കൂട്ടുകാര്‍

Tuesday, January 14, 2014

കിളിവാതിലിനടുത്തൊരു കിളിക്കൂട്‌……!
രണ്ടായിരത്തി പന്ത്രണ്ടു ഏപ്രില്‍ ഇരുപത്തൊന്നിന് ഞാനെന്‍റെ ബ്ലോഗ്‌ സ്വമേധേയാ നിറുത്തിയതല്ല.നിറുത്തേണ്ടി വന്നു.അതാണ്‌ സത്യം.
പെട്ടെന്ന് തിരക്ക് പിടിച്ച ജീവിതത്തിന് മുന്നില്‍ ആദ്യമൊന്നു പകച്ചുപോയെങ്കിലും ആ തിരക്കുകളോട് പൊരുത്തപ്പെട്ടു സന്തോഷത്തോടെ തന്നെ ആ ജീവിതത്തിന്‍റെ ഭാഗമായി.
പക്ഷെ പിന്നീടുണ്ടായ കഥകള്‍ അത്ര നല്ലതല്ലായിരുന്നു...അത് പറയാന്‍ ഞാന്‍ പിന്നീട് വരാം…
ഇപ്പോള്‍ ഈ ബ്ലോഗിലേക്ക് വീണ്ടും എന്നെ നയിച്ച..അതിന് നിമിത്തമായ കിളിക്കൂടിലേക്ക് ഞാന്‍ വരട്ടെ…
ഈ എഴുത്തിലൂടെയാണ് ഇനി മനസ്സ് ശാന്തമാവേണ്ടതെന്ന് എനിക്ക് തോന്നിയത് ഈ കാഴ്ച കണ്ടപ്പോഴാണല്ലോ…

DSC00479

പൂപ്പല്‍ രോഗം വന്നു വെട്ടിക്കളയാനോരുങ്ങവേയാണ്  അടുക്കള ജനാലയോട് ചേര്‍ന്ന് നില്‍ക്കുന്ന ചെടിയില്‍ തികച്ചും യാദൃശ്ചികമായി ഞാനാ കൂട് കണ്ടത്.
മരം കൊത്തിയെ പോലെ തലയില്‍ ചുവന്ന നിറവും ചുവപ്പ് കൊക്കും ഉള്ള കിളി ഇടയ്ക്കിടെ കൂട്ടില്‍ വന്നിരിക്കുന്നത് പണിക്കിടെ ഞാന്‍ കാണും.
സമയം കിട്ടുമ്പോള്‍ പുറത്തൂടെ പോയി കിളിക്കൂട്ടിലേക്ക് പാളി നോക്കും..
അങ്ങനെ ഒരു നാള്‍ ഞാന്‍ പ്രതീക്ഷിച്ചത് കണ്ടു!

DSC00537

രണ്ട് സുന്ദരന്‍ മുട്ടകള്‍…!!
ഇന്ന് ഞാന്‍ മുറ്റത്തൂടെ നടന്നപ്പോള്‍ കിളിക്കൂടും ശ്രദ്ധിച്ചു.കൂട്ടില്‍ കിളി അടയിരിക്കുന്നു.ഉടന്‍ ഞാന്‍ അടുക്കളയില്‍ കേറി.വളരെ പണിപ്പെട്ട് ജനല്‍പ്പാളിക്കിടയിലൂടെ കിളിയെ ഫോട്ടോ എടുത്തു.

DSC00633

കിളിക്കൊരു കുലുക്കവുമില്ല..എന്നാപിന്നെ അടുത്തു പോയി എടുത്താലോ..വീണ്ടും പുറത്തുവന്നു.ഞാന്‍ മെല്ലെ കിളിക്കൂടിനടുത്തു വന്നുനിന്നു.ചുണ്ട് പിളര്‍ത്തി എന്നെ നോക്കിക്കൊണ്ട് കിളി അടയിരുപ്പു തുടര്‍ന്നു.

DSC00555

ഇനി എന്‍റെ അടുക്കള ജോലികള്‍ അടുത്ത് തന്നെ എന്നെ തേടിയെത്തുന്ന കുഞ്ഞു കിളിനാദങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട്…

അതുവരേക്കും വിട!!!