കൂട്ടുകാര്‍

Saturday, November 27, 2010

പ്രവാസം! തുടക്കവും, ഒടുക്കവും.......!

 ****************************
                                                                                                                                                    
ജിദ്ദയിലെ  ആദ്യ പ്രഭാതം..!
പുറത്ത്‌ ഒരു വണ്ടിയുടെതെന്നു  തോന്നിപ്പിക്കുന്ന
ഘോരശബ്ദം! അറിയാനുള്ള ആകാംക്ഷ കാരണം  ഉള്ളിലുള്ള പേടിയെ തല്‍കാലം പുറത്താക്കി,,നാട്ടിലെ സുന്ദര പുലര്‍കാലം മനസ്സിലോര്‍ത്ത്  ‌ ജനല്‍  പാളികള്‍ മെല്ലെവലിച്ചു നീക്കി. ശബ്ദം പെട്ടെന്ന് ചെവിക്കുള്ളിലേക്ക് തുളച്ചു കേറി.

ഇളിച്ചു കാട്ടുന്ന വെയിലുമായി ഒരു പ്രഭാത ക്കാഴ്ച. അതിനിടയിലൂടെ പൊടി പാറിച്ചു കൊണ്ട് ഒരു പോത്തക്കന്‍വണ്ടി.!! അതിന്‍റെ അടിയില്‍ കറങ്ങുന്ന ബ്രഷ് . റോഡ്‌ വൃത്തിയാക്കുകയാണെന്ന് മനസ്സിലാകാന്‍  സമയമെടുത്തു. "കുമാമ വണ്ടി"എന്ന പേര് പഠിക്കാന്‍
വീണ്ടും ദിവസങ്ങളെടുത്തു,

എന്‍റെ  പ്രവാസം ഇവിടെ തുടങ്ങുന്നു.

മെല്ലെ മെല്ലെയാണെങ്കിലും ഫ്ലാറ്റ് ജീവിതത്തോട്  പൊരുത്തപ്പെട്ടുതുടങ്ങി. പാചകബുക്കുമായുള്ള  അങ്കങ്ങള്‍ക്കും  കുറേശ്ശെ  ശമനം വന്നു. ഒരു വീട്ടമ്മയ്ക്ക് വേണ്ട  abcd  യൊക്കെ വശത്തായി  എന്ന് വേണമെങ്കില്‍ പറയാം.
പതിനേഴിന്‍റെ പടികടക്കാന്‍ മാസങ്ങളേ ബാക്കിയുള്ളൂ.   അതുവരെ   ഇഷ്ടത്തോടെ  കഴിച്ചിരുന്ന  'മത്അം ബ്രോസ്റ്റിന്‍റെ '(ഇന്നത്തെ അല്‍ ബേക്) രുചി പിടിക്കാതായത്  വളരെ പെട്ടെന്നായിരുന്നു.

താല്‍കാലികമായി പ്രവാസത്തോട്‌ വിട പറയാറായി. ഭര്‍ത്താവിനോടൊത്ത് വല്യ ഗമയില്‍ നാട്ടില്‍ പോകുക എന്ന എന്‍റെ സ്വപ്നവും അതോടെ തകര്‍ന്നു  വീണു.ഭര്‍ത്താവിനു ലീവില്ല, എന്നെപോലെ'രുചിപിടിക്കാതായ' ഒരു  സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം  ഞാന്‍ കൊച്ചിയില്‍ പ്ലെയിനിറങ്ങി..

യാത്ര അയപ്പില്‍ ലിസ്റ്റില്‍ പെടാത്തവരും ഇരു വീട്ടുകാരുമടക്കം  ഒരു  വന്‍ജനാവലി  തന്നെ എന്നെ കൂട്ടാന്‍ കാത്തു നിന്നിരുന്നു.

ആദ്യത്തെ  കണ്മണി  പിറന്നു  നാല്‍പ്പത്തി മൂന്നാം നാള്‍  വീണ്ടും  ജിദ്ദയിലേക്ക്.. മോളെ വളര്‍ത്തുന്ന തിരക്കില്‍  കുറച്ചുകാലം വായനയൊക്കെ മറന്നുപോയി..

പാര്‍ക്കിലും,NCB ബാങ്കിന്‍റെ മുമ്പിലും,ബീച്ചിലുമൊക്കെ പോയി മോളെ ഫോട്ടോ  എടുത്ത് അയക്കുന്ന തിരക്കിലായിരുന്നു പിന്നീട്  കുറച്ചു കാലം.

അസ്ക്കാന്‍  സ്ട്രീറ്റിന്‍റെ  ഓരത്തുള്ള രണ്ടുമുറി ഫ്ലാറ്റില്‍   താമസിക്കുമ്പോഴായിരുന്നു  രണ്ടാമത്തെ  മോന്‍ ജനിച്ചത്‌. മോന് ആറുമാസം തികഞ്ഞപ്പോള്‍  ഈ ഫ്ലാറ്റ്മറ്റൊരു പിറവിക്കുകൂടി സാക്ഷ്യം  വഹിക്കുകയുണ്ടായി.. എന്‍റെ ആദ്യത്തെ മിനിക്കഥക്കുഞ്ഞിന്‍റെ ജനനത്തിന്.   അധികം താമസിയാതെ  മറ്റൊരു കഥക്കുഞ്ഞുകൂടി? "തികയാതെ" പെറ്റ ഇവര്‍  രണ്ടു പേരെയും  തൂക്കം പോലും നോക്കാതെ  ആരാമം വനിതാമാസിക ഏറ്റെടുത്തു.

ഇതിനിടയില്‍  പെട്ടികെട്ടലും  നാട്ടില്‍ പോക്കുമൊക്കെ  മട്ടം  പോലെ  നടന്നുപോന്നു.

കന്ത്രാസൂക്കിന്‍റെ  കുറച്ചു മാറി, അല്‍ ബേക്കിന്‍റെ  മണമെത്താത്തത്ര ദൂരത്തുള്ള, അമ്മാരിയ്യയിലെ  ഫ്ലാറ്റില്‍ വെച്ചായിരുന്നു  എന്‍റെ മൂന്നാമത്തെ മോന്‍റെയും   മൂന്നാം കഥ ക്കുഞ്ഞിന്‍റെയും   പിറവികള്‍.   ഗള്‍ഫ്‌ മാധ്യമം ഒരു മടിയും  കൂടാതെ എന്‍റെ കഥ ക്കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തപ്പോള്‍ ഞാന്‍  കൃഥാര്‍ത്തയായി.

ഇപ്പോള്‍ ഈ മൂന്നു കുഞ്ഞുങ്ങള്‍  എവിടെയോ എന്തോ... ഫ്ലാറ്റുകളില്‍ നിന്നും ഫ്ലാറ്റുകളിലേക്കുള്ള  ഓട്ടത്തിനിടയിലാണ്  ഇവരെ എനിക്കു നഷ്ട്ടമായത്  എന്നെനിക്കറിയാം..റോഡുവക്കിലെ  ഏതെങ്കിലും കുമാമയില്‍  (വേസ്റ്റ്  ബക്കെറ്റ്)  അവരൊടുങ്ങിയിരിക്കുമോ...?

(അവരിന്നെന്‍റെ കൂടെയുണ്ടായിരുന്നെങ്കില്‍  മൂന്നു പോസ്റ്റിനെങ്കിലും  വകയുണ്ടായേനെ...??!!)

നാലാമനും  അഞ്ചാമിയും   പിറന്നപ്പോള്‍    മുമ്പത്തെപോലെ  കഥ  ക്കുഞ്ഞുങ്ങളൊന്നും  പിറക്കുകയുണ്ടായില്ല. പിന്നീടൊരിക്കലും   അങ്ങനെയൊരു  സാഹസത്തിനു മുതിര്‍ന്നില്ല  എന്ന് വേണമെങ്കില്‍ പറയാം ..
 സമയം കിട്ടിയില്ല  എന്ന് വേണ്ടാതെയും  പറയാം.. 

അഞ്ചു മക്കളോടും അവരുടെ ഉപ്പയോടുമൊപ്പമുള്ള   ഈ  "കുഞ്ചിയമ്മ" യുടെ   ജീവിതം  ദൈവാനുഗ്രഹത്താല്‍  സന്തോഷം നിറഞ്ഞതായിരുന്നു. ഇന്‍റെര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്നും നാട്ടിലെ    സ്കൂളുകളിലേക്കും  ഹോസ്റ്റലുകളിലേക്കും കുട്ടികളുടെ വിദ്യാഭ്യാസം പറിച്ചു നട്ടപ്പോള്‍, ഞാനും  അവരോടൊപ്പം നാട്ടില്‍ ചേക്കേറി.വിസ പുതുക്കാന്‍ ഇടയ്ക്കിടെ ക്ലാസ്സ്‌  മുടങ്ങുന്ന കാരണം ടീച്ചേഴ്സിന്‍റെ  ചീത്ത വിളി എനിക്ക് പുത്തരിയല്ലാതായി.  

റുവൈസിലെ സുലയ്മാന്‍ ഫഖീഹ് ഹോസ്പ്പിറ്റലില്‍  വെച്ച് എന്‍റെ  ആറാമത്തെ മോന് ജന്മം നല്‍കിയപ്പോള്‍  കുഞ്ചിയമ്മ  എന്ന സ്ഥാനപ്പേര്   എന്നന്നേക്കുമായി എനിക്കു നഷ്ടമായി. 

ഇപ്പോള്‍ ആറു മക്കളും ഞാനും  സുഖം സ്വസ്ഥം.  ഇനി  ഒരു  രഹസ്യം !ഒരു കുഞ്ഞു  പേരക്കുട്ടിയുമുണ്ട്.

എക്സ്പ്രവസിനി  എന്ന പേര് സ്വീകരിച്ചെങ്കിലും  ഇപ്പോഴും  വിസ കേന്‍സല്‍ ആയിട്ടില്ല. കൊല്ലത്തില്‍  ഒരിക്കലെങ്കിലും അല്‍ബേക്ക് തിന്നാന്‍  ജിദ്ദയില്‍ ഓടിയെത്താറുണ്ട്.

എന്‍റെവര്‍ത്തമാനം ഇവിടെപൂര്‍ണമാകുന്നു. കഥയും  കവിതയുമൊന്നുമില്ലാത്ത  ഞാന്‍  ഇതൊക്കെയല്ലാതെ എന്തെഴുതാന്‍?!  അസഹ്യമായിത്തോന്നിയാല്‍ എന്‍റെ  ബ്ലോഗ്‌ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുക.







ഇത്  മൂത്ത മോള്‍ -  നാലു മാസം പ്രായമായ മോളെയും കൊണ്ട് ഇപ്പോള്‍ അബുദാബിയില്‍ .ഒരു വര്‍ഷമായി നിര്‍ത്തി വെച്ചിരുന്ന  MBAപഠനം തുടരുന്നു. ബ്ലോഗുണ്ട്.


രണ്ടാമന്‍-BBM ഫൈനല്‍.ബാഗ്ലൂര്‍, ഇയാളും ഒരു ബ്ലോഗ്‌ മുതലാളി!


മൂന്നാമന്‍-ഡിഗ്രി-രണ്ടാം വര്‍ഷം-ബാഗ്ലൂര്‍


നാലാമന്‍ എട്ടില്‍  പഠിക്കുന്ന ബ്ലോഗിമോന്‍.  അഞ്ചാമി ഏഴില്‍  പഠിക്കുന്നു.




Add caption
ആറാമന്‍  അഞ്ചു വയസ്സുകാരന്‍ -മോണ്ടിസോറി വിദ്യാര്‍ത്ഥി.
ഇത്  നാല് മാസം പ്രായമായ കൊച്ചു മോള്‍.



                                           **** വലിയ  കുടുംബം സന്തുഷ്ട കുടുംബം.***