കൂട്ടുകാര്‍

Wednesday, April 20, 2011

ചാമ്പ്യന്‍ഷിപ്പ് വന്ന വഴി……….!?




Image1857
 
മേശപ്പുറത്ത് വെച്ച ഭംഗിയുള്ള ഫ്ലവര്‍ പോട്ടിലേക്കും  മുന്നിലുള്ള വലിയ വെള്ളക്കടലാസ്സിലേക്കും നോക്കി ഞാന്‍ മിഴിച്ചിരുന്നു..!!
“ഓരോരുത്തര്‍ക്കും ഇരിക്കുന്നിടത്തുനിന്നും എങ്ങനെ കാണുന്നുവോ അത് പോലെ വരയ്ക്കണം”,
മൂന്നാം തവണയും വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ പെന്‍സില്‍ കയ്യിലെടുത്തത്.
പേപ്പറിന്‍റെ വലുപ്പമാണെന്നെ കുഴക്കിയത്. ഇത്രയും വലിയ പേപ്പറില്‍ ആദ്യായിട്ടാണ് വരക്കുന്നത്. ഇതിന്‍റെ നടുവിലോ ,,അരികിലോ എവിടെ വരയ്ക്കണം..ഒരു പിടുത്തവുമില്ല.
അപ്പുറത്തിരിക്കുന്ന കുട്ടിയുടെ പേപ്പറിലെക്ക് മെല്ലെ പാളിനോക്കി.നടുക്ക് വലിയ  കള്ളി വരച്ച് അതിനകത്ത് വളരെ വലുപ്പത്തില്‍ പൂക്കൂടയുടെ മുക്കാലും വരച്ചു കഴിഞ്ഞിരിക്കുന്നു..
എന്‍റെ ഉള്ളൊന്നു കാളി..! ഞാന്‍ ഇത്രേം നേരായിട്ടു ഒരു കുത്തുപോലും ‌ഇട്ടിട്ടില്ല.
പിന്നെ കാത്തുനിന്നില്ല..ആ കുട്ടിയെ പോലെ വലുതാക്കി വരച്ച് മാര്‍ക്ക് കുറക്കാനൊന്നും ഞാന്‍ മിനക്കെട്ടില്ല..!!? ഒത്ത നടുക്ക് ഒരു കുഞ്ഞു ചതുരം വരച്ചു. പൂവും പൂക്കൂടയും ഒരു വിധം നന്നായിത്തന്നെ വരച്ചു.  മടങ്ങിയ ഒരില വരക്കാന്‍ കുറെ പാട് പെട്ടെങ്കിലും അതും വലിയൊരു ശ്രമത്തിലൂടെ  വരച്ചെടുത്തു. നല്ല ഒതുക്കമുള്ള കുഞ്ഞു പൂക്കുടം!
മറ്റുള്ളവരൊക്കെ വരച്ചിരിക്കുന്നത് തന്ന കടലാസ്സിന്‍റെ അത്രേം വലുപ്പത്തില്‍..! സമ്മാനം എനിക്ക് തന്നെ..ഞാന്‍ അപ്പഴേ ഉറപ്പിച്ചു…!
******************************************************************************************  
DSC01716
മൂന്നാമന്‍ മുമ്പെന്നോ വരച്ച ചിത്രം
******************************************************************************************************************************
ഇനിയുള്ളത്  കാലിഗ്രാഫിയാണ്. അത് എന്തെന്ന്‍ മനസ്സിലാക്കി വരുന്നേയുള്ളു.. പഠിച്ചിട്ടില്ല. അതിനെനിക്ക് വീട്ടില്‍തന്നെ ഒരു മാര്‍ഗം തുറന്നു കിട്ടിയത് ഭാഗ്യമായി..ഇക്കാക്കാന്‍റെ മുറിയില്‍‍ പണ്ടേ തൂങ്ങിക്കിടക്കുന്ന ഒരു കലണ്ടര്‍‍.അതില്‍ വായിച്ചെടുക്കാന്‍ പ്രയാസമുണ്ടാക്കുന്ന മട്ടില്‍    ഖുര്‍ആന്‍ ആയത്തുകള്‍ ഭംഗിയായി എഴുതിയിട്ടുണ്ടായിരുന്നു.അത് കാലിഗ്രാഫിയില്‍ ചെയ്തതാണെന്ന് പറയുന്നതും കേട്ടിട്ടുണ്ട്..ഇക്കാക്കാനോട് ചോദിച്ചു ഒന്നുകൂടി ഉറപ്പു വരുത്തി.
അത് നോക്കി കുറെയൊക്കെ സൂത്രങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു.
മുന മുറിച്ച പോലുള്ള വലിയൊരു പെന്നും ഇക്കാക്ക സങ്കടിപ്പിച്ചു തന്നു..,(മാര്‍ക്കെര്‍,,അന്നൊന്നും കണ്ടിട്ടേയില്ലായിരുന്നു.)
*********************************
എഴുതാന്‍ തന്ന ചെറിയ ഖുര്‍ആന്‍ വചനം എന്നാല്‍ കഴിയും വിധം ഒരാള്‍ക്കും വായിക്കാന്‍ പറ്റാത്ത തരത്തില്‍ എഴുതി.
എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കുപോലും വായിക്കാന്‍ പറ്റാത്ത പരുവം.**നൂനും **മീമുമൊക്കെ എന്‍റെ പേനത്തുമ്പില്‍ കിടന്നു വാല് നീണ്ട് കെട്ടു പിണഞ്ഞ് മേലോട്ട് പാഞ്ഞു...! *താഉം *ബാഉം കീഴ്മേല്‍ മറിഞ്ഞു..!!  വള്ളിപുള്ളികള്‍ തലങ്ങും വിലങ്ങും ചിന്നിച്ചിതറി..!!
അങ്ങനെ എന്‍റെ ‍ കാലിഗ്രാഫി..  ’എന്തോ’ഗ്രാഫിയായി മാറിയപ്പോള്‍ ഞാന്‍ നേരെയിരുന്നു ശ്വാസം  വിട്ടു. നാലുപാടും ഒന്ന് പാളി നോക്കി.ഒക്കെ പഴയപോലെ തന്നെ..,എല്ലാവരും അവസാന മിനുക്കു പണികളില്‍..,എനിക്കാണെങ്കില്‍ മിനുക്കാനൊന്നുമില്ലായിരുന്നു...!!  
{{**അറബി അക്ഷരങ്ങള്‍}}
***********************************************************************************************************************
Image1950
പുതിയൊരു ശ്രമം.
************************************************************************************************************************
DSC03829
   ഇതിയാള് (രണ്ടാമന്‍)  നോക്കി വരച്ചത്.  
<<<<ആരും സ്വന്തമായിട്ടൊന്നും വരക്കാറില്ല..എന്നോ വരച്ച ചില ‘നോക്കി വരചിത്രങ്ങള്’‍ തിരഞ്ഞു പിടിച്ച്, വിഷയം ഇതായതിനാല്‍ ചേര്‍ത്തൂന്നു മാത്രം. ഇപ്പോള്‍ നെച്ചുക്കുട്ടന്‍ മാത്രമേ വരക്കാറുള്ളൂ..>>>
**********************************************************************************************
ഇനി രണ്ടേ രണ്ടു ദിവസം..!പാട്ടു കിട്ടിയിട്ടില്ല..കഥാപ്രസംഗം എങ്ങനെന്നുപോലും അറിയുകയുമില്ല.വേണ്ടിയിരുന്നില്ല..എന്ന് നൂറുവട്ടം തോന്നുമ്പോഴും വേണമല്ലോന്നു ഇരുനൂറു വട്ടം തോന്നും..!!  നോ രക്ഷ!!
പാട്ടിന്‍റെ കാര്യത്തില്‍ മൂത്താപ്പാനെയാണ് ആശ്രയിക്കാര്.മൂപ്പര് സ്ഥലത്തുണ്ടെങ്കില്‍ ഓക്കേ.നാടോടിയെ പോലെ  കറങ്ങി നടക്കുന്ന മൂത്താപ്പാനെ കണ്ടു കിട്ടാനാണ് പ്രയാസം.മാപ്പിളപ്പാട്ടിന്‍റെ ആശാനാണ്.പറഞ്ഞിട്ടെന്ത്..ആള്‍ വീട്ടിലില്ലാത്തതിനാല്‍ അത് നടന്നില്ല. ഇനിയിപ്പോ എന്ത് ചെയ്യും..ഇസ്ലാമിക സ്ഥാപനമായതിനാല്‍  സിനിമാ പാട്ടൊന്നും പാടാനും പറ്റില്ല..
നിരാശ മൂത്ത് നരച്ചു ദേഷ്യത്തിലേക്കും കരച്ചിലിലെക്കും പോകുമെന്ന ഘട്ടത്തിലാണ് മനസ്സില്‍ മറ്റൊരു മുഖം തെളിഞ്ഞു വന്നത്..ഇതുവരെ ഇങ്ങനെ ഒരാവശ്യവുമായി ചെന്നിട്ടില്ല.
ഉമ്മാനോട് ചോദിച്ചപ്പോള്‍ ആവോ..ആര്ക്കറിയാം…എന്ന മട്ടിലുള്ള “സുന്ദരന്‍” മറുപടി.
കക്ഷി ഉമ്മാന്റെ സ്വന്തം അമ്മാവനാന്നു പറഞ്ഞിട്ടെന്താ...ആളിന്‍റെ വില ഉമ്മാക്കറിയില്ലല്ലോ…
മൂപ്പര്‍  സ്വന്തമായി പാട്ടെഴുതി ട്യൂണ്‍ ചെയ്യുന്ന ആളാണ്‌.ചില കവിതകള്‍  പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അങ്ങനെ‍ എഴുതി ട്യൂണ്‍ ചെയ്ത   ഒരു പാട്ട് കിട്ടി.പറഞ്ഞുതന്നതുപോലെയൊക്കെ  പാടി പഠിച്ചു..
അങ്ങനെ പാട്ടും ഓക്കെ……
കഥാപ്രസംഗത്തിനു പേര് കൊടുക്കാന്‍ തോന്നിയ നശിച്ച സമയത്തെ ശപിച്ചു കൊണ്ട്  ഞാനതിനെചൊല്ലി വേവലാതി പൂണ്ടു.ഇനി ഒഴിവാകാനും പറ്റില്ല..ആകെ കുടുങ്ങിയ മട്ട്.
ഒരു കുട്ടി കഥാപ്രസംഗം റിഹെര്‍സല്‍ ചെയ്യുന്നത്കൂടി കണ്ടപ്പോള്‍ എന്‍റെ പേടിയുടെ വോളിയം ഒന്നുകൂടി വര്‍ധിച്ചു..
കൈകൊണ്ടും മുഖം‍ കൊണ്ടും ആകുട്ടി കാട്ടിക്കൂട്ടുന്ന താളമേളങ്ങള്‍ കണ്ടു എന്‍റെ കണ്ണ് തള്ളിപ്പോയി.
അതില്‍ നാലിലൊരംശം താളം പോലും എന്‍റെ കയ്യിലില്ല..! എന്നിട്ടല്ലേ മേളം..!?
അപ്പോഴാണ് എനിക്കൊരു സൂത്രം തോന്നുന്നത്.  കഥ പറയാന്‍ മറ്റാരെയെങ്കിലും ഏര്‍പ്പാടാക്കി പാട്ട് സ്വയം പാടിയാല്‍ വലിയ കുഴപ്പമുണ്ടാകില്ല.  പേടിക്കും ഒരാക്കം കിട്ടും.
പറ്റിയ ഒരാളെ കണ്ടുപിടിച്ചു..,അത്ത്യാവശ്യം അഭ്യാസങ്ങളൊക്കെ വശമുള്ള ആളാണ്‌.. രണ്ടാളും പ്രക്ടീസോക്കെ ചെയ്ത് റെഡിയായി.   അവള് നല്ല കട്ടിയിലും കനത്തിലും  കഥ പറയും… ഞാന്‍ കനം കുറച്ച് മയത്തിലങ്ങനെ പാടുകയും ചെയ്യും.. കേട്ടവരും മോശമായിട്ടൊന്നും പറഞ്ഞില്ല.
ദിവസം അടുത്ത് വരും തോറും എന്‍റെ ചങ്കിടിപ്പിന്‍റെ വേഗതയും കൂടി.
************************************************************************
കിട്ടിയ ഇച്ചിരി ധൈര്യവുമായി വിറച്ചുകൊണ്ട് പാട്ട് പുസ്തകവുമായി ഞാന്‍ സ്റ്റേജില്‍!!
ആദ്യമായാണ്‌ ഒരു സ്റ്റേജില്‍ കേറിയിങ്ങനെ ഒറ്റക്ക് നില്‍ക്കുന്നത്‌.കൈവെള്ള വിയര്‍ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഒരു വിധത്തില്‍ ധൈര്യം സംഭരിച്ച് സദസ്സിലേക്ക് നോക്കി.
അനേകം കണ്ണുകളുടെ തുറിച്ചു നോട്ടത്തിനു മുന്നില്‍  എന്‍റെ നെഞ്ചിനകത്തൊരു കതിനാവെടി പൊട്ടി!!
രണ്ടാം വെടി പൊട്ടും മുമ്പേ പാട്ട്ബുക്കുകൊണ്ട് ഞാനൊരു മറതീര്‍ത്തു..ഇപ്പോള്‍ എനിക്കാരെയും കാണുന്നില്ല..ആര്‍ക്കും എന്നെയും കാണുന്നില്ല എന്ന വിചാരത്തില്‍ ഞാന്‍ നിന്നു.
ഞൊടിയിടയില്‍ ഞാന്‍ ഒരൊട്ടകപ്പക്ഷിയായി.. !!
നെഞ്ചില്‍ മൂന്നാമതും ഒരു വെടി പൊട്ടിയാല്‍ ഞാന്‍ സ്റ്റേജില്‍ വീണു പോകും.അതിനു മുന്നേ എന്തെങ്കിലുമൊന്നു നടന്നെ പറ്റൂ..
പാട്ടിന്‍റെ വരികള്‍ എന്‍റെ മുന്നില്‍ തന്നെയുണ്ട്,,
അത് സംഭവിച്ചുകഴിഞ്ഞിരുന്നു.…!
എന്‍റെ കയ്യില്‍ പിടിച്ചു ആരോ കൊണ്ടുപോയതായി തോന്നി..!ഉള്ളിലെവിടെയോ  എന്‍റെ ശബ്ദത്തില്‍ ഒരു പാട്ടും കേട്ടു..
പിന്നെ ഒരു കയ്യടി ശബ്ദവും കേട്ടോ..എന്തോ എനിക്കറിയില്ല..
പിന്നീട് ആരൊക്കെയോ പറഞ്ഞു നന്നായി പാടിയെന്ന്..!
ഇതിന്‍റെ പേരിലുള്ള കളിയാക്കലുകൊണ്ടൊരു ഗുണമുണ്ടായി. ഒരു നുള്ള് ധൈര്യം കൂടി അധികമായിക്കിട്ടി.
ആ ഒരു നുള്ള് മുള്ളിപ്പോകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ചെന്നെത്തിയത്.
കഥാപ്രസംഗത്തിന്‍റെ കാര്യത്തില്‍ വെറും വെടിയല്ല,,ഗുണ്ടാണ് പൊട്ടാന്‍ പോകുന്നതെന്ന് സ്റ്റേജില്‍ കേറിയ ശേഷമാണ് അറിഞ്ഞത്. ഞങ്ങള്‍ രണ്ടാള്‍ സ്റ്റേജില്‍ കേറുന്നത് കണ്ടപ്പോഴെ വിധികര്‍ത്താക്കള്‍ക്കൊരു മുറുമുറുപ്പ്…പിറകെ തന്നെ പ്രഖ്യാപനവും വന്നു.
ഒരാളേ പറ്റൂന്ന്…!
കേട്ട പാതി കേള്‍ക്കാത്ത പാതി  കഥ പറച്ചിലുകാരി സ്ഥലം വിട്ടു..,!പാട്ടും കഥയും ഞാനൊറ്റക്ക് ചെയ്യണം.. സ്റ്റേജില്‍ നിന്നും ആ നിമിഷം അപ്രത്ത്യക്ഷമായെങ്കില്‍ എന്ന്  മോഹിച്ച നിമിഷങ്ങള്‍..
ഇതൊക്കെ സംഭവിക്കാത്ത കാര്യങ്ങള്‍…സംഭവിക്കാനുള്ളത് എന്നില്‍ നിന്നാണ്…, വരുന്നിടത്ത് വെച്ചു കാണാം…അങ്ങനെ അതും സംഭവിച്ചു..കട്ടിയിലും കനത്തിലും കഥ പറഞ്ഞുപറഞ്ഞ് കനമില്ലാതെ പാടിപ്പാടി..ഒരു കൈവിരല്‍ പോലും അനക്കാതെ ഒരു ഭാവ പ്രകടനവും നടത്താതെ എന്‍റെ കഥാപ്രസന്ഗവും  അവസാനിച്ചു..
എന്‍റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഈ രണ്ടു പരിപാടികളോടെ ഒരു തീരുമാനമാകുകയും ചെയ്തു..
ഇനി കാത്തിരിപ്പ്‌..
സില്‍വര്‍ ജൂബിലിയുടെ അന്നാണ് ഫലപ്രഖ്യാപനവും സമ്മാനദാനവും..
അസ്തമിച്ചുപോയ പ്രതീക്ഷകളില്‍ കാത്തിരുപ്പിന്‍റെ ഒരു ടെന്‍ഷനും എന്നെ ബാധിച്ചില്ല..
*****************************************************************
പരവതാനി വിരിച്ച കൂറ്റന്‍ സ്റ്റേജ്..വിദേശികളും സ്വദേശികളുമായ പ്രമുഖരുടെ  ഒരു വലിയ നിര തന്നെയുണ്ട്.കോട്ടുംസ്യൂട്ടും ഇട്ടവരും തട്ടവും തൊപ്പിയും ധരിച്ച്‌ സ്വര്‍ണക്കരയുള്ള അഭായ ധരിച്ച അറബികളുമൊക്കെ അക്കൂട്ടത്തിലുണ്ട്..,വെളുത്തു ചുവന്ന അറബികളെ ആദ്യമായിട്ട് കാണുകയായിരുന്നു..,കറുത്ത കോട്ട് ധരിച്ച വെളുത്തവരും കറുത്തവരുമായ ഇന്ഗ്ലിഷ് കാരെയും മുമ്പ്‌ കണ്ടിരുന്നില്ല.
മത്സരത്തിന്‍റെ കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്നതിനാല്‍ അക്കാര്യം തന്നെ മറന്ന മട്ടായിരുന്നു.
പല ഭാഷകളില്‍ പ്രസംഗങ്ങള്‍,,,തര്‍ജമകള്‍  ഒക്കെ നടക്കുന്നുണ്ട്.ഇടയ്ക്കു ഫലപ്രഖ്യാപനത്തിന്‍റെ അനൌണ്‍സും കേട്ടു.
വലിയ ശ്രദ്ധയൊന്നും കൊടുത്തില്ലെങ്കിലും ചെറിയ തോതിലൊരു ശ്രദ്ധ കൊടുക്കുകയും ചെയ്തുകൊണ്ടാണ് എന്‍റെ നില്‍പ്പ്.
പെന്‍സില്‍ ഡ്രോയിംഗ്…ഒന്നാം സ്ഥാനം…------------------------?.
രണ്ടാം സ്ഥാനം,..------------!!!!!  എന്‍റെ റബ്ബേ..എന്ന് ഞാന്‍ വിളിച്ചപോലെ എനിക്ക് തോന്നി.
സ്റ്റേജില്‍ നിന്നും അത്യാവശ്യം ദൂരത്തായിരുന്ന ഞാന്‍ ഓടുകയായിരുന്നു..,ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയായിരുന്നു ഓട്ടം!!ഇതേ പേരുള്ള മറ്റാരെങ്കിലും പിറകിലുണ്ടോന്നു നോക്കാന്‍.
അഭായ ധരിച്ച് എന്നെക്കാളും ഒരുപാട് പൊക്കത്തില്‍ വിരിഞ്ഞ് പരന്ന് നില്‍ക്കുന്ന  അറബിയുടെ മുന്നില്‍ ഈ ഞാന്‍!!
എന്‍റെ നേരെ നീണ്ട സര്‍ട്ടിഫിക്കറ്റും  സാഹിത്യപുസ്തകവും സ്വപ്നത്തിലെന്നപോലെ വാങ്ങി.
അറബിക് കാലിഗ്രാഫി….ഒന്നാം സ്ഥാനം…------------------!!!!
ഇത്തവണ അധികം ഓടേണ്ടി വന്നില്ല..സ്വപ്നലോകത്തെ ബാലബാസ്ക്കരിയായി ഞാന്‍ സ്റ്റേജിന്‍റെ തൊട്ടു താഴെ‌ തന്നെ നില്‍പ്പുണ്ടായിരുന്നു..!!
ധരിച്ച കറുത്ത കോട്ടിന്‍റെ തന്നെ ഏകദേശം നിറമുള്ള ഒരു ആജാനുബാഹു..അദ്ദേഹത്തിന്‍റെ മുഖച്ചായയും തൊപ്പ്രത്തലമുടിയും കണ്ടപ്പോള്‍,,ഞങ്ങളുടെ വീട്ടില്‍ പണിക്ക് വരുന്ന കുഞ്ഞൂതനെയാണ് എനിക്കോര്‍മ്മ വന്നത്..!അതൊരു സുഡാനിയോ മറ്റോ ആയിരിക്കണം.
വെളുവെളുന്നനെയുള്ള പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് എന്‍റെ നേരെ നീണ്ട കൈകളില്‍ മറ്റൊരു സര്‍ട്ടിഫിക്കറ്റും ഒരു പുസ്തകവും..
സ്റ്റേജിനു താഴെ ഞാന്‍ മിഴിച്ചു നിന്നു..
ഗാനം ഒന്നാം സ്ഥാനം..----------!!
കഥാപ്രസംഗം രണ്ടാം സ്ഥാനം._----------!!!!
നാലിനങ്ങളിലും ജയിച്ചതിനാല്‍ ചാമ്പ്യന്‍ ഷിപ്പും..!!
മൂന്നു തവണകൂടി സ്റ്റേജില്‍ കേറി..സര്ട്ടിഫിക്കെട്ടുകളും പുസ്ത്തകങ്ങളും കൈപ്പറ്റി.
കപ്പുകളും ട്രോഫികളുമോന്നുംഅന്നാരും കണ്ടു പിടിച്ചിരുന്നില്ലേ ആവോ…!!
ചിത്രം വര നന്നായെങ്കിലും പേപ്പറിന്റെ വലുപ്പം ഉള്‍ക്കൊണ്ടു വരക്കാത്തതിനാല്‍ ഒന്നാം സ്ഥാനം നഷ്ട്ടമായി..മടങ്ങിയ ഇല ഞാന്‍ മാത്രമേ വരച്ചിരുന്നുളളു..മറ്റുള്ളവരൊക്കെ അവരിരിക്കുന്ന ഭാഗത്തുനിന്നും ആ ഇല കണ്ടില്ല എന്ന് കള്ളം പറഞ്ഞു.അതുകൊണ്ട് നിയമം പാലിച്ചില്ലെങ്കിലും എനിക്ക് സെക്കന്‍ഡ്‌ കിട്ടി.
താളവും മേളവും ഇല്ലെങ്കിലും ഈണമുണ്ടായിരുന്നതിനാല്‍ കഥാപ്രസങ്ങവും കടമ്പ കടന്നു.
പാട്ടാവട്ടെ അര്‍ത്ഥസമ്പുഷ്ട്ടമായിരുന്നു എന്നാണു അഭിപ്രായം പറഞ്ഞത്‌.
പിന്നെ ‘എന്തോ’ഗ്രാഫിയായി മാറിയ കാലിഗ്രാഫി ആര്‍ക്കും വായിക്കാന്‍ പറ്റാത്ത കോലത്തിലാക്കിയതിനാല്‍ ഫസ്റ്റ് ഒപ്പിച്ചെടുത്തു.
ഇതായിരുന്നു എന്‍റെ ആദ്യത്തേയും അവസാനത്തെയും പെര്‍ഫോമന്‍സ്‌..!!
ആ വര്‍ഷം അവസാനിക്കും മുമ്പ്‌ എന്നെ മറ്റൊരാള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത് ഉപ്പയും നല്ലൊരു പെര്‍ഫോമന്‍സ്‌ നടത്തി ആശ്വാസം കൊണ്ടു..!
അതിനടുത്ത   വര്‍ഷം പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതി  പാസ്സകാനുള്ള അവസരം കെട്ടിയോന്‍ എനിക്ക് തന്നു. ശേഷം കടലിനക്കരേക്ക് വിസ്മയക്കണ്ണുകളുമായി   ഒരു യാത്ര..!
{ ആ യാത്രാ വിശേഷങ്ങള്‍ മുമ്പ്‌ എഴുതിയിട്ടുണ്ട്.}
അന്നത്തെ ആ മനസ്സു വിട്ട്,,ആ കാലം വിട്ട്,,വല്ലാതെയൊന്നും മാറാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല..!ഇന്നും..,എന്‍റെ വരികളും വരകളും ആ കാലത്തിന്‍റെ പിറവികളായി‌ മാറുന്നതതുകൊണ്ടാകാം...! വേണ്ടും വണ്ണം അവയെ വളര്‍ത്തി വലുതാക്കാനുള്ള കാലയളവ് എനിക്കന്നു ലഭിച്ചില്ല.,അപ്പോഴേക്കും എന്‍റെ സമയം എന്‍റെ പ്രിയപ്പെട്ട മക്കള്‍ക്കുള്ളതായി മാറിക്കഴിഞ്ഞിരുന്നു...,
അന്നും ഇന്നും ഞാന്‍ ആ പൊയ്പോയ കാലത്താണ് ജീവിക്കുന്നത്,,.എന്‍റെ മനസ്സിനെ ഇന്നത്തെ കാലത്തിലേക്ക്,,പ്രായത്തിലേക്ക്,,,കൂട്ടിക്കൊണ്ട് വരാന്‍ പാട് പെടുകയാണ് ഞാനിന്ന്.‍..!
 
Image1935
 
 
 
******************************************************************************************

നെച്ചൂന്‍റെ പുതിയ വരകള്‍ നോക്കാന്‍ മറക്കല്ലേ..

Friday, April 15, 2011

കയ്യെഴുത്തു മാസികയിലെ പള്ളി…!!



DSC01719

 മുമ്പേ പറഞ്ഞത്‌ ...ഇവിടെ...
****************************************************************
DSC01740
ഇക്കാക്ക ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സിലാണന്ന്..,ഞാനും അനിയനും യൂപി സ്കൂളില്‍ ഏഴിലും ,അഞ്ചിലും.
സ്കൂളില്‍   ഓരോ വര്‍ഷവും നടക്കുന്ന കലാമല്‍സരങ്ങള്‍ കാണുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന   കുട്ടികളെ കുറിച്ചാണ് ഞാന്‍ ചിന്തിക്കാറ്‌.
ഇവരൊക്കെ എങ്ങനെയാണ് ഇതിലൊക്കെ പങ്കെടുക്കുന്നത്..
ആരോടാണ് പറയേണ്ടത്‌..എവിടെയാണ് പേര് കൊടുക്കേണ്ടത്‌…?..എല്ലാം എനിക്കറിയാത്ത കാര്യങ്ങളായിരുന്നു.
സ്റ്റേജില്‍ കേറാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ലെങ്കിലും പെന്‍സില്‍ ഡ്രോയിംഗിലും ,ഹാന്‍ഡ്‌ റൈറ്റിംഗിലുമൊക്കെ പങ്കെടുക്കാന്‍ വല്ലാതെ  ആഗ്രഹിച്ചിരുന്നു..,പക്ഷെ എങ്ങനെ.. എവിടെ എന്നൊന്നും ഒരെത്തും പിടിയുമില്ല. !?
അതാരോടും ചോദിച്ചുമില്ല,,അതുകൊണ്ട് തന്നെ ഒരിക്കലും അറിയാനും പറ്റിയില്ല..,
വീട്ടിലാണെങ്കില്‍ സ്കൂളില്  ഇങ്ങനെയൊരു പരിപാടി ‍ നടക്കുന്ന കാര്യം തന്നെ അറിഞ്ഞിട്ടുമുണ്ടാവില്ല.
ഇതൊക്കെ ടീച്ചര്‍മാരുടെ കുട്ടികള്‍ക്കുള്ളതായിരിക്കും എന്ന് സമാധാനിച്ച് പരിപാടികള്‍ ഒന്നൊഴിയാതെ ഇരുന്നു കാണും.തൊണ്ട പൊട്ടിച്ച് ചില കുട്ടികള്‍ പാടുന്നത് കേട്ട് ഉള്ളില്‍ ചിരിവരും.എനിക്കതിലേറെ പാടാന്‍ കഴിയുമല്ലോന്നോര്‍ത്ത്..ഞാന്‍ എത്ര ഈണത്തിലാണ് മലയാളപ്പദ്യം ചൊല്ലുന്നത്,,!?(എന്നെനിക്കന്നു തോന്നിയിരുന്നല്ലോ..??)
*************************************************************************
ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാല്‍ എനിക്കും ഇക്കാക്ക പഠിക്കുന്ന
സ്കൂളില്‍ പോകാം,പിന്നെ ഇക്കാകാനോട് ചോദിച്ചും മറ്റും എല്ലാറ്റിനും ഒരു പരിഹാരമുണ്ടാകും..
എന്നൊക്കെ ഊറ്റം കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്..എന്‍റെ ആഗ്രഹങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് എട്ടാം ക്ലാസ്സിലേക്ക് എന്നെ ചേര്‍ത്തത് ഒരു ഇസ്ലാമിക സ്ഥാപനത്തിലായിരുന്നു. ഉപ്പാനെ പറഞ്ഞിട്ട് കാര്യമില്ല.., എന്‍റെ മനസ്സിനുള്ളിലെ  കാര്യങ്ങള്‍ ഉപ്പ എങ്ങനെ അറിയാന്‍...!?
ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും ഉദ്ദേശിച്ചായിരുന്നു ഉപ്പ അങ്ങനെ ചെയ്തത്..പക്ഷെ എനിക്കിതങ്ങോട്ട് തീരെ പിടിച്ചില്ല..,എതിര്‍ക്കാനുള്ള ചങ്കൂറ്റം പോയിട്ട് ഒരു കരച്ചിലിലൂടെ പോലും പ്രതിഷേധിക്കാന്‍ എനിക്കന്നു കഴിഞ്ഞതുമില്ല.
ഇഷ്ട്ടക്കേടിനു കാരണം, എന്‍റെ തെറ്റായ ചില ധാരണകള്‍മാത്രമായിരുന്നു..
ഇത്തരം സ്ഥാപനങ്ങളില്‍ വെറും അറബിയും ഖുര്‍ആനും ഹദീസും ഒക്കെയേ ഉണ്ടാകൂ..മറ്റു യാതൊന്നും പഠിക്കില്ല.എന്നായിരുന്നു ഞാന്‍ ധരിച്ചു വെച്ചിരുന്നത്.
പക്ഷെ എല്ലാ ധാരണകളെയും തിരുത്തുന്ന തരത്തിലുള്ളതായിരുന്നു അവിടുത്തെ അന്തരീക്ഷം.പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍..കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍പോലും പുറത്തുകൊണ്ടുവരുന്ന മികവുറ്റ അധ്യാപകര്‍..
എന്‍റെ ഇഷ്ടക്കേട് ഇഷ്ട്ടത്തിലെക്ക് വഴി മാറാന്‍ അധികം താമസമൊന്നും വേണ്ടി വന്നില്ല.
ആയിടക്കാണ് ഒരു കയ്യെഴുത്ത് മാസികയുടെ ചര്‍ച്ചക്ക് ചൂട് പിടിക്കുന്നത്..
അപ്പോഴും ഞാന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലക്കിരിക്കുന്ന കുട്ടി തന്നെ.നേരെ ചൊവ്വേ ഒരാള്‍ മുഖത്ത് നോക്കിയാല്‍ വിറ വരുന്ന പ്രകൃതം..
( വീട്ടില്‍ പുലിവേഷം ആടുമെങ്കിലും പുറത്തിറങ്ങിയാല്‍ ഇപ്പോഴും എലിയാണ് കെട്ടോ..)
അങ്ങനെയൊരുനാള്‍  എന്‍റെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിതന്നെയാണ് എന്നെ ഒറ്റിക്കൊടുക്കുന്നതും,,ഞാന്‍ പിടിക്കപ്പെടുന്നതും…!!
നോട്ടുബുക്കില്‍ അവിടെവിടെയായി കോറിയിട്ട വരികളും വരകളും തെളിവായി കണ്ടുപിടിക്കുകയും ചെയ്തതോടെ  എന്നെ കസ്റ്റടിയിലെടുക്കുകയും കയ്യെഴുത്തു മാസികയുടെ ആര്‍ട്ട് എഡിറ്ററായി നിയമിച്ചു കൊണ്ട് കേസ് ചാര്‍ജ്‌ ചെയ്യുകയും ചെയ്തു.
അധികം സംസാരിക്കാത്ത അധികമാരോടും ഇടപെടാത്ത എനിക്ക് സത്യത്തില്‍ ഇതൊരു ശിക്ഷയായിട്ടാണ് അനുഭവപ്പെട്ടത്‌.എഴുതുന്നതും വരയ്ക്കുന്നതും ആരെങ്കിലും നോക്കി നിന്നാല്‍ വിറച്ചിട്ട് പിന്നെ എനിക്കൊന്നിനും കഴിയില്ല.
ഞങ്ങളുടെ മലയാളം ടീച്ചര്‍ എന്‍റെ അവസ്ഥ മനസ്സിലക്കിയെന്നോണം എനിക്ക് കുറെ സൌകാര്യങ്ങളൊക്കെ ചെയ്തു തന്നു.ക്ലാസ്സില്‍  വാക്കുകളുടെ അര്‍ത്ഥവും പര്യായവും  പറയുമ്പോള്‍ മറ്റുകുട്ടികളെക്കാള്‍ ഒരു പണത്തൂക്കം ഞാന്‍ മുന്നിട്ടു നിന്നിരുന്നു.അതുമാത്രമല്ല മലയാളം പരീക്ഷയില്‍ എന്നും ക്ലാസ്സില്‍ ഒന്നാമതും ഞാനായിരുന്നു.
ഇതൊക്കെ കൊണ്ടാകാം  ടീച്ചര്‍ക്ക് എന്നോട് ഒരു പ്രത്യേകം ഇഷ്ടമുള്ളതായി  തോന്നിയിരുന്നു. അങ്ങനെയാണ് ചില വര്‍ക്കുകള്‍ വീട്ടില്‍ കൊണ്ടുപോയി ചെയ്യാന്‍ ടീച്ചര്‍ എനിക്കനുവാദം തന്നത്.
ഇതെന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
കാരണം,വീട്ടിലാകുമ്പോള്‍ ഇക്കാക്കാന്‍റെ സഹായം തേടാം..എന്നിട്ട് മറ്റുള്ളവരുടെ മുന്നില്‍ എനിക്കാളാകുകയും ചെയ്യാം.
അങ്ങനെ ഇക്കാക്കാന്‍റെ  സഹായത്താല്‍   ഒരുവിധം മുന്നോട്ടു പോകുമ്പോഴാണ് സാര്‍ എന്നോട് ഒരു കാര്യം നിര്‍ദേശിക്കുന്നത്.
മൂപ്പര്‍ അല്പ്പസ്വല്‍പ്പം കലാബോധമുള്ള കൂട്ടത്തിലാണെന്നറിഞ്ഞിരുന്നു.
കയ്യെഴുത്ത് മാസികയില്‍ ഞങ്ങളുടെ പള്ളിയുടെ പടം വരയ്ക്കണം!!
പോരെ പൂരം..!?
ഞാനാകെ അങ്കലാപ്പിലായി. എങ്ങനെ രക്ഷപ്പെടുംഎന്നറിയാതെ കുഴങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പരുങ്ങി.
മുഖം കോടിയ പെണ്ണുങ്ങളെ മാത്രം വരച്ചു ശീലമുള്ള ഞാനെങ്ങനെ ഒരു വലിയ പള്ളിയെ മുഴുവനായും വരക്കും..?  എന്‍റെയൊരു പ്രകൃതം വെച്ചു നോക്കുമ്പോള്‍ വല്ലതും പറഞ്ഞ് തടിയൂരാനുള്ള മിടുക്കുമില്ലായിരുന്നു.
നമസ്ക്കരിക്കാന്‍ പോകുമ്പോഴൊക്കെ പള്ളിയെ ആകെ മൊത്തം നോക്കി ഞാന്‍ വീണ്ടും വീണ്ടും ബേജാറായി.
അതിന്‍റെ വലിയ മിനാരങ്ങളും കുബ്ബയും നോക്കി നോക്കി എന്‍റെ പിരടി കഴച്ചു..
വയ്യാന്നൊരു  വാക്ക് പറയാന്‍ കഴിയാതെ സംഗതി ഏറ്റുപോയില്ലേ..എന്തായാലും രണ്ടും കല്‍പ്പിച്ചു വരക്കാന്‍ തന്നെ തീരുമാനിച്ചു.പെന്‍സിലെടുത്ത് ‍ ആശാരിമാര്‍ ചെയ്യുന്ന പോലെ നല്ല ഭംഗിയില്‍ ചെത്തിയെടുത്തു.
നിറം കുറച്ച്  വരച്ചും മായിച്ചും  പള്ളിയെ ഒരുവിധം കടലാസ്സിലാക്കി.. 
അവസാനം നല്ല കറുത്ത മഷികൊണ്ട് മേലെക്കൂടി കളര്‍ കൂട്ടി വരച്ചു.ബ്രെഷും പെയിന്റും ഒന്നും വശമില്ല.
പെന്‍സില്‍ കൊണ്ടോ പെന്നുകൊണ്ടോ മാത്രം മേല്‍പറഞ്ഞ പെണ്ണുങ്ങളെ വരക്കും.
പിന്നെ ക്ലാസ്സ് ടൈംടേബിള്‍, കള്ളിയൊക്കെ വരച്ചു നല്ല ഭംഗിയായി എഴുതി ക്ലാസ്സില്‍ തൂക്കിയിട്ടുമുണ്ട്.
വരയിലുള്ള എന്‍റെ പാണ്ഡിത്ത്യം ആകെ ഇത്രമാത്രം..
അങ്ങനെയുള്ള ഞാനാണ് ഒരു പള്ളി മുഴുവനായും  വരച്ചിരിക്കുന്നത്..!
ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഒരു പന്തികേട് മണക്കുമെന്നുറപ്പ്..വരച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ മണത്തു, ഒരു വലിയ പന്തികേട്..!എന്താണെന്ന് മനസ്സിലാകുന്നുമില്ല.
വരിവരിയായുള്ള ജനലുകള്‍ക്കൊന്നും കുഴപ്പമില്ല..
കമാനങ്ങളും ഓക്കേ..മിനാരങ്ങള്‍ സ്കെയില്‍ വെച്ച്  വരച്ചതിനാല്‍ ഒരു വളവുപോലുമില്ല. പിന്നെ കുബ്ബ,,അതും നല്ല വലിപ്പത്തില്‍ പറയത്തക്ക കോട്ടമൊന്നും ഇല്ലാതെ അങ്ങനെ..,
എന്നാലും…ഒരിത്...
വരക്കാനേല്പ്പിച്ച സാറിന് കൊണ്ടുപോയി കാണിച്ചുകൊടുത്തു.
തികട്ടി വരുന്ന ചിരി അടക്കിപ്പിടിച്ച് ചിത്രത്തിലേക്ക് നോക്കുകയാണ് സാര്‍.
ഞാനാണെങ്കില്‍  ഒരു ധൈര്യത്തിനു  വേണ്ടി എന്‍റെ കൂടെ കൂട്ടിയിരുന്ന കൂട്ടുകാരിയുടെ മുഖത്തേക്കും സാറിന്‍റെ മുഖത്തേക്കും മാറിമാറി നോക്കി.
അവസാനം സാര്‍ പറഞ്ഞു.
"ഇത്രേം വലിയൊരു കുബ്ബയും താങ്ങി അധിക കാലം ഈ പള്ളി നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല..!!"
പറഞ്ഞതും സാറ് പൊട്ടിച്ചിരിച്ചു.
അപ്പോള്‍  എനിക്കും തോന്നി ..കുബ്ബക്ക് ഒരുപാട് വലുപ്പമുണ്ടല്ലോന്നു.
സാറിന്‍റെ സഹായത്തോടെ കുബ്ബ പള്ളിക്ക് പാകത്തിനാക്കിയപ്പോള്‍ ഒരു വിധം ഓക്കെ.
അങ്ങനെ ആ കടമ്പ കഴിഞ്ഞു.മാസിക പുറത്തിറങ്ങിയപ്പോള്‍ കുട്ടികള്‍ എന്നെ കുറച്ചൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി.
പക്ഷെ എന്‍റെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായാണ് തോന്നിയത്‌.
ആരെങ്കിലും എന്നെ നല്ലോണം ഒന്ന് നോക്കിയാല്‍ നേരെ ചൊവ്വേ നടക്കാന്‍ പോലും പറ്റാതെ ഞാന്‍ ബുദ്ധിമുട്ടി.
ഇങ്ങനെയൊക്കെയാണെങ്കിലും പിന്നീടെനിക്ക് കുറേശേ ഒരു ധൈര്യമൊക്കെ വന്നുതുടങ്ങി.
അധികമൊന്നുമില്ല,,  ഒരിച്ചിരി..!
വിറയും പേടിയും അല്‍പ സ്വല്പം മാറിത്തുടങ്ങുകയും ചെയ്തു.









ഒന്‍പതാം ക്ലാസ്സിലേക്ക് ജയിച്ചു കേറിയ സമയം..,
ഞങ്ങളുടെ മാതൃസ്ഥാപനത്തിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ മുന്നോടിയായി കലാമല്‍സരങ്ങള്‍ 


നടത്തുന്നവിവരമറിഞ്ഞു.

കൂട്ടുകാരികളുടെ നിര്‍ബ്ബന്ധവും കിട്ടിയ അല്‍പ്പം ധൈര്യവുമായി ഞാനും മറ്റു കുട്ടികളോടൊപ്പം പേര് കൊടുത്തു.

എന്‍റെ സ്കൂള്‍ ജീവിതത്തിലെ ആദ്യ മല്‍സരം.നാലിനത്തിനു മത്സരിക്കാം. പെന്‍സില്‍ ഡ്രോയിംഗ് ,.പിന്നെ അറബിക് കാലിഗ്രാഫി..(ഇതെന്താണെന്ന് പേര് കൊടുത്ത ശേഷമാണ് മനസ്സിലായത്‌)

ഇനിയും രണ്ടിനങ്ങള്‍ ബാക്കി. രണ്ടും കല്‍പ്പിച്ച് അതും ഉറപ്പിച്ചു.കഥാ പ്രസംഗവും പാട്ടും.

വീട്ടിലെത്തിയിട്ടാണ് ബോധോദയമുണ്ടാകുന്നത്.. ഇക്കണ്ട ഐറ്റത്തിനൊക്കെ പേര് കൊടുത്തത്‌ ഞാന്‍ തന്നെയാണോ..!?
പേടി എന്നെ ആക്രമിക്കാന്‍ തുടങ്ങി.

ഇങ്ങനെയൊക്കെ ആണെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍  ആരോ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നൊരു തോന്നലും ശക്തമായി...,
ആ തോന്നല്‍ എന്നെ പതുക്കെ മുന്നോട്ടു നയിച്ചു..
 

തുടരാം…
**********************************************************************************
നെച്ചൂന്‍റെ വിഷുആശംസകള്‍ ആരും കണ്ടില്ലാന്നുണ്ടോ…!!??
നെച്ചൂസ് വേള്‍ഡില്‍  ഇന്നലെ തന്നെ ഇട്ടതാണല്ലോ....

Image1599

******************************************************************************************************************************************************************