കൂട്ടുകാര്‍

Saturday, October 9, 2010

പടികടന്നെത്തിയവര്‍!!!!!!!!?




രണ്ടു  ദിവസം  മുമ്പാണ്   മൂന്നു   ചാക്ക്   നിറയെ  പുസ്തകള്‍
 എന്‍റെ   വീട്ടിലെത്താനുള്ള   സാഹചര്യമുണ്ടായത്.

മോള്‍ക്ക്‌  അബുദാബിയിലേക്ക്‌  പോകാന്‍  ഇനി അധികനാളില്ല.
ഉമ്മമ്മാനെയും  വല്ലിപ്പാനെയും  ഒന്ന് കണ്ടു വരാമെന്നു
പറഞ്ഞതുംഅവളാണ്.
രാവിലെ  തന്നെ പോകാനുള്ള  ഒരുക്കങ്ങളും  തുടങ്ങി.
ചോറിനു  അവിടേക്കെത്തിയാല്‍  എനിക്കു പണിയും  ലാഭം.

മടങ്ങുമ്പോഴാണ്   മോള്‍  'ഖസാക്കിന്‍റെ ഇതിഹാസം'
വേണമെന്ന് പറഞ്ഞത്.
( ഞാന്‍ ഒരുപാട്  തവണ  വായിച്ചത്കൊണ്ടും,    ഇക്കാക്കാന്‍റെ  ബുക്ക്‌ ഷെല്‍ഫില്‍  സാധനം ഉള്ളത്കൊണ്ടും   
എന്‍റെ    ലൈബ്രറിയിലേക്ക്‌   അത് വാങ്ങിയിരുന്നില്ല.)

ഒരുപാടു കാലങ്ങള്‍ക്കു  ശേഷം     മരക്കോണി    കേറി  ഞാന്‍ വീണ്ടും ആ  ബുക്കലമാരക്കുമുന്നില്‍  .....,!  
വീട്ടില്‍_  പോകും , വരും  എന്നല്ലാതെ 
ഈ  ബുക്കലമാരയെക്കുറിച്ച്‌   ഓര്‍ക്കാറെയില്ലായിരുന്നു.
.
ഇക്കാക്ക  ഗള്‍ഫില്‍  പോയ ശേഷം അനാഥത്തം പൂണ്ട  അതിന്‍റെ  ശോചനീയാവസ്ഥയില്‍  എന്‍റെ  മനസ്സ്‌നീറി.
പൂട്ടിയിട്ടിരുന്ന   അലമാര വലിച്ചു  തുറന്ന  അവസ്ഥയിലാണ്.

തേടിച്ചെന്ന  പുസ്തകമടക്കം  ഒരുപാടെണ്ണം  കാണാനുമില്ല.

പുസ്തകങ്ങള്‍  എന്നെ  നോക്കി  നിലവിളിക്കുന്ന  പോല തോന്നി.
പുറം ചട്ടയും  പേജുകളും  നഷ്ടമായ  "മാക്ബത്"..,, 
വാലന്‍മൂട്ടകളുടെ   അക്രമം    സഹിക്കാതെയേന്നോണം  
ആ  ചുവന്ന  മരയലമാരയുടെ   നേര്‍ത്ത നിലവിളിയും  എനിക്കു  കേള്‍ക്കാമായിരുന്നു.
                                                 


  
പിന്നെ  ഒന്നും  ചിന്തിച്ചില്ല. രണ്ടുമൂന്ന്‌  ചാക്കുകള്‍  സംഘടിപ്പിച്ച്
കഴിയുന്നത്ര  പുസ്തകങ്ങള്‍  നിറച്ചു,  കുട്ടികളുടെ  സഹായത്തോടെ
കോണിയിലൂടെ   താഴെയിറക്കി. വണ്ടിയുടെ  ഡിക്കിയില്‍  എത്തിച്ചു,

ഇവിടെ  എത്തിയ  ഉടന്‍ ഓണ്‍ലൈനില്‍  ഇക്കാക്കയുണ്ടോന്നു  നോക്കി.ഇക്കാക്കാന്‍റെ  ഭാര്യയുണ്ടായിരുന്നു.
പുസ്തകങ്ങളുടെ   ദുഖ: കഥ  പറഞ്ഞു.  സംരക്ഷണചുമതല    ഏറ്റെടുത്തതും.
അവകാശവാദം  ഉന്നയിച്ച്   എപ്പോള്‍  വരുന്നോ
ആനിമിഷം  തിരിച്ചുനല്‍കുമെന്നും,
ഇക്കാക്കനോടു  വിവരം  പറയണമെന്നുംപറഞ്ഞേല്പ്പിച്ചു.

                                                ;
                                                ;      
                                                .
                                                .
                                                .
 ഇനി  എല്ലാവരും  എന്‍റെ  കൂടെ  ഒന്ന് വന്നേ..
പുസ്തകങ്ങള്‍  ഒക്കെ  അടുക്കി  വെക്കണ്ടേ...
ഒത്തു  പിടിച്ചാല്‍......മലയും....




 മോചനം  കാത്ത്........


1979   മുതലുള്ള   ബാലപ്രസിദ്ധീകരണങ്ങള്‍..
 


ഹാവൂ...രക്ഷപ്പെട്ടു..



അഞ്ചു   തവണ  കേറിയിറങ്ങി,         ഒക്കെ  മുകളിലെ   ലൈബ്രറിയില്‍       എത്തിക്കാന്‍.(അരക്കിലോ   തൂക്കം  കുറഞ്ഞു    കിട്ടിയാല്‍   അതായല്ലോ..?)



ഒക്കെയൊന്നു    തരം   തിരിക്കണം.

  മുകളിലത്തെ   തട്ടില്‍    അല്‍പ്പം   ഒഴിവു   കാണുന്നുണ്ട്.

 പൊടി   തട്ടി   വെച്ചതാണ്..


അക്ഷീ....(തുമ്മിയതാണ്.)..          ഇത്   മുമ്പേ  ഇവിടെയുള്ള     പുസ്തകങ്ങളാണ്  കേട്ടോ...                   


ഒക്കെ  നശി കുശിയായി...


ഹാവൂ... സമാധാനായി.....

അടുക്കിയത്  ശെരിയായില്ലേ...

ഒക്കെ  ഒരു  അധീനത്തായി....


അക്ശീ......അക്ഷീ......( പൊടി    അലര്‍ജിയാണെയ്.)...
എന്‍റെ   ശേഖരം!!!!!!
 
ഇതും...!!

ഇതും.....

പിന്നെ    ഇതും.

തുമ്മി   കുഴങ്ങി.   ഞാനല്പം  വിശ്രമിക്കട്ടെ....

നിങ്ങള്‍     ഇവിടെയിരുന്നു   വായിക്കുകയോ,,,    പുറം    കാഴ്ച    കാണുകയോ  .. എന്താന്നുവെച്ചാ    ചെയ്തോ...




കണ്ടു   കഴിഞ്ഞല്ലോ .......
ഇനി  പോകുന്നില്ലേ..........?എനിക്ക്  തിരക്കുണ്ട്...


എന്‍റെ  ലൈബ്രറി   ഇഷ്ട്ടപ്പെട്ടോ....അഭിപ്രായം  അറിയിക്കുമല്ലോ..?




80 comments:

Jazmikkutty said...

എനിക്ക് വയ്യ എന്‍റെ പ്രവാസിനീ..
ഞാനിപ്പം ചാടി അവിടെ എത്തും! എത്ര പുസ്തകങ്ങള്‍!
എന്ത് മനോഹരമായ പുറംകാഴ്ച! ദേ..ഞാന്‍ ഫ്ലൈടിന് ബുക്ക് ചെയ്യാന്‍ പോയി...

Jishad Cronic said...

അതെ ഞാനും അങ്ങോട്ട്‌ വരാന്‍ പോകാണ്, ബുക്സ് കിട്ടുകയാണെങ്കില്‍ ഒരു വായനശാല പണിയായിരുന്നു.ചുമ്മാ എന്തിനാ ഈ മരുഭൂമിയില്‍ കിടക്കുന്നെ ?

ഹാച്ചീ .... തുമ്മിയതാ.. ( എനിക്കും ഉണ്ട് അലര്‍ജി )

രമേശ്‌ അരൂര്‍ said...

പ്രവാസിനീ ..നിങ്ങള്‍ എത്ര വലിയ സ്വത്തിന്റെ ഉടമയാണ്...അതിന്റെ അല്‍പ്പം പൊങ്ങച്ചവും ഉണ്ടെന്നു മനസിലായി..പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന ആ ഇക്കാക്കയല്ലേ സത്യത്തില്‍ പ്രവാസിനിക്ക് ഇക്കണ്ട സ്വത്തുക്കള്‍ എല്ലാം സമ്പാദിച്ചു തന്നത്..!! പുസ്തകങ്ങള്‍ കൂട്ടുള്ളപ്പോള്‍
ഇനി പ്രവാസിനിക്ക് വേറെ സമ്പാദ്യം വേണ്ടല്ലോ...ഈ സമ്പത്ത് ഏറ്റെടുക്കാന്‍ അവിടെയുള്ള ഇളം തലമുറ റെഡി ആണോ ആവോ?...

Unknown said...

ജാസ്മിക്കുട്ടീ.. ജിഷാദ്..വരുന്നതൊക്കെ
കൊള്ളാം..
പുസ്തകങ്ങള്‍ അടിച്ചു മാറ്റില്ലെന്ന്
ഉറപ്പു തരണം...

പിന്നെ അരൂര്‍ സാര്‍..പറഞ്ഞത്‌
ശെരിയാണ്.ഞാന്‍ സമ്പല്‍സമൃദ്ധയാണ്.
(പ്സ്തകങ്ങളുടെ കാര്യത്തില്‍)

ഈ പുസ്തകങ്ങളുടെ കാര്യത്തില്‍
എനിക്കല്‍പ്പമല്ല ...പൊങ്ങച്ചം!
കുറച്ചു കൂടുതല്‍ തന്നെയുണ്ടെന്ന്
കൂട്ടിക്കോളൂ..പരാതിയില്ല.
അത്രയും ആഗ്രഹിച്ച് നേടിയതാണ്.
ഞാനീ ലൈബ്രറി.
ഉപയോഗശൂന്യമായ സിറ്റൌട്ട്
അങ്ങനെയാണ് എന്‍റെ പ്രിയപ്പെട്ട
ഇടമായി മാറിയത്.

ദൈവാനുഗ്രഹംകൊണ്ട് എന്‍റെ കുട്ടികളില്‍
ഒരു കഴിവുമില്ലാത്തവര്‍ ആരുമില്ല.
ഈ സമ്പത്ത്‌ അനാഥമാകരുതേ
എന്നുതന്നെയാണ് എന്‍റെയും
പ്രാര്‍ത്ഥന.


ഇനി പറയൂ ഇത് പൊങ്ങച്ചമാണോ..

(പൊങ്ങച്ചം വരാനിരിക്കുന്നേയുള്ളൂ..
കാത്തിരുന്നു കാണാം).

പട്ടേപ്പാടം റാംജി said...

എനിക്കത്ഭുതം തോന്നിയ ലൈബ്രറി.
ഭാഗ്യവതി.

ശ്രീനാഥന്‍ said...

പ്രവാസിനി- ഇഷ്ടമായി, വായനശാലയും തൊടിയുമെല്ലാം. പിന്നെ ഇപ്പോഴത്തെ കുട്ടികളൊക്കെ ഖസാക്ക് വായിക്കുമോ, നന്നായി. ആശംസകൾ

Unknown said...

ശ്രീനാഥന്‍ സാറേ..വന്നതിനു നന്ദി.

പിന്നെ കുട്ടികള്‍ നന്നായി വായിക്കും.
ഞാന്‍ ബുക്സ്‌ വാങ്ങുമ്പോഴൊക്കെ
അവര്‍ക്ക്‌ ബാലസാഹിത്യങ്ങളും
വാങ്ങാറുണ്ടായിരുന്നു.
അതുകൊണ്ടൊക്കെയാവാം
ഇംഗ്ലീഷ്മീഡിയം ആണെങ്കിലും
അവര്‍ മലയാളം ഉപേക്ഷിച്ചിട്ടില്ല.

perooran said...

pravasini ,if u dont mind pls give me Madhavikkitty

Unknown said...

വായനശാലയില്‍ വന്നതിനു നന്ദി..

മലയാളം പറയൂ പെരൂരാന്‍ മാഷേ..

ഞാന്‍ വെറുമൊരു പത്താം ക്ലാസ്സാണേയ്...

ഐക്കരപ്പടിയന്‍ said...

ചില്ലറക്കാരിയല്ലാന്നു മനസ്സിലായി..വീടും, പുസ്തക് ശേഖരവും, പിന്നെ, കൊതി മൂത്ത് പ്രന്താവുന്ന പുറം കാഴ്ചകളും...
കലക്കി താത്താ..കലക്കീ..

Unknown said...

പ്രവാസിനി ചേച്ചി.... അസൂയ കഷണ്ടി തുടങ്ങിയ പലതും വരുന്നു ഈ പുസ്തകങ്ങള്‍ കണ്ടിട്ട് കുഞ്ഞുണ്ണി മാഷ്ടെ വരി ഇഷ്ടപ്പെട്ടു ഞാന്‍ അത് ചൂണ്ടി എന്‍റെ പ്രൊഫൈലില്‍ ചേര്‍ത്തു

Unknown said...

ന്‍റെ റബ്ബേ..
പുസ്തകങ്ങള്‍ കണ്ടപ്പോള്‍
ആര്‍ത്തി മൂത്ത് ഓരോരുത്തര്‍
വരുന്ന വരവ് കണ്ടില്ലേ..
സന്തോഷായി...

ശരഫിയ്യക്കാരനും വന്നുല്ലേ..

സോണീ..എന്‍റെ പോസ്റ്റ്‌
ചൂണ്ടിക്കൊണ്ടുപോയി
എന്‍റെ ബ്ലോഗിനെ അനാഥമാക്കല്ലേ..

Gopakumar V S (ഗോപന്‍ ) said...

പുസ്തകങ്ങള്‍ എന്നും സമ്പത്ത് തന്നെ, എനിക്കും ഉണ്ട് ഇതുപോലെയുള്ള ഒരു നല്ല കളക്ഷന്‍...പുരാണം തൊട്ട് പൈങ്കിളി വരെ, തത്വശാസ്ത്രം തൊട്ട് കാമശാസ്ത്രം വരെ...

വളരെ സന്തോഷം, ഇതൊക്കെ കണ്ടപ്പോള്‍...ആശംസകള്‍...

Meera's World said...

Did you get any old -'ambiliammavan'? and there is one book that i miss like anything and never found anywhere else either-'Kuttikkathakalum chithrangalum',i guess translated from Russian lang.
Great collection,great job-(to your brother;).But from that room all i could do is relax and do nothing:).It's s very coooooooool room:)

Unknown said...

#മീരയെ കണ്ടില്ലല്ലോ..
എന്നോര്‍ത്തപ്പഴേക്കും
ദേ..മീര വന്നിരിക്കുന്നു.

പിന്നെ..കട്ടിച്ചട്ടയും
കട്ടിപ്പേജുകളും,,നല്ല വര്‍ണചിത്രങ്ങളുമുള്ള
വലിയ കഥബുക്കാണോ..
മീര ഉദ്ദേശിച്ചത്..?

അങ്ങനെയൊന്നിനെകുറിച്ച്
ഞാനോര്‍ക്കുന്നു.

കോഴിക്കുഞ്ഞും താറാക്കുഞ്ഞും
നീന്താന്‍ പോകുന്ന ഒരു
സംഭാഷണകഥയും ഓര്‍ക്കുന്നു,
ഒരുപാടു പുസ്തകങ്ങള്‍
നഷ്ട്ടപ്പെട്ട കൂട്ടത്തില്‍
അതും പെടുന്നു.

പിന്നെ അമ്പിളിഅമ്മാവനിലെ
വിക്രമാതിത്യനും വേതാളവും
ഓര്‍ക്കുന്നില്ലേ..

#ഗോപന്‍ സര്‍..
വന്നതിനു നന്ദി..
ഗോപൂന്‍റെ ലോകത്ത്‌ പുതിയ
പോസ്റ്റൊന്നും കണ്ടില്ല.?

Meera's World said...

Yssssssssssss pravasini!! That's the book!! I remember the story of a frog taking the shelter of a mushroom during a rain and the mushroom kept on becoming bigger and bigger, and beautiful pictures too. I wanted to live in a forest with those cute animals when i was little.If you ever get that book let me know:).I loved the paintings in 'Ambiliammavan'.

Unknown said...

ലൈബ്രറി ഇഷ്ട്ടപെട്ടു

Unknown said...

നന്ദി ജുവൈരിയ..
എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന്..

ഐക്കരപ്പടിയന്‍ said...

പിന്നെ, എന്‍റെ ഭാര്യ പറഞ്ഞിട്ട് എഴുതുകയാണ്. അവളും ജിദ്ദയിലാ..
ഓള്‍ക്ക് നിങ്ങളെ വീട് ഇഷ്ട്ടപെട്ടു, നാട്ടില്‍ അടുത്ത വര്‍ഷം ലീവിന് വരുമ്പോ ഒന്ന് കാണാന്‍ പറ്റുമോന്നു ചോദിച്ചിട്ടുണ്ട്. ഞങ്ങളെ വീട് പണി നടന്നു കൊണ്ടിരിക്കുകയാ..അവള്‍ക്കു സ്ഥലം നല്ല ഇഷ്ടായി ..

Jazmikkutty said...

മോളുടെ ബ്ലോഗ്‌ നന്നായിട്ടുണ്ട് ട്ടോ...ഫോട്ടോസും,അടിക്കുറുപ്പുകളും ഒക്കെ വളരെ നല്ലരീതിയില്‍ ചെയ്തിരിക്കുന്നു...എന്‍റെ അഭിനന്ദനം പറഞ്ഞേക്ക്...സുഖം അല്ലെ?
ഗുഡ് നൈറ്റ്‌ :)
No comments option?

Basheer Vallikkunnu said...

ശരിയാണ്. പുസ്തകങ്ങളുടെ അനാഥത്വം തീര്‍ത്തും നൊമ്പരപ്പെടുത്തുന്ന ഒന്ന് തന്നെ. എനിക്കും വീട്ടില്‍ ഒരു കൊച്ചു ലൈബ്രറി ഉണ്ട്. നാട് വിട്ട ശേഷം തിരിഞ്ഞു നോക്കാന്‍ ആളില്ലാതായി. മക്കള്‍ക്കൊന്നും മലയാളം പുസ്തകങ്ങള്‍ വേണ്ട. നാട്ടില്‍ പോവുമ്പോഴൊക്കെ അവയെക്കാണുമ്പോള്‍ വല്ലാത്തെ ഒരു നെടുനിശ്വാസമാണ് ഉള്ളില്‍. ഞാന്‍ ഇവിടെയൊക്കെ ഉണ്ട് എന്ന മട്ടില്‍ തൊട്ടു തലോടി ആശ്വസിപ്പിക്കും. വല്ല ലൈബ്രറികള്‍ക്കും കൊടുത്താലോ എന്ന് തോന്നും. എന്നാലും കൈവിടാനൊരു മടി. മിട്ടായി വാങ്ങാതെ നാണയത്തുട്ടുകള്‍ ഒരുമിച്ചു കൂട്ടി വാങ്ങി വെച്ച ആ അമൂല്യ സമ്പാദ്യങ്ങള്‍ കൈവിടാന്‍ മടി. എല്ലാം വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി. (എന്റെ സുഹൃത്ത് സലിം ഐക്കരപ്പടിയുടെ ബ്ലോഗിലൂടെയാണ് ഇവിടെ എത്തിയത്)

ഹാപ്പി ബാച്ചിലേഴ്സ് said...

എത്രയാണ് ഫീസ്‌. മെംബെര്‍ഷിപ്‌ എത്ര കാലത്തേക്കാ?
അവിടെയിരുന്നു വായിക്കാനുള്ള സൌകര്യമുണ്ട്, അപ്പൊ അത് മതി.
വീട്ടിലേക്കു കൊണ്ട് പോകാനും സൌകര്യമുണ്ടോ?
വിവരണം ഉഷാറായി. പിന്നെ ഇത്താ ആ പേര് കലക്കിട്ടോ.
എക്സ്-military എന്നൊക്കെ പറയുമ്പോ ഉള്ള ഒരു ഗമ ഉണ്ട്, എക്സ്- പ്രാവസിനിയ്ക്ക്.
ഗോട് കൈ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അള്ളൊ!!!! ഇവിടെ ഇങ്ങനെ ഒരു പുസ്തക ലൈബ്രറി തുടങ്ങിയ കാര്യം ഞമ്മളറിഞ്ഞില്ലല്ലാ...
അറിഞ്ഞിരുന്നെങ്കില്‍ എപ്പൊ അടിച്ചു മാറ്റി എന്നു ചോദിച്ചാ മതിയായിരുന്നു...
സംഗതി കൊള്ളാട്ടാ...ഇതെവിടെയാ സ്ഥലം..ചുമ്മാ വരാനാ(പേടിക്കണ്ട...അടിച്ചു മാറ്റാനല്ല അതൊക്കെ പണ്ട് നിര്‍ത്തി താത്താ)
പുസ്തകോക്കെ വായിച്ച് താത്താടെ വക ചായീം കുടിച്ചു വീട്ടീ പൂവാലോ...? ഏത്.......?
ദേ... ഇനി മുതല്‍ പുതിയ പോസ്റ്റിടുമ്പോ mizhineerthully@gmail.com എന്ന മെയില്‍ അഡ്രസ്സില്‍ ഒന്നു അറിയിച്ചേക്കണെ...

Unknown said...

സലിം; വീട് പണി കഴിഞ്ഞിട്ട്
പതിനാലു കൊല്ലം.താമസം തുടങ്ങിയിട്ട്
പത്ത് കൊല്ലം.മുകളിലെ സിറ്റൌട്ട് ലൈബ്രറി
ആക്കിയിട്ട് നാല് കൊല്ലം.
ഈ പഴഞ്ചന്‍ പ്ലാന്‍ തന്നെ വേണോ
ഭാര്യക്ക്‌. ഏതായാലും എന്‍റെ സലാം
അറിയിക്കുക.

ജാസ്മിക്കുട്ടീ...മോളുടെ ബ്ലോഗ്‌ കണ്ടു
അല്ലെ..കമന്‍റ്ബോക്സ്‌ ശെരിയാക്കിയിട്ടുണ്ട്.
വേഗം ചെല്ല്...

ബഷീര്‍..പുസ്തകങ്ങളെ സ്നേഹിക്കുന്ന
ആളാണല്ലോ സന്തോഷം.
ഗള്‍ഫ്‌ പ്രിയപ്പെട്ട പലതും മറക്കാന്‍
നമ്മെ നിര്‍ബന്ധിതരാക്കും..

ഹാപ്പീ ബാച്ചിലേഴ്സ്...വന്നതിനു
നന്ദി..
ഫാമിലിക്കേ പ്രവേശനൊള്ളൂ..ട്ടോ..
എന്‍റെ പേരിനെപ്പറ്റി ആരും പറയാത്തത്
പറഞ്ഞതില്‍ സന്തോഷം.

റിയാസ്‌.. അള്ളോ..ന്നു വിളിക്കുന്നത്
കേട്ടപ്പോള്‍ ബ്ലോഗീന്നു കടന്നല്‍ കുത്തീന്നു
കരുതി.. ആ ചെമ്പരത്തിമ്മെ വല്യൊരു
കടന്നല്‍ കൂടുണ്ടേയ്..
വീട്ടില്‍ വരേണ്ട ആവശ്യണ്ട്ന്ന് തോന്ന്ണില്ല..!!
പോസ്റ്റിടുമ്പോ ഞാന്‍ അറിയിച്ചോളാം..ട്ടോ..

Jithin Raaj said...

ന്റീശ്വരാ എന്റെ നാട്ടില്‍ ഒറ്റ ലൈബ്രറി പോലും ഇല്ല, ഉള്ളിന്റെ ഉള്ളിലാണേ അതോണ്ടു ഇനി ഇവ്ടെ വരാല്ലോ ല്ലെ,..!

ല്ലാണ്ടോ ഇവ്ടെ

കൊള്ളാം പ്രവാസിനി ചേച്ചി അല്ല വെച്ചുണ്ടാക്കി കൊടുക്കുന്നതിനിടയില്‍ എവിടാ ഇതിനൊക്കെ സമയം ണ്ടോ..?

അപ്പൊ ഞാന്‍ കൂടുതല്‍ വലിച്ചുനീട്ടുന്നില്ല നിര്‍ത്താ ഇവ്ടെ നിര്‍ത്താ

എന്നു
സസ്നേഹം
ജിതിന്‍
ന്റെ ബ്ലോഗ് ഇടക്കിടെ നോക്കിക്കോ, ഇനി വഴി തെറ്റിക്കുന്ന ഒന്നും ണ്ടാവില്ല മക്കളെ സൂക്ഷിച്ചോളൂട്ടോ..

വരയും വരിയും : സിബു നൂറനാട് said...

സ്വന്തമായി ഒരു ലൈബ്രറി എന്‍റെയും സ്വപ്നമാണ്. ഞാന്‍ പുസ്തകങ്ങള്‍ സ്വരുക്കൂട്ടുന്നതെയുള്ളൂ..
ഇതിനേക്കാള്‍ വലിയ എന്ത് നിധിയാ ഇനി വേണ്ടത്..!!

Manoraj said...

എന്റെ കൈവശം അധികം പുസ്തകം ഒന്നുമില്ല. ഇവിടെ കണ്ടത് പലതും വായിക്കാത്തവ തന്നെ. ഇന്ന് കിട്ടാത്തവയും. ഇരട്ടവാലനൊന്നും തിന്നാതെ നോക്കണേ.. പറഞ്ഞത് കൊണ്ട് എന്റെ ലൈബ്രറിയും ഒന്ന് ശരിയാക്കാനുണ്ട്. വിജയദശമി ആയില്ലേ.. നന്ദി കേട്ടോ.. അതൊക്കെ ഓര്‍മ്മിപ്പിച്ചതിന്

Vayady said...

ഹോ! ഹോ! മനുഷ്യനെ കൊതിപ്പിക്കുന്നതിലൊക്കെ ഒരു അതിരില്ലേ? അങ്ങിനെ പുസ്തകോം വായിച്ച്, പ്രകൃതിഭം‌ഗി ആസ്വദിച്ച് വേഗം സ്ഥലം വിട്ടോളാന്‍ പറഞ്ഞാല്‍ പോകാന്‍ എനിക്കിപ്പോള്‍ മനസ്സില്ല. ഇത്രയും ദൂരത്തൂന്ന് വന്നതല്ലേ? ഞാന്‍ രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടെ പോകുന്നുള്ളൂ.
അല്ല ചായ കിട്ടിയില്ലാട്ടോ..

Anees Hassan said...

ethrayaa membership fee....

N.B:സൂക്ഷിക്കുക പുസ്തകം അനീസിന് കൊടുക്കരുത് ....തിരിച്ചു തരില്ല

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

@ "റിയാസ്‌.. അള്ളോ..ന്നു വിളിക്കുന്നത്
കേട്ടപ്പോള്‍ ബ്ലോഗീന്നു കടന്നല്‍ കുത്തീന്നു
കരുതി.. ആ ചെമ്പരത്തിമ്മെ വല്യൊരു
കടന്നല്‍ കൂടുണ്ടേയ്..
= ആഹാ എന്നിട്ടു ആ വിവരം പോസ്റ്റില്‍ പറഞ്ഞില്ലല്ലൊ...
അവിടെ വരുന്നവരെയെല്ലാം ആ കടന്നല്‍ കുത്തിക്കോട്ടെ എന്നു വിചാരിച്ചു ല്ലേ...?

@ വീട്ടില്‍ വരേണ്ട ആവശ്യണ്ട്ന്ന് തോന്ന്ണില്ല..!!
= ചായ ചോദിച്ചത് കൊണ്ടാണോ ഇങ്ങിനെ പറഞ്ഞത്...?
ചായയൊന്നും വേണ്ടേയ്...
ഞമ്മളാ വഴിക്ക് വരണില്ല...
ഞാന്‍ ചുമ്മ പറഞ്ഞതാ...

@ പോസ്റ്റിടുമ്പോ ഞാന്‍ അറിയിച്ചോളാം..ട്ടോ""
=ഡാങ്ക്‌സ് താത്താ...

mayflowers said...

ഈ പുസ്തകങ്ങള്‍ എന്നെ ഓര്‍മിപ്പിച്ചത് സ്നേഹമയനായിരുന്ന എന്റെ ഫാദര്‍ ഇന്‍ ലോയേ ആണ്.റിട്ടയേര്‍ഡ്‌ ഹെഡ് മാസ്റ്റരായിരുന്ന അദ്ദേഹമായിരുന്നു എന്റെ source .അവകാശികള്‍ എന്ന തടിയന്‍ പുസ്തകം സഹപ്രവര്‍ത്തകനായിരുന്ന അധ്യാപകനില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന കാഴ്ച ഇപ്പോഴും എന്റെ കണ്ണിലുണ്ട്..

ചംപക് എന്നെ കുട്ടിക്കാലത്തെത്തിച്ചു.
ഈ പോസ്റ്റ്‌ നല്ല ഒരു വിരുന്നായി..

..naj said...

കാണാതായ പുസ്തകങ്ങള്‍ !
ഇപ്പോഴെങ്കിലും തോന്നീലോ എടുത്തു വെക്കാന്‍.
അന്ന് വായിചീട്ടുണ്ടാവില്ല്യ, ഒറപ്പാ.
ഇനിയെങ്കിലും ഒന്ന് വായിക്ക്, അല്ലെങ്കീ
വായിക്കുന്നോര്‍ക്ക് കൊടുക്ക്‌. അങ്ങിനെങ്കിലും പൊടി പോട്ടെ !

well done !

ഉമ്മുഫിദ said...
This comment has been removed by the author.
ഉമ്മുഫിദ said...

പുസ്തകം അടുക്കി വെച്ചല്ലോ.
എന്റെ പുസ്തകങ്ങള്‍ എന്ന് ഞാന്‍ വിളിക്കട്ടെ !

Unknown said...

മോനെ..ജിതിന്‍..വന്നതില്‍ സന്തോഷം..
ഇനിയെങ്കിലും മര്യാദക്കൊക്കെ എഴുതണം
കേട്ടോ..ഹും...

സിബു ..പുസ്തകങ്ങള്‍ നിധി തന്നെയല്ലേ..?
വന്നതില്‍ സന്തോഷം..

മനോരാജ്..ഞങള്‍ ഇരട്ടവാലനെ വാലന്‍മൂട്ട എന്നാണു വിളിക്കാറ്..
ഏതായാലും വിജയദശമി കഴിഞ്ഞില്ലേ..
ഇനി ലൈബ്രറിയൊക്കെ ശെരിയാക്കിക്കോളൂ..

വായാടിത്തത്തമ്മേ..പൂച്ച..പൂച്ച..
ഇവിടെയും വന്നൂല്ലേ..സന്തോഷായി..

ആയിരത്തൊന്നാംരാവേ..അനീസിനെ മനസ്സിലായില്ല.. ആരാ..?വല്ല പുസ്തകക്കള്ളനോ മറ്റോ..?

റിയാസ്‌ സോറി.. കടന്നല്‍ ഈയിടെയാണ്
കൂട് കൂട്ടിയത്‌..അതാ പറയാതിരുന്നത്..

മെയ്‌ ഫ്ലവെര്‍ ആദ്യായിട്ടാണല്ലേ ഇവിടെ..
വളരെ സന്തോഷം..എന്‍റെ പോസ്റ്റ്‌ നിങ്ങളെ
ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിനും,
ഇവിടെ വന്നതിനും..

ഏയ്‌..നാജ് കാണാതായ പുസ്തകങ്ങളല്ല..
കുട്ടിക്കാലത്ത്‌ ഒരുപാട് വായിച്ച പുസ്തകങ്ങള്‍
അനാഥമായിക്കിടക്കുന്നത് കണ്ടു എടുത്തു
കൊണ്ടുവന്നതാ..
ബുക്ക്‌ വേണെങ്കില്‍ പറഞ്ഞാല്‍ പോരെ..
ഇല്ലാതീനം പറയണോ..?

വന്നതില്‍ സന്തോഷം..നാജ്..

ഫിദന്‍റെ ഉമ്മാ,.വന്നൂല്ലേ..
സന്തോഷം..
എന്‍റെ പുസ്തകങ്ങള്‍ എന്ന് പറയുന്നതില്‍
ഒരു കുഴപ്പോമില്ല..
ഇവിടെ വന്നെങ്ങാനും
പറയാതിരുന്നാല്‍ മതി.??

Akbar said...

പെണ്ണുങ്ങളൊക്കെ സീരിയലില്‍ സീരിയസ് ആയ ഇക്കാലത്ത് ഇവിടെ പെണ്ണായി പിറന്ന ഒരാള്‍ പുസ്തകങ്ങളെയും എഴുത്തിനെയും സ്നേഹിച്ചും ലാളിച്ചും ഒഴിവു സമയത്തെ ധന്യമാക്കുന്നു. നല്ലകാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നു. അഭിനന്ദനങ്ങള്‍.

Jazmikkutty said...

ലൈബ്രറി നിറച്ചും പുസ്തകങ്ങള്‍ ആയപ്പോള്‍ വായനയില്‍ മുഴുകി മുകളില്‍ തന്നെ കൂടിയോ? എന്‍റെ പ്രവാസിനീ ഒന്ന് താഴെ ഇറങ്ങെന്നെ...(പുതിയ പോസ്റ്റുമായി വേഗം വരൂ..)

Unknown said...

MR.അക്ബര്‍ അഭിനന്ദനങ്ങള്‍ക്ക് നന്ദി..

ഒഴിവും മൂഡും ഒത്തുവരുന്നത് രാത്രി
വൈകിയായിരിക്കും.പകല്‍ ഞങ്ങള്‍
സ്ത്രീകള്‍ക്ക് സമയമില്ലല്ലോ..
ഇനി ഉണ്ടായാല്‍ തന്നെ എഴുതാനോ
വായിക്കാനോ പറ്റിയ സാഹചര്യമായിരിക്കില്ല.

മോളേ.. ജാസ്മീ..
ഗള്‍ഫിലെപോലെ നമ്മുടെ ഇഷ്ടത്തിനൊത്ത്
ഒരു ജീവിതം നാട്ടില്‍ കിട്ടില്ല.
തിരക്കും ബഹളവും,വരുന്നവരും പോകുന്നവരും,
കല്യാണം, സല്‍കാരം,തുടങ്ങി..
ജീവിതത്തിനു പല മുഖങ്ങളാണ്.
ഗള്‍ഫിലായിരുന്നപ്പോള്‍ ബ്ലോഗിനെപറ്റിയൊന്നും
അറിയില്ലായിരുന്നു.
എത്ര വര്‍ഷങ്ങളാണ്..ഞാന്‍ വെറുതെ
കളഞ്ഞത്..
ഓര്‍ത്താല്‍ വിഷമം തോന്നുന്നു..

മുമ്പ്‌ പറഞ്ഞു വെച്ചതിന്‍റെ ബാക്കി
സമയം കിട്ടിയാല്‍ പറഞ്ഞു തുടങ്ങാം ..

krishnakumar513 said...

ഇത്രയും പുസ്തകങ്ങള്‍ ഒരുമിച്ച് കാണുന്നത് തന്നെ സന്തോഷം!!

jayanEvoor said...

ഇതൊക്കെ കണ്ടിട്ടു വളരെ സന്തോഷം!

അതിനേക്കാൾ “ഖസാക്കിന്റെ ഇതിഹാസം” ചൊദിച്ചു വാങ്ങി വായിക്കാൻ ഒരു മോൾ ഉണ്ടെന്നറിഞ്ഞതിൽ.

വായിച്ചും എഴുതിയും ജീവിതം മുഴുവൻ കഴിയാനായി ഹൃദയം നിറഞ്ഞ ആശംസകൾ സഹോദരീ!

ManzoorAluvila said...

പുസ്തകങ്ങളോടൊപ്പം വീടും ചുറ്റിക്കണ്ടു..നല്ല ഫോട്ടോകൾ.എല്ലാ ആശംസകളും

Unknown said...

കൃഷ്ണകുമാര്‍,,ജയന്‍,,മന്‍സൂര്‍ ,
വന്നതിനും അഭിപ്രായങ്ങള്‍
അറിയിച്ചതിനും നന്ദി..

പുസ്തകങ്ങളെ സ്നേഹിക്കുന്ന
ഒരുപാടു പേരെ ഒരുമിച്ച് കാണുമ്പോള്‍
ഉണ്ടാകുന്ന സന്തോഷം എത്ര വലുതാണ്‌..!!??

പദസ്വനം said...

അപ്പൊ ഞാന്‍ കുറച്ചൊന്നുമല്ല ലേറ്റ് ആയെ...
പുസ്തകങ്ങള്‍ ആരെയാ ആകര്‍ഷിക്കാത്തത് അല്ലെ??

ഈ ശേഖരം കുറച്ചൊന്നുമല്ല കൊതിപ്പിച്ചത്...
ചമ്പക്, പൂമ്പാറ്റ ( കപീഷ്) , ബാലമംഗളം ( ഡിങ്കന്‍ )... ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍....

അപ്പൊ കിഷ്ക് ഏതാ??? ( പൂമ്പാറ്റയിലോ, ബാലമംഗളത്തിലോ?? അതോ??...)

റോസാപ്പൂക്കള്‍ said...

ശരിക്കും അസൂയ തോന്നുന്നുണ്ട്.വിവാഹത്തിനു മുന്പ് എനിക്കു മോശമില്ലാത്ത തരത്തില് പുസ്തക ശേഖരമുണ്ടായിരുന്നു. ഒരു പ്രാവശ്യം അവധിക്കു ചെന്നപ്പോള് ഷെല്ഫു ശൂന്യം. വീടു വൈറ്റു വാഷ് ചെയ്തപ്പോള് അവയെല്ലാം എവിടെയോ ഇട്ടു നാശമായിപ്പോയി. അന്നുണ്ടായ സങ്കടം പറഞ്ഞാല് തീരില്ല.ഇപ്പോള് എന്റെ പുതിയ ശേഖരങ്ങള് എന്നോടൊപ്പം കൂടെത്തന്നെ വെക്കുന്നു

Unknown said...

പുസ്തകങ്ങള്‍ എന്നെയും കൊതിപ്പിക്കുന്നു, എല്ലാവരെയും പോലെ. ആ ഇക്കാക്കാനെ കുറിച്ചാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്, ഇത് കാണുമ്പോള്‍ എന്തുമാത്രം മിസ്സ്‌ ചെയ്യുന്നുണ്ടാകണം അദ്ദേഹത്തിനു!
വായനയും എഴുത്തും ജീവിതം സമ്പുഷ്ടമാക്കട്ടെ എന്നാശംസിക്കുന്നു.

ലൈബ്രറിയും പരിസരങ്ങളും ഇഷ്ടമായി, അഭിനന്ദനങ്ങള്‍.

ആളവന്‍താന്‍ said...

എന്തായാലും വായന മരിക്കുന്നില്ലല്ലോ. നല്ലത് തന്നെ.

Sureshkumar Punjhayil said...

Manoharam, Ashamsakal...!!!

mayflowers said...

അയ്യോ പ്രവാസിനീ എന്തായിത്?മറന്നോ?
ഞാന്‍ മുമ്പും വന്നിട്ടുണ്ട്.

siya said...

ഈ പടി കടന്ന് പല പ്രാവശ്യം വന്നത് ആയിരുന്നു .ബുക്സ് കണ്ട് ,ഓരോന്നായി വായിച്ച് വായിച്ച് ഞാന്‍ കമന്റ്‌ ചെയ്യാന്‍ മറന്ന് പോയി എന്നുള്ളത് സത്യം ., വായനയും ,നല്ല വിവരണകളും മരിക്കാതെ ഇരിക്കട്ടെ ,എല്ലാ വിധ ആശംസകളും ...മാധവിക്കുട്ടി യുടെ രണ്ട് കൃതികളും വായിച്ച് മുഴുവനാക്കി കാണുമല്ലോ ?

Unknown said...

പദസ്വനം# സമാനമനസ്കര്‍ (വയനപ്രിയര്‍)
തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം
പറഞ്ഞറിയിക്കാന്‍ കഴിയില്ല,
കിഷ്ക് പൂമ്പാറ്റയിലോ,ബാലമംഗളത്തിലോ
എന്ന് പിന്നെ പറഞ്ഞുതരാം കെട്ടോ..

റോസാപൂക്കള്‍ ##
പുസ്തകങ്ങള്‍ നഷ്ട്ടപ്പെടുന്നത്
വേദനതന്നെ,,ഇനി കളയാതെ സൂക്ഷിക്കുക,,

തെച്ചിക്കോടന്‍# അളവന്‍താന്‍## സുരേഷ്‌കുമാര്‍##
വന്നതിനും,,നല്ല അഭിപ്രായങ്ങള്‍ക്കും നന്ദി,.

മേയ്ഫ്ലവര്‍..# സോറി,,സോറി,,സോറി,,
മറന്നുപോയതിന്,,,

സിയാ,,##
ഞാന്‍ അവിടെ വന്നിരുന്നു..
എന്നെപ്പോലെ കമലാസുരയ്യയുടെ
ആളാണല്ലേ..
കൃതികള്‍ രണ്ടും വായിച്ചു തീര്‍ന്നില്ല,,
സമയം കുറവാണ്,വായന കൂടുതലും
ഉറക്കം കളഞ്ഞിട്ടാണ്.
ഇനിയും വരണം,,,

മൻസൂർ അബ്ദു ചെറുവാടി said...

ഒരൊറ്റ വാക്ക് മാത്രം പറയുന്നു.
എനിക്ക് അസൂയ തോന്നുന്നു.

Anonymous said...

ഞാൻ ഇവിടെ അദ്യമായി്ട്ടാ…. അല്ല എന്തായിത്.. ഇവിടെ പലരും വരുന്നു ചായ കൊടുക്കാഞ്ഞിട്ട് ചോദിച്ച് വാങ്ങി കുടിക്കുന്നു ചിലർ പുസ്തകം മോഷ്ട്ടിക്കാൻ നടക്കുന്നു.. ചിലർ അസൂയപ്പെടുന്നു.. ചിലർ വീടിനു ചുറ്റും ഓടി നടക്കുന്നു .. അടിപൊളി .. അല്ല ആദ്യമായിട്ടു വരുന്ന ആളൊട് വല്ലോകുടിച്ചിട്ട് ബാക്കി പറയാം എന്നു പറയരുതോ… അയ്യെട അഹങ്കാരം കണ്ടാൽ തോന്നും ഈ ബുക്ക് എല്ലാം സ്വന്തായിട്ടു അധ്വാനിച്ച് ഉണ്ടാക്കിയതാണെന്ന് വലിയ ചെലവില്ലാതെ കിട്ടിയതല്ലെ ചാക്കു വരെ ഇക്കാക്കാന്റെ വീട്ടീന്ന് അടിച്ച് മാറ്റിയതല്ലെ .. … എന്നുട്ട് അതൊന്നു മുകളിൽ കൊണ്ടു പോയി അടക്കി വെക്കുമ്പോഴേക്കും തുമ്മലോടെ തുമ്മൽ ഇതൊക്കെ അടവല്ലെ.. … ഏതായാലും എന്നെയും കുത്തി ഒരു കടന്നൽ .. അതു കൊണ്ട് ഇനി ഇവിടെ അധികം നിൽക്കുന്നില്ല ..പൂന്തോട്ടം ഗംഭീരം .. അല്ല ഷെൽഫിൽ ഫിഖ് സുന്നയും ഉണ്ടല്ല്ലോ .. എല്ലാം കലക്കി .. അയ്യോ പോകാൻ ഇറങ്ങിയപ്പോളാ ഒരു കാര്യം ഓർമ്മ വന്നത്… എനിക്കും ചെറുതായി ഉണ്ടായീട്ടോ… അത്… ഉം അതെന്നെ ഈ അസൂയ എന്നു പറഞ്ഞ സംഗതി….അഭിനന്ദനങ്ങൾ ഞാൻ തരാം തോട്ടത്തിലിറങ്ങി കുറച്ച്പൂ പറിച്ച് ചെണ്ടുണ്ടാക്കി അഭിനന്ദനം അതിൽ കോർത്തിണക്ക് അങ്ങിനെയാ അഭിനന്ദനത്തിന്റെ പൂച്ചെണ്ടാക്കുക അത് എന്റെ വകയാ…അപ്പോ കാണാം ബൈ…

sm sadique said...

ഇനി എഴുതാൻ എന്ത് ബാക്കി…….?
എങ്കിലും ഞാനും എന്തെങ്കിലും കുറിക്കാം
എനിക്ക് അത്ര പെട്ടന്ന് ഓടി എത്താൻ കഴിയില്ല.
എങ്കിലും ആ വഴി വരുമ്പോൾ പുസ്ത്തകത്തിന് വേണ്ടി ഞാനും എത്താം
ആ വീടിന്റെ പരിസരം മനോഹരം.

വല്യമ്മായി said...

നല്ല വിരുന്ന് :) ഒരോ പുസ്തകമായി വായിച്ച് അഭിപ്രായങ്ങള്‍ പോസ്റ്റുമല്ലൊ.

രമേശ്‌ അരൂര്‍ said...

പൂഹോയ് ...ഇവിട ആരും ഇല്ലേ ...പൊറിഞ്ചു വന്നിട്ടുണ്ടേ
പുതിയ വെസനസ് തൊടങ്ങി ...........

Unknown said...

ചെറുവാടി വന്നത് അറിഞ്ഞില്ലല്ലോ,,
സന്തോഷം.

ഉമ്മു അമ്മാര്‍..സോറി..
വന്നൂന്നും, കടന്നല്‍ കുത്തീന്നും ,
പിന്നെ ചെരുവാടിക്ക് ഉണ്ടായ ആ അത്..
നിങ്ങക്കും ഉണ്ടായെന്നും ഒക്കെ
ഇപ്പൊ വന്നപ്പഴാ അറിഞ്ഞേ..

പിന്നേയ് എന്‍റെ സ്വന്തം വീട്ടിലെ
ചാക്കിന് ആങ്ങളക്കുള്ളപോലെ എനിക്കുമുണ്ട്
അവകാശം.അതിങ്ങള് മനസ്സിലാക്കണം.
പിന്നെ എന്‍റെ ലൈബ്രറിയിലെ ഒരു പാട്
പുസ്‌തകങ്ങളുടെ കൂടെ, അനാഥമായക്കിടന്ന
ഇക്കാക്കാന്‍റെ പുസ്തകങ്ങള്‍ക്ക് കൂടി ഒരിടം
നല്‍കി സംരക്ഷിച്ചു,ഇനി പറയ്‌ ഇതും ഒരധ്വാനം തന്നെയല്ലേ..
ഹല്ല പിന്നെ..
പിന്നെ എവിടെ ആ പൂച്ചെണ്ട്??
ധൈര്യായിട്ട് കൊണ്ടുവന്നോളൂ..
കടന്നലിനെയൊക്കെ തുരത്തിയിട്ടുണ്ട്..കേട്ടോ

സാദിഖ്‌ സാഹിബ് ,ഇവിടെ വന്നൂല്ലേ|?
സന്തോഷം.

വല്യമ്മായി ഇത്രീം കാലായിട്ടു
ഇപ്പഴെന്കിലും വന്നല്ലോ..

രമേശ്‌ സാറേ ..
ഇനി കൂവണ്ട ഞാനവിടുന്നു ഇപ്പൊ വന്നേയുള്ളൂ.



..

അനൂപ്‌ .ടി.എം. said...

ആദ്യം തന്നെ പറയെട്ടെ ,'എനിക്കും ബ്ലോഗ്ഗോ..!!'' അത് കലക്കി കേട്ടോ..
വലിയ ലൈബ്രറിയും
വലിയ വീടും
വലിയ പൂന്തോട്ടവും...
പിന്നെ ഒരു വലിയ മനസ്സും ല്ലേ ?
.NET , PHP ഒക്കെയുണ്ടല്ലോ..!!

ജൂണ്‍ said...

ഇത്രേം പുസ്തകങ്ങള്‍ ഇങ്ങനെ അടുക്കി വെച്ചത് കാണുമ്പോള്‍....ഓടി അവിടേക്ക് വരാന്‍ തോന്നുന്നു...

Echmukutty said...

ഇതെന്താ കഥ?
ഇത്ര നല്ല സ്ഥലം കാണിച്ചിട്ട് പോക്കോളാനോ?
സൌകര്യപ്പെടില്ല.
ബുക്ക് വായിച്ച് പതുക്കെയെ പോകൂ.

ഗംഭീരമായിട്ടുണ്ട്.
അസൂയയിൽ കുതിർത്ത അഭിനന്ദനങ്ങൾ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പൂയ്...ഇവിടാരുമില്ലേ...?

mayflowers said...

പ്രവാസിനിക്ക് പറ്റിയ ഒരു bookworm ന്റെ ബ്ലോഗ്‌ ഇതാ.
എന്റെ മകളുടെതാണ്.

ഹാപ്പി ബാച്ചിലേഴ്സ് said...

എക്സ് മിലിട്ടറിയേ ഓ പേരു മാറി എക്സ് പ്രവാസിനിയേ, പുതിയ ഒന്നുമായില്ലേ എന്ന് നോക്കാൻ വന്നതാ...

Vayady said...

എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.

Shijith Puthan Purayil said...

എന്ത് മാത്രം പുസ്തകങ്ങളാ.

Jazmikkutty said...

eid mubarak!

Unknown said...

അനൂപ്‌.ജൂണ്‍,എച്ചുമുട്ടി,റിയാസ്‌,മെയ്‌ ഫ്ലാവെര്‍,ഹാപ്പീസ്‌,വായാടി,ആദൃതന്‍,ജാസ്മിക്കുട്ടീ,

പുതിയവരും പഴയവരുമൊക്കെ വന്നു പോയി അല്ലെ.
ആളെ കാണാത്തതിനാല്‍ ഇനി വരാതിരിക്കല്ലേ,.
ഞാനിവിടെത്തന്നെയുണ്ടാകും.
എല്ലാവര്ക്കും നന്ദി..

faisu madeena said...

എനിച്ചും താരോ ചായ്യിം കടിക്കാന്‍ ബുക്കും ...തരാതെ ഞാന്‍ പോവൂലാ .....

Unknown said...

വീട്ടുമ്മയുടെ കുട്ടികള്‍ ഭാഗ്യം ചെയ്തോറെന്നെ.
കൂട്ടിനായെത്ര പുസ്തകങ്ങള്‍.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് 3 കിലോമീറ്റര്‍ നടന്നാണ് പോക്കാറുള്ളത്. സ്കൂളിനടുത്തുള്ള വായനശാലയിലാണെന്റെ വായനയുടെ തുടക്കം. ഓര്‍ക്കുമ്പോള്‍ ഒരു ഗൃഹാതുരത.

Unknown said...

ഫൈസു,,, ഇവിടെ വന്നത് ഞാന്‍ കണ്ടില്ല.
ചായീം ബുക്കും കഴിച്ചിട്ട് പോയാല്‍ മതിയേ..

നിശാസുരഭി..വന്നതില്‍ വളരെ സന്തോഷം.
ഞാനും സ്കൂളിലേക്ക് കുറെ നടന്നിട്ടുണ്ട്.
കുട്ടികള്‍ ഭാഗ്യം ചെയ്തവര്‍ തന്നെ, സംശയമില്ല.

സാബിബാവ said...

കൊതിപ്പിക്കാനാണോ തീരുമാനം എനിക്ക് വല്ലാത്ത കൊതി

Mohamedkutty മുഹമ്മദുകുട്ടി said...

പണ്ടൊരു ഭാര്യയും ഭര്‍ത്താവും കൂടി സര്‍ക്കസ്സില്‍ ആനയുടെ അഭ്യാസം കാണുകയായിരുന്നു. ഭാര്യ ആശ്ചര്യത്തോടെ ആനയുടെ പ്രകടനത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ചോദിച്ചത്രെ,എവിടെ ആന ഞാന്‍ കണ്ടില്ലല്ലോ? എന്ന്. അതു പോലെ എവിടെ പുസ്തകങ്ങള്‍ ? ഞാന്‍ കോണിയും സോഫയും ജനാ‍ലയും കര്‍ട്ടണും പൂന്തോട്ടവുമെല്ലാം കണ്ടു.ആദ്യം തന്നെ ഗേറ്റും!. അടുക്കളയും ബെഡ് റൂമും കൂടി ചേര്‍ക്കാമായിരുന്നു.പ്രവാസം മതിയാക്കി ഇപ്പോള്‍ സുഖിക്കുകയാണല്ലെ?

Unknown said...

മുഹമ്മദ്കുട്ടിക്കാ..എന്നെ ആക്കിയതാണോ,,
ഒരു ചാക്ക് പുസ്തകങ്ങളും പിന്നെ ഇവിടെ ആദ്യം ഉണ്ടായിരുന്നതും ഒക്കെ കണ്ടിട്ടും ഇങ്ങനെ പറയുന്നതില്‍ സങ്കടമുണ്ട്,
പിന്നെ ഒരു പോസ്റ്റാക്കാന്‍ കുറച്ചു ഫോട്ടോകളും ചേര്‍ത്തു,
അന്നെ തോന്നിയിരുന്നു ഇതൊരു പൊങ്ങച്ചസഞ്ചിയായി തെറ്റിദ്ധരിക്കപ്പെടുമോന്നു,
പക്ഷെ അന്നൊന്നും സംഭവിക്കാത്തത് ഈ വയ്കിയ
വേളയില്‍ സംഭവിച്ചിരിക്കുന്നു.
സത്യത്തില്‍ മുഹമ്മദ്‌ കുട്ടിക്കാ എന്താണ് ഉദ്ദേശിച്ചത്,,
ആ..എന്തായാലും വേണ്ടില്ല എന്‍റെ ബ്ലോഗില്‍ വന്നു കമന്ടിട്ടല്ലോ..എനിക്ക് സന്തോഷിക്കാന്‍ അത് തന്നെ ധാരാളം..

Unknown said...

സാബി വന്നത് ഇപ്പഴാ കാണുന്നത്.
കണ്ടില്ലേ സാബീ..!!??

Mohamedkutty മുഹമ്മദുകുട്ടി said...

ഒന്നു ചൂടാക്കാന്‍ നോക്കിയതാ,എന്തു ചെയ്യാം ഏശിയില്ല!. ഇവിടെ പുസ്തകം ചാക്കിലാക്കിയതും അവിടെ സാബി കല്ല് ചാക്കിലാക്കിയതും എല്ലാം എനിക്കൊരു പോലെ !.ഒരു നേരമ്പോക്ക്. പിന്നെ ഈയിടെയായി എനിക്ക് പുസ്തക വായന്‍ തീരെ ഇല്ല. സ്കൂളില്‍ പോയിരുന്ന കാലത്ത് ലൈബ്രറിയിലെല്ലാം പോയി ധാരാളം വായിച്ചിരുന്നു.ഇപ്പോ വെറും മടിയന്‍!.ഞാന്‍ വിഷമിപ്പിച്ചെങ്കില്‍ മാപ്പ് (ഓ..പിന്നെ!)

Mohamedkutty മുഹമ്മദുകുട്ടി said...

“പണ്ടൊരു ഭാര്യയും ഭര്‍ത്താവും കൂടി സര്‍ക്കസ്സില്‍ ആനയുടെ അഭ്യാസം കാണുകയായിരുന്നു...”.എന്ന എന്റെ കമന്റില്‍ ഒരു തിരുത്തുണ്ട്.ഒരു സുന്ദരിയുടെ ആനപ്പുറത്തുള്ള പ്രകടനം എന്നു കൂടി ചേര്‍ത്തു വായിക്കണം!

Unknown said...

അല്ലെങ്കിലും എനിക്കൊരു സംശയം,,ഈ ബ്ലോഗ്‌ പുസ്തക വായന കുറക്കുന്നില്ലേ,,എന്ന്.
എന്‍റെ അനുഭവം അതാണെ..

അവസാനത്തെ കമന്റ് എനിക്കങ്ങോട്ട് തിരിഞ്ഞില്ല,,

ഇവിടെയിപ്പോള്‍ മൂന്നു കമന്റിട്ട സ്ഥിതിക്ക് ഇനി വേറെ പോസ്ടിനിട്ടാല്‍ മതി കുട്ടിക്കാ,,
ഹി ..ഹി..

Mohamedkutty മുഹമ്മദുകുട്ടി said...

കുറെ കുട്ടികളുടെ ഫോട്ടോയും വെച്ചുള്ള പ്രൊഫൈലിന്റെ ,അതും കാണാമറയത്തിരിക്കുന്ന ,ഉടമയോട് സംവദിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാലാണ് ഇത്രയും കമന്റ്. സാധാരണ ഗതിയില്‍ ഞാന്‍ ഇത്തരം പ്രൊഫൈലുകളെ ശ്രദ്ധിക്കാറില്ല!.പിന്നെ മലപ്പുറം എന്നു കണ്ടപ്പോഴും എനിക്ക് മെയില്‍ വന്നതിനാലും കയറി വന്നതാണ്.ഇനി കമന്റാതിരിക്കാന്‍ ശ്രമിക്കാം!

lakshmi said...

അസൂയ തോന്നുന്നു ........... ഞാനും വരട്ടേ...

സ്വപ്നാടകന്‍ said...

(ചേച്ചിപ്പെണ്ണ് തന്ന ലിങ്ക് വഴിയാണിവിടെ)
ഹമ്മേ...എന്തോരം പുസ്തകംസ്..!!!
എന്തോരം ഭംഗിയാ ആ പുറം കാഴ്ചകൾക്ക് !!!
ഒരു ദിവസം അതൊന്നു കാണണം..
കിടു ലൈബ്രറി..അസൂയ കഴുത്തു വരെ എത്തീട്ടുണ്ട് ..:))

അനോണിമസ് said...

പുസ്തക ശേഖരം കൊള്ളാം... അതു വെറുതെ ഇങ്ങനെ ഒറ്റയ്ക്ക് സ്വന്തമാക്കി വയ്ക്കാതെ ഒരു പൊതു ലൈബ്രറിയ്ക്ക് നല്‍കി കൂടെ... പണ്ടത്തെ പോലെ ആര്‍ക്കും വായിക്കാന്‍ നേരമില്ലെങ്കിലും എന്നെ പോലെ വല്ലപ്പോഴും പുസ്തകം വായിക്കുന്ന, പുസ്തകം വാങ്ങാന്‍ പണം ഇല്ലാത്ത കുറച്ച് പേര്‍ക്ക് കൂടി പ്രയോജനപ്പെടും.... ഇനി അങ്ങനെ കൊടുക്കാന്‍ താത്പര്യമില്ല എന്നാണെങ്കില്‍ ഞാന്‍ ഇങ്ങനെ ഒന്ന് പറഞ്ഞിട്ടില്ല എന്ന് കൂട്ടിക്കൊള്ളു.... പറയുന്നത് ശരിയാണോ എന്ന് അറിയാത്തതു കൊണ്ടും എപ്പോഴും തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടുമാണ് അനോണിമസ് ആയി കമ്മന്‍റ് ചെയ്യുന്നത്.. ദയവായി ക്ഷമിക്കുക...