നല്ല തണുപ്പുള്ള പ്രഭാതം...............!
ധനുമാസം വലിയ കുളിരൊന്നും സമ്മാനിക്കാതെ വിടപറഞ്ഞപ്പോള്‍... അത്യാവശ്യം മഞ്ഞും തണുപ്പുമൊക്കെയായിട്ടാ
മകരമാസത്തിന്‍റെ വരവെന്ന് തോന്നുന്നു.
പുട്ടു തൂക്കില്‍ വെള്ളമെടുത്ത് ഗ്യാസടുപ്പില്‍ വെച്ച് കത്തിച്ചു ,,
പൊടിയെടുത്ത് ഉതിര്‍ത്തുകൊണ്ടിരിക്കുമ്പോഴും ..
കണ്ണുകള്‍ പുറത്തങ്ങനെ മേഞ്ഞു നടക്കുകയായിരുന്നു.
നേരിയ മഞ്ഞിലൂടെ മരങ്ങള്‍ക്കിടയില്‍നിന്നും
എത്തി നോക്കുന്ന സൂര്യന്‍റെപൊന്‍കിരണങ്ങള്‍!
"മഞ്ഞ് പുതച്ചുറങ്ങുന്ന കുളമേ.....
നിന്‍റെ പുതപ്പ് തട്ടി നീക്കാനെത്തുന്ന
വെയില്‍ നാളങ്ങളെ നീ കാണുന്നില്ലേ.. "(മനസ്സില്‍ പറഞ്ഞതാണ്)
ആവി പാറുന്ന പുട്ട്,, പാത്രത്തിലേക്ക് കുത്തി വീഴ്ത്തി,,വീണ്ടും പൊടിയും തേങ്ങയും വാരിയിട്ടു അടുപ്പില്‍ വെച്ചു,,
കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ തന്നെ എന്നു പറഞ്ഞപോലെ യാണിപ്പോള്‍ എന്‍റെ അവസ്ഥ! ഏതു നേരവും കണ്ണ് കുളത്തിലാ,,,
പുട്ട്ചുടലിനു മാത്രം തരാന്‍ കഴിയുന്ന ഇടവേളകളൊന്നില്‍
കണ്ണ് വീണ്ടും കുളക്കരയിലേക്ക് ദിശ മാറിചെന്നപ്പോള്‍
കണ്ട കൌതുകക്കാഴ്ച എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
"വൌ...വൌ..." എന്ന കുഞ്ഞുശബ്ദങ്ങളുടെ ഉറവിടം കാണാന്‍
ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.
ഇളം വെയിലിന്‍റെ കിരണങ്ങള്‍ മറച്ച കാഴ്ചയിലൂടെ ഞാന്‍ അവരെ കണ്ടു. രണ്ടു പട്ടിക്കുഞ്ഞുങ്ങള്‍...!!
അവര്‍ കുളത്തോട് കൊച്ചുവര്‍ത്തമാനവും പറഞ്ഞു നില്‍പ്പാണ്.
എനിക്ക് സമാധാനമായി,,ആരെങ്കിലുമൊക്കെയായി കുളത്തെ ഉണര്‍ത്താന്‍ എത്തുന്നുണ്ടല്ലോ..അത് മതി... പണിയൊക്കെ തീര്‍ത്തിട്ടു സാവധാനം പോയി ഇനിയുള്ള കഥാബാക്കികള്‍ കേള്‍ക്കാമല്ലോ...
ആശ്വാസത്തോടെ ഞാന്‍ പുട്ട് മുഴുവനുംചുട്ടുതീര്‍ത്തു.
ഇതിനിടയിലെപ്പോഴോ.പട്ടിക്കുട്ടികള്‍ വര്‍ത്തമാനം നിര്‍ത്തി സ്ഥലം വിട്ടിരുന്നു.
വൈകുന്നേരമായി.................................
രാത്രിയിലേക്കായി സൂക്ഷിച്ചുവെച്ച തണുപ്പിന്‍റെ കരങ്ങളില്‍നിന്നും
കുതറിയോടി വന്ന കുഞ്ഞു കാറ്റിന്‍റെ കുളിരേറ്റ് ഞാന്‍ മെല്ലെ കുളക്കരയിലെക്ക് നടന്നു.
രണ്ടു പടികൂടി താഴോട്ട് വലിഞ്ഞ കുളത്തെ കാല്‍ വിരലാല്‍
തൊട്ടുകൊണ്ട് ഞാനിരുന്നു...
എന്‍റെ സമീപ്യമറിഞ്ഞ കുളം പെട്ടെന്ന്‍ ഓളങ്ങളുടെ ഇളക്കങ്ങളില്‍ നിന്നും മോചിതയായി. കഥ പറയാനുള്ള ശാന്തതക്കായി കാത്തുകിടന്നു..
*************************************************************************
താമസിയാതെ അവള്‍ പറഞ്ഞു തുടങ്ങി.............
"എന്‍റെ പുതിയരൂപം എന്നെ ഏതു നേരവും സന്തോഷത്തിന്‍റെ ഓളങ്ങളില്‍ നൃത്തംചവിട്ടിച്ചു...സന്തോഷാധിക്യത്താല്‍ പലപ്പോഴും ഞാന്‍ പരിസരം മറന്ന് കരയില്‍ ചെന്നലച്ചു വീണു..
ഇടവപ്പാതി പെയ്തൊഴിഞ്ഞു ..കര്‍ക്കിടകം തുള്ളിക്കൊരുകുടമെന്നോണം എന്നിലേക്ക് പെയ്തിറങ്ങി...
ഞാനൊരു മധുരപ്പതിനേഴുകാരിയെ പോലെ നിറഞ്ഞു തുളുമ്പി.
എന്‍റെ ആകാശനീലിമ നിറഞ്ഞ മാദകസൌന്ദര്യത്തില്‍
ഞാനെന്‍റെ അടിത്തട്ട് കണ്ടു...
അവിടെ സന്തോഷത്തോടെ ആടിത്തിമര്‍ക്കുന്ന തെങ്ങുകള്‍ കണ്ടു,,
പുളഞ്ഞാടുന്ന കമുങ്ങുകള്‍ കണ്ടു,,ചില്ലകള്‍ കുലുക്കിച്ചിരിക്കുന്ന വൃക്ഷങ്ങള്‍ കണ്ടു..
എന്‍റെ കണ്ണാടിത്തെളിമയില്‍ ഞാനെന്നിലെ എല്ലാം കണ്ടും
അറിഞ്ഞുംആഹ്ലാദിച്ചു...,
കുറച്ചുകൂടി സുരക്ഷിതത്തം കിട്ടിയപ്പോള്‍ പരല്‍മീനുകള്‍ക്കും സന്തോഷമായി..
കണ്ണാം ചൂട്ടികള്‍ കരിങ്കല്‍മതിലില്‍ പറ്റിക്കിടക്കാനുള്ള പരിശീലനത്തിലായിരുന്നു,,ഏതു നേരവും.."
*****
"മഴയോടപ്പമാണല്ലോ നിങ്ങളും കുട്ടികളും എന്‍റെ അരികിലെത്താറുള്ളതെന്ന സത്യം എന്‍റെ സന്തോഷത്തിനു ഒന്നുകൂടി മാറ്റുകൂട്ടി.
അങ്ങനെയൊരു നാള്‍ ...................
വെയിലും മഴയും നൃത്തം വെക്കുന്ന ഒരു മധ്യാഹ്ന സമയം......
കുട്ടികളുടെ ഒരു നിര തന്നെ എനിക്കരികിലെത്തി,,,,,,,,!
ആ വരവുകളുടെ തുടര്‍ച്ചയായി...പിന്നീടുള്ള ഒരുപാടു നാളുകള്‍...
ചാടിയും മറിഞ്ഞും സമയബോധമില്ലാതെയവര്‍
എന്‍റെ മാറില്‍ നീന്തിത്തുടിച്ചു.
തെളിഞ്ഞു കാണുന്ന അടിത്തട്ടിലേക്കവര്‍ കൂപ്പു കുത്തുമ്പോള്‍,
മുകളിലേക്ക് പൊങ്ങാന്‍ ഞാന്‍ അവര്‍ക്ക് താങ്ങായി നിന്നു.
റബ്ബര്‍ട്യൂബുകളില്‍ ചങ്ങലകള്‍ തീര്‍ത്ത് അവരെന്നെ
അധിശയക്കുമിളകളില്‍ തളച്ചിട്ടു!! എനിക്ക് മേലെ അവര്‍
പരല്‍മീനുകളെ പോലെ വട്ടം ചുറ്റി,
ഓളങ്ങളുടെ പറുദീസ തീര്‍ത്തു...........!!!
സ്നേഹത്തോടെ ഞാനവരെ ഓളങ്ങള്‍ തീര്‍ത്ത ഊഞ്ഞാലിലാട്ടി.
അവസാനിക്കാത്ത കുളിയും കളികളും,,
ആരെങ്കിലും വന്നു വിളിക്കും വരെ അവരെന്നോടൊപ്പം ആര്‍ത്തുല്ലസിച്ചു.
വെള്ളത്തില്‍ പൊങ്ങിനില്‍ക്കാന്‍ പഠിക്കുന്ന നിങ്ങളുടെ മക്കളെ എന്നാലാവുംവണ്ണം ഞാന്‍ താങ്ങിനിറുത്തി.
നീന്താന്‍ പഠിക്കുന്നവരുടെ മുന്നില്‍ നെഞ്ചു വിരിച്ചു കിടന്നു കൊടുത്തു..
ഇടയ്ക്കു പടവുകളിലേക്ക് ഓളങ്ങളുമായിച്ചെന്നു
അവിടെയിരിക്കുന്ന കുഞ്ഞുമക്കളെയും സന്തോഷിപ്പിക്കാന്‍ ഞാന്‍ മറന്നില്ല."
നീണ്ട രണ്ടു മാസക്കാലം,,കുട്ടികളുമായുള്ള എന്‍റെ സന്തോഷങ്ങള്‍ തുടര്‍ന്നു,,,
പിന്നീട് മാസങ്ങള്‍ നീണ്ട കാത്തിരുപ്പിന്‍റെ നാളുകള്‍.....!
വീണ്ടും മഴയോടൊപ്പം കുട്ടികളെത്തും വരെ,,,അത് തുടര്‍ന്നു...
കാലചക്രം മുന്നോട്ടുപോകുമ്പോഴും ഈ കാത്തിരിപ്പും,
സ്വപ്നങ്ങളും എന്നെ മുന്നോട്ടു നയിച്ചു,
നിങ്ങളെപോലെ,,നിങ്ങളുടെ മക്കളെ പോലെ,,, വരും തലമുറയും എന്നെ സ്നേഹിച്ചു കാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്.
നിങ്ങളുടെ ഈ സ്നേഹത്തിന് പകരം തരാന്‍ എന്‍റെ പക്കല്‍ എന്താണുള്ളത്,,,,ഈ തെളിനീരല്ലാതെ....
എന്‍റെ സന്തോഷം ഞാന്‍ നിങ്ങള്‍ക്ക് നല്‍കട്ടെ...
നിങ്ങള്‍ക്ക് കാണാന്‍ പറ്റുന്നുണ്ടല്ലോ എന്‍റെ ആഹ്ലാദക്കുതിപ്പുകള്‍...
കാലാകാലങ്ങളോളം തലമുറകളായി ഈ ബന്ധം നിലനില്‍ ക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ...
ദൈവമേ...നീ എന്നെ 'സംസ'മിന്‍റെ പിന്‍ഗാമിയാക്കില്ല എന്നെനിക്കറിയാം...
ആ പുണ്യതീര്‍ത്ഥം പോയ്‌പോയ് മറഞ്ഞ കാലത്തെന്നപോലെ, ഇന്നും നീ കാത്തു സൂക്ഷിക്കുന്ന ആ മഹാസത്യം അറിഞ്ഞവളാണ് ഈ ഞാനും...!
ഞങ്ങള്‍ പാവം ജലാശയങ്ങള്‍ കാലാവസ്ഥയോട്
മല്ലടിച്ചുകൊണ്ട് ഇത്രയും കാലം നിലനിന്നു.
ഇനി അതിന് കഴിയില്ല എന്ന ഉത്തമ ബോധ്യത്തോടെ
ഞാന്‍ നിന്നോട് വീണ്ടും കേണപേക്ഷിക്കുകയാണ്...
നിന്‍റെ സൃഷ്ടികളില്‍ ഉന്നതരെന്നു നീ പേര് ചൊല്ലി വിളിയ്ക്കുന്ന
മനുഷ്യന്‍റെ കൊടുംക്രൂരതയില്‍ നിന്നും ഞങ്ങളെ രക്ഷിക്കാന്‍
നിനക്ക് മാത്രമേ ഇനി കഴിയുകയുള്ളൂ....
ഞങ്ങള്‍ക്ക് ശക്തിപകരാനായി നീ സൃഷ്ടിച്ചു വെച്ച
കുന്നുകളെ തന്നെ ഞങ്ങള്‍ക്ക് മേല്‍ അന്തകരാക്കി,,,
ഞങ്ങളെ നികത്തി,,ഞങ്ങളുടെ നെഞ്ചില്‍ അവര്‍
ഓഡിറ്റോറിയങ്ങള്‍ പണിയുന്നു...
അതിനടിയില്‍ കിടന്നു ഓളങ്ങള്‍ മുട്ടി,,മുട്ടി,,,,,
അവസാനത്തെ നീരുറവയും വറ്റി ഞങ്ങള്‍
ഇല്ലാതാകുന്നത് നീ കാണുന്നില്ലേ..
അല്ലയോ...സംസം..,!!
നിന്‍റെ പവിത്രത ഞങ്ങളില്‍നിന്നും എത്രയോ...ഭിന്നം..!
എങ്കിലും ഞാന്‍ ചോദിക്കട്ടെ....
അന്ത്യനാള്‍ വരേയ്ക്കും നിന്‍റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത
ആ മഹാശക്തി വംശനാശത്തില്‍നിന്നും
ഞങ്ങളെയും രക്ഷിക്കാന്‍ കഴിവുള്ളവനല്ലേ...
അകത്തളങ്ങളില്‍ കൃത്രിമ മഴകള്‍ പെയ്യിക്കുന്ന ,,
സിമന്‍റ് ടാങ്കുകളില്‍ വെള്ളം നിറച്ച് കൃത്രിമക്കുളങ്ങള്‍
നിര്‍മിക്കുന്ന മനുഷ്യാ....
ഞങ്ങള്‍ കുളങ്ങള്‍ക്കും, കുളത്തവും,,,കുളസംസ്ക്കാരവും ഉണ്ടെന്ന കാര്യം പലപ്പോഴും നീ വിസ്മരിക്കുന്നതെന്തേ...
എന്‍റെ ചിന്തകളുടെ ജലസ്രോതസ്സുകള്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു..
ഇനി ഞാനെന്‍റെ കഥാബീജങ്ങളോട് തല്‍ക്കാലം വിട പറയട്ടേ...
ഇനിയും ഒരു പാട് മഴക്കാലങ്ങള്‍ കാണാനും,
പുതിയ ഉറവകളുടെ കാണാകയങ്ങളിലേക്ക് വഴി കാണിക്കാനും, ജഗന്നിയന്താവ് തുണക്കുമെന്ന് ഞാന്‍ വിശ്വസിക്കട്ടെ...
എന്‍റെ പ്രാര്‍ഥനകള്‍ എന്‍റെ ഓളങ്ങളെ മയക്കങ്ങളുടെ തീരാചുഴികളിലേക്ക് കൊണ്ടുപോകുന്നത് ഞാനറിയുന്നു,,.
ഇനിയും എനിക്കായി കാത്തുവെച്ച നീരുറവകള്‍ എവിടെയാണ്....
എവിടെയാണെന്‍റെ....... പരല്‍മീനുകള്‍,,,!
എവിടെ,,......... എന്‍റെ കണ്ണാം ചൂട്ടികള്‍ ,,,!
എനിക്കൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ...
ഇനി ഞാനൊന്ന് മയങ്ങട്ടെ...........,പുതിയ മഴക്കോളുകളുടെ സ്വപ്നങ്ങള്‍
കണ്ടു കണ്ടങ്ങനെ....."
ഓളങ്ങള്‍ അടക്കിപ്പിടിച്ച് കുളം മൌനിയായി ,,,,
**********************************************************************
പറഞ്ഞു തീര്‍ത്ത കഥകളുടെ പൊന്നൂഞ്ഞാലില്‍ ഇനി അവളല്‍പനേരം സഞ്ചരിക്കട്ടെ....
ബ്ലോഗിമോന്‍ അനിയത്തിയോടൊപ്പം. |
ആഹ്ലാദം..... |
പല്ലു പോയ കാലം, എന്‍റെ അഞ്ചാമി! |
അത്താണി |
ചെങ്കോല്‍ |
ഒരു കൈ സഹായം. |
***********************
സ്വപ്നങ്ങള്‍ കണ്ട് മയങ്ങുന്ന പ്രിയപ്പെട്ട കുളമേ...നീ ആഗ്രഹിക്കും പോലെ നിന്‍റെ നീരുറവകള്‍ക്കു കാവല്‍ നില്‍ക്കുന്നവരാകാന്‍ ഞങ്ങള്‍ ആവുന്നതും ശ്രമിക്കാം..
നിന്‍റെ സംരക്ഷണം ഞങ്ങളുടെ കടമ! അത് നിറവേറ്റാതിരിക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും...?
ദൈവം അനുഗ്രഹിക്കട്ടെ...!!!
വീണ്ടും ഉണരും വരേക്കും കുളമേ...നിനക്കു വിട!!!
59 comments:
ഏതായാലും ഉല്‍ഘാടിക്കാനുള്ള ചാന്‍സു ഞാന്‍ നഷ്ടപ്പെടുത്തുന്നില്ല \ബാക്കി വായിച്ചിട്ട്
കുളത്തിന്റെ കഥ അധികം കുളം ആക്കാതെ പറഞ്ഞു തീര്‍ത്തതിനു അഭിനന്ദനങ്ങള്‍ !!! അല്ലെങ്കില്‍ വായനക്കാര്‍ വന്നു കുളം കലക്കി പരുന്തിനു കൊടുത്തേനെ ..
ഇനിയും ഉശിരന്‍ കഥകളും വിശേഷങ്ങളുമായി വരാന്‍ കഴിയട്ടെ
അകത്തളങ്ങളില്‍ കൃത്രിമ മഴകള്‍ പെയ്യിക്കുന്ന ,,
സിമന്‍റ് ടാങ്കുകളില്‍ വെള്ളം നിറച്ച് കൃത്രിമക്കുളങ്ങള്‍
നിര്‍മിക്കുന്ന മനുഷ്യാ....
ഞങ്ങള്‍ കുളങ്ങള്‍ക്കും കുളത്തവും,,,കുളസംസ്ക്കാരവും ഉണ്ടെന്ന കാര്യം പലപ്പോഴും നീ വിസ്മരിക്കുന്നതെന്തേ
നല്ല വരികള്‍ ഇത്താ, ആശംസകള്‍
കുളം കഥ നിര്‍ത്തി ഉറങ്ങാന്‍ തുടങ്ങി അല്ലെ ?
ഭൂമിയുടെ ശ്വാസകോശങ്ങളാണ് നമ്മുടെ വനങ്ങൾ ,അനുസ്യൂതം തന്‍റെ മുലചുരന്ന് മക്കളെ ഊട്ടുന്ന നമ്മുടെ അമ്മ, ഭൂമീദേവി....പക്ഷെ സ്വയം കാർന്നുതിന്നുന്ന അർബുദം പോലെ മനുഷ്യൻ തന്‍റെ ക്ഷണികമായ സുഖ ഭോഗങ്ങൾക്ക് വേണ്ടി,പകയോടെ നരഭോജികളായി മാറുമ്പോൾ....നഷ്ടമാകുന്ന നമ്മുടെ പുഴകളും,'കുളങ്ങളും'....ജൈവസ സമൃദ്ധ്മായ കാവുകളും തീണ്ടപ്പെടുടുകയാണ്...എന്നോ കുറിക്കപ്പെട്ട ഒരു ചരമഗീതം ആഗ്രഹിക്കാതെയാണെങ്കിലും നമ്മുടെ കർണപുടങ്ങളെ അലോസരപ്പെടുത്തുന്നു...
അഭിനന്ദനങ്ങൾ 'പ്രവാസിനീ' ..ഈ സൂചകത്തിന്..
{കുളത്തെ അധിക കാലം ഉറക്കി കെടുത്തല്ലേ.. അതുറക്കം വിട്ടുണര്‍ന്നു കഥ പറയുന്നതിനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഒരുകൂട്ടം ഇവിടെ ചെവി തരാന്‍ ഉണ്ടേ..!!}
കുളത്തിലമ്മയായി നിന്ന് സ്വന്തം കഥ പറയുക...
ആരും കാണാത്ത പുത്തൻ ഭാവനയിലൂടെ നാട്ടുപച്ചകളൂം ചുറ്റുമുള്ള വർണ്ണക്കാഴ്ച്ചകളും വിവരിക്കുക.കുളത്തിലെ കുഞ്ഞോളങ്ങൾ പോലെ ശാന്തമായി അലയടിക്കുന്ന ഈ എഴുത്തിന്റെ ഭംഗിയെ ഞാൻ എങ്ങിനെയാണ് വർണ്ണിക്കുക...!
പിന്നെ ആ വീഡിയോഗ്രാഫർക്ക് 100 ൽ നൂറുമാർക്കും കൊടൂത്തിരിക്കുന്നു കേട്ടൊ മുൻ പ്രവാസിനി.
അങ്ങനെ ഒരു കുളം കഥ പറഞ്ഞു നിര്‍ത്തി.....
ചിത്രങ്ങളും ചലചിത്രവും ഒന്നിനൊന്ന് മികവ് പുലര്‍ത്തി........
കുളക്കഥ വിജയകരമാക്കാന്‍ കുട്ടികളെ രംഗത്തിറക്കിയല്ലെ......
ന്നായിരിക്കുന്നു.
എല്ലാ ആശംസകളും!
പോസ്റ്റ് കുളമായതും,പിന്നെ കഥയായതും, അതൊരു കുളഗാഥ ആയതും ഖണ്ഡം ഖണ്ഡമായി ബൂലോകം
കാത്തിരുന്നതും...കുളമാകാതെ കുളത്തെ ഉറക്കിയതിനു അഭിനന്ദനങ്ങ്ങ്ങൾ!!
കുള കുളാരവത്തോട് സംസം എന്ന് പറഞ്ഞുറക്കി അല്ലേ?!!.
പടങ്ങളും പറഞ്ഞു കഥ!.
വീഡിയോ കാണണം
നന്മകൾ നേരുന്നു.
ജലചിത്രം മികവ് പുലർത്തി
അഭിനന്ദനങ്ങൾ,അവാർഡുകൾ
വളരെ നന്നായി.....
ആശംസകള്‍......
പ്രവാസിനിയുടെ മക്കള്‍ പുണ്യം ചെയ്തവരാണ്.
അല്ലെങ്കില്‍ എവിടെ കിട്ടും ഈ ഫൈവ് സ്റ്റാര്‍ സ്വിമ്മിംഗ്?
പറയാതെ വയ്യ.. ഒരു പോസ്റ്റ് കുളമാക്കാതെ ഒരു കുളം പോസ്ടാക്കിയ പ്രവസിനീ..., ഒരുമ്മ തരാന്‍ തോന്നുന്നു...
ചെറിയ വിഷമം... തീര്‍ന്നു പോയല്ലോ എന്നോര്‍ത്ത്...
ഭാഗ്യവാന്‍മാര്‍ ആ മക്കള്‍...
നന്ദി ഈ കുളം ഞങ്ങള്‍ക്ക് പങ്കു വെച്ചതിനു...
ചിന്താ വർണ്ണനകൾ സ്പുടമായത് കൊണ്ടാവാം എഴുത്ത് മനോഹരമായത്.
അതിലേറെ;എന്റെ ‘for in’ കാരീ,
ഉള്ളതിനെ ‘കൊള’ മാക്കാതെ കുളമാക്കിയത് കൊണ്ട് ഇന്നത്തെ തലമുറക്ക് മാത്രമല്ല ഉപകാരം.
അംബിളിമാമാനെ കൈകുമ്പിളിൽ കോരിയെടുക്കാൻ...
ജല നിരപ്പിൽ തുമ്പികൾ വാല് കൊണ്ട് തോണ്ടി നിശ്ചല നൃത്തം ചെയ്യാൻ....
വർഷാരംഭത്തിൽ പോക്കാച്ചിത്തവളകൾക്ക് പേക്രോം...പേക്രോം കരയാൻ...
പൊന്മകൾക്ക് ഊളിയിടാൻ...
എഴുത്തച്ചനും, കൂളിആമക്കും, പരലുകൾക്കും മണ്ടിക്കളിക്കാൻ...
ആകാശത്തിലെ പറവകൾക്ക് വൈന്നേരം ഒന്ന് മുങ്ങികുളിക്കാൻ...
അങ്ങനെ അങ്ങനെ...പറഞ്ഞാൽ തീരാത്തത്ര കരുണയാൽ അനുഗ്രഹാനുഗ്രഹം ലഭിക്കുന്ന ഈ പുണ്ണ്യ മനസ്സിനല്ലാതെ ഞാനെന്തിന് നന്ദി പറയാൻ!
താത്തോയ്,
ഈ എഴുതീട്ടുള്ളത് ലളിതവും മധുരവും നിലവാരമുള്ളതുമായ വിശ്വസാഹിത്യമാകുന്നു.
ആ വീഡിയോ എടുത്ത കരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ ..
ആമുഖമായിപറയണമെന്ന് കരുതിയ കാര്യങ്ങള്‍ പറയാന്‍ അവസരം കിട്ടാതെ കമന്‍റുകള്‍ വന്നപ്പോള്‍,പിന്നെ പറയാം എന്ന് വെച്ചത് ഇപ്പോള്‍ പറയുന്നു.
നാലുമുതല്‍ ഏഴുവരെ എന്‍റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അമ്മാവന്റെതായിരുന്നു ഈകുളവും
പറമ്പും.അവര്‍ വെക്കേഷനില്‍ വിരുന്നു വന്നപ്പോള്‍
ഇവിടെത്തെ കുളത്തില്‍ കാറ്റ് നിറച്ച കുഞ്ഞുബോട്ടില്‍ കളിക്കുന്ന പടം നാലാം ക്ലാസ്സിലായിരുന്നപ്പോള്‍ എനിക്ക് കാണിച്ചു തന്നിരുന്നു.അന്നേ അവളുടെ അമ്മാവന്‍മാരൊക്കെ ഗള്‍ഫിലായിരുന്നു.
അവളും അവളുടെ രണ്ട് അനിയത്തിമാരും ധരിക്കുന്ന ഫോറിന്‍ വസ്ത്രങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇപ്പറഞ്ഞ വീടിന്‍റെ നേരെ ഓപ്പോസിറ്റിലുള്ള വീട്ടിലേക്ക് എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നു.രണ്ടു വര്‍ഷം കഴിഞ്ഞ് ഈ വീടും പറമ്പും എന്‍റെ ഭര്‍ത്താവ് വിലക്ക് വാങ്ങി.
വീണ്ടും കുറെ കഴിഞ്ഞ് പഴയ വീട് പൊളിച്ച് ഞങ്ങള്‍ പുതിയ വീട് വെച്ചു.കൂട്ടത്തില്‍ കുളവും ഒന്ന് വലുതാക്കി പുതുക്കിപ്പണിതു.
ഒക്കെ ഒരു നിമിത്തം.
ആറു വര്‍ഷം മുമ്പ് എടുത്ത ഫോട്ടോകളും വീഡിയോസുമാണ് കൊടുത്തിട്ടുള്ളത്.
വലിയ മോന്‍ എടുത്തതാണ് അതൊക്കെ.
കുളത്തിന്‍റെ ഫോട്ടോസ് ഓരോ പോസ്റ്റിനും വേണ്ടി ആ സമയത്ത് ഞാന്‍ എടുത്തതാണ്.
ആ ഫോട്ടോ എടുപ്പൊക്കെ ഓരോ സംഭവങ്ങളായിരുന്നു.
ഈ കുളത്തെ കൊണ്ട് ഇങ്ങനെ കഥ പറയിക്കുമെന്നോ അതിങ്ങനെ എഴുതുമെന്നോ കുളത്തെ സ്നേഹിക്കാന്‍ ഒരുപാട് കൂട്ടുകാര്‍ ഉണ്ടാകുമെന്നോ..സ്വപ്നത്തില്‍പോലും
വിചാരിച്ചിരുന്നില്ല.ഒക്കെ അറിയാതെ സംഭവിച്ചു പോയതാണ്.
അതിനുവേണ്ടി എന്റേതായ കുറെ കുളപ്രയോഗങ്ങള്‍
വെച്ചു കാചിയിട്ടുണ്ട്..അതൊക്കെ ഏതു വിധത്തിലാണ് എല്ലാവരും വിലയിരുത്തിയെതെന്നു എനിക്കറിയില്ല.പലരും എടുത്തു പറഞ്ഞ് അഭിനന്ദിച്ചവയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതില്‍ വലിയ സന്തോഷം തോന്നുന്നു.
അതിനെനിക്ക് കിട്ടിയ വലിയ വലിയ പ്രോല്സാഹനങ്ങള്‍ക്കും വിലമതിക്കാനാവാത്ത അഭിപ്രായങ്ങള്‍ക്കും എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയുന്നില്ല..
എങ്കിലും ഞാന്‍ പറയട്ടെ..
എല്ലാവര്‍ക്കും എന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞ ഒരായിരം നന്ദി.
ഈ അനുഭവം നിങ്ങളുമായി പങ്ക് വെക്കാന്‍ എന്നെ അനുഗ്രഹിച്ച സര്‍വാധിനാഥനും സ്തുതി!
അങ്ങിനെ കുളത്തിന്റെ കഥ കഴിഞ്ഞു !
ഇനി ബാക്കി ബ്ലോഗിമോന്‍ നോക്കട്ടെ .
ചിത്രങ്ങള്‍ മനോഹരം ,
വരികള്‍ അതിമനോഹരം !
അഭിനന്ദനങ്ങള്‍ ...
(തൊഴിച്ചു തൊഴിച്ച് കാല്‍ കഴച്ചതല്ലേ സത്യം ?)
അപ്പൊ കഴിഞ്ഞോ?
അവസാനത്തെ വീഡിയോ അല്ലാത്ത എല്ലാം ഇഷ്ട്ടപ്പെട്ടു..ഈ കുളക്കഥ അത്ര പെട്ടൊന്നൊന്നും ആരും മറക്കില്ല.ബ്ലോഗില്‍ ആദ്യമായാണല്ലോ ഇങ്ങനെ ഒരു അനുഭവ കഥ..വളരെ നന്നായി തന്നെ എല്ലാ ഭാഗങ്ങളും പറഞ്ഞു.
ഇനിയും ഇത് പോലെയുള്ള നല്ല പോസ്റ്റുകള്‍ വരട്ടെ..ബെസ്റ്റ് ഓഫ് ലക്ക് ...
ചിത്രങ്ങള്‍ നന്നായി
അങ്ങനെ കുളത്തിന്റെ കാര്യം കൊതിപ്പിച്ച് കൊതിപ്പിച്ച് ഒരു ബയിക്കാക്കി. ഇഞ്ഞി ന്താ കെണറോ തൊടിയോ?
കുളത്തോടുള്ള അഭിനിവേശം അവസാനിക്കുന്നില്ല. ഗ്രാമീണ ജീവിതത്തിന്റെ നല്ല ഒരു അടയാളപ്പെടുത്തല്‍ ഈ പോസ്റ്റുകളിലൂടെ ധന്യമായി.
എന്റെ പഴയ കാലങ്ങളുടെ ഓർമ്മകുറിപ്പ്…
കുളം കഥ അങ്ങിനെ കഴിഞ്ഞു.
നിറഞ്ഞു നില്‍ക്കുന്ന കുളം ഒരു നല്ല കാഴ്ച്ചതന്നെയാണ്.
ആശംസകള്‍.
രമേശ് അരൂരിന്റെ കമെന്റ്റ് ചിരിപ്പിച്ചു.
നാളെയുടെ ആശങ്ക അല്ല ജലാഷങ്ക നാളെയുടെ മക്കളുടെ ഗ്ര്‍ഹ്തുരത്വം എല്ലാം എല്ലാം പറയുന്നു കവി
അഭിന്ദനം ഒരായിരം വാക്കുകളില്‍ പിശുക്കിന്റെ അംശ ങ്ങള്‍ ഇല്ലാതെ
സ്വപ്നങ്ങള്‍ കണ്ട് മയങ്ങുന്ന പ്രിയപ്പെട്ട കുളമേ...നീ ആഗ്രഹിക്കും പോലെ നിന്‍റെ നീരുറവകള്‍ക്കു കാവല്‍ നില്‍ക്കുന്നവരാകാന്‍ ഞങ്ങള്‍ ആവുന്നതും ശ്രമിക്കാം..
നിന്‍റെ സംരക്ഷണം ഞങ്ങളുടെ കടമ! അത് നിറവേറ്റാതിരിക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും...?
ദൈവം അനുഗ്രഹിക്കട്ടെ...!!! :)
aashamsakal...........
താത്താ...
ഏഴ് ഖണ്ഡങ്ങളിലായി ഇതുവരെ ആരും പറയാത്ത അല്ലങ്കില്‍ കാണാത്ത
ഒരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് ഒരു പ്രത്യേക ക്യാരക്റ്ററിനെ(കുളം) കൂട്ട് പിടിച്ച് താത്ത നടത്തിയ ഈ കുളക്കഥ അവതരണം വളരെ മനോഹരമായിരിക്കുന്നു.അങ്ങിനെ അവതരിപ്പിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിനു എന്റെ വക ഒരായിരം അഭിനന്ദനങ്ങള്‍...
കുളക്കഥ പോസ്റ്റുകള്‍ വായിച്ച ഒട്ടുമിക്ക ആളുകളുടേയും മനസില്‍ ആ കുളവും അതിനു ചുറ്റുമുള്ള വസ്തുക്കളും വളരെ ആഴത്തില്‍ തന്നെ പതിഞ്ഞു പോയിട്ടുണ്ടാകും.അതില്‍ താത്താക്ക് അഭിമാനിക്കാം(ഇനി എന്റെ മാത്രം തോന്നലാണോ എന്നറിയില്ലാട്ടോ)
ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ കഥകളുമായി ബൂലോകത്ത് മുന്നേറാന്‍
സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ...
ചിത്രങ്ങള്‍ നന്നായിരിക്കുന്നു...
എന്തായാലും കുളം പറഞ്ഞ കഥ മുഴുവനാക്കിയപ്പോള്‍ കഥാ കാരിയുടെ കഴിവും ഉഗ്രനായി
ഇനിയും പോരട്ടെ വല്ല വെത്യസ്തമായ കഥകളും
എന്റുമ്മോ.... ഇത്താന്റെ കുളം ഞാന്‍ കലക്കും... ഹാ....അല്ല പിന്നെ....
ഹാ പോരട്ടെ ഇനിയും കുളക്കഥകള്‍ ...
""അവസാനത്തെ വീഡിയോ അല്ലാത്ത എല്ലാം ഇഷ്ട്ടപ്പെട്ടു.""
ഫൈസുവിന്‍റെ ഈ അഭിപ്രായം വായിച്ച് ഈ നിമിഷം വരേയ്ക്കും ഞാന്‍ എന്താണെന്നരിയാത്ത കണ്ഫ്യൂഷനിലായിരുന്നു,,
എന്ത് കൊണ്ടാണ് ഫയ്സു അങ്ങനെ പറഞ്ഞതെന്ന്‍ ഒരെത്തും പിടിയും കിട്ടിയില്ല.
ഇനിയിപ്പോ കുട്ടികള്‍ വല്ല ഡാന്‍സിന്റെ സ്റ്റെപ്പും...?
ഹാഫിളോക്കെയല്ലേ...?
അവസാനം വീഡിയോ സ്വന്തമായി ഒന്ന്കൂടി കാണാന്‍ തീരുമാനിച്ചു,ലിങ്കില്‍ ക്ലിക്കി..,
ഞാന്‍ ബ്ലിങ്കിപ്പോയി..!
എന്‍റെ കുട്ടികള്‍ കുളത്തില്‍ ചാടുന്നതിനുപകരം ഒന്നിനു മാത്രം പോന്ന വേറെ കുറെ ഹറാമികളെയാണ് അവിടെ കണ്ടത്.
വല്യ ബ്ലോഗ് മുതലാളി മോന്‍ ഫോണ്‍ വഴി നല്‍കിയ ക്ലാസ് കേട്ട് പഠിച്ചു പാസ്സായിട്ടാണ് ഞാനീ വീഡിയോ ചേര്‍ത്തത്,,എന്നിട്ടിപ്പോ..?
മോനെ വിളിച്ചു കാര്യങ്ങള്‍ അത്യാവശ്യം "ഭംഗിയായി"തന്നെ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു.
അവന്‍ സാധാരണ മട്ടില്‍ പറഞ്ഞു."അത് മ്മാ..തുടക്കത്തില്‍ വല്ല പരസ്യവും കേറി ക്കാണും"ന്ന്.
സംഗതി ശെരിയായിരുന്നു,
പിന്നെ ഒട്ടും താമസിച്ചില്ല..
ലിങ്കിനെ തൂത്തു വാരി ചവറ്റു കൊട്ടയിലിട്ടു ഞാന്‍..
ഇനി മേലാല്‍ ഞാന്‍ ഒറ്റയ്ക്ക് ലിങ്കൂല കൂട്ടരേ..
എന്‍റെ പോസ്റ്റ് അവസാനം പിടിച്ച് "കുള"മാകാതെ
എന്നെ രക്ഷിച്ച ഷെയ്ക്ക് ഫയ്സു അല്‍ ബ്ലോഗിയ്യക്ക് അല്ഫ് ശുക്ര്‍,,
ഞങ്ങള്‍ പാവം ജലാശയങ്ങള്‍ കാലാവസ്ഥയോട്
മല്ലടിച്ചുകൊണ്ട് ഇത്രയും കാലം നിലനിന്നു
കുളത്തവും കുളസംസ്കാരവും നിരത്തി ഇന്നിന്റെ വെള്ളത്തിലേക്ക് കാലെടുത്ത് വെച്ച് ഒരു സന്ദേശത്തോടെ കുളക്കഥ അവസാനിപ്പിക്കുമ്പോള്‍ ചേര്‍ത്ത വീഡിയോ ഉചിതമായി. കഥ കഴിഞ്ഞപ്പോള്‍ വീഡിയോയിലൂടെ കുളത്തില്‍ ഒരു കുളിയും പാസ്സാക്കാന്‍ കഴിഞ്ഞു.
അഭിനന്ദനങ്ങള്‍
സുന്ദരം ,അതിസുന്ദരം....
എന്‍റെ കുളക്കഥക്ക് കിട്ടിയ ഈ അംഗീകാരം എനിക്ക് വളരെ വിലപ്പെട്ടതാണ്..
എന്‍റെ ജീവിതത്തില്‍ ആദ്യമായാണ് ഞാനിങ്ങനെയൊരു സാഹസം ചെയ്തത്..അറിയാതെ സംഭവിച്ചു പോയ ഒരു സംഭവമാണെങ്കിലും ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്..
ഏതെല്ലാമോ നാട്ടിലുള്ള ഒരിക്കലും തമ്മില്‍ കാണാത്ത എന്‍റെ ബ്ലോഗ് സുഹൃത്തുക്കള്‍ എനിക്ക് ചാര്‍ത്തിത്തന്ന ഈ സ്നേഹത്തിന്മുമ്പില്‍ ഞാനിങ്ങനെ അന്തം വിട്ടു നില്‍ക്കും പോലെയാണ് എനിക്ക് തോന്നുന്നത്..
ഇതുവരെ ജീവിതത്തില്‍ ഇങ്ങനെയൊരനുഭവം ഇല്ലാത്തത് കൊണ്ടാകാം..എനിക്ക് തന്നെ എന്നെ മനസ്സിലാകാത്തപോലെ..,
ഒരാഴ്ചഎങ്കിലും എഡിറ്റ് പോസ്റ്റിലിട്ട് തിരിച്ചും മറിച്ചും വായിച്ചും മായ്ച്ചും തിരുത്തിയും,,ഒരു പത്തു വട്ടമെങ്കിലും പ്രിവ്യൂ നോക്കിയും..പോസ്റ്റാന്‍ ധൈര്യം വരാതെ ഇരിക്കും..
പിന്നെ രണ്ടും കല്‍പ്പിച്ച് പബ്ലിഷ് ബട്ടണിലൊരു ക്ലിക്ക്,
പിറകെതന്നെ വരുന്ന അഭിപ്രായങ്ങളാണ് എനിക്ക് വീണ്ടും എഴുതാനുള്ള ധൈര്യം പകര്‍ന്നു തന്നത്..
അങ്ങനെ എനിക്ക് ധയര്യം പകര്‍ന്നു തന്ന എന്നെ ഒരുപാടൊരുപാട് പ്രോത്സാഹിപ്പിച്ച എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും കുട്ടി ബ്ലോഗര്‍ മാര്‍ക്കും..നന്ദി.
മുഴുവന്‍ വായിച്ചിട്ടില്ല ഞാന്‍. ഒന്ന് ഓടിച്ച് നോക്കിയിട്ടെയുള്ളൂ.... സമയം ഒരുപാട് ആയതിനാല്‍ ഉറക്കം വരുന്നു. നാളെവന്നു മനസിരുത്തി വായിച്ചതിനു ശേഷം അഭിപ്രായപ്പെടാം.........
ഫോട്ടോസ് എല്ലാം എനിക്കിഷ്ട്ടായി. ഇങ്ങനെ ആരൊക്കെയോ അപ്പ് ചെയ്യുന്ന ഫോട്ടോകളിലൂടെയാണ് പ്രഭാതം കാണുവാന്‍ എന്‍റെ യോഗം.
ഈ കുള കഥ വളരെ നന്നായിരിക്കുന്നു, ചിത്രങ്ങളും അടിപൊളി.. കുട്ടി കാലത്ത് മോഹിച്ച കുളം സ്വന്തമാക്കി, വിശാലമാക്കി, സൌകര്യങ്ങളോടെ കാത്തു പോന്നു, അവസാനം കുളത്തോട് സല്ലപിച്ചു മനോഹരമായ ഒരു പോസ്റ്റും..
കുട്ടികളുടെ ആ ചെങ്കോലും, ട്യൂബ് കളിയുമെല്ലാം വല്ലാതെ കൊതിപ്പിക്കുന്നു, കഥയെ പോലെ..
ആശംസകള്‍...
എന്‍റെ പ്രവാസിനിത്ത,കൊട് കൈ!! അതിശയം തോന്നി ട്ടോ...അവസാന khandam adipoli..kuttikalude video and photos are awesome..malayalam font kittunnilla..congraats alif marra!!
കുളം ഫോട്ടോസ് കലക്കി...ഏതായാലും കുളം കൊണ്ടിത്രേം കഥകള്‍ പറഞ്ഞല്ലോ..അല്ല കാര്യങ്ങള്‍
very goood ..... i am very happy to see the fotos... nashtapettupoya ee kulakazhachakal athi gambhiram .....
ഈ കുള കഥ നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..
ഇനിയും തുടരുക..
അങ്ങനെ കുള കഥ കുട്ടികളുടെ ഒരുശിരന്‍ നീന്തലോടെ അവസാനിക്കുമ്പോള്‍ കുളത്തെ എല്ലാ ആങ്കിളിലും കണ്ട സന്തോഷം മാത്രം....
ഇനി അടുത്ത പുതിയ കഥക്കായി കാത്തിരിക്കാം..
കുളക്കഥ കുളമാകാതെ നോക്കിയതിനു അഭിനന്ദനം.
സംസം വെള്ളത്തിന്റെ രുചിയുള്ള പോസ്റ്റിനു അവസാനത്തെ വീഡിയോ യോജിക്കാതപോലെ എനിക്കും തോന്നി.
ആശംസകള്‍.
കുളം കഥ അങ്ങനെ പര്യവസാനിച്ചു, ക്ലൈമാക്സില്‍ അവള്‍ വികാര നിര്‍ഭരിതമായല്ലോ, കലക്കി, ഈ ഒരു കഥയില്‍ അവസാനം ഇങ്ങനൊരു ഭാഗം ആണെന്ന് കരുതിയിരുന്നില്ല , തികച്ചും ഇന്ന് ചിന്ധിക്കേണ്ട വിഷയമാണ് അവസാനം , .. ഈ പോസ്റ്റും ക്ര്രൂരതകള്‍ക്ക് എതിരെ പ്രചോധനമാവട്ടെ,
ജനാലയിലെ സൂര്യന്റെ ചിത്രം കണ്ണില്‍ തരപിച്ചു കയറുന്നു, nokkaan പറ്റുന്നില്ല :(
പുതിയ പോസ്റ്റുകള്‍ അറിയാന്‍ വൈകി, ഞാന്‍ ഫോളോ ചെയ്തു എന്നല്ലേ കരുതിയത്, ഇപ്പോഴാ അറിയുന്നെ ഫോളോ ചെയ്തിട്ടില്ല എന്ന്:(, ഇനി ആ പ്രശ്നം വരില്ല :)
ഇസ്മയില്‍ കുറുംപടി,,
അവസാനത്തെ വീഡിയോ കുട്ടികളുടെ തന്നെയാണ്.
അതിന്‍റെ തുടക്കത്തില്‍ പരസ്യമോ മറ്റോ കേറിയതാണ്.അത് കണ്ടിട്ടില്ലായിരുന്നു..പിന്നീട് ഡിലീറ്റ് ചെയ്തത് മുകളില്‍ എഴുതിയിട്ടുണ്ട്.
ഇനി ഇതൊക്കെ വായിക്കാന്‍ വീണ്ടും ആരും ഇവിടെ വരില്ലായിരിക്കാം.എങ്കിലും അറിയിക്കേണ്ടത് അറിയിക്കണമല്ലോ..
പ്രിയ സഹോദരീ ..
പോസ്റ്റും ചിത്രങ്ങളും അതിലെ സംസമിന്റെ ആത്മീയത സംയോജിപ്പിച്ച രീതിയും ഒരുപാട് ഇഷ്ടപ്പെട്ടു.അവസാന വീഡിയോയും കണ്ടു .കമന്റുകളും വായിച്ചു. അതിനുശേഷം എനിക്ക് മനസ്സില്‍ തോന്നിയ ഒരു കാര്യം ഇവിടെ സൂചിപ്പിച്ചു എന്ന് മാത്രം. അത് തെറ്റോ ശരിയോ ആകാം.അത് ഒരു വിമര്‍ശനമായി ദയവായി കരുതാതിരിക്കുക.വെറും അഭിപ്രായം മാത്രം.
നിങ്ങളുടെ മറുകുറിപ്പിനു നന്ദി..
ഇനിയും എഴുതുക എല്ലാ ആശംസകളും..
കുഞ്ഞുങ്ങളുടെയും പുസ്തകങ്ങളുടെയും കുളങ്ങളുടെയും
ഗന്ധമുള്ള ഈ ബ്ലോഗിലേക്ക് വഴിതെറ്റിയെത്തി.
അടിത്തട്ടു കാണാാവുന്ന തെളി ജലം പോലെ സുതാര്യം, ഈ പോസ്റ്റുകള്‍. മനസ്സിലുള്ളത് വാക്കിലേക്കെത്തിക്കാന്‍ കഴിയുന്നു,
എഴുത്തിന്റെ ഈ പച്ചപ്പിന്.
ഇനിയുമേറെ എഴുതാനാവട്ടെ.
ഇപ്പ്രാവശ്യം നന്ദികള്‍ ഒന്നിച്ചാണ്.ചില തിരക്കുകള്‍.. ഓരുരുത്തരും പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയണം എന്നാണു എന്‍റെ അഭിപ്രായവും ആഗ്രഹവും.
ഒരുപാട് പോസ്റ്റുകള്‍ വന്നു കിടക്കുന്നത് കണ്ടു.ഒന്നും വായിച്ചിട്ടില്ല.
ആദ്യമായി വന്ന "ഒരില"ക്ക് ഒരു നന്ദി.ഒറ്റയ്ക്ക്.
പുതിയ അഥിതിയെ മയിന്‍റ് ചെയ്തില്ലാന്നു വേണ്ട..
എല്ലാവരില്‍ നിന്നും വില മതിക്കാനാവാത്ത അഭിപ്രായങ്ങളാണ് കിട്ടിയിരിക്കുന്നത്.
എല്ലാവര്‍ക്കും ഒരുപാടൊരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു.
ഇവിടെ മുമ്പേ കുളത്തിന്റെ ആദ്യ പോസ്റ്റ് അടക്കം രണ്ട് മൂന്ന് പോസ്റ്റുകളില്‍ വന്ന് പോയത് ഓര്‍മ്മയുണ്ട്. കുളം ഇത്തരത്തിലായത് അറിയാന്‍ കാരണംente lokamത്തിന്റെ ഒരു കമന്റിലൂടെയായിരുന്നു. അതും കഴിഞ്ഞ് mayflowers ന്റെ ബ്ലോഗിലും (അവിടേം ഞാനിത്തവണ വൈകി) പരാമര്‍ശം! തപ്പിപ്പിടിച്ച് വന്നതാ ഇപ്പൊ :)
കുളം കുളമായില്ലെന്ന് പലരും പറഞ്ഞത് മുകളീന്ന് കാണുന്നു. ഇനീപ്പൊ ഞാനെന്ത് പറയാനാ? ഒരാശംസയിരിക്കട്ട്, എന്താന്ന്ച്ചാ പോസ്റ്റുകള്‍ വരുന്നവഴികള്‍ എന്തെല്ലാം തരത്തില്‍ എന്നതിന്ന്!
ആശംസകള്‍ :)
ചിത്രങ്ങളാണു ഏറെ ഇഷ്ടമായത്.ആശംസകൾ
വളരെ നന്നായിട്ടുണ്ട് ഇത്താ........!!
ഞാനെന്‍റെ പഴയ കാലം ഓര്‍ത്തു..കൂട്ടുകാരുമൊത്ത്
അമ്പലക്കുളത്തില്‍ നീന്തുന്നതും.. കണ്ണു കലങ്ങി വീട്ടിലേക്ക് ചെല്ലുന്നതും.. വീട്ടില്‍ നിന്ന് വഴക്ക് കേള്‍ക്കുന്നതുമെല്ലാം............!!
ഇതു വായിച്ചപ്പോള്‍ ശരിക്കും ഞാനെന്‍റെ പഴയ ഓര്‍മ്മകളോടൊത്ത് സഞ്ചരിക്കുകയായിരുന്നു........!!
നന്ദി........!!!
ഞാനീഅവസാന ഭാഗമേ വായിച്ചുള്ളു. ഇത്തിരി തിരക്കായതിനാല്‍
ബാക്കി വായിച്ചില്ല. പക്ഷേ എനിയ്ക്കു മുഴുവനും വായിക്കണം.അത്രയ്ക്ക് ഇഷ്ടമായി. ഈ പോസ്റ്റ്. ഇത്തരയും നല്ല ഒരു കുളത്തിന്‍റ ഉടമയായ താങ്കള്‍
തീര്‍ച്ചയായും ഭാഗ്യവതിയാണ്.
എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ടത് ഈ അവസാന ഭാഗമാണ്.
ഒരു കുളം പറയുന്ന കഥയിലുപരി സംസം ജലത്തിലേക്ക് എത്തിച്ച ആ മിടുക്ക് അഭിനന്ദനം അര്‍ഹിക്കുന്നു.
നല്ല ചിന്തകള്‍ നിറഞ്ഞ ഈ ഭാഗതോടെയുള്ള അവസാനം വളരെ നന്നായി.
അഭിനന്ദനങ്ങള്‍
വീണ്ടും ഇവിടെ വന്ന് നല്ല വാക്കുകളിലൂടെ പ്രോത്സാഹിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദിയുണ്ട്..ഈ അഭിപ്രായങ്ങള്‍ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.
ഇത്രയും ഖണ്ഡങ്ങളായി ~ex-pravasini യെ കഥയെഴുതാന്‍ സഹായിച്ച കുളത്തിന് ആയുരാരോഗ്യസൌഖ്യം നേരുന്നു.
ഞാന്‍ ഇപ്പോ എത്തിയതേയുള്ളൂ ഇവിടെ... അതുകൊണ്ട് ബാക്കി ഖണ്ഡങ്ങള്‍ വായിച്ചിട്ടില്ല. അതികൊണ്ടാണോ എന്നറിയില്ല കഥയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് ചിത്രങ്ങളാണ്. കൊതിപ്പിക്കുന്ന ചിത്രങ്ങള്‍.
സുഹൃത്ത് നമൂസ് ആണ് പറയുന്നത് എക്സ് പ്രവാസിനിയുടെ ബ്ലോഗ് വായിക്കണം നിങ്ങള്‍ക്ക് നല്ല ഇഷ്ട്ടാകും എന്ന് ..അവന്‍ വെറും വാക്ക് പറയാറില്ല എന്നാ എന്റ്റെ വിശ്വാസം വീണ്ടും സത്യമായിരിക്കുന്നു ..അതിനാല്‍ എനിക്കാദ്യം നന്ദി അറിയിക്കനുള്ളതും അവന്നു തന്നെ ഇത്രയും നല്ല ഒരു വായനശാലയിലേക്ക് എന്നെ എത്തിച്ചതിനു ..പിന്നെ സര്‍വ ശക്തനായ അല്ലാഹുവിന്നു ..നഷ്ട്ടസ്വപ്നങ്ങളുടെ വിഴുപ്പില്‍ നോക്കി മൂക്ക് തുടക്കാതെ സ്വന്തം കഴിവിനെ സ്വയം അറിയാനും അതിനെ ഉപയോഗ പ്പെടുത്താനും ഉള്ള തന്റ്റെടവും,സന്മനസ്സും ഈ എഴുത്തു കാരിക്ക് നല്‍കിയതിനു ..ശേഷം എന്റ്റെ എല്ലാ സ്നേഹവും അഭിനന്ദനങ്ങളും ..ഈ പ്രിയപ്പെട്ട എഴുത്തു കാരിക്ക് ..കാരണം 1 മുതല്‍ 6 വരെ ന്നാന്‍ വായിച്ചു തീരത്ത് ഒറ്റ ഇരിപ്പിനായിരുന്നു ..വല്ലതോരകര്‍ഷണം തോന്നി എഴുതിന്നു അതിന്റ്റെ വിഷയം ശൈലി എല്ലാം നിമിഷങ്ങള്‍ കൊണ്ടെനിക്ക് പ്രിയപ്പെട്ടതായി തീര്‍ന്നു ..പിന്നെ ഒന്നിന്നു പുറകെ ഒന്നായി എല്ലാ പോസ്റ്റും വായിച്ചു തീര്‍ക്കുകയായിരുന്നു ...ഈ കുറച്ചു സമയതെക്കെങ്കിലും ന്നാനും എഴുത്തുകാരിയുടെ അരികിലുണ്ടായിരുന്നു എന്ന് എനിക്കൊരു തോന്നല്‍ ....വായനയില്‍ അതിന്നു ചേര്‍ന്ന് തന്നെ ന്നാന്‍ വായിച്ചു ..ഒന്ന് നേരില്‍ കാണണം എന്നാ തോന്നല്‍ മനസ്സില്‍ കലാശ മാകുന്നു എങ്ങിനെ കഴിയാനാ അല്ലെ ..17 വര്‍ഷത്തിനു ശേഷം നിങ്ങള്‍ മോചിതയായ ആ ജയിലിലേക്ക് പകരക്കാരിയായി വന്ന വളല്ലേ ന്നാന്‍ ഇനി എന്റ്റെ വിധി വരും വരെ നാന്‍ ഇവിടെ ശിക്ഷ അനുഭവിക്കണം ..എന്നെങ്ങിലും ഒരു മോചനം ഉണ്ടെങ്കില്‍ നേരില്‍ കാണാം എന്ന ആശയോടെ ..ആശംസകളോടെ .........പ്രാര്‍ത്ഥനയോടെ ...
ആ പഹയന്‍ നാമൂസിനു ചായയും പഴംപൊരിയും വാങ്ങിക്കൊടുത്തത് ഒക്കെ വെറുതെയായി!
ശരിക്കും 'തണല്‍' എന്ന ബ്ലോഗിന്റെ കാര്യമല്ലേ പറഞ്ഞത്?
നമിച്ചു.
ആദ്യം തൊട്ടിങ്ങ് വരേം ഉള്ള പോസ്റ്റ് മൊത്തോം വായിച്ച് കുളകഥകള്. ക്ലൈമാക്സ് സൂപ്പര്‍. വായനയില്‍ മൊത്തം ഫീലിയൊരു നൊസ്റ്റാള്‍ജിയ അവസാന വീഡിയോ കണ്ടതോടെ പൂര്‍ത്തിയായി. ഹ്ഹ്ഹ്ഹ്ഹ് വീഡിയോ എഡിംറ്റിംങ്ങും സൂപ്പര്‍. ശബ്ദം ആകെ പോയി കിടക്കുവാന്ന് മാത്രം
അപ്പൊ മീ ഹാപ്പ്യായി പോണു,
നന്ദി നമസ്കാരം :)
ബ്ലോഗ്ഗിനു ഒരു വയസ്സാകുന്നു എന്ന പോസ്റ്റില്‍ കുളത്തെ കുറിച്ച് കണ്ടു...... പിന്നെ ഒന്നും നോക്കിയില്ല...ആദ്യം മുതല്‍ എടുത്തു വായിച്ചു....സത്യം പറഞ്ഞാല്‍ എന്ത് പറയണം എന്നറിയില്ല..... വായിക്കുന്നവരെ പിടിച്ചിരുത്താനുള്ള ഈ ശൈലി... മുഖാമുഖം സംസാരിക്കുന്നത് പോലെയുണ്ട്...അപാരം.... അതിലും വലിയ അത്ഭുതം... നിങ്ങള്‍ പല സ്ഥലങ്ങളിലും പറഞ്ഞത് പോലെ... ആറു മക്കളുടെ ഉമ്മയായ ഒരു പത്താം ക്ലാസ്സുകാരി എഴുതിയതാനെന്നതാണ്... എന്തായാലും ഒരു പാട് ഇഷ്ടപ്പെട്ടു ഈ എഴുത്തു.... പിന്നെ
എനിക്കുമുണ്ടായിരുന്നു ഒരു കുളം.... നിങ്ങളുടെ കഥ തിരിച്ചിട്ടാല്‍ എന്റെ കഥ യായി....ചെറുപ്പത്തില്‍ ആ കുളത്തില്‍ നിന്ന് കയറി വരനമെന്കില്‍ ആരെങ്കിലും വടിയുമായി വരണം..ഞങ്ങള്‍ കുറെ പീക്കിരികള്‍ അതില്‍ കിടന്നു അറ്മാധിച്ചിരുന്ന കാലം... എന്റെ വല്യുപ്പ ആ പറമ്പ് വിറ്റു...താമസം മാറി.... ഇന്ന് ആ കുളം കാണ്ടാല്‍ സങ്കടം വരും....കാട് കയറി നശിച്ചു കിടക്കുകയാണ്...
എന്തായാലും എല്ലാം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു..സന്തോഷം ....എല്ലാ ആശംസകളും...((( മുന്‍പ് വന്നിട്ടുണ്ടെങ്കിലും കമന്റാതെ പോകാറാണ് പതിവ്...എല്ലാം കൂടി ഇവിടെ കമ്മെന്റി...)))
Post a Comment