കൂട്ടുകാര്‍

Friday, January 28, 2011

ചീനാപറങ്കിപ്പുമ്മള്...അഥവാ ...ചീനമുളക് ചമ്മന്തി!


അവസാനം  എന്‍റെ  വാക്കുകള്‍ക്ക്   അറം പറ്റിയിരിക്കുന്നു  കൂട്ടരേ..
ഒന്നും  കിട്ടിയില്ലെങ്കില്‍  ഞാന്‍  ഒരു  ചമ്മന്തിപ്പോസ്റ്റെങ്കിലും  ഇട്ട്    മാനം  കാക്കുമെന്ന്  മുമ്പെപ്പോഴോ  എവിടെയോ   പറഞ്ഞു  പോയിരുന്നു...
അതിതാ   ഇപ്പോള്‍  യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഇസ്ഹാക്ക്  ഭായിയുടെ  (  http://ishaqh.blogspot.com/)പ്രചോദനം  കൂടിയായപ്പോള്‍  ചമ്മന്തിയെങ്കില്‍  ചമ്മന്തി! എന്ന് കരുതി.
ഈ  ചമ്മന്തിയെ  കുറിച്ച്  പറയുകയാണെങ്കില്‍ ,ഇതാരും ഇതുവരെ  കേള്‍ക്കാത്ത  ഒരിനമൊന്നുമല്ല  എന്നാദ്യമേ  പറയട്ടെ...
ഇപ്പോള്‍  തന്നെ  വായിലൊരു  വെള്ളമൊക്കെ പൊടിയുന്നുണ്ടല്ലേ...,
രണ്ടു  കിലോ  പൂള പുഴുങ്ങിയത്   ഇവനെയും  കൂട്ടി  ഒറ്റയിരുപ്പിന്  തിന്നു തീര്‍ക്കാം..ചോറ് തിന്നുമ്പോള്‍  കൂട്ടാനിന്‍റെ  കുറവ് കൊണ്ടോ.. മറ്റെന്തെങ്കിലും  വേണ്ടായ്കയോ  തോന്നുന്നുണ്ടോ...മടിക്കേണ്ട...ഈ  ചമ്മന്തി  ഇടക്കിടെ  ഒന്ന്  തൊട്ടു കൂട്ടി നോക്കൂ...ഒരിടങ്ങഴിയുടെ  ചോറ്  പോയ വഴി  കാണില്ല..,
സംഗതി  ഇത്രേ ഉള്ളുവെങ്കിലും   ആധുനിക ശാസ്ത്രത്തിനും   ഇവനിലൊരു  കണ്ണുണ്ടിപ്പോള്‍! പത്തു   ചീനമുളക്  ദിവസവും  കഴിച്ചാല്‍  പിന്നെ  കൊളസ്ട്രോളിന്‍റെ   അസ്ക്യത   തീരെ  ഉണ്ടാകില്ലത്രേ..

ഇനി  നമുക്കിതൊന്നു  ഉണ്ടാക്കി  നോക്കാം.
വേണ്ട  സാധനങ്ങള്‍:
അമ്മി- ഒന്ന്,  അമ്മിക്കുട്ടി-ഒന്ന്  
(ഇത്  രണ്ടും ഇല്ലെങ്കില്‍  മിക്സിയായാലും മതി.പക്ഷെ  ചെറിയൊരു  മാറ്റം വരും,,രണ്ടുകിലോ  പൂള തിന്നുന്നത്  ഒരു കിലോ ആകും.ഒരിടങ്ങഴി  ചോറ് തിന്നുന്നത്  അര യുമാകും...രുചി കുറയുമെന്നര്‍ത്ഥം)
ചീനമുളക് -പത്ത്.
വെളുത്തുള്ളി അല്ലി- ആറ്
വാളന്‍ പുളി -  രണ്ടെണ്ണം.(കുറച്ചു വെള്ളത്തില്‍ പേസ്റ്റ്‌ രൂപത്തില്‍  എടുക്കുക.)
ഉപ്പ്,വെളിച്ചെണ്ണ  ,പാകത്തിന്.
അമ്മിയിലാണെങ്കില്‍  ഒന്നിച്ചരചെടുത്ത്  അവസാനം വെളിച്ചെണ്ണ  ഒഴിച്ചിളക്കിയാല്‍ മതി,
മിക്സിയില്‍  ആദ്യം  മുളകും വെളുത്തുള്ളിയും ഉപ്പും  വെള്ളമില്ലാതെ  തരുതരുപ്പായി  അരച്ചെടുത്ത്  പുളിപേസ്റ്റും  ചേര്‍ത്ത്  ഇളക്കി  പച്ച വെളിച്ചെണ്ണ  ഒഴിച്ചിളക്കുക.


ഇത്രേഉള്ളു ..


വെളിച്ചെണ്ണ ഒഴിച്ചിളക്കാന്‍  മറക്കണ്ട.

ചമ്മന്തി  റെഡി!



Thursday, January 20, 2011

കുളം പറഞ്ഞ കഥ!! അവസാന ഖണ്ഡം,




നല്ല  തണുപ്പുള്ള  പ്രഭാതം...............!
ധനുമാസം   വലിയ കുളിരൊന്നും സമ്മാനിക്കാതെ  വിടപറഞ്ഞപ്പോള്‍... അത്യാവശ്യം മഞ്ഞും തണുപ്പുമൊക്കെയായിട്ടാ
മകരമാസത്തിന്‍റെ  വരവെന്ന് തോന്നുന്നു.

പുട്ടു തൂക്കില്‍  വെള്ളമെടുത്ത്  ഗ്യാസടുപ്പില്‍ വെച്ച്  കത്തിച്ചു ,,
പൊടിയെടുത്ത്  ഉതിര്‍ത്തുകൊണ്ടിരിക്കുമ്പോഴും  ..
കണ്ണുകള്‍  പുറത്തങ്ങനെ  മേഞ്ഞു നടക്കുകയായിരുന്നു.

നേരിയ  മഞ്ഞിലൂടെ  മരങ്ങള്‍ക്കിടയില്‍നിന്നും
എത്തി നോക്കുന്ന സൂര്യന്‍റെപൊന്‍കിരണങ്ങള്‍!



"മഞ്ഞ്  പുതച്ചുറങ്ങുന്ന   കുളമേ.....
നിന്‍റെ   പുതപ്പ് തട്ടി  നീക്കാനെത്തുന്ന
വെയില്‍  നാളങ്ങളെ   നീ  കാണുന്നില്ലേ..     "(മനസ്സില്‍  പറഞ്ഞതാണ്)

ആവി  പാറുന്ന   പുട്ട്,,  പാത്രത്തിലേക്ക്  കുത്തി വീഴ്ത്തി,,വീണ്ടും  പൊടിയും തേങ്ങയും  വാരിയിട്ടു  അടുപ്പില്‍ വെച്ചു,,
കുറുക്കന്‍  ചത്താലും  കണ്ണ്  കോഴിക്കൂട്ടില്‍  തന്നെ   എന്നു പറഞ്ഞപോലെ യാണിപ്പോള്‍  എന്‍റെ  അവസ്ഥ!   ഏതു  നേരവും  കണ്ണ്   കുളത്തിലാ,,,

പുട്ട്ചുടലിനു   മാത്രം  തരാന്‍  കഴിയുന്ന   ഇടവേളകളൊന്നില്‍
കണ്ണ്  വീണ്ടും  കുളക്കരയിലേക്ക്  ദിശ മാറിചെന്നപ്പോള്‍
കണ്ട  കൌതുകക്കാഴ്ച  എന്നെ  തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

"വൌ...വൌ..."   എന്ന  കുഞ്ഞുശബ്ദങ്ങളുടെ  ഉറവിടം  കാണാന്‍
ഞാന്‍ ഒന്ന് കൂടി  സൂക്ഷിച്ചു നോക്കി.
ഇളം വെയിലിന്‍റെ കിരണങ്ങള്‍  മറച്ച  കാഴ്ചയിലൂടെ  ഞാന്‍  അവരെ കണ്ടു.   രണ്ടു  പട്ടിക്കുഞ്ഞുങ്ങള്‍...!!
അവര്‍  കുളത്തോട്   കൊച്ചുവര്‍ത്തമാനവും പറഞ്ഞു  നില്‍പ്പാണ്.




എനിക്ക്   സമാധാനമായി,,ആരെങ്കിലുമൊക്കെയായി  കുളത്തെ ഉണര്‍ത്താന്‍ എത്തുന്നുണ്ടല്ലോ..അത് മതി... പണിയൊക്കെ  തീര്‍ത്തിട്ടു  സാവധാനം  പോയി  ഇനിയുള്ള  കഥാബാക്കികള്‍  കേള്‍ക്കാമല്ലോ...

ആശ്വാസത്തോടെ  ഞാന്‍  പുട്ട്   മുഴുവനുംചുട്ടുതീര്‍ത്തു.
ഇതിനിടയിലെപ്പോഴോ.പട്ടിക്കുട്ടികള്‍ വര്‍ത്തമാനം നിര്‍ത്തി സ്ഥലം  വിട്ടിരുന്നു.

വൈകുന്നേരമായി.................................

രാത്രിയിലേക്കായി  സൂക്ഷിച്ചുവെച്ച    തണുപ്പിന്‍റെ   കരങ്ങളില്‍നിന്നും 
കുതറിയോടി  വന്ന   കുഞ്ഞു കാറ്റിന്‍റെ   കുളിരേറ്റ്  ഞാന്‍  മെല്ലെ   കുളക്കരയിലെക്ക്   നടന്നു.

രണ്ടു  പടികൂടി   താഴോട്ട്   വലിഞ്ഞ  കുളത്തെ  കാല്‍ വിരലാല്‍
തൊട്ടുകൊണ്ട്  ഞാനിരുന്നു...
എന്‍റെ  സമീപ്യമറിഞ്ഞ  കുളം  പെട്ടെന്ന്‍  ഓളങ്ങളുടെ  ഇളക്കങ്ങളില്‍ നിന്നും മോചിതയായി. കഥ പറയാനുള്ള   ശാന്തതക്കായി  കാത്തുകിടന്നു..

*************************************************************************

താമസിയാതെ  അവള്‍  പറഞ്ഞു തുടങ്ങി.............
                 
"എന്‍റെ  പുതിയരൂപം  എന്നെ  ഏതു  നേരവും  സന്തോഷത്തിന്‍റെ  ഓളങ്ങളില്‍   നൃത്തംചവിട്ടിച്ചു...സന്തോഷാധിക്യത്താല്‍  പലപ്പോഴും  ഞാന്‍  പരിസരം  മറന്ന്   കരയില്‍  ചെന്നലച്ചു വീണു..
   
ഇടവപ്പാതി  പെയ്തൊഴിഞ്ഞു ..കര്‍ക്കിടകം  തുള്ളിക്കൊരുകുടമെന്നോണം എന്നിലേക്ക്   പെയ്തിറങ്ങി...
ഞാനൊരു  മധുരപ്പതിനേഴുകാരിയെ  പോലെ  നിറഞ്ഞു  തുളുമ്പി.
എന്‍റെ     ആകാശനീലിമ  നിറഞ്ഞ  മാദകസൌന്ദര്യത്തില്‍
ഞാനെന്‍റെ  അടിത്തട്ട്  കണ്ടു...
അവിടെ  സന്തോഷത്തോടെ   ആടിത്തിമര്‍ക്കുന്ന   തെങ്ങുകള്‍  കണ്ടു,,
പുളഞ്ഞാടുന്ന  കമുങ്ങുകള്‍  കണ്ടു,,ചില്ലകള്‍  കുലുക്കിച്ചിരിക്കുന്ന   വൃക്ഷങ്ങള്‍  കണ്ടു..
എന്‍റെ  കണ്ണാടിത്തെളിമയില്‍   ഞാനെന്നിലെ   എല്ലാം  കണ്ടും
അറിഞ്ഞുംആഹ്ലാദിച്ചു..., 

കുറച്ചുകൂടി   സുരക്ഷിതത്തം  കിട്ടിയപ്പോള്‍  പരല്‍മീനുകള്‍ക്കും  സന്തോഷമായി..
കണ്ണാം  ചൂട്ടികള്‍  കരിങ്കല്‍മതിലില്‍  പറ്റിക്കിടക്കാനുള്ള  പരിശീലനത്തിലായിരുന്നു,,ഏതു  നേരവും.."
*****
"മഴയോടപ്പമാണല്ലോ   നിങ്ങളും  കുട്ടികളും എന്‍റെ  അരികിലെത്താറുള്ളതെന്ന  സത്യം  എന്‍റെ  സന്തോഷത്തിനു  ഒന്നുകൂടി  മാറ്റുകൂട്ടി.

അങ്ങനെയൊരു  നാള്‍ ...................
വെയിലും  മഴയും നൃത്തം  വെക്കുന്ന  ഒരു  മധ്യാഹ്ന സമയം......
കുട്ടികളുടെ  ഒരു നിര തന്നെ  എനിക്കരികിലെത്തി,,,,,,,,!
ആ   വരവുകളുടെ    തുടര്‍ച്ചയായി...പിന്നീടുള്ള   ഒരുപാടു നാളുകള്‍...

ചാടിയും  മറിഞ്ഞും  സമയബോധമില്ലാതെയവര്‍
 എന്‍റെ  മാറില്‍  നീന്തിത്തുടിച്ചു.


തെളിഞ്ഞു  കാണുന്ന  അടിത്തട്ടിലേക്കവര്‍  കൂപ്പു കുത്തുമ്പോള്‍,
മുകളിലേക്ക്  പൊങ്ങാന്‍   ഞാന്‍  അവര്‍ക്ക്  താങ്ങായി   നിന്നു.

റബ്ബര്‍ട്യൂബുകളില്‍  ചങ്ങലകള്‍   തീര്‍ത്ത്  അവരെന്നെ
അധിശയക്കുമിളകളില്‍   തളച്ചിട്ടു!!   എനിക്ക്  മേലെ   അവര്‍
പരല്‍മീനുകളെ  പോലെ  വട്ടം   ചുറ്റി,
ഓളങ്ങളുടെ     പറുദീസ  തീര്‍ത്തു...........!!!


സ്നേഹത്തോടെ  ഞാനവരെ   ഓളങ്ങള്‍  തീര്‍ത്ത  ഊഞ്ഞാലിലാട്ടി.
അവസാനിക്കാത്ത    കുളിയും  കളികളും,,

ആരെങ്കിലും  വന്നു  വിളിക്കും  വരെ  അവരെന്നോടൊപ്പം  ആര്‍ത്തുല്ലസിച്ചു.

വെള്ളത്തില്‍  പൊങ്ങിനില്‍ക്കാന്‍  പഠിക്കുന്ന  നിങ്ങളുടെ മക്കളെ    എന്നാലാവുംവണ്ണം  ഞാന്‍  താങ്ങിനിറുത്തി.
നീന്താന്‍   പഠിക്കുന്നവരുടെ  മുന്നില്‍  നെഞ്ചു വിരിച്ചു  കിടന്നു  കൊടുത്തു..

ഇടയ്ക്കു പടവുകളിലേക്ക്  ഓളങ്ങളുമായിച്ചെന്നു
അവിടെയിരിക്കുന്ന കുഞ്ഞുമക്കളെയും സന്തോഷിപ്പിക്കാന്‍ ഞാന്‍ മറന്നില്ല."

നീണ്ട  രണ്ടു മാസക്കാലം,,കുട്ടികളുമായുള്ള  എന്‍റെ സന്തോഷങ്ങള്‍  തുടര്‍ന്നു,,,
പിന്നീട്  മാസങ്ങള്‍  നീണ്ട   കാത്തിരുപ്പിന്‍റെ   നാളുകള്‍.....!

വീണ്ടും   മഴയോടൊപ്പം  കുട്ടികളെത്തും  വരെ,,,അത് തുടര്‍ന്നു...


കാലചക്രം   മുന്നോട്ടുപോകുമ്പോഴും   ഈ കാത്തിരിപ്പും, 
സ്വപ്നങ്ങളും  എന്നെ  മുന്നോട്ടു  നയിച്ചു,

നിങ്ങളെപോലെ,,നിങ്ങളുടെ  മക്കളെ  പോലെ,,, വരും തലമുറയും  എന്നെ  സ്നേഹിച്ചു കാക്കുമെന്നു  ഞാന്‍ പ്രതീക്ഷിക്കുകയാണ്.

നിങ്ങളുടെ  ഈ  സ്നേഹത്തിന്  പകരം   തരാന്‍  എന്‍റെ  പക്കല്‍  എന്താണുള്ളത്,,,,ഈ  തെളിനീരല്ലാതെ....
എന്‍റെ  സന്തോഷം  ഞാന്‍  നിങ്ങള്‍ക്ക്  നല്‍കട്ടെ...
നിങ്ങള്‍ക്ക്  കാണാന്‍ പറ്റുന്നുണ്ടല്ലോ  എന്‍റെ  ആഹ്ലാദക്കുതിപ്പുകള്‍...



കാലാകാലങ്ങളോളം   തലമുറകളായി    ഈ  ബന്ധം   നിലനില്‍ ക്കണേ  എന്ന്  ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ...

ദൈവമേ...നീ എന്നെ   'സംസ'മിന്‍റെ     പിന്‍ഗാമിയാക്കില്ല  എന്നെനിക്കറിയാം...
ആ പുണ്യതീര്‍ത്ഥം   പോയ്‌പോയ്‌  മറഞ്ഞ  കാലത്തെന്നപോലെ,   ഇന്നും  നീ കാത്തു  സൂക്ഷിക്കുന്ന   ആ മഹാസത്യം  അറിഞ്ഞവളാണ്   ഈ ഞാനും...!
ഞങ്ങള്‍  പാവം  ജലാശയങ്ങള്‍   കാലാവസ്ഥയോട്
മല്ലടിച്ചുകൊണ്ട്  ഇത്രയും  കാലം  നിലനിന്നു.
ഇനി  അതിന്   കഴിയില്ല  എന്ന   ഉത്തമ  ബോധ്യത്തോടെ
ഞാന്‍  നിന്നോട്  വീണ്ടും  കേണപേക്ഷിക്കുകയാണ്...
നിന്‍റെ  സൃഷ്ടികളില്‍  ഉന്നതരെന്നു  നീ  പേര് ചൊല്ലി വിളിയ്ക്കുന്ന
മനുഷ്യന്‍റെ  കൊടുംക്രൂരതയില്‍  നിന്നും  ഞങ്ങളെ  രക്ഷിക്കാന്‍
നിനക്ക് മാത്രമേ  ഇനി കഴിയുകയുള്ളൂ....
ഞങ്ങള്‍ക്ക്  ശക്തിപകരാനായി  നീ  സൃഷ്ടിച്ചു  വെച്ച
കുന്നുകളെ  തന്നെ  ഞങ്ങള്‍ക്ക് മേല്‍    അന്തകരാക്കി,,,
ഞങ്ങളെ  നികത്തി,,ഞങ്ങളുടെ  നെഞ്ചില്‍  അവര്‍
ഓഡിറ്റോറിയങ്ങള്‍  പണിയുന്നു...

അതിനടിയില്‍   കിടന്നു  ഓളങ്ങള്‍  മുട്ടി,,മുട്ടി,,,,,
അവസാനത്തെ  നീരുറവയും  വറ്റി  ഞങ്ങള്‍
ഇല്ലാതാകുന്നത്  നീ  കാണുന്നില്ലേ..

അല്ലയോ...സംസം..,!!
നിന്‍റെ  പവിത്രത  ഞങ്ങളില്‍നിന്നും  എത്രയോ...ഭിന്നം..!
എങ്കിലും   ഞാന്‍  ചോദിക്കട്ടെ....
അന്ത്യനാള്‍  വരേയ്ക്കും  നിന്‍റെ  സംരക്ഷണച്ചുമതല  ഏറ്റെടുത്ത
ആ മഹാശക്തി   വംശനാശത്തില്‍നിന്നും
ഞങ്ങളെയും  രക്ഷിക്കാന്‍ കഴിവുള്ളവനല്ലേ...

അകത്തളങ്ങളില്‍   കൃത്രിമ മഴകള്‍  പെയ്യിക്കുന്ന ,,
സിമന്‍റ്  ടാങ്കുകളില്‍  വെള്ളം  നിറച്ച്   കൃത്രിമക്കുളങ്ങള്‍
നിര്‍മിക്കുന്ന   മനുഷ്യാ....
ഞങ്ങള്‍  കുളങ്ങള്‍ക്കും,     കുളത്തവും,,,കുളസംസ്ക്കാരവും  ഉണ്ടെന്ന  കാര്യം  പലപ്പോഴും  നീ  വിസ്മരിക്കുന്നതെന്തേ...
 
എന്‍റെ  ചിന്തകളുടെ  ജലസ്രോതസ്സുകള്‍ക്ക്   ദേഷ്യം  വരാന്‍  തുടങ്ങിയിരുന്നു..
ഇനി  ഞാനെന്‍റെ  കഥാബീജങ്ങളോട്  തല്‍ക്കാലം  വിട പറയട്ടേ...

ഇനിയും  ഒരു പാട് മഴക്കാലങ്ങള്‍   കാണാനും,
പുതിയ ഉറവകളുടെ കാണാകയങ്ങളിലേക്ക്  വഴി  കാണിക്കാനും,    ജഗന്നിയന്താവ്  തുണക്കുമെന്ന്  ഞാന്‍  വിശ്വസിക്കട്ടെ...

എന്‍റെ  പ്രാര്‍ഥനകള്‍   എന്‍റെ   ഓളങ്ങളെ     മയക്കങ്ങളുടെ  തീരാചുഴികളിലേക്ക്  കൊണ്ടുപോകുന്നത്  ഞാനറിയുന്നു,,.
ഇനിയും  എനിക്കായി  കാത്തുവെച്ച  നീരുറവകള്‍   എവിടെയാണ്‌....
എവിടെയാണെന്‍റെ.......  പരല്‍മീനുകള്‍,,,!
എവിടെ,,.........   എന്‍റെ  കണ്ണാം  ചൂട്ടികള്‍ ,,,!
എനിക്കൊന്നും  കാണാന്‍  കഴിയുന്നില്ലല്ലോ...

ഇനി  ഞാനൊന്ന്  മയങ്ങട്ടെ...........,പുതിയ  മഴക്കോളുകളുടെ   സ്വപ്നങ്ങള്‍
കണ്ടു  കണ്ടങ്ങനെ....."



ഓളങ്ങള്‍   അടക്കിപ്പിടിച്ച്   കുളം  മൌനിയായി ,,,,


**********************************************************************


പറഞ്ഞു തീര്‍ത്ത  കഥകളുടെ   പൊന്നൂഞ്ഞാലില്‍    ഇനി  അവളല്‍പനേരം  സഞ്ചരിക്കട്ടെ....


ബ്ലോഗിമോന്‍  അനിയത്തിയോടൊപ്പം.





ആഹ്ലാദം.....
പല്ലു പോയ കാലം,    എന്‍റെ  അഞ്ചാമി!



അത്താണി

ചെങ്കോല്‍  


ഒരു കൈ  സഹായം.





***********************

സ്വപ്നങ്ങള്‍  കണ്ട്  മയങ്ങുന്ന  പ്രിയപ്പെട്ട   കുളമേ...നീ  ആഗ്രഹിക്കും  പോലെ  നിന്‍റെ  നീരുറവകള്‍ക്കു   കാവല്‍  നില്‍ക്കുന്നവരാകാന്‍  ഞങ്ങള്‍  ആവുന്നതും  ശ്രമിക്കാം..
നിന്‍റെ  സംരക്ഷണം  ഞങ്ങളുടെ  കടമ!  അത്  നിറവേറ്റാതിരിക്കാന്‍  ഞങ്ങള്‍ക്കെങ്ങനെ  കഴിയും...?
ദൈവം  അനുഗ്രഹിക്കട്ടെ...!!!

വീണ്ടും   ഉണരും  വരേക്കും   കുളമേ...നിനക്കു  വിട!!!

Monday, January 17, 2011

പുല്‍മേട്ടിലെ കണ്ണീര്‍ കാഴ്ച..

ഇന്നലെയും ഇന്നും ,പത്രത്തിലും  ടീവിയിലും
കണ്ണീര്‍ കാഴ്ചകള്‍  മാത്രം.
നൂറ്റിരണ്ടു   അയ്യപ്പഭക്തരുടെ  മരണത്തിനിടയാക്കിയ  പുല്ലുമേട് ദുരന്തത്തിലേക്കാണ്‌  ഇന്നലത്തെ  ദിവസം  പുലര്‍ന്നത്..
ശബരിമല  ക്ഷേത്രവും  പൊന്നമ്പല മേടും  ഒന്നിച്ചു കാണാന്‍ പറ്റുന്ന
പുല്ലുമേട്ടില്‍ വെള്ളിയാഴ്ച  രാത്രി  ഒത്തു കൂടിയ
രണ്ടു ലക്ഷം  ഭക്തജനങ്ങളുടെ  തിരക്ക് നിയന്ത്രിക്കാനായി
നിയമിക്കപ്പെട്ടത്  വെറും പത്തു  പോലീസു കാരെയാണത്രെ..

അത് മാത്രമല്ല  ഈ പോലീസുകാരും
മകരജ്യോതി  ദര്‍ശനത്തിനു പോയതിനാല്‍ സംഭവ സമയത്ത്
ഒറ്റ പോലീസും സ്ഥലത്തില്ലായിരുന്നു  എന്നും പറയുന്നു..

വര്‍ഷങ്ങളായി  അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന
കാനന പാതയിലും  മറ്റും വെള്ളമോ വെളിച്ചമോ  ഇല്ലാത്ത അവസ്ഥയാണ്..
ശഭരിമലയില്‍ ഓരോ വര്‍ഷവും വന്നു ചേരുന്ന
വമ്പിച്ച വരുമാനത്തിന്റെ ചെറിയൊരംശം മതിയാകും..
ഈ കാര്യങ്ങള്‍ നിറവേറ്റാന്‍.

ഇപ്പോള്‍  പുല്ലുമേട്ടില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്..
അയ്യപ്പഭക്തന്‍ മാരുടെ  ഇരുമുടിക്കെട്ടിന്‍റെ
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും   മൊബൈലുകളും
മറ്റു വിലപിടിപ്പുള്ള സാധനങ്ങളും  തിരഞ്ഞു കണ്ടുപിടിക്കുന്ന
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ  തിരക്ക്,!!!

സംഭവാമി യുഗേ..യുഗേ..

Thursday, January 13, 2011

കുളം പറഞ്ഞ കഥ!! ഖണ്ഡം-6




ഇന്നത്തേക്ക്   മൂന്നാം  ദിവസമാണ്..
ഇനിയും   കാത്തിരിക്കുന്നത്  വിഡ്ഢിത്തമാണ്..എത്രയും  പെട്ടെന്ന്   കുളത്തെ  ഉണര്‍ത്തണം,,ബാക്കി  കഥകള്‍  കേള്‍ക്കണം,,

വെയിലാറിയ  നേരം  നോക്കി  ഞാന്‍  കുളക്കരയിലേക്ക്  നടന്നു,,

പോകുന്നവഴി  ഓര്‍ക്കാപ്പുളി മരത്തില്‍നിന്നും  ഒന്ന് രണ്ടെണ്ണം  പറിച്ചെടുത്തു..
കഥ കേട്ടിരിക്കുമ്പോള്‍  കടിച്ചു  തിന്നാലോ,,
ഇത്തിരി ഉപ്പുകൂടി  കൈവെള്ളയില്‍  കരുതാമായിരുന്നു,,

കുളം  രണ്ടു പടികൂടി  താഴോട്ട്  വലിഞ്ഞിരിക്കുന്നു..,ഞാന്‍   ഇറങ്ങിയിറങ്ങിച്ചെല്ലുന്നതൊന്നും    അറിയാതെ  കുളം   അതിന്‍റെ 
അഗാധതലങ്ങളില്‍   ഊളിയിട്ട്   എന്നോ  വിരുന്നു  വരുന്ന  മഴക്കോളുകളുടെ
സ്വപ്നത്തില്‍   മയങ്ങുകയായിരുന്നു,,
പരലുകളും  കണ്ണാം ചൂട്ടികളും  എന്‍റെ  സാമീപ്യമറിയാതെ   ഉറക്കംതുടര്‍ന്നു.
തെങ്ങുകളും   വൃക്ഷങ്ങളും  മയങ്ങുന്നവര്‍ക്കടിയില്‍   നിശ്ചലങ്ങളായി..നിലകൊണ്ടു..


കഥകളുടെ     കലവറ   തന്നെ   ഉള്ളിലൊളിപ്പിച്ചു ,,
ഒന്നുമറിയാതെ  മയങ്ങുന്ന  കുളത്തെ ഞാന്‍   ആര്‍ദ്രതയോടെ  നോക്കി, വെള്ളത്തില്‍  മുക്കിയ  കാല്‍പാദങ്ങളിലെ  കുളിരുമാസ്വദിച്ചു   ഞാനാ കുളപ്പടവില്‍    ചെവിയോര്‍ത്തിരുന്നു.

കരയിലെ   മുരിങ്ങമരത്തില്‍   പടര്‍ത്തിയ   കുരുമുളക്   വള്ളിക്കിടയിലൂടെ   രണ്ടു  സുന്ദരിക്കണ്ണുകള്‍   എല്ലാം  കാണുന്നുണ്ടായിരുന്നു..




ബ്ലുംംംം..............,!

പെട്ടെന്നാണതു   സംഭവിച്ചത്..

പരലുകളും   കണ്ണാം  ചൂട്ടികളും     പരക്കം    പാഞ്ഞ്..കുളത്തിനടിയിലേക്ക്
മുങ്ങാംകുഴിയിട്ടതു    പെട്ടെന്നായിരുന്നു...
ഉറക്കം   ഞെട്ടിയ   കുളം   കരകളില്‍   തൊട്ടു   ഓളങ്ങളിട്ടു..

കൊക്കിലൊന്നും    തടയാതെ  ഒരു   സുന്ദരിപ്പൊന്മ   കുളത്തില്‍  നിന്നും  പറന്നുപൊങ്ങി    കാറ്റിലാടുന്ന   തെങ്ങോലയിലിരുന്നു   കുളത്തെ   ദേഷ്യത്തോടെ  നോക്കി,,,
കുളത്തെ  ഉണര്‍ത്താന്‍   സഹായിച്ച  പൊന്മയോട്
എനിക്ക്  വല്ലാത്തൊരിഷ്ടം  തോന്നി.  
അത്  തലവെട്ടിച്ച്  എന്നെയൊന്നു   നോക്കിയിട്ട്   നീലച്ചിറകുകള്‍
വീശി   എങ്ങോട്ടോ  പറന്നു   പോയി..

ഉറക്കം   തെളിഞ്ഞ  പരല്‍മീനുകള്‍
വെള്ളത്തില്‍   കുഞ്ഞുചുഴികള്‍  തീര്‍ത്തു,,പതിവുപോലെ    എന്‍റെ  കാലിനരികെ  വന്നു  പതിഞ്ഞു   കിടന്നു...
കണ്ണാം  ചൂട്ടികള്‍   കുളച്ചുമരില്‍    അള്ളിപ്പിടിച്ചുകിടന്നു   അനക്കമില്ലാത്തവരായി...
കുളം   ഓളങ്ങളില്ലാതെ    ശാന്തമായപ്പോള്‍    ഞാനും   കഥകേള്‍ക്കാന്‍   തെയ്യാറായി ,,,
ഓര്‍ക്കാപുളി കടിച്ചു   പുളിച്ചുകോടിയ   ചിറിയും  കണ്ണുമായി  ഞാന്‍  കുളത്തെ  നോക്കി.
അപ്പോഴേക്കും      കഥയുടെ   ഓളങ്ങളിലൂടെ  കുളം   അതിന്‍റെ   സഞ്ചാരം   തുടങ്ങിയിരുന്നു..

********************************* 

‌" ഞാന്‍   പറഞ്ഞല്ലോ    വേനലിന്‍റെ    അവസാന ദിനങ്ങളായിരുന്നു  അത് ,

പുതിയ   ഉടമസ്ഥന്‍     കുളക്കരയില്‍   വന്നു  പോയതില്‍  പിന്നെ,
എന്‍റെ  കണ്ണുകള്‍  സദാ സമയവും     കരയില്‍   തന്നെയായിരുന്നു....
വഴിയിലെ   കമ്മ്യൂണിസ്റ്റപ്പയുടെ   ഇലയനങ്ങുന്നുണ്ടോ..
കരിയിലകളുടെ   ശബ്ദം  കേള്‍ക്കുന്നുണ്ടോ,,     എന്നൊക്കെയുള്ള   ആശകളിലും  ആശങ്കകളിലുമായിരുന്നു  ഞാനേത്  സമയവും..

മഴക്കാറുമൂടി   വെയില്‍  മങ്ങിയ    ഒരുച്ച   നേരം,,,കരിയിലകള്‍   ഞെരിയുന്ന  ഒച്ച കേട്ടു.
കുറച്ചു  ദിവസം   മുമ്പേ   കുളക്കരയില്‍  വന്നു  നോക്കിയ   ആജാനുബാഹു,,!പണ്ട്   കുളക്കരയില്‍  ഇളിഞ്ഞു  നിന്ന  ആ  വള്ളി നിക്കറുകാരന്‍  പയ്യന്‍!!    സോപ്പിടലിന്‍റെ  ആസാമി,,!!
ടാറിട്ട  നിരത്തിന്‍റെ   അപ്പുറത്തെ  വീട്ടിലെ   മൂത്ത  മകന്‍,,എന്‍റെ   പുതിയ  ഉടമസ്ഥന്‍!!  ഇതാ.. എന്‍റെ  തൊട്ടടുത്ത്‌!!
എന്‍റെ   ഓളങ്ങളില്‍   സന്തോഷത്തിന്‍റെ   കുഞ്ഞുനുരകള്‍  പൊങ്ങി..
ഞാന്‍   കരയിലേക്ക്  നോക്കിക്കൊണ്ട് കിടന്നു..

കമ്മ്യൂണിസ്റ്റപ്പയുടെ   വെളുത്തപൂക്കള്‍   പറിക്കുന്ന  വളയിട്ട  കൈകള്‍   കണ്ണില്‍  പെട്ടത്   കുറച്ചു  നേരം കൂടി   കഴിഞ്ഞാണ്...
വിരിയാന്‍തയ്യാറായ  വെളുത്ത    പൂക്കളുടെ   അരികള്‍  നഖത്തിലിട്ടു   ചിടി...ചിടി ..എന്ന്  പൊട്ടിച്ചു കൊണ്ട്  അവള്‍   കുളക്കരയിലെ   മണ്ണില്‍   പടിഞ്ഞിരുന്നു...



എന്‍റെ   ഉടമസ്ഥയെ    ഞാന്‍  സാകൂതം  നോക്കി ,,അവള്‍  ഭര്‍ത്താവിന്‍റെ  വര്‍ത്തമാനങ്ങള്‍   കേള്‍ക്കുന്ന  തിരക്കിലാണ്..
എന്‍റെ    ഓളമനസ്സ്   വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്   സഞ്ചരിക്കുകയാണ്...

അധികസമയമൊന്നും  വേണ്ടി  വന്നില്ല..എനിക്കെല്ലാം  മനസ്സിലാക്കാന്‍..
നേരിട്ടല്ലെങ്കിലും   എന്നെ  ഫോട്ടോയില്‍   കണ്ടു   കൊതിച്ച  ആ  പഴയ 
പെണ്‍കുട്ടി   തന്നെ   എന്നെ  സ്വന്തമാക്കിയല്ലോ..
അതിനു  കാരണക്കാരിയായ   സുന്ദരിപ്പെണ്‍കുട്ടിയെ
ഞാനോര്‍ത്തുപോയി..
എന്‍റെ  മാറില്‍  കുഞ്ഞു ബോട്ടിട്ട്  എന്നെ  പേടിപ്പിച്ച   മൂന്നു  പെണ്‍കുട്ടികളില്‍  മൂത്തവള്‍!      അവരെ   പിന്നീടൊരിക്കലും   എനിക്ക്   കാണാനായില്ല.

കുറച്ചു ദിനങ്ങളെങ്കിലും,,,എനിക്കൊരുപാട്   സ്നേഹം  നല്‍കിയ  സുന്ദരിക്കുട്ടിയുടെ    കളിക്കൂട്ടുകാരിയെതന്നെ,,   പങ്കാളിയാക്കി   എനിക്കരികില്‍  നില്‍ക്കുന്ന   പുതിയ   ഉടമസ്ഥനെ   സ്നേഹം  തുളുമ്പുന്ന  അലകളോടെ   ഞാന്‍  വീണ്ടും  വീണ്ടും  നോക്കി..  
എന്‍റെ   നെഞ്ചിലെ   ഓളങ്ങള്‍   സന്തോഷവും  സങ്കടവും  കൊണ്ട്    കനത്തു,

കാര്യങ്ങള്‍  പെട്ടെന്ന്   മനസ്സിലാക്കാനുള്ള   ഞങ്ങള്‍  കുളങ്ങളുടെ  കഴിവിനെ പറ്റി   മുമ്പും  ഞാന്‍  നിങ്ങളോട്   പറഞ്ഞിട്ടുണ്ട്,,
 
അവളുടെ  കളിക്കൂട്ടുകാരിയായ  നിങ്ങള്‍     അന്നെന്‍റെ    കരയില്‍  വന്നിരുന്നപ്പോള്‍     എനിക്കുണ്ടായ  സന്തോഷത്തിന്‍റെ   അലകള്‍   ഇന്നെന്ന പോലെ  എന്‍റെ  മനസ്സിലുണ്ട്..

വിദേശത്തും    നാട്ടിലുമായി   ഇടയ്ക്കിടെ    വീണ്ടും  നിങ്ങളെന്നെ   ഏകാന്തതയില്‍   തളച്ചിട്ടു..
ഓരോ  മഴക്കാലത്തും    നാട്ടില്‍  വരുന്ന   നിങ്ങള്‍   ടാറിട്ട  റോഡ്‌  മുറിച്ച്  കടന്നു  വല്ലപ്പോഴും   എനിക്കരികിലെത്താന്‍  സന്മനസ്സ്  കാട്ടിയിരുന്നു..

നിങ്ങളുടെ  കുഞ്ഞുങ്ങള്‍ക്കെന്നെ   പേടിയായിരുന്നു,,നീന്തലറിയാത്ത   നിങ്ങളും   എന്നെ  പേടിയോടെയാണ് സമീപിച്ചത്..

ആരെയും  കുറ്റം  പറഞ്ഞിട്ട്   കാര്യമില്ല..
അതായിരുന്നല്ലോ..   അന്നത്തെ  എന്‍റെ അവസ്ഥ ..!
മെലിഞ്ഞുണങ്ങിയ  ഒരു പേക്കോലം ,,!
ചുഴികളും   ഓളങ്ങളും  നിലച്ച  ഒരു  ചെളിപഞ്ജരം,,!!
ജലകണങ്ങള്‍    കുഴിയിലാണ്ട വെറും കുണ്ടം കുളം,, !
മണ്ണുകൊണ്ടു  തീര്‍ത്ത  ചുറ്റരഞ്ഞാണം  പാതിയും   നശിച്ചു   ലാവണ്യം   നഷ്ടപ്പെട്ട   ഒരു  ഹതഭാഗ്യ,,!! "
****

"ഇടക്കെപ്പോഴോ   മാളിക  വീട്  നില്‍ക്കുന്നിടത്ത് നിന്ന്  വന്‍ ശബ്ദങ്ങള്‍  കേട്ടപ്പോള്‍ തന്നെ    കാര്യങ്ങളുടെ  കിടപ്പ്  എനിക്ക്   മനസ്സിലായിരുന്നു..

ഓടുകള്‍  വീണു  പൊട്ടുന്ന  ശബ്ദങ്ങളും,,ലോറികളുടെ  മുരളലും   എന്‍റെ  പകലുറക്കം   കെടുത്തിക്കൊണ്ടിരുന്നു... പുതിയ   വീടിന്‍റെ   പണി   തുടങ്ങിയ
വിവരം  ഞാന്‍  കുളക്കണ്ണാല്‍   മനസ്സിലാക്കി..
മുകള്‍  നില  പണിതപ്പോള്‍   ഇവിടുന്നു   നോക്കിയാല്‍   ഇച്ചിരിയൊക്കെ   കാണാമെന്നായി...


വേനലും  വര്‍ഷവും  എന്നില്‍     മാറ്റങ്ങള്‍   വരുത്തി കളിച്ചു  രസിച്ചു,,
അവര്‍ക്കുമുന്നില്‍   കോമാളി വേഷം  കെട്ടിക്കെട്ടി   ഞാന്‍   വല്ലാതായി.. 
വറ്റിയും   വരണ്ടും,,,നിറഞ്ഞും  കവിഞ്ഞും...എനിക്ക്  മടുത്തുതുടങ്ങിയിരുന്നു..

മാറ്റങ്ങളില്ലാത്ത    സ്ഥിരമായൊരു   നിലനില്‍പ്പിനു  വേണ്ടി  ഞാന്‍   ദാഹിച്ചു,,

അങ്ങനെ   എത്രകാലം,,,

ഇടവപ്പാതി   തുടങ്ങാന്‍   ഒരു മാസം  തികച്ചില്ല,,,
ഒരു    കൊച്ചു  വെളുപ്പാന്‍   കാലം!
കാതടപ്പിക്കുന്ന   ശബ്ദത്തിലേക്കായിരുന്നു   അന്നത്തെ  എന്‍റെ   ഉണര്‍ച്ച..

സ്വയം  വഴി  വെട്ടിത്തെളിച്ചു കൊണ്ട് എനിക്കരികില്‍  വന്നു  നിന്ന
ആ  ഭയങ്കരനെ     ഓര്‍ക്കുമ്പോള്‍
ഇന്നും  എന്‍റെ  ഓളങ്ങള്‍   കിടിലം  കൊള്ളുന്നത്  ഞാനറിയുന്നു.

എന്‍റെ    മാറും  നെഞ്ചും   പിളര്‍ന്ന്,   വേനല്‍  ചൂടില്‍   ഭൂമി   എന്നില്‍  നിന്നും  ഊറ്റിയെടുത്ത   ഉറവകളെ   അത്   പുറത്തെടുത്തു കൊണ്ടിരുന്നു...
വേദന കൊണ്ടു  പുളയുമ്പോഴും     എന്‍റെ  പുതിയ   ഉറവകള്‍   എനിക്ക്   ശക്തിയേകി,,  എല്ലാം  എന്‍റെ  നല്ലതിനെന്ന്   സമാധാനിച്ചു  ഞാന്‍ വേദന  കുടിച്ചിറക്കി,,

വീണ്ടും  വീണ്ടും  ആ  ഭയങ്കരന്‍റെ       ഭീമന്‍   തുമ്പിക്കൈകള്‍,,
എനിക്കടിയില്‍        അതിക്രമിച്ചു കേറി,,
എന്നെ   ഈ പരുവത്തിലാക്കിയ ,   ചെളികളുടെ   അഴുക്കുമാലകള്‍    മാന്തിയെടുത്തു..

ഞാന്‍   ആഴത്തിലേക്ക്   ആണ്ട്  പോകുകയും  പുതിയ  നീരുറവകളുമായി
പൊങ്ങി വരികയും  ചെയ്തുകൊണ്ടിരുന്നു... ..ഈ  പ്രക്രിയ  എത്ര  ദിവസം  തുടര്‍ന്നെന്നെനിക്കറിയില്ല..
വേദനയും  പേടിയും   കാരണം  എന്‍റെ  ബോധം  എപ്പോഴോ  നശിച്ചിരുന്നു..

ദിവസങ്ങള്‍    മാസമായി  മാറിയത്‌   ഞാനറിഞ്ഞില്ല...
പുതുമണ്ണിന്‍റെ   മനംമയക്കുന്ന   സുഗന്ധത്തിലേക്ക്‌   ഒരു  നാള്‍  ഞാന്‍   ഉണര്‍ന്നു..
ചിന്നം പിന്നം    പെയ്തിറങ്ങുന്ന  മഴത്തുള്ളികള്‍   എന്നില്‍   ഉണര്‍വിന്‍റെ   മായാജാലം  തീര്‍ത്തു.
സ്വയം  വന്നു ചേര്‍ന്ന  മാറ്റങ്ങള്‍  കണ്ടു  ഓളങ്ങളുടെ   ഒരു ഒരു  നിര  തന്നെ  എന്നില്‍നിന്നും  പുറത്തുവന്നു.      
എന്‍റെ   പുതിയ   രൂപം   എന്നെ   അത്ഭുതത്തിന്‍റെയും   ആശ്ചര്യത്തിന്‍റെയും   കൊടുമുടി  കേറ്റി...
പഴയ   രൂപം   ഓര്‍ത്തെടുക്കാന്‍   പോലും   വയ്യാത്ത  അവസ്ഥ.

കരിങ്കല്ലില്‍   തീര്‍ത്ത   പുതിയ    ചുറ്റരഞ്ഞാണത്തില്‍   വെള്ളാരംകല്ലുകള്‍
മിന്നുന്നത്   കണ്ടു  ഞാനമ്പരന്നു..
എന്നിലേക്ക്   തീര്‍ത്ത  പടവുകളില്‍   പുതുമഴ വീണു  ചിന്നിച്ചിതറി   പളുങ്ക് മണികളുതിര്‍ത്തു..
എന്‍റെ  നീല  നിറത്തിന്‍റെ  വശ്യതയില്‍    ഞാന്‍   പരിസരം  മറന്നാടി...എനിക്കടിയില്‍   നിശ്ചലമായിരുന്ന   തെങ്ങുകളും   വൃക്ഷങ്ങളും
എനിക്കൊപ്പം    പാമ്പുകളെപ്പോലെ   പുളഞ്ഞാടി.



ഞാന്‍  പറഞ്ഞല്ലോ...
പിന്നീടെനിക്ക്   സന്തോഷങ്ങളുടെ    കുളിരേകും   ദിനങ്ങളായിരുന്നു..""

*****************************

ഇടക്കൊരു  ഓളം  പോലും  വിടാതെയുള്ള   പറച്ചിലില്‍   കുളം  വല്ലാതെ
ക്ഷീണിച്ചതായി   എനിക്ക്  തോന്നി..
മെല്ലെയൊന്നനങ്ങി..പിന്നെ  കുഞ്ഞു കുഞ്ഞു  കുമിളകളായി,,, പിന്നെ നിശ്ചലമായി...പിന്നെ,പിന്നെ,,എല്ലാം  ശാന്തം...
മഴകളാലും  മഴാക്കാറുകളാലും   നിറഞ്ഞ  ഒരു  സുന്ദരസ്വപ്നത്തിലേക്ക്
കുളം  ആണ്ടുപോയി...
 
വര്‍ഷങ്ങളായി   എന്‍റെ  സ്വന്തം  അഹങ്കാരങ്ങളായി
ഞാന്‍  ഉള്ളില്‍  കൊണ്ട്  നടന്ന  ഈ  കഥാഗര്‍ഭം,,
എന്നെപോലെത്തന്നെ  അല്ലെങ്കില്‍  അതിനേക്കാളേറെ
ഈ കുളവും   ഇത്ര  നാളും   തന്‍റെ   ആഴികളില്‍   സൂക്ഷിച്ചു   വെച്ചു  എന്നത് ,
എന്നെ  വീണ്ടും  വീണ്ടും അത്ഭുതപരതന്ത്രയാക്കുന്നു..

സന്തോഷം  നിറഞ്ഞ  പിന്നീടുള്ള   നാളുകളെ  കുറിച്ച്  പറയാന്‍   കുളം
ഉണരട്ടെ...  



 കുളക്കരയിലേക്ക്  പോരുമ്പോള്‍  പറിച്ചു  വെച്ചതാ..ഇത്  കുട്ടികള്‍ക്ക്  കൊടുത്തിട്ട്  വരാം...
അപ്പോഴേക്കും  കുളം  ഉണരുമോ   എന്തോ...

***********************************************************************************

Thursday, January 6, 2011

കുളം പറഞ്ഞ കഥ!! ഖണ്ഡം-5





കുളത്തിന്‍റെ  ഉറക്കം  എന്നെ വല്ലാതെ ഭയപ്പെടുത്താന്‍  തുടങ്ങിയിരുന്നു,..ആഴ്ച  ഒന്നായി ,,

മഴക്കാലം വിടപറഞ്ഞതും  പുതുവര്‍ഷം പിറന്നതും അതറിഞ്ഞിട്ടില്ല. 
വൃശ്ചികത്തിലെ  പുലര്‍മഞ്ഞിന്‍റെ   തലോടല്‍  പോലും  അറിയാതുള്ള  അവളുടെ  ഉറക്കം  എങ്ങനെ  ഭയപ്പെടുത്താതിരിക്കും,,

എനിക്ക് പകരം     മോന്‍  നെച്ചുവിനെ   കുളപ്പടവില്‍    ഇരുത്തി   ഒരു  പരീക്ഷണം   നടത്താന്‍  പോലും       ഞാന്‍  ധൈര്യപ്പെട്ടു,,
കുളം   ഉണരണം,, അതു   മാത്രമേ    ഞാനപ്പോള്‍   ചിന്തിച്ചുളളു,,



ഒരു  കുഞ്ഞു  തുള്ളി  കൊണ്ടുപോലും   പ്രതികരിക്കാതെ   അവളെന്നെ   നിരാശയുടെ  പടുകുഴിയില്‍   വീഴ്ത്തി..

നിരന്തരമേല്‍ക്കുന്ന  ഉച്ചവെയിലില്‍ കുളം  ശോഷിച്ചു വരുന്നത് ഞാനറിഞ്ഞു..
അവളുടെ    സുന്ദരമായ    നീലനിറം    എത്ര   പെട്ടെന്നാണവള്‍ക്കു   നഷ്ടപ്പെട്ടത്‌,,,

വല്ലതുമൊക്കെ    മിണ്ടീം പറഞ്ഞു മിരുന്നെങ്കില്‍  ഇങ്ങനെ തളര്‍ച്ച ബാധിക്കുമായിരുന്നില്ല..

കണ്ണാം ചൂട്ടികളെയും  പരലുകളെയും  ഞാന്‍ ദേഷ്യത്തോടെ  നോക്കി.

അവരുമതിയല്ലോ  കുളത്തെ ഉണര്‍ത്താന്‍...അതിനെങ്ങനെ   ഉറങ്ങിയാല്‍   തികയലില്ലല്ലോ....നിങ്ങള്‍ക്കൊക്കെ  വറ്റും ചോറും ഇട്ടു തരുന്ന  എന്നെ പറഞ്ഞാല്‍ മതി,മടിയന്മാര്‍,,

കുളത്തെ  നോക്കും തോറും  എനിക്ക് സങ്കടം വരാന്‍ തുടങ്ങി,,

കഴിഞ്ഞ ആഴ്ചയില്‍  കുളത്തിന്‍റെ പള്ളക്കിട്ടടിച്ചത്  മുകളിലെ   പടവില്‍  ഇരുന്നായിരുന്നു,

ഇപ്പോള്‍  അവളെ  ഒന്ന് തൊടണമെങ്കില്‍    വീണ്ടും  പടികളിറങ്ങണം,,,
എത്ര പെട്ടെന്നാണ്   അവള്‍ക്ക്   വലിവ്  ബാധിച്ചു  തുടങ്ങിയത്..
തുലാവര്‍ഷം   പെയ്തൊഴിഞ്ഞിട്ടു  അധികമൊന്നുമായില്ലല്ലോ,,

നോക്കിക്കൊണ്ടിരിക്കെ   അവള്‍  താഴ്ചയിലേക്ക്  പോകുന്നു,,
പറ്റെ  ക്ഷീണിക്കും മുമ്പേ  അവളെ  ഉണര്‍ത്തണം,,  മിണ്ടാട്ടം  നിര്‍ത്തും മുമ്പേ  ബാക്കിയുള്ള     കഥകള്‍  പറയിക്കണം,,

ഞാന്‍   കൈകള്‍കൊണ്ട്   മെല്ലെയൊന്നു   തൊട്ടു  നോക്കി,

,അവളെ  തൊഴിച്ചതും,,അടിച്ചതുമൊക്കെ   ഓര്‍ത്തോര്‍ത്ത്  ഞാന്‍  സങ്കടപ്പെട്ടു,,
എന്‍റെ  കണ്ണുനീര്‍  അവളുടെ  മാറില്‍  ഒന്നുരണ്ടു തവണ ഇറ്റ്  വീണു,,
അവളെ  തടവിക്കൊണ്ട്എത്ര നേരമിരുന്നെന്നറിയില്ല,,,

മാറില്‍   വീണ  ചുടുജലകണങ്ങള്‍   അവളെ  മെല്ലെ  മെല്ലെ   ഉണര്‍ച്ചയിലേക്ക്
കൂട്ടി കൊണ്ടുവന്നു,


തലോടിക്കൊണ്ടിരുന്ന   കൈപടങ്ങളിലേക്ക്  ക്ഷീണിച്ചൊരോളവുമായി  അത്  മെല്ലെ  കേറാന്‍  നോക്കിയെങ്കിലും  താഴോട്ട്  തന്നെ   വീണു പോയി,,,
 
സന്തോഷവും   സങ്കടവും വന്നെന്‍റെ   കണ്ണുകള്‍  വീണ്ടും വീണ്ടും  നിറഞ്ഞു,,

കണ്ണീരില്‍   പുകമൂടിയ  കണ്ണുകള്‍കൊണ്ട്   
കണ്ണാം ചൂട്ടികളെയും  പരലുകളെയും  നോക്കി    ഞാന്‍   ആന്ഗ്യം  കാണിച്ചു,

പെട്ടെന്ന്  കാര്യം   ഗ്രഹിച്ച    അവ   മുങ്ങാം  കുഴിയിട്ടും,,
ഓളങ്ങളുണ്ടാക്കിയും   കുളത്തെ   ഉഷാറാക്കാന്‍  ശ്രമിച്ചു,,,

പതിയെ   പതിയെ   കുളം   ഇളകിത്തുടങ്ങി...
തെങ്ങും  കമുങ്ങും   മരങ്ങളും   കൂട്ടത്തോടെ  ആ സന്തോഷത്തില്‍    തങ്ങളുടെ  പങ്കും   കാഴ്ചവെച്ചു..

 *****************
കുളം   മൌനത്തോടെ   നിശ്ചലമായി,,
ഞാനും  കാതുകൂര്‍പ്പിച്ചു      കഥകേള്‍ക്കാന്‍    തെയ്യാറായി,,,

*******************
ക്ഷീണിച്ച   ശബ്ദത്തില്‍   കുളം  പറഞ്ഞു  തുടങ്ങി,,


""ഒരാഴ്ച തികച്ചും  ആ സന്തോഷം   നീണ്ടു നിന്നില്ല,,

"അതിനു  മുമ്പേ  ആ വീട്ടിലെ   ശബ്ദങ്ങളും   ചിരികളും  നിലച്ചിരുന്നു,,

മുറ്റത്ത്‌  വണ്ടികളുടെ  ശബ്ദം  കേട്ട   ഒരു    വൈകുന്നേരമാണ്
തീര്‍ത്തും   ഞാന്‍   ഒറ്റപ്പെട്ടത്,,,

ഓര്‍ക്കാന്‍   പോലും  ഇഷ്ട്ടപ്പെടാത്ത   നാളുകള്‍ ,,

വേനലും  വര്‍ഷവും  ശിശിരവും   എത്ര  തവണ  കഴിഞ്ഞുപോയെന്നു  എനിക്കുതന്നെ  നിശ്ചയമില്ല,,

വല്ലപ്പോഴും   തൊടിയിലേക്കിറങ്ങുന്ന   വല്ല്യുമ്മാന്‍റെ  ശബ്ദവും  പിന്നീടൊരിക്കലും   കേള്‍ക്കുകയുണ്ടായില്ല..

കാലാകാലങ്ങളില്‍  തൊടിയില്‍  തെങ്ങിന്‍തടം  തുറക്കുന്ന  പണിക്കാരും
വരാതായപ്പോള്‍   ഒറ്റപ്പെടലിന്‍റെ   കടുത്ത  വേദനയില്‍
എന്‍റെ   ഓളങ്ങള്‍ക്ക്     ശക്തി  നഷ്ട്ടപ്പെട്ടുതുടങ്ങി,,

വ്യായാമം   കുറഞ്ഞപ്പോള്‍   എന്‍റെ  ആരോഗ്യവും  ക്ഷയിച്ചു,
എന്‍റെ    വീതിയും    ആഴവും     നാള്‍ക്കുനാള്‍  കുറഞ്ഞു   വന്നു,,

മണ്ണ് കൊണ്ടുള്ള  എന്‍റെ  ചുറ്റരഞ്ഞാണം   ഏതു   നിമിഷവും   അഴിഞ്ഞു
വീണു,,  ഉള്ള  നീരും  വറ്റിപ്പോകുമോ  എന്ന് ഞാന്‍  വല്ലാതെ  ഭയന്നു.


അടിത്തട്ടിലേക്ക്     വല്ലാതെ    വലിഞ്ഞു,,   ചെളി പുരണ്ട്   ഉറക്കം  വരാതെയിരുന്ന   ഒരു  സായം സന്ധ്യക്കാണ്,,
എനിക്കെന്‍റെ    പ്രിയ  കൂട്ടുകാരെ എന്നെന്നേക്കുമായി   നഷ്ടപ്പെട്ടത്‌,,

അവശേഷിക്കുന്ന    നീരു   കൂടി    വറ്റി  ഭൂമിയിലേക്ക്   ആണ്ട്  പോയെങ്കില്‍   എന്ന്   ഒരു   നിമിഷം   ഞാനാശിച്ചുപോയി,,

പെട്ടെന്ന്   തന്നെ   എന്‍റെ   കര്‍ത്തവ്യങ്ങളെ   കുറിച്ച്    ബോധം  വന്ന   ഞാന്‍
അനാവശ്യചിന്തകള്‍ക്ക്    കടിഞ്ഞാണിട്ടു,,

വളളിനിക്കറുകള്‍    വലിച്ചുകേറ്റി ,,
ചലനമറ്റ  ആകുഞ്ഞു  ശരീരങ്ങള്‍  ഇലയില്‍ പൊതിഞ്ഞുകൊണ്ടു  കേറിപ്പോകുന്ന   പിള്ളേരുടെ   സംസാരത്തില്‍നിന്നാണ്   ഞാനാ  വിവരമറിഞ്ഞത്,,

ഉടമസ്ഥന്‍    വീടും  പറമ്പും  മറ്റാര്‍ക്കോ   വിറ്റിട്ടുണ്ടെന്ന  വിവരം!

പിന്നീട്    എന്‍റെ   ദിനങ്ങള്‍   പുതിയ  ഉടമസ്ഥന്‍റെ   വരവിനുള്ള
കാത്തിരിപ്പിന്‍റെതായി,,"


ഒരു  ചെറുനെടുവീര്‍പ്പിന്‍റെ    ഓളത്തില്‍   കുളമൊന്നിളകി..
പിന്നെ  മൌനിയായി,,
ഓര്‍മകളുടെ   നീരറകള്‍    വീണ്ടും   തുറക്കുകയായി..

***** 

"വേനല്‍   ചൂടിന്‍റെ   അവസാനദിനങ്ങളിലൊന്നു,,ഇടവപ്പാതിയുടെ   കുതിപ്പും   തണുപ്പും   സ്വപ്നം  കണ്ടു   മയങ്ങുന്ന   ഒരു  വൈകുന്നേരം!

എനിക്കരികെ   വന്നു  നിന്ന   ആജാനുബാഹുവിനെ   കണ്ട്  ഒരു  നിമിഷം   ഞാന്‍  അമ്പരന്നു,,
പക്ഷെ   അധികസമയമൊന്നും   വേണ്ടി  വന്നില്ല   എനിക്കാളെ   മനസ്സിലാക്കാന്‍..
ഞാന്‍   പറയാറില്ലേ   കാര്യങ്ങള്‍   മനസ്സിലാക്കാനുള്ള   ഞങ്ങള്‍   കുളങ്ങളുടെ   കഴിവിനെപറ്റി,,

വല്ല്യുമ്മാന്‍റെ   മുന്നില്‍   "ഡാഷും "  പൊത്തി   നില്‍ക്കുന്ന                                          ആ  വള്ളിനിക്കറുകാരനും  കൂട്ടുകാരും   ഇന്നലെയെന്ന    പോലെ
എന്‍റെ   മനസ്സിലൂടെ   ഒരു  മിന്നോളമായി    കടന്നുപോയി,,

ആ   ഒരു  ചിന്തയില്‍    ഞാനെന്നെതന്നെ   മറന്നു,,,
സന്തോഷം   കൊണ്ട്  ഒന്ന്  തുള്ളാന്‍   പോലും  കഴിയാതെ   കരയിലേക്ക്  നോക്കി   ഞാന്‍   കിടന്നു,,

വൈകാതെയെത്തിയ    പുതുമഴയോടൊപ്പം   എനിക്ക്   വന്നു   ചേര്‍ന്നത്‌
വലിയ  വലിയ   സന്തോഷങ്ങളുടെ   കുളിരേകും   ദിനങ്ങളായിരുന്നു,,,"

****************
ആകാംഷയുടെ   തലപ്പത്തിരിക്കുന്ന   എന്നെ  പൊടുന്നനെ   നിരാശപ്പെടുത്തിക്കൊണ്ട്   കുളം   മൌനത്തിന്‍റെ   വാല്‍മീകത്തിലൊളിച്ചുകളഞ്ഞത്   പെട്ടെന്നായിരുന്നു,,,

പാവം   ഇന്നൊരുപാട്   ബുദ്ധിമുട്ടിയിട്ടാണ്   അവള്‍  ഇത്രയെങ്കിലും
പറഞ്ഞത്‌,  ഉറങ്ങട്ടെ..

ഉറങ്ങി  ക്ഷീണമൊക്കെ   മാറട്ടെ,,,ബാക്കി   കഥകള്‍   പറയാന്‍
ഉത്സാഹത്തോടെ  ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ,,


ഞാന്‍   മെല്ലെ   എഴുന്നേറ്റു   വീട്ടിലേക്കു   നടന്നു,,

Sunday, January 2, 2011

കുളം പറഞ്ഞ കഥ !!!! ഖണ്ഡം-4







കുളത്തിന്‍റെ    കള്ളയുറക്കം   കാരണം  എനിക്ക്    കഥ   കേള്‍ക്കാനുള്ള   മൂഡ്‌  തന്നെ  നഷ്ട്ടപ്പെട്ട്   തുടങ്ങിയിരുന്നു.


ആ   സന്തോഷക്കാഴ്ച   എന്തെന്നറിയാനുള്ള  ആകാംക്ഷ   ഒന്ന്കൊണ്ട്  മാത്രമാണ്       ക്ഷമ   കൈവിടാതെ   ഞാനീ  പടവുകളില്‍    ഇരിക്കുന്നത്,,


കാലുകള്‍കൊണ്ട്   ഞാന്‍   കുളത്തെ   തൊഴിച്ചുനോക്കി.,,,,,,,, ഒന്നനങ്ങുന്നുപോലുമില്ല.,,     കൈകള്‍    വിടര്‍ത്തി
അതിന്‍റെ    പള്ളക്കിട്ടു   രണ്ടു   കൊടുത്തപ്പോള്‍   അല്‍പ്പമൊന്നു   നനഞ്ഞെങ്കിലും   അതുകൊണ്ട് ഫലമുണ്ടായി   എന്ന് പറയാം...

ഓളങ്ങള്‍   പുറപ്പെടുവിച്ചുകൊണ്ട്    പതിവ്   വ്യായാമത്തിനൊന്നും  
നില്‍ക്കാതെ    കുളം    അനക്കം    നിര്‍ത്തി   നേരെ    കഥയിലേക്ക്‌    തിരിഞ്ഞു..

പതിവു    തെറ്റിച്ചുള്ള    ഈ   പെരുമാറ്റം     എന്നിലും   ഉത്സാഹം   പടര്‍ത്തി,,,,

****************************

""ഹോ....സന്തോഷം    സഹിക്കാനാകാതെ     ഞാനെന്തൊക്കെ    കാട്ടിയെന്ന്    എനിക്ക്    തന്നെ    അറിയില്ല...
എന്‍റെ    സന്തോഷം    കൂട്ടുകാരെയും    ബാധിച്ചു...കാര്യമറിയാതെ    അവയും   തലങ്ങും    വിലങ്ങും   പാഞ്ഞു,,,,തണുപ്പ്   പറ്റിക്കിടന്നിരുന്ന    കണ്ണാംചൂട്ടികളും  ഓളങ്ങളില്‍     അമ്മാനമാടി.    രസിച്ചു...

മൂന്നു   പെണ്‍കുട്ടികള്‍!!   തിളങ്ങുന്ന    ഉടുപ്പുകളിട്ടു    അവരെന്‍റെ    നേര്‍ക്ക്‌   ഓടി   വരുന്നു...മൂത്തവള്‍ക്ക്   ഇപ്പോള്‍   നിങ്ങളുടെ    പ്രായമുണ്ടാകും...
മറ്റു   രണ്ടാളും    അവള്‍ക്കിളയവര്‍,,,

അവരുടെ    ഒപ്പം   ഓടിയെത്താന്‍    കഴിയാതെ    ബേജാറിലും  വെപ്രാളത്തിലും
ഓരോന്നും     വിളിച്ചു   പറഞ്ഞുകൊണ്ട്     വല്ല്യുമ്മ    പിറകെതന്നെയുണ്ട്,,

അന്നെനിക്കീ    കരിങ്കല്ലുകൊണ്ടുള്ള     അരഞ്ഞാണമില്ല...
ഇപ്പഴത്തെക്കാളും   മെലിഞ്ഞിട്ടുമാണ്..  ആകെയുള്ളത്          മണ്‍ഭിത്തികൊണ്ടുള്ള   ചുററരഞ്ഞാണം   മാത്രം...
എന്‍റെ    നീല നിറം മാത്രം    അന്നും    എന്നെ   സുന്ദരിയാക്കിയിരുന്നു,,,

വല്ല്യുമ്മ    കിതച്ചുകൊണ്ട്    എനിക്കരികിലെത്തിയപ്പോഴെക്കും    കുട്ടികള്‍    എന്നെ   കയ്യെത്തിച്ചു    തൊടാനുള്ള    ശ്രമത്തിലായിരുന്നു,,,
വല്ല്യുമ്മാന്‍റെ   വിലക്കുകള്‍   വകവെക്കാതെ    അവരെന്നെ
എത്തിപ്പിടിച്ചു   ഇക്കിളിയാക്കി,,,വളരെ   നാളുകള്‍ക്കുശേഷം   ഞാന്‍  വീണ്ടും  
സന്തോഷത്തിലേക്കു    തിരിച്ചു   വന്നതു  അന്നാണ്..

കുട്ടികളെ    അധികനേരം    എനിക്കരികെ    നിര്‍ത്താന്‍    വല്ല്യുമ്മാക്ക്       ധൈര്യം    പോരായിരുന്നു,,,അവര്‍    അവരെ    നിര്‍ബന്ധിച്ചു    വീട്ടിലേക്കു    കൊണ്ടുപോയി,,,,,
അവരുടെ    കളിചിരികള്‍ക്ക്    കാതോര്‍ത്ത്‌   ഞാന്‍  വീണ്ടും  അനങ്ങാതെ   കിടപ്പായി,,,

അന്ന്    രാത്രി   മഴയുടെ    വരവൊന്നും    കണ്ടില്ല,,,സുഖമായിട്ടൊന്നുറങ്ങി,,,
രാവിലെ    കുട്ടികളുടെ    വരവ്   പ്രതീക്ഷിച്ചെങ്കിലും    ആരും    ആ  വഴിക്കു     വന്നതേയില്ല,,,,


ഉച്ചയായപ്പോഴേക്കും   മാനം   കറുത്തുതുടങ്ങി...മേഘങ്ങള്‍  എനിക്കുമേല്‍    നിഴല്‍   വീഴ്ത്തി,,,,തലക്കുമീതെ     കറണ്ടുകമ്പികള്‍   ഗൌരവഭാവം  കൈകൊണ്ട് ....നിശ്ചലമായി    നിലകൊണ്ടു,,,



ചറപറായെന്നു    മഴ   തുടങ്ങിയത്    പെട്ടെന്നായിരുന്നു,,,തുള്ളിക്കൊരുകുടമെന്നോണം    അതെന്നിലേക്ക്    പതിച്ചു,,,
നെഞ്ച് വിരിച്ചുകിടന്നു   ഞാന്‍    മഴയെ   സ്വാഗതം    ചെയ്തു,,,""
അതിന്‍റെ   ഓരോ  തുള്ളികളും  വര്‍ദ്ധിച്ച  സന്തോഷത്തോടെ   ഞാന്‍   ഏറ്റുവാങ്ങി..."""
***************************


കുട്ടികള്‍    പിന്നെ  വന്നില്ലേ...എന്ന   എന്‍റെ   ആകാംക്ഷ    നിറഞ്ഞ    നോട്ടം    കണ്ടാകണം     കുളം   തന്‍റെ    കള്ളയുറക്കം    വേണ്ടെന്നു   വെച്ചു,,മൌനിയായി..

കുളം      പറയാന്‍   തുനിയുന്നത്     കണ്ടു      ഞാനൊന്നു   ഇളകിയിരുന്നു,,,

**************************
 


""വൈകുന്നെരത്തെ   തെളിഞ്ഞ   കാലാവസ്ഥയേകിയ  സുഖത്തില്‍   പുതിയൊരു    മഴയുടെ    തലോടല്‍   സ്വപ്നം    കണ്ടുകിടക്കുകയായിരുന്നു,,,ഞാന്‍...!
കനത്തൊരു    പുരുഷശബ്ദം   സ്വപ്നത്തെ  കീറിമുറിച്ചു   എനിക്കരികിലെത്തി,,,,,
പെട്ടെന്ന്   ഞെട്ടിത്തെറിച്ച    എനിക്കെന്‍റെ    ഓളങ്ങളുടെ    നിയന്ത്രണം   കൈവിട്ടുപോയി...
കരകളില്‍  പോയലച്ചലച്ചെനിക്ക്   ശ്വാസം  മുട്ടി,, 

കണ്ണാം  ചൂട്ടികള്‍  അച്ചാലും  മുച്ചാലും   പാഞ്ഞു,,,

പരലുകള്‍  ഓളങ്ങളില്‍ 
എനിക്കൊപ്പം   കരയില്‍ ചെന്നലച്ചു വീണു,,,

കിതപ്പൊന്നടങ്ങിയപ്പോള്‍    ഞാന്‍  പൂര്‍വസ്ഥിതി   വീണ്ടെടുത്തു.

വന്നവരാരെന്നുകൂടി  മനസ്സിലായപ്പോള്‍   പേടി  സന്തോഷത്തിന്   വഴി 
മാറുകയും ചെയ്തു..
പെണ്‍കുട്ടികള്‍   മൂന്നാളും,,,പിന്നെ  എന്‍റെ   ഉടമസ്ഥനും   ഗല്‍ഫുകാരനുമായ
അവരുടെ   അമ്മാവനും,!!!


ഒരാഴ്ചയായി   മൂപ്പര്‍    വന്നിട്ട്,,,
വന്നതുമുതല്‍    കേള്‍ക്കാന്‍   തുടങ്ങിയതാ     ബഹളങ്ങള്‍!
പക്ഷെ   കുളക്കരയിലേക്ക്    ഇതുവരെ  ആരും  
എത്തിനോക്കിയിരുന്നില്ല,,

എന്തായാലും    ഈ   കുട്ടികള്‍    സ്നേഹമുള്ളവരാ.....
ഇനി   എനിക്ക്   കൂട്ടായി   ഇവരുണ്ടായിരിക്കും   കുറച്ചു   നാള്‍,,,
ഇവരെ    ഓളങ്ങളില്‍    അമ്മാനമാടിക്കണം,,,
താഴോട്ട്   പോകാതെ    മാറില്‍    കിടത്തി   കളിപ്പിക്കണം,,,

***

ബ്ധുംംം... . !!!!!!!!!!!

***

""ഓരോന്നാലോചിച്ച്    പരിസരം    മറന്ന,,    എന്‍റെ    നെഞ്ചിന്‍കൂട്   തകര്‍ത്തുകൊണ്ട്    എന്തോ    ഒന്ന്   വന്നു    വീണത്   പെട്ടെന്നായിരുന്നു...,,,

ആദ്യമൊന്നമ്പരന്നെങ്കിലും
ഞാന്‍    പേടി    പുറത്തുകാണിക്കാതെ    അനങ്ങാതെ   നിലകൊണ്ടു,,,, 

അപ്പോഴേക്കും   എനിക്ക്   സംഗതി   പിടികിട്ടി,,ഞാന്‍   പറഞ്ഞിരുന്നല്ലോ
കാര്യങ്ങള്‍   മനസ്സിലാക്കാനുള്ള    ഞങ്ങള്‍    കുളങ്ങളുടെ   കഴിവിനെപറ്റി..""

******************

ഇതും    പറഞ്ഞു  കുളം  എന്നെ നോക്കി  കണ്ണിറുക്കി,,,കറക്റ്റ്    എന്‍റെ   കണ്ണില്‍
തന്നെ    അവളാ   വെള്ളം   തെറിപ്പിച്ചു,,
കണ്ണ്   തിരുമ്മുന്ന   എന്നെ   ഒന്നുമറിഞ്ഞില്ല   എന്നമട്ടില്‍    ഒന്നു  നോക്കിയിട്ട്  
പെട്ടെന്ന്     കഥ  തുടര്‍ന്നു,,

***********

""എന്‍റെ    ഉടമസ്ഥന്‍    മൂന്നുപേരെയും,,   കാറ്റ്  നിറച്ച   ആ  കുഞ്ഞു  ബോട്ടിലേക്ക്  പിടിച്ചു  കേറ്റി....

ബോട്ട്    പള്ളയിലൂടെ    ഉരസിനീങ്ങുമ്പോള്‍    ഞാന്‍   ഇക്കിളികൊണ്ട്  ഓളങ്ങളുയര്‍ത്തി,, ഓളങ്ങള്‍ക്കൊപ്പം    പൊങ്ങുന്ന   ബോട്ടിലിരുന്ന്
അപ്പോഴൊക്കെയും    കുട്ടികള്‍   പേടിച്ചു   കൂകി വിളിച്ചു,,,
ഈ   കളി   എത്രനേരം   തുടര്‍ന്നെന്നു   എനിക്കൊര്‍മയില്ല,,,അത്രത്തോളം  ലയിച്ചു പോയിരുന്നു   ഞാന്‍"""

"'അമ്മാവന്‍   കുട്ടികളെ   വിളിച്ചപ്പോള്‍    മാത്രമാണ്   അതുവരെ   സന്തോഷത്തില്‍   ആറാടിയിരുന്ന  എനിക്ക്   സമയവും   കാലവുമൊക്കെ   ഓര്‍മയിലെത്തിയത്,,,

നോക്കുമ്പോള്‍  അവര്‍   വീട്ടിലേക്കുള്ള   വഴിയിലെത്തിയിരുന്നു,,  
നാളെയും    അവര്‍   വരണേ...എന്ന്     മനസ്സിരുത്തി    പ്രാര്‍ഥിച്ചശേഷമാണ്..ശ്വാസം   നേരെ  വിട്ടത്‌,,

ഈ   മീന്‍  കുഞ്ഞുങ്ങളിതെവിടെ   പോയി,,,എന്നമ്പരന്നപ്പോഴാണ്   ഒരുമൂലയില്‍     ആടിക്കളിക്കുന്ന   കുഞ്ഞു ബോട്ടും  അതിനുചുറ്റും   പരക്കം  പായുന്ന   പരല്‍മീനുകളെയും   കണ്ടത്,,,

കണ്ണാംചൂട്ടികളുടെ   പരാക്രമം   കണ്ടിട്ട്   എനിക്ക്   ചിരി  അടക്കാനായില്ല..
അവരെന്‍റെ  ചുമരില്‍  പറ്റിക്കിടക്കുന്നകൂട്ട്     ബോട്ടില്‍   പറ്റിപ്പിടിച്ചു
കിടക്കാനുള്ള   ശ്രമത്തിലാണ്.

റബ്ബര്‍ ബോട്ടില്‍   പിടുത്തം   കിട്ടാതെ   തെന്നി   വീഴുന്നു,,

എന്‍റെ    ചിരി കൂടി   ആയപ്പോള്‍    പറയുകയും   വേണ്ട,,   

കളിയും   ചിരിയുമായി,,
എനിക്കു   ക്ഷീണം   ബാധിച്ചു   തുടങ്ങിയിരുന്നു,,,

ഞാന്‍   മയങ്ങാന്‍    തുടങ്ങിയപ്പോള്‍,,,,എല്ലാവരും   നിശബ്ദരായി...

പരല്‍മീനുകള്‍   പതിവുപോലെ   ഒരിടത്ത്   കൂട്ടത്തോടെ   ഉറക്കമായി,,,
കണ്ണാംചൂട്ടികള്‍   മണ്‍ചുമരു ചേര്‍ന്ന്കിടന്നു   മയങ്ങി,,

ഞാനും    ഉറക്കത്തിലേക്ക്   വഴുതി  വീണു """".

************************

ഇതു    പറഞ്ഞ്തീരേണ്ട   താമസം    കുളം  ഉറങ്ങിക്കഴിഞ്ഞിരുന്നു,,,

കഥയില്‍     ഇടയ്ക്കിടെ     വരുന്ന    ഈ    ഉറക്കമാണ്    എല്ലാം    കുളമാക്കുന്നത്!!?


ബാക്കികൂടി   ഒന്ന്   പറഞ്ഞു   തുലച്ചിരുന്നെങ്കില്‍    എന്‍റെ   ഈ   കാത്തിരുപ്പിനൊരു     അവസാനമുണ്ടായേനെ,,,








മാനം  വീണ്ടും    കറുക്കാന്‍   തുടങ്ങിയിരുന്നു....തെങ്ങിന്‍   തലപ്പുകള്‍  കാറ്റില്‍  മെല്ലെ   ആടാന്‍   തുടങ്ങി,,,കമുങ്ങുകളും   വൃക്ഷങ്ങളും   അതില്‍  പങ്കുചേര്‍ന്നു..
ഈ    മഴ   പെയ്യും മുമ്പേ ,,,   കുളമുണര്‍ന്നു    കഥയുടെ   ബാക്കി   പറയുമെന്നുതന്നെ   പ്രതീക്ഷിച്ചു  ഞാന്‍   പടവുകളില്‍   കാത്തിരിപ്പ്‌ തുടര്‍ന്നു.. 


****************************

.