകള്‍ മനസ്സിനെ വല്ലാതെ ചെറുപ്പമാക്കുന്നു.മനസ്സിന്‍റെ
ചെറുപ്പവും കൊണ്ട് ഒന്നാടിയാലോ എന്നാലോചിച്ചാണ് ആല്‍മരത്തിനു നേരെ നടന്നത്.

ആരോ ചന്തിയും കുത്തി താഴെ വീഴുന്ന
രംഗം ഉള്‍ക്കിടിലത്തോടെ ഓര്‍ത്തത്‌ പെട്ടെന്നാണ്!!?

കുട്ടികള്‍ ആടിത്തിമര്‍ക്കുന്നത് കണ്ടു തല്‍ക്കാലം സായൂജ്യമടഞ്ഞു.


DSC00404


ളുഹറും അസറും ഒന്നിച്ചു നമസ്ക്കരിക്കാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
 
കാളവണ്ടികളും കൃഷിക്കാരുമൊക്കെയുള്ള ഒരിടത്ത് തന്നെ ഞങ്ങള്‍ വണ്ടി നിര്‍ത്തി.
 
കാളവണ്ടി കണ്ടപ്പോള്‍ കുട്ടികള്‍ക്കൊക്കെ കൌതുകമായി.കാളയെ മാറ്റിക്കെട്ടിയിരുന്നതിനാല്‍ അവര്‍  വണ്ടിയില്‍ പറ്റിപ്പിടിച്ചു കേറാന്‍ തുടങ്ങി.
 
നെച്ചു കാളവണ്ടിയില്‍ കേറി ഫോട്ടോക്ക് പോസ്സ് ചെയ്യുന്നത് കണ്ട് ചോളവയലുകളില്‍ വെള്ളം തിരിച്ചു വിടുന്ന കര്‍ഷകര്‍ പണി നിര്‍ത്തി ഞങ്ങളെ നോക്കി.
 
 
DSC00339


ഓരോ വയലിനടുത്തും നിശ്ചിത അകലത്തില്‍ കൊച്ചു കൊച്ചു കുളങ്ങളുണ്ട്.ഗവണ്മെന്‍റ് വകയായുള്ള ഈ കുളത്തിലേക്ക് സദാ വെള്ളം വന്നു വീണു കൊണ്ടിരിക്കുന്നുണ്ട്.
 
ഈ കുളത്തില്‍ നിന്നും ചെറു ചാലുകളായും തോടുകളായും ആവശ്യാനുസരണം ഓരോ കൃഷിയിടത്തിലെക്കും വെള്ളം തിരിച്ചു വിട്ടിരിക്കുന്നതു കണ്ടു.

 
DSC00300


ഗ്രാമത്തനിമ വിളിച്ചോതുന്ന ഒരു വീടുപോലും കാണാന്‍ കഴിഞ്ഞില്ല.
ഗവണ്മെന്റ് വക ലക്ഷംവീടുകളാണ് ആകെ കണ്ടത്.
 
പെട്ടെന്ന് പ്രതീക്ഷയുടെ ഒരു കുഞ്ഞുതരി എന്നിലേക്കിട്ടുകൊണ്ട്  ഞങ്ങള്‍ക്ക് മുമ്പിലൂടെ  ഒരു സൈക്കിള്‍ കടന്നു പോയി.
 
 സൈക്കിളിന്‍റെ പിറകില്‍ വെച്ച വലിയ കുട്ട നിറയെ ചെണ്ടുമല്ലികള്‍!
അടുത്തെവിടെയോ പൂകൊയ്ത്ത് നടക്കുന്നുണ്ട്.പെട്ടെന്ന് പോയാല്‍ തീരും മുമ്പ്‌ എത്താം.പെട്ടെന്ന് വണ്ടിയെടുത്തു.
 
ഊഹം തെറ്റിയില്ല. ഞങ്ങളെ കാത്ത് ഒരുപൂപ്പാടം കൊയ്യാതെ ബാക്കിയുണ്ടായിരുന്നു.
തൊട്ടു താഴെ കൊയ്ത്തു കഴിഞ്ഞ വെളുത്തുള്ളി പ്പാടങ്ങളും,
വെളുത്തുള്ളി വേര്‍തിരിച്ചു ചാക്കിലാക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും.

 
 
DSC00385


ടീച്ചറനിയത്തി നേരെ വെളുത്തുള്ളിപ്പഠനത്തിനു പോയപ്പോള്‍ ഞാന്‍ മല്ലികപ്പൂക്കള് കൊതി തീരെ കാണുകയായിരുന്നു.‍
  
സമയം വയ്കിത്തുടങ്ങി.കരിമ്പില്‍ നിന്നും ശര്‍ക്കരയുണ്ടാക്കുന്നത് കൂടി കാണണമെന്നുണ്ടായിരുന്നു.അഞ്ചു മണിക്ക് മുമ്പെത്തിയാല്‍ കാണാം.എത്തുമോന്നൊരു നിശ്ചയവുമില്ല.
 
കൊയ്ത്തുകഴിഞ്ഞ കരിമ്പിന്‍ പാടങ്ങള്‍ക്ക് നടുവിലൂടെ വണ്ടി സാമാന്യം സ്പീഡില്‍ തന്നെ ഓടിക്കൊണ്ടിരുന്നു.
 
ഇരുവശവും ആല്‍മരങ്ങള് നിറഞ്ഞ  റോഡ്‌  അധീവ മനോഹരമായി തോന്നി. ആ മനോഹാരിതയെ കൂട്ടുപിടിച്ചെന്നോണം മെല്ലെ മെല്ലെ ഒരു ചാറ്റല്‍ മഴയും  വന്നെത്തി.
 
 
DSC00408  


കിലോമീറ്ററുകള്‍ എത്ര ഓടിയെന്നു അറിയില്ല. ഡീസല്‍ തീരാറായിരിക്കുന്നു. 
അടുത്ത് പെട്രോല്‍ പമ്പുകള്‍ ഉണ്ടോന്നറിയില്ല.ഈ പ്രശ്നം പരിഹരിക്കാതെ ശര്‍ക്കരക്കമ്പനി തേടിപ്പോകാനും പറ്റില്ല.
 
കൂടുതല്‍ ഓടാന്‍ അവസരമുണ്ടായില്ല.പമ്പിന്‍റെ ബോര്‍ഡ്‌ ദൂരെ കാണാനായി.
 
കുട്ടികള്‍ക്ക് ഭാഗ്യമില്ലാന്നു പറഞ്ഞാല്‍ മതിയല്ലോ,,
 
തൊട്ടടുത്ത്‌ തന്നെ രണ്ടു ശര്‍ക്കരപ്പന്തലുകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടും പണി നിര്‍ത്തി ആളുകള്‍ പോയിരുന്നു.
 
ആളില്ലാത്ത ഓലപ്പന്തലില്‍ കേറി  ഭീമന്‍ ശര്‍ക്കരത്തളികയും അടുപ്പുമൊക്കെ കണ്ടു തല്‍ക്കാലം ഞങ്ങള്‍ തൃപ്തിയടഞ്ഞു.
 
 
DSC00413


സമയം ഇരുട്ടിത്തുടങ്ങി.ഇനി മടങ്ങണം.ഒരുപാട് വയ്കും മുമ്പ്‌ ബന്തിപ്പൂര്‍ കാട് കടന്ന് നാട്കാണിച്ചുരമിറങ്ങണം.
 
ഇനിയുമിനിയും വരുമെന്ന മനസ്സായിരുന്നു മടങ്ങുമ്പോള്‍.ഇനി പാടങ്ങള്‍ കൊയ്യും മുമ്പേ ഇങ്ങെത്തണം.

റോഡരുകില്‍ പാതിഉണങ്ങിത്തുടങ്ങിയ ചെണ്ടുമല്ലിപ്പാടത്തു പൂ പറിച്ചെട്ക്കുന്ന  മലയാളീ യുവാക്കള്‍!അവരെന്തോ വിളിച്ചു പറയുന്നുണ്ട്.

ഞങ്ങള്‍ വണ്ടി സൈഡാക്കി ശ്രദ്ധിച്ചു.

വലിയ ചാക്കുകളില്‍ പൂക്കള്‍ പറിച്ചു നിറക്കുകയാണവര്‍..
“കിലോക്ക് പത്തുരൂപയെയുള്ളൂ.കുറച്ചു കൊണ്ട്പൊയ്ക്കൊള്ളൂ..”
അവര്‍ വിളിച്ചു പറഞ്ഞു.

ഓണം സീസനാണ്.നാട്ടില്‍ കൊണ്ട് വന്നു അവര്‍ക്കത്‌ പൊന്നും വിലക്ക് വിക്കാം.


DSC00338


ഞങ്ങള്‍ കയ്   വീശി യാത്ര പറഞ്ഞു. ‌

കണ്ടു മതിയാകാത്ത കാഴ്ചകള്‍ മനസ്സിലേറിയായിരുന്നു ഞങ്ങളുടെ മടക്കയാത്ര.

യാത്രാക്ഷീണമോ മടുപ്പോ ഒട്ടും തന്നെ ബാധിക്കാത്തൊരു യാത്ര.

കുട്ടികള്‍പോലും പോരുമ്പോഴുള്ള അതേ ഉത്സാഹം, മടക്കത്തിലും കാത്തു സൂക്ഷിച്ചിരിക്കുന്നു.

ഗൂഡല്ലൂരില്‍ എത്തിയാല്‍ നല്ല നെയ്റോസ്റ്റ് കിട്ടും.രാത്രി ഭക്ഷണം അവിടുന്നാക്കാം.

പക്ഷെ അതുവരെ ആരും ഉറങ്ങാന്‍ പാടില്ല.

മെല്ലെ ഒരു അന്താക്ഷരിക്ക് തിരികൊളുത്തി.
കുട്ടികള്‍ അടിപൊളി ഗാനങ്ങള്‍ പാടി ഞങ്ങളെ തറപറ്റിക്കാന്‍ ഒരുങ്ങുമ്പോള്‍.
ഞങ്ങള്‍ മുതിര്‍ന്നവര്‍ ഓള്‍ഡ്‌ മെലഡികള്‍ പാടി അവരെയും കറക്കി…
കാറ്റിനു തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്,..
പിറകില്‍ നിന്നുള്ള അടിപൊളിഗാനങ്ങളുടെ വോള്യം കുറഞ്ഞു കുറഞ്ഞു, നേര്‍ത്തില്ലാതായി…
മെല്ലെ മെല്ലെ വണ്ടിക്കുള്ളില്‍ നിശബ്ദതയുടെ കരിമ്പടം പുതച്ചുറങ്ങുന്നവരുടെ വിവിധതരം കൂര്‍ക്കം വലികള്‍.

ഏതു യാത്രയിലും വളയം പിടിച്ചവരുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഉറങ്ങാതെയിരിക്കുന്ന ഞാന്‍ അന്നും എന്‍റെ പതിവിനു മാറ്റമൊന്നും വരുത്തിയില്ല..

പുറം കാഴ്ചകള്‍ നഷ്ട്ടപ്പെട്ട രാത്രി വഴികളിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു.

കനം തൂങ്ങുന്ന കണ്‍പോളകളോട് പൊരുതി ജയിക്കാന്‍ പാടുപെട്ടുകൊണ്ട് പിന്നിട്ട കാഴ്ചകളെ കുറിച്ചോര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാനിരുന്നു.Image2946ഈ തണലുകള്‍ തേടി ഞാന്‍‍ ഇനിയുമിനിയും വരും.സൂര്യകാന്തികള്‍ പൂക്കും നേരം കൊതിയോടെ ഓടിവരും. ഈ പ്രകൃതി ഭംഗി അത്രത്തോളം എന്നെ  കീഴ്പ്പെടുത്തിക്കളഞ്ഞിരിക്കുന്നു.*****************************************************************************************************************


യാത്രയുടെ യഥാര്‍ത്ഥ ഭംഗി പറഞ്ഞു ഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോന്നറിയില്ല.

ഫോട്ടോസ് ഒരുപാട് എടുത്തുകൂട്ടി. അത് കൊണ്ട് ഈ യാത്ര പൂര്‍ത്തിയാകാന്‍  ഇവിടെ കൂടി പോകാന്‍ മറക്കല്ലേ.