കൂട്ടുകാര്‍

Sunday, September 19, 2010

കുഞ്ഞുണ്ണിമാഷും പിന്നെ ഞാനും!


പറഞ്ഞു   വരുന്നത്  കുട്ടിക്കാലം കഥകള്‍  തന്നെ.
പുതിയത്  വല്ലതും  മനസ്സീന്നു  വന്നിട്ടു വേണ്ടേ. 
എന്‍റെടുത്താണെങ്കില്‍  സ്റ്റോക്  വളരെ  പരിമിതം. 
(അല്ലെങ്കിലും ഒരു പത്താം  ക്ലാസുകാരി  ഇതില്‍  കൂടുതല്‍   എന്തെഴുതാന്‍!!??) 
                  
പറയാന്‍  വന്നത്   കുഞ്ഞുണ്ണി  മാഷെ പ്പറ്റി യാണ്.
 (നേരില്‍      കാണാന്‍   ഒരു പാട്  കൊതിച്ചിട്ടും  
കാണാന്‍  അവസരം  തരാതെ   കാലയവനികക്കുള്ളില്‍ 
മറഞ്ഞ   ആ  ചെറിയ  വലിയ  മനുഷ്യന്  ആദരാഞജലികള്‍ ...)  
                                  
അന്നെന്‍റെ    വീട്ടില്‍   ആകെ  വരുത്തിയിരുന്നത്,   ചന്ദ്രികവീകിലിയും,  
മലര്‍വാടിബാലമാസികയും,  പിന്നെ  പ്രബോധനവും,  പത്രവും.

അക്കാലത്ത്‌  ചന്ദ്രികയില്‍  കാനേഷ് പൂനൂരിന്‍റെ   "പൂകുറിഞ്ഞിപ്പക്ഷി"    
എന്ന  നോവല്‍    ഉമ്മ  വായിക്കാറുള്ളത്  ഓര്‍ക്കുന്നു.                
ഇക്കാക്ക   ചെറുപ്പത്തിലെ   ലൈബ്രറിയിലൊക്കെ   
പോകുന്നത്  കണ്ടു  അസൂയപ്പെട്ടിട്ടുണ്ട്. 
മൂപരന്നു  പത്താം  ക്ലാസ്സ്‌  കഴിഞ്ഞിട്ടേ യുള്ളൂ  കേട്ടോ , 
എന്നാലും  സ്വന്തം  ശേഖരത്തില്‍ നിന്നൊരു  ബുക്ക്‌  കിട്ടണമെങ്കില്‍ 
എന്തെല്ലാം   നിയമങ്ങളായിരുന്നു.   
പുസ്തകം   കിട്ടിയാല്‍   ആദ്യം  മൂപരുടെ  സാനിധ്യത്തില്‍   
അത്  പൊതിഞ്ഞെടുക്കണം. 
വായിച്ചു  വെച്ച   പേജ് മടക്കി   അടയാളം  വെക്കാന്‍  പാടില്ല.      
ഒരു   പുസ്തകം     തന്നു    നീണ്ട  ഒരു  ഇടവേളക്ക്   ശേഷമേ   
മറ്റൊരു പുസ്തകം    കിട്ടൂ.     
ആകെയുള്ള  മലര്‍വാടി യാണ്  പിന്നെ   എന്‍റെ   കൂട്ട്.                 
മലര്‍വാടിയിലന്നു   കുഞ്ഞുണ്ണി മാഷുണ്ടായിരുന്നു.  
അപ്പോഴൊരു   പൂതി.  എങ്ങനെയെങ്കിലും   ഒരു  കഥ  എഴുതണം.
പിന്നെ  താമാസിച്ചില്ല.  നോട്ട്ബുക്കില്‍  നിന്നൊരു  പേജ്  വലിച്ചു കീറി.     ഏതോ  ക്ലാസ്സില്‍  വെച്ച്  ഒരു  ടീച്ചര്‍    സ്ഥലം  മാറിപ്പോയപ്പോഴുണ്ടായ  
എന്‍റെ   സങ്കടം  ' ദുഖ:"സ്മരണ '    എന്ന്  ഓള്‍ഡ്‌  മോഡല്‍  പേരുമിട്ട്  കുഞ്ഞുണ്ണിമാഷിന്‍റെ   അഡ്രസ്സില്‍  വളരെ   ബുദ്ധിമുട്ടി  പോസ്റ്റുചെയ്തു.

പിന്നീട്   കാത്തിരുപ്പിന്‍റെ  നാളുകള്‍.     
പോസ്റ്റമാന്‍  വീട്ടില്‍  വരുന്ന  പതിവില്ലായിരുന്നു.  
കത്തുകള്‍  ഉപ്പാന്‍റെ  കടയിലാണ്  കൊടുത്തിരുന്നത്. 
ഉപ്പ  കടയടച്ചു  വരുമ്പോഴേക്കും കൂര്‍കം  വലിച്ചിരുന്ന  ഞാന്‍ , 
ഉറങ്ങാതെ   പഠിപ്പ്   അഭിനയിച്ചിരിക്കും. 
ഉപ്പ  കീശയില്‍നിന്നും  കയ്യില്‍നിന്നും  മേശപ്പുറത്ത്   വെക്കുന്ന  
ഓരോന്നും  സസൂഷ്മം നിരീക്ഷിച്ച്  കത്തില്ലെന്ന്  
ഉറപ്പു  വരുതിയിട്ടെ   കിടക്കൂ.  

നിരാശയുടെ   നാളുകള്‍കൊടുവില്‍   ഒരു   ദിവസം  
കുഞ്ഞുണ്ണിമാഷിന്‍റെ   കത്തു  കിട്ടി.   (ഇപ്പോഴായിരുന്നെങ്കില്‍   സന്തോഷംകൊണ്ടെനിക്കിരിക്കാന്‍   വയ്യേ  ... എന്നു  പാടിപ്പോയേനേ..!) 

വെട്ടിയും  തിരുത്തിയും  എന്‍റെ  കഥ   തിരിച്ചു  വന്നിരിക്കുന്നു. . 
മാതൃഭൂമി  ബാലപക്തിയിലേക്ക്‌  അയക്കുക. 
"അപ്പപ്പോള്‍   തോന്നുന്നത്   അപ്പപ്പോള്‍  എഴുതുക". എന്നു രണ്ടു  വരികളും..




തിരുത്തി  അയച്ചുതന്ന   കഥ.
ഇതൊക്കെ   എന്‍റെ    മാത്രം   സ്വകാര്യങ്ങളായിരുന്നു.   
കഥ  നല്ലൊരു   പേ പ്പറിലേക്ക്  മാറ്റിയെഴുതി.
കവറിലിട്ട്  മാഷയച്ചുതന്ന  അഡ്രസ്സും എഴുതി .  
പിറ്റെന്നു  സ്ക്കൂളില്‍  പോകും  വഴി  പോസ്റ്റു  ചെയ്തു.
മാതൃഭൂമിയില്‍  വന്നില്ലെങ്കില്‍  മടക്കി  അയക്കാന്‍ 
അഡ്രസ്സ്എഴുതിയ  കവറും  കൂടെയിട്ടു. 
വന്നാലും  കാണാന്‍  മാതൃഭൂമി  എവിടുന്ന്‍  കിട്ടും.                   
രണ്ടാഴ്ച  തികയുന്നതിനുമുമ്പേ  എന്‍റെ   കൈപടയില്‍     
അഡ്രസ്സുള്ള  കത്ത്  വന്നു.     പിന്നെ  കഥയെഴുത്തിനു   മുതിര്‍ന്നില്ല

കുഞ്ഞുണ്ണിമാഷുമായുള്ള   കത്തെഴുത്ത്  തുടര്‍ന്നു.  
രണ്ടോ മൂന്നോ.. വരികളെഴുതി  മറുപടി  അയക്കാന്‍  മാഷ്‌   ഒരിക്കലും  മറന്നില്ല.  ഇന്നും  അതെന്‍റെ   സൂക്ഷിപ്പിലുണ്ട്.




കുഞ്ഞുണ്ണിമാഷ്  എനിക്കയച്ച  രണ്ടു  കത്തുകള്‍.



    കുഞ്ഞുണ്ണിമാഷിന്‍റെ    മരണശേഷം   ഓരോരുത്തരുടെ   അനുഭവക്കുറിപ്പുകള്‍   പത്രത്താളുകളില്‍   വായിച്ചപ്പോള്‍    ഞാന്‍  ഇതൊക്കെ   ഓര്‍ത്തുപോയി.
 ************************************************************************************

7 comments:

ശ്രീ said...

നല്ല അനുഭവങ്ങള്‍ തന്നെ...

എന്റെ ആദ്യ കഥ ബാലരമയില്‍ വന്നത് അപ്രതീക്ഷിതമായി അറിഞ്ഞ ആ ദിവസം ഓര്‍മ്മിപ്പിച്ചു.

Unknown said...

ഇപ്പോഴാണ്‌ കണ്ടത്‌. ശ്രീ ക്ക് നന്ദി.

Sulfikar Manalvayal said...

ഓര്‍മ്മക്കുറിപ്പുകള്‍‍ കൊള്ളാം. ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നു എന്നതില്‍ അത്ഭുദം തോന്നുന്നു.
അപ്പോള്‍ "ബല്യ ബല്യ ആള്‍ക്കാരോടൊക്കെ കൂട്ടുള്ള ആളാണല്ലേ", എന്നെയും കൂടെ കൂട്ടുമോ?
എനിക്കും പറയാല്ലോ, കുഞ്ഞുണ്ണി മാഷുടെ ഒക്കെ കൂട്ടായിരുന്ന ആളെ അറിയുന്ന ആളെന്ന്.
ഹി ഹി ഹി.

Unknown said...

സുല്‍ഫി നന്ദി,,
ഇപ്പോഴും ഇതൊക്കെ സൂക്ഷിച്ചു വെക്കുന്നു.
പക്ഷെ ഇതിനു ഞാന്‍ കല്‍പ്പിക്കുന്ന വില എന്‍റെ മക്കള്‍ക്ക്‌ മനസ്സിലാകില്ലല്ലോ..?!

Sulfikar Manalvayal said...

അവരെ പറഞ്ഞിട്ടു കാര്യമില്ല.
അവര്‍ക്കേന്ത് കുഞ്ഞുണ്ണി മാഷ്?
അവരുടെ ഹീറോ സ്പൈഡര്‍ മാനും, പിന്നെ കാര്‍ടൂണ്‍ കഥാ പാത്രങ്ങളുമല്ലേ?

sulekha said...

aha.athokke ippozhum sookshichirikkunnu alle?nallath.kunjunni mash etrayo kunjungale velichathilekku nayichirikkunnu.

sulekha said...

pinne patham class vare padichittund alle ?;)