അങ്ങനെ പത്ത് വര്‍ഷത്തെ സ്കൂള്‍പഠനകാലം. . പരീക്ഷ കയ്യെത്തും ദൂരത്ത്. ഭര്‍ത്തൃവീട്ടിലാണ്. കൂടെ എഴുതാന്‍ ഭര്‍ത്താവിന്റെ അനിയനുമുണ്ട്.
അങ്ങനെ ആ കടമ്പയും നടന്നുകയറി, റിസള്‍ട്ട് കാത്തിരുന്ന ദിനങ്ങളിലൊരു നാള് എന്റെ പാസ്പോര്‍ട്ട് കിട്ടി. അതിനു പിന്നാലെ വിസയും. സന്തോഷവും സങ്കടവും തോന്നിയില്ല. ഒന്നെനിക്ക് മനസ്സിലായി. ഇനിയെനിക്ക് കൂടുകാരികളില്ല. കൂട്ടുകൂടലുകളും കളികളും അവസാനിച്ചിരിക്കുന്നു. ഇനി എന്നെ കാത്തു നില്‍ക്കുന്നത് വേര്‍പാടിന്റെ ദിനരാത്രങ്ങള്‍...............- കൌമാരത്തില്‍ തന്നെ യുവത്ത്വത്തിന്റെ ആദ്യപടി ചവിട്ടിക്കേറാന്‍ മനസ്സ് പാകപ്പെട്ടുകൊണ്ടിരിക്കെ റിസള്‍ട്ട് വന്നു. വിജയവാര്‍ത്ത പ്രത്യേകിച്ചൊരു വികാരവും ഉണ്ടാക്കിയില്ല......._ എല്ലാം അവസാനിച്ചു. ഓര്‍ക്കുന്തോറും എന്റെ ചങ്ക് പൊട്ടി....- അങ്ങ് ഏഴാം കടലിനക്കരെ ഒരുപാടു സ്നേഹവുമായി എന്നെയും കാത്തിരിക്കുന്ന ഒരാളെപ്പററി ഞാനോര്‍ത്തതെയില്ല.
യാത്രയുടെ ദിവസം അടുത്തു വരുന്നു. അപ്പോഴാണ് ആ ചോദ്യം ഉയര്‍ന്നത്. ആരാണ് ചോദിച്ചത് എന്നെനിക്കൊര്മയില്ല.
പോകുമ്പോള്‍ എന്ത് ഡ്രെസ്സിടും? അതൊരു വലിയ ചോദ്യം തന്നെയായിരുന്നു. എന്തിടും?? ഞാനും ചിന്തിച്ചു. ഞാനിടുന്ന ഒരേയൊരു ഡ്രെസ്സ് പാവാടയും ജമ്പറുമാണ്. പാവാടയിട്ട് പ്ലൈനില്‍ കേറുമോ....? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. സാരിയുടുപ്പിച്ചാലോ ... ആരോ അഭിപ്രായപ്പെട്ടു. സാരിയെന്നു കേട്ടപ്പോഴേ എനിക്കു പേടിയായി. ഇത്തിരിപ്പോന്ന ഞാന്‍ സാരി ചുറ്റിയിട്ട് അതഴിഞ്ഞു പോകാതെ അത്രയും ദൂരം എങ്ങനെഎത്തും..? കല്യാണത്തിന്റെ അന്നാണ് ആദ്യമായി സാരിയുടുത്തത്.. പാകമല്ലാത്ത ചിലതൊക്കെ ഇടീച്ച് അതിനു മുകളില്‍ സാരിയും വെച്ചു കെട്ടിയാണ് അന്നെന്നെ കൊണ്ടുപോയത്.
ഓര്‍ക്കുമ്പോള്‍ തന്നെ ഒരുതരം ബേജാര്.... .
ചര്‍ച്ച തുടര്‍ന്നു. പരിഹാരം ഒന്നും ആയില്ല. അവസാനം ആരും പറയാതെ ത്തന്നെ പരിഹാരം ഗള്‍ഫില്‍നിന്ന് പറന്നെത്തി. കൂട്ടുകാരന്
വഴി കൊടുത്തയച്ച രണ്ടു പീസ് തുണിയും ഒരു ഷാളും. 'ഇതുകൊണ്ട് സല്‍വാര്‍ തയ്പ്പിച്ച് അതിട്ടുകൊണ്ട് പോരുക' എന്നൊരു കുറിപ്പും.
അതോടെ ചര്‍ച്ച മറ്റൊരു വഴിക്കായി. സല്‍വാര്‍ ആരു തയ്ക്കും..? ഞങ്ങളുടെ നാട്ടില്‍ ആരും അങ്ങിനെയൊരെണ്ണം ഇട്ടു കണ്ടിട്ടില്ല. ചൂട്പിടിച്ച ചര്‍ച്ചക്കൊടുവില്‍ അമ്മായിന്റെ മരുമോന് എവിടെയോ വെച്ച് സല്‍വാറിട്ടവരെ കണ്ടിട്ടുണ്ടെന്നും അതുവെച്ച് ഒന്ന് ശ്രമിച്ചു നോക്കാമെന്നും തീരുമാനമായി. മൂപ്പര് അന്നത്തെ വലിയ ടൈലര്‍മാരില്‍ ഒരാളായിരുന്നു. [ ഇന്നു ജീവിച്ചിരിപ്പില്ല.] ശ്രമം വിജയിച്ചു. ഇപ്പോഴത്തെ ചുരിദാര്‍ പോലെയൊക്കെത്തന്നെയായിരുന്നു. കുറച്ചു കൂടെ സ്റ്റൈലാകട്ടെ എന്നുപറഞ്ഞ് അരയ്ക്കു കെട്ടാന്‍ ഒരു വള്ളിയും അതില്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. പള്ളീലച്ചന്മാരുടെ ളോഹപോലെ...
പിന്നീട് സല്‍വാര്‍ ഇട്ടു നോക്കുന്നവരുടെ തിരക്കായിരുന്നു,..... .
യാത്രയുടെ ദിനം അടുത്തെത്തി.......സ്വപ്നത്തില്‍ ഇരമ്പിയെത്തിയ വിമാനങ്ങള്‍ എന്റെ ഉറക്കം കെടുത്തി. പിന്നീടുളള എന്റെ ദിവസങ്ങള്‍ നിറം കെട്ടതായിരുന്നു......
ഇനി യാത്ര........
അതിനെ ക്കുറിച്ച് പറയാന്‍ ഇപ്പോള്‍ സമയം പോര. പിന്നീടൊരിക്കല്‍.
8 comments:
നല്ല രസമുണ്ട് എഴുത്ത് വായിക്കാന്‍...മടി കൂടാതെ കൂടുതല്‍ ഏഴുതൂ..............
മുമ്പേ എത്തി ആശിര്വതിച്ചത്തില് സന്തോഷം..
ജാസ്മിക്കുട്ടീ...
Waiting to read the next episode of this hilarious story:)'pakamakatha chilathokke vechu ketti-- very funny:)I am imagining that!!
ഓക്കേ മീരാ.. വെയിറ്റ് ചെയ്യൂ. സമയം കിട്ടുമ്പോള്‍ ബാക്കി എഴുതാം..(വല്ലതും കിട്ടിയാല്‍.)
ചെറിയ കുറിപ്പ്. പക്ഷെ അവതരണ ഭംഗി കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഈ "പ്രവാസിനി"യില്‍ ഒരു എഴുത്തുകാരി ഉണ്ട്. എഴുത്ത് തുടരുക. ബ്ലോഗിന് എല്ലാ ആശംസകളും.
വൈകിയാണെങ്കിലും ആശംസകള്‍ക്ക് നന്ദി. എനിക്ക്
എഴുതാന്‍ കഴിയുമോ എന്നെനിക്കറിയില്ല. പക്ഷെ
ഒന്നെനിക്കറിയാം, കുട്ടിക്കാലം തൊട്ടേ ഈയൊരു
മോഹം എന്റെ ഉള്ളിലുണ്ടെന്ന്. ഒരു കണക്കില്‍ പറഞ്ഞാല്‍ ഞാന്‍ നടത്തുന്നത് ഒരുതരം വര്‍ത്തമാനം
പറച്ചിലാണ്.
ബ്ലോഗിനെകുറിച്ച് അറിയാന്‍ ഒരുപാട് വയ്കി. അറിഞ്ഞപ്പോള്‍ കുറെ ബ്ലോഗുകള്‍ വായിച്ചു.
ഇത് കൊള്ളാമല്ലോ എന്ന് തോന്നി,
കുട്ടികള്‍ മലയാളം ശെരിയാക്കിത്തന്നപ്പോള് ഉഷാറായി. പേരില്ലാ എഴുത്ത്കാരിയായതില് ഭര്‍ത്താവിനു അല്പം നീരസമില്ലാതില്ല.
പിന്നെ ഫോളോവേഴ്സ് അധികം വന്നില്ലെങ്കിലും
കിട്ടിയ കമന്റുകള്‍ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു.
ഞാന്‍ ബ്ലോഗ് എഴുതുന്നത് ആരോടെങ്കിലും മിണ്ടിപ്പോയാല്‍ .....ങ്ഹും..... എന്ന് ഇടയ്ക്കിടെ കുട്ടികളെ ഭീഷണിപ്പെടുത്തി കൊണ്ട് എന്റെ വര്‍ത്തമാനം ഇനിയും തുടരാം. ഇന്‍ശാ അല്ലാഹ്..
പുതിയ പോസ്റ്റിലൊക്കെ ധാരാളം ഫോട്ടോകള്‍ ചേര്ക്കാറുള്ളതല്ലെ,നമുക്കാ പഴയ ഡ്രസ്സിട്ടു ഈ പോസ്റ്റില്‍ ഒരു പടം കൊടുത്താലോ?.ഒന്നെഡിറ്റു ചെയ്തു ചേര്‍ത്താല്‍ പോരെ?.ഇതു വായിച്ചപ്പോഴാണ് ഒരു പഴയ സംഭവം ഓര്‍മ്മ വന്നത്. നമ്മുടെ ഒളിമ്പ്യന്‍ ഷൈനി വിത്സണ്(അവരും ഫുഡ് കോര്പ്പറേഷന് ഉദ്യോഗസ്ഥയാണല്ലോ?)ഞങ്ങളുടെ അങ്ങാടിപ്പുറം ഓഫീസില്‍ വന്നപ്പോള്‍ ധരിച്ചിരുന്നത് ചുരീദാറായിരുന്നു.അന്ന് നമ്മുടെ നാട്ടിലൊന്നും അത്ര പ്രചാരം വന്നിരുന്നില്ല. മുകളില്‍ ഷാളില്ലാതെയാണ് ഷൈനി ചുരീദാര്‍ ധരിച്ചിരുന്നത്!
കുട്ടിക്കാ ഇപ്പോള്‍ സമയം ഇഷ്ടം പോലെയുണ്ടെന്നു തോന്നുന്നല്ലോ..ഇതിലെയൊക്കെ ചുറ്റിയടിച്ചു നടക്കുന്നത് കണ്ടിട്ട്.
പിന്നെ അങ്ങനെയൊരു കോമാളി വേഷം ഇനി വേണോ.
എന്റെ കൂടെ പരീക്ഷ എഴുതിയ ഇളയച്ചന്‍ ആ ചുരിദാര്‍ അന്നിട്ട് നോക്കിയ ഫോട്ടോ ആല്‍ബത്തിലുണ്ട്.
Post a Comment