കൂട്ടുകാര്‍

Thursday, December 30, 2010

കുളം പറഞ്ഞ കഥ!!! ഖണ്ഡം-3
ഹത് ..ശെരി,,  ഇത് നല്ല കഥ !       ഇങ്ങനെയായാല്‍     ഇപ്പൊ   നിര്‍ത്തേണ്ടി വരും,,,, കഥയും   മണ്ണാം കട്ടയും....  എനിക്ക്   വേറെ   പണിയുണ്ട്,,
കഥ    കേള്‍ക്കാന്‍   ഇരുന്നു   തന്ന  എന്നെ  പറഞ്ഞാല്‍  മതി.

കുളപ്പടവില്‍    പതിഞ്ഞു   കിടന്നിരുന്ന   പരല്‍  മീനുകള്‍   എന്‍റെ   വര്‍ത്തമാനം  കേട്ട്   തലപൊക്കി,,,, സന്തോഷത്തോടെ    പരക്കം   പാഞ്ഞു...
നിറയെ  ചുഴികള്‍    തീര്‍ത്തുകൊണ്ട്   കുളത്തെ  ഉണര്‍ത്താനുള്ള ശ്രമമായി.


കുളം ഉണര്‍ച്ചയിലേക്ക് വരാന്‍..  അധികസമയം    വേണ്ടി   വന്നില്ല,

അങ്ങേ കരയിലും  ഇങ്ങേ കരയിലും  തൊട്ട്..ഓളങ്ങളില്‍  പൊങ്ങിയുള്ള  കുളത്തിന്‍റെ   പതിവ്   വ്യായാമവും  കൂടി    കഴിഞ്ഞപ്പോള്‍  മൊത്തത്തില്‍   എല്ലാവരും   ഉഷാറില്‍....
ക്ഷമ   നശിച്ചു  പടവിലിരുന്ന  എനിക്കുമുന്നില്‍     കുളം  വീണ്ടും  ചലനമറ്റു കിടന്നു..
കഥ   കേള്‍ക്കാനായി   പരല്‍   മീനുകള്‍   എന്‍റെ   കാലുകളില്‍   തൊട്ട് കിടപ്പായി.....തെങ്ങുകളും    വൃക്ഷങ്ങളും    നേരിയൊരനക്കം   പോലും  അവശേഷിപ്പിക്കാതെ   നിശബ്ദരായി......
***********************************

" എന്‍റെ   തണുത്ത    കരങ്ങളില്‍    തിമര്‍ത്തു   കളിക്കുന്ന    പാവം   കുട്ടികള്‍   ഒന്നുമറിഞ്ഞില്ല...എനിക്കെല്ലാം    മനസ്സിലായിരുന്നു.....കാര്യങ്ങള്‍    
മുന്‍കൂട്ടിക്കാണാനുള്ള   ഞങ്ങള്‍   കുളങ്ങളുടെ    കഴിവ്   അപാരമാണ്..കേട്ടോ...
കുളിരുകോരുന്ന   ശബ്ദത്തില്‍    കുളം   പറയാന്‍   തുടങ്ങി..

വല്ല്യുമ്മ   കുളക്കരയില്‍    വന്നതും  പോയതും    ഒരാള്‍   പോലും   അറിഞ്ഞില്ല...
കൂട്ടത്തില്‍   ഒരുത്തനപ്പോള്‍    ഒരു   മരത്തിന്‍റെ   ഉച്ചിയിലായിരുന്നു....ഉയരത്തില്‍   നിന്നുള്ള   അവന്‍റെ    ചാട്ടത്തില്‍    എന്‍റെ   നില   തെറ്റി....കരയിലെ    ഒരല്‍പം   മണ്ണുമായിട്ടുള്ള   എന്‍റെ   വരവില്‍    പരല്‍ മീനുകള്‍   കണ്ണുകള്‍   തിരുമ്മി,,,,,പിന്നെ    ഞാന്‍   കാണുന്നത്    മടങ്ങിപ്പോകുന്ന  വല്ല്യുമ്മാനെയാണ്....കാര്യത്തിന്‍റെ    ഏകദേശപൊരുള്‍   പെട്ടെന്ന്    ഞാന്‍   മണത്തറിഞ്ഞതും     എനിക്ക്    ചിരി   വരാന്‍    തുടങ്ങി,,,,,

എന്‍റെ     ചിരിയിലെ    പന്തികേട്   ചിലര്‍ക്കെങ്കിലും   മനസ്സിലായെന്നുതോന്നുന്നു....
കരയില്‍   വന്നു    'ഡാഷും'  പൊത്തി പ്പിടിച്ചുള്ള    അവരുടെ  ആ    ഇളിഞ്ഞ  നില്‍പ്പുണ്ടല്ലോ....ഇന്നും    അതേ    തെളിമയോടെ   എനിക്ക്   കാണാന്‍   കഴിയുന്നുണ്ട്,,,,"

അടുക്കള ക്കൊലായില്‍    വള്ളിട്രൌസറുകള്‍   കുട്ടികള്‍   കാണത്തക്കം   പിടിച്ചു,   
ജേതാത്തിയെ പോലിരിക്കുന്ന    വല്ല്യുമ്മാനെ   അവര്‍    കഴിയുന്നത്രയും    ദയനീയമായി    നോക്കി....വല്ല്യുമ്മാക്ക്    നോ  കുലുക്കം,,,!

കൂട്ടത്തില്‍    സോപ്പിടലിന്‍റെ    ആസാമിയായ   ഒരുത്തന്‍    ഒരു   ചന്ദ്രിക   തന്നെയങ്ങ്   പതപ്പിച്ചു..
പതയടങ്ങും  മുന്നേ.... വല്ല്യുമ്മാക്കുള്ള   മുറുക്കാന്‍   വാങ്ങല്‍...മുരിങ്ങയൊടിക്കല്‍,,,,
കടയില്‍  പോക്ക്   തുടങ്ങി   എല്ലാവിധകാര്യങ്ങളും   മൊത്തമായും   ചില്ലറയായും   ഏറ്റെടുത്ത്‌    ഡാഷും   പൊത്തിപ്പിടിച്ചു ഇളിഭ്യവിനീതനായി.. 

ചന്ദ്രികാസോപ്പിനു   പതയല്‍പ്പം   കൂടുതലാണല്ലോ....
വല്ല്യുമ്മ    ഒന്നയഞ്ഞു....
ഒന്നിരുത്തി   മൂളിയിട്ടു     നിക്കറുകള്‍   തിരികെ   നല്‍കി....

എന്നെ   ഒന്ന്    തിരിഞ്ഞു   പോലും    നോക്കാതെ    അവര്‍    ട്രൌസറുകള്‍   വലിച്ചു  കേറ്റി    ഓടിപ്പോയി,,,,

പിന്നീടുള്ള    എന്‍റെ    ദിനങ്ങള്‍    പണ്ടത്തെ   പോലെ   ഏകാന്തമായി...
പരല്‍മീനുകള്‍    ഏതുനേരവും   ഉറക്കം  തന്നെ....,
വേനല്‍    അതിന്‍റെ     എല്ലാ    അര്‍ത്ഥത്തിലും    എന്നെ   നോവിച്ചുരസിച്ചു....

അവന്‍റെ    അഹങ്കാരംമൂക്കുന്ന    ചില വേളകളില്‍      ഭൂമിയിലേക്കാണ്ടു         പോകുമോ    എന്ന്   ഞാന്‍    വല്ലാതെ    ഭയന്നു...!
എന്‍റെ    നീരുറവകള്‍    എനിക്ക്   നഷ്ടപ്പെടുന്നത്   വര്‍ധിച്ച   സങ്കടത്തോടെ...
ഞാന്‍   തിരിച്ചറിഞ്ഞു...!    തൊണ്ടയിലെ     വെള്ളം   പറ്റെ   വറ്റുമെന്ന്  തോന്നുന്ന  ചില    നേരങ്ങളില്‍,,,,     വല്ലപ്പോഴും   വിരുന്നു  വരുന്ന    ഇളം   കാറ്റ്   എനിക്കാശ്വാസമേകി!
പരല്‍    മീനുകള്‍     ക്ഷീണം   ബാധിച്ചു   തീരെ    എഴുന്നേല്‍ക്കാതെയായി,
ചെളിപിടിച്ചു    വികൃതമായ       എന്‍റെ    മാറിലെ     തണുപ്പേറ്റു
പതിഞ്ഞു      കിടന്നു    മയങ്ങി,,,,,

ഈ    ചൂട്‌   ഇനിയും   തുടര്‍ന്നാല്‍,,,എന്‍റെ  അവസാനത്തെ    നീരുറവകളും    വറ്റുന്ന   ആ   വേദനാജനകമായ    അവസ്ഥയോര്‍ത്ത്   ഞാന്‍  ഉറക്കം   ഞെട്ടുന്നത്   പതിവായി...."
************************************
ആ    അവസ്ഥ    മനസ്സില്‍    കണ്ടിട്ടെന്നവണ്ണം     കുളമൊന്നു    നടുങ്ങി...   
കുളത്തിന്‍റെ    നടുക്കം    മൊത്തത്തില്‍    ബാധിച്ചു...

ഇടയ്ക്കു    കുളത്തിലേക്ക്‌    വീണ    ഒരച്ചിങ്ങ   വെള്ളത്തിനടിയില്‍     മയക്കം  വിട്ടുണര്‍ന്ന    അമ്മയുടെ   കൈകളിലെത്തി   നിശ്ചലമായി...!

നേരിയ    തോതിലൊരു    മടുപ്പ്     എന്നെ    ബാധിച്ചു    തുടങ്ങിയിരുന്നു...     എന്‍റെ    മടുപ്പ്‌    ഒട്ടും   തന്നെ   വക    വെക്കാതെ      കുളം    അതിന്‍റെ    ഓര്‍മകളുടെ    നീരറകള്‍    തുറന്നുകൊണ്ടേയിരുന്നു...
******************************

"അന്നൊരു   ഉച്ചനേരമാണെന്നാണെന്‍റെയോര്‍മ്മ...
മാനം   ഇരുണ്ടിരുണ്ട്     വന്നു..തണുത്ത   കാറ്റ്   എന്നെ   തഴുകി ത്തലോടി,,,
വേനല്‍ചൂടില്‍      മഞ്ഞച്ച    മുരിങ്ങയിലകള്‍     വീഴ്ത്തി         ഇളം കാറ്റ്   എന്നെ    പുതപ്പിച്ചുറക്കി...                 

രാത്രിയിലെപ്പോഴോ    എന്നിലേക്ക്     പെയ്തിറങ്ങിയ       ജീവകണങ്ങളെ     നേരം    വെളുക്കും  വരെ      ക്ഷീണമേതുമേശാതെ    ഞാന്‍    ഏറ്റു     വാങ്ങി....

ഇനിയുള്ള     ദിനങ്ങള്‍      എന്‍റെ     കര്‍ത്തവ്യ    നിര്‍വഹണത്തിന്‍റെയാണ്..
ആവോളം     വെള്ളം     കുടിക്കണം...കുടിച്ചു   കുടിച്ചു    കരകവിഞ്ഞു      ചര്‍ദ്ദിക്കണം..    അപ്പോഴെ   എനിക്ക്     ത്രിപ്തിയാകൂ....

ദിനങ്ങള്‍     കഴിയവേ        ഞാന്‍      എന്‍റെ   ശരീര സൌന്ദര്യം   വീണ്ടെടുത്തു,,       വീണ്ടും    ഒരു     പൂര്‍ണകുളമായി മാറിക്കഴിഞ്ഞിരുന്നു.....പരല്‍മീനുകളും    സന്തോഷത്തിമര്‍പ്പിലാണ്....

കഴിഞ്ഞവേനലില്‍     ഒരു    വികൃതി പ്പയ്യന്‍റെ     കീറത്തോര്‍ത്തില്‍     ജീവന്‍    പൊലിഞ്ഞ     കൂട്ടുകാര്‍ക്കു     പകരമായി      വേറെ    ചിലരൊക്കെ    വന്നിട്ടുണ്ട്.....

കരയില്‍    നിന്നും    കുത്തിയൊലിച്ചു     വന്ന   കലക്കവെള്ളത്തില്‍ നിന്നാണ്    അവരെന്‍റെ     മാറിലേക്ക്    വീണത്...

കുറച്ചു     കണ്ണാം  ചൂട്ടികളും,,,ഒരു   പറ്റം    കൊയ്ത്തകളും...
പരല്‍മീനുകള്‍ക്ക്    സന്തോഷിക്കാനിനി     മറ്റെന്തെങ്കിലും      വേണോ......

കൊയ്ത്തകള്‍      കൂട്ടംകൂടി      തിമര്‍ക്കുന്നത്     കണ്ടു    പരല്‍മീനുകള്‍     ചുഴികള്‍    തീര്‍ത്ത്‌    രസിച്ചു,,,കണ്ണാം  ചൂട്ടികള്‍     കുളച്ചുമരില്‍      കാഴ്ചകള്‍  കണ്ടു    വെറുതെ    പറ്റിക്കിടന്നു ,,,

"തലേനാള്‍    മഴപെയ്തു   തോര്‍ന്നു,,,,കുളിച്ചീറനണിഞ്ഞ    ഒരു    പ്രഭാതത്തിലാണ്      അവരുടെ      ശബ്ദകോലാഹലങ്ങള്‍     ഞാന്‍    കേട്ടത്...

വീട്ടിനകത്ത്‌    കുട്ടികള്‍     വന്നിട്ടുണ്ടെന്ന്     ഉറപ്പാണ്..
അവരെയൊന്നു    കാണാന്‍    എന്‍റെ    ഉള്ളം    കൊതികൊണ്ട്    തുള്ളിത്തെറിച്ചു,,

കരയിലേക്ക്    കണ്ണും    നട്ടു    അന്നുച്ചവരെ     കിടന്നതോര്‍മയുണ്ട്.....വൈകുന്നേരം    പെയ്ത    ചാറ്റല്‍    മഴ    എന്നെ    ഉണര്‍ത്തിയത്    വല്ലാത്തൊരു   സന്തോഷക്കാഴ്ച്ചയൊരുക്കിയായിരുന്നു..""
**************************

അത്   മനസ്സില്‍    കണ്ടിട്ടെന്നവണ്ണം    കുളം   മിണ്ടാട്ടം    നിര്‍ത്തി   ആലോചനയിലെന്നവണ്ണം   അനക്കമില്ലാത്തവളായി....
എന്‍റെ    ക്ഷമയുടെ    നെല്ലിപ്പടികളില്‍നിന്നും    ഒരു    കമ്പെടുത്തു      കുളത്തെ    ഉണര്‍ത്താന്‍    ഞാനൊരു  വിഫലശ്രമം    നടത്തി..

പരാജിതയുടെ     ഭാവവുമായി       പടവുകളിലെ     എന്‍റെ    കാത്തിരുപ്പ്    തുടര്‍ന്നു,,
കുളം      ഇനി    ഉണരുമോ.....എന്തോ,,,!      ***************************************************

Saturday, December 25, 2010

ക്രിസ്തുമസ്,,,,പുതുവത്സരാശംസകള്‍!!!!

ജിദ്ദയില്‍നിന്നും   നെച്ചൂന്‍റെ      ക്രിസ്മസ്...പുതുവല്‍സരാശംസകള്‍!!!!

Friday, December 17, 2010

കുളം പറഞ്ഞ കഥ!!! ഖണ്ഡം-2കുളം ഒന്നിളകി...രണ്ടുമൂന്നു  ഓളങ്ങളിട്ടു..ഉഷാറായി......."കുപ്പായവും  നിക്കറുമിടാത്ത"   ഒരുപാട്  സത്യങ്ങളുടെ....കാവല്‍ക്കാരിയില്‍നിന്നും,,  ആ കഥകള്‍  കേള്‍ക്കാന്‍  ഞാന്‍  കാതോര്‍ത്തു...
ഉറക്കം  വരാതിരിക്കാന്‍  കാലുകള്‍  വെള്ളത്തിലിട്ടു  പടികളിലിരുന്നു.

 ഈ  പരല്‍ മീനുകളെ  ഞാനുണ്ടല്ലോ....ഇക്കിളിയാക്കാന്‍  കണ്ട  നേരം,,,!


അല്‍പ നേരം  മൌനിയായി,,, കുളം പെട്ടെന്നെന്നോണം   പറയാന്‍ തുടങ്ങി...
                                                                                                                                        .       കുട്ടിയായിരിക്കുമ്പോള്‍    നിങ്ങളെന്നെ കണ്ടിട്ടുണ്ട്...                                                       
അന്ന്  ഞാനിത്രേം      സുന്ദരിയായിട്ടില്ല,,    നിങ്ങള്‍  മൂന്നിലോ  നാലിലോ  ആയിരിക്കും....
ഞാനോ...നിന്നെയോ  എന്ന്  അന്തം വിട്ടു നോക്കുന്നത്  കണ്ട കുളം  വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു..കണ്ടത്‌  നേരിട്ടല്ല  ..ഫോട്ടോയിലായിരിക്കും....

ഇവിടെ വന്നിരുന്നത് പോല്ലാപ്പായോ,,,ഇനിയിപ്പോ  അതൊക്കെ  ഓര്‍ത്തെടുത്തിട്ടു  ഇക്കഥ  എപ്പോ തീരുമെന്ന്  അള്ളാക്കറിയാ....
ഓര്‍ക്കാതെ  നിവൃത്തിയില്ലല്ലോ...അക്കാലത്ത്‌  ആകെ ഒരു കുളത്തിന്‍റെ ഫോട്ടോയെ കണ്ടിട്ടുള്ളൂ..അതെങ്ങനെ,,,  ഇവളറിഞ്ഞു!!!??
***************************


 മൂന്നുവരെ  ഉമ്മാന്റെ വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.അസ്സല്‍ നാട്ടിന്‍പുറം! ,,ഒരു പലചരക്ക്   കട,ഒരു ചായമക്കാനി,ഒരു ബാര്‍ബര്‍ ഷോപ്പ്,   അങ്ങനെ എല്ലാം ഒരെണ്ണത്തില്‍ കൂടുതലില്ലാത്ത   നാട്,  ബസ്സും കാറും പോകാത്ത റോഡായതിനാല്‍ പേടിക്കണ്ടല്ലോ എന്ന് പറഞ്ഞാണ്...എന്നെയും ഇക്കാക്കാനെയും  അവിടെ ആക്കിയത്,,,
                  
നാലാം ക്ലാസ്സിലേക്ക്  ജയിച്ചപ്പോള്‍  ഉപ്പ  ഞങ്ങളെകൂട്ടിക്കൊണ്ടുപോന്നു,                                          
എന്‍റെ വീടിനു കുറച്ചകലെയുള്ള യു പി സ്കൂളില്‍ ചേര്‍ത്തു.ആദ്യ ദിവസം സ്കൂള്‍ വിട്ടു പാടത്തൂടെ  മടങ്ങുമ്പോള്‍  അക്കരെ  നിന്നൊരു  വിളി!                                                                                                                                                                  
ഞാന്‍ നോക്കുമ്പോള്‍  ക്ലാസ്സില്‍ എന്‍റെ അടുത്തിരുന്ന കുട്ടിയാണ്.    ഇവളിത്ര വേഗം വീട്ടിലെത്തിയോ.... എന്നമ്പരന്നപ്പോഴെക്കും അവളെന്‍റെ മുമ്പില്‍,,,   എന്‍റെ വീടാ...എന്നും പറഞ്ഞു നില്‍ക്കുന്നു!                                        

പുതിയ സ്കൂളില്‍  ആദ്യത്തെ കൂട്ടുകാരി.,,എന്‍റെ
അയല്‍വാസി..ഗള്‍ഫിലെ  സുളുങ്കുന്ന  ഡ്റസ്സുകള്‍  അന്നേ ഉള്ളവള്‍...          

അന്ന്  തന്നെ  ഞങ്ങള്‍  കൂട്ട് കൂടി ..    അവളുടെ   അമ്മാവന്‍ കൊണ്ട് വന്ന കളിപ്പാട്ടങ്ങളും..  ചായപ്പെന്‍സിലുകളും.. കണ്ടു എന്‍റെ കുഞ്ഞുമനസ്സ്  അസൂയ കൊണ്ട് വേദനിച്ചു,,അമ്മാവന്‍റെ  വീട്ടിലെ  കുളത്തില്‍  കാറ്റ് നിറച്ച  കുഞ്ഞു ബോട്ടില്‍ ഇരിക്കുന്ന  ഫോട്ടോകള്‍ കാണിച്ചെന്നെയവള്‍   കൊതിപ്പിച്ചു കൊന്നു...**************************

മതി,,മതി ,, ഇങ്ങനെ  ഓര്‍ത്തോണ്ടിരുന്നാല്‍  പിന്നെ,,,എനിക്ക്  കഥ പറയണ്ടേ..

ശാസനയോടെ  എന്‍റെ കാലില്‍  തൊട്ടു.....ഉറക്കം വന്നിട്ടെന്നവണ്ണം  ഒരോളമിട്ട്  കുളമൊന്നിളകി യാടി,,...അതുവരെ  അനങ്ങാതെ  കഥ  കേട്ടിരുന്ന  കമുങ്ങുകളും തെങ്ങുകളും  ചെറുതാളത്തില്‍ നൃത്തം  വെച്ചുതുടങ്ങി...പരല്‍മീനുകള്‍  വെള്ളത്തില്‍ ചുഴികള്‍  തീര്‍ത്തു കൊണ്ട്  പരക്കം  പാഞ്ഞു...."നിങ്ങള്‍   പൊളിച്ചു കളഞ്ഞ  ആ പഴയ  മാളികപ്പുരയുണ്ടല്ലോ,,,അതായിരുന്നു..എന്‍റെ  പഴയ  ഉടമസ്ഥന്‍റെ   പുര.."
പഴയ നിശബ്ദ  വീണ്ടെടുത്ത  കുളം  പറഞ്ഞു  തുടങ്ങി...
ഞാന്‍   കാതു  കൂര്‍പ്പിച്ചു   ബാക്കി    കേള്‍ക്കാന്‍  ഒരുങ്ങിയിരുന്നു...
 മൂപ്പര്‍  വിദേശത്തും,   മൂപ്പത്തി  ടീച്ചറും    ആയതിനാല്‍ ,,പകല്‍  ഒരു  വല്ല്യുമ്മ  മാത്രമേ   വീട്ടില്‍  കാണൂ......

അവരെ  വല്ലപ്പോഴും ഒന്ന് കണ്ടെങ്കിലായി...ഇടയ്ക്കു വല്ല  മട്ടലോ ഓലക്കൊടിയോ  പെറുക്കാന്‍  വരുമ്പോള്‍  എന്‍റെടുത്തൊന്നു  വരും ..ഒന്ന്  തലോടി  കയ്യും  മുഖവും കഴുകി പോകുകയും ചെയ്യും...
അത്ര  തന്നെ,                                                                                                                                                      
അങ്ങനെ  ഒരു വേനലവധിക്കാലം...നട്ടുച്ച നേരം ,,ഒരു ഇലപോലും അനങ്ങുന്നില്ല..പരല്‍ മീനുകളെ  നോക്കി...  അവരും തീറ്റയും കളിയും നിര്‍ത്തി  അടിയിലെ  ചെളിയില്‍  പതിഞ്ഞു കിടന്നു  മയങ്ങുന്നു,,..ഉറങ്ങാന്‍ പറ്റിയ സമയം..
ഞാനൊന്ന് മയങ്ങിപ്പോയി,,,...പെട്ടെന്ന്..
പതോം........പത്തോം..   പ്തും....  ബ്ലും...ബ്ലും...ഗ്ലും,,,ഗ്ലും................!ഞെട്ടിയുണര്‍ന്ന  ഞാന്‍  മുകളിലേക്ക്  പൊങ്ങി..!  ആടിയുലഞ്ഞു...മുട്ടിത്തിരിഞ്ഞു..ഓളങ്ങള്‍  ഒന്നടങ്ങിയപ്പോഴാണ്....വല്ലതുമൊന്നു  കാണാന്‍ പറ്റിയത്..കുളം  നിറയെ..."ഉടുക്കാ...ഡാഷുകള്‍!! "

സന്തോഷം  കൊണ്ട്  ഞാനൊന്ന് തുള്ളിപ്പോയി..
ആ  തുള്ളലില്‍  ഒന്നു രണ്ടു  പീക്കിരികള്‍  ബാലന്‍സ് തെറ്റി  വെള്ളം കുടിച്ചുപോയി... ...എനിക്ക്  ചിരിയടക്കാന്‍  കഴിഞ്ഞില്ല...ഞാന്‍  കുലുങ്ങിക്കുലുങ്ങി  ചിരിക്കും  തോറും  അവര്‍ക്ക്  വീണ്ടും  വീണ്ടും  ബാലന്‍സ്‌  തെറ്റി..!!!                                                                                                                             ചിരിച്ചു  പൊങ്ങിയപ്പോള്‍  കരയിലേക്ക്  നോക്കിയ  ഞാന്‍  ഞെട്ടിത്താഴോട്ട്  പതിച്ചത്  പെട്ടെന്നാണ്..! മിണ്ടാതിരിക്കാന്‍  ആന്‍ഗ്യം     കാട്ടാന്‍ ഒരുങ്ങിയപ്പോഴെക്കും...ഓര്‍ക്കാപ്പുറത്തുള്ള  എന്‍റെ   വീഴ്ചയില്‍  മൂക്കില്‍  വെള്ളം  കേറിയ  ഒരു  പയ്യന്‍  ചുമയോടു  ചുമ..!

കലിതുള്ളിക്കൊണ്ടുള്ള   വല്ല്യുമ്മാന്‍റെ   വരവ്  ഒന്ന് കാണേണ്ടത്  തന്നെയായിരുന്നു...കുട്ടികളെ  ആട്ടിയോടിക്കാന്‍  വല്ല്യുമ്മ  പഠിച്ച  പണി പതിനെട്ടും,,,പിന്നെ  ഒരു ഇരുപതും  കൂടി  നോക്കിയിട്ട്  തോറ്റു  പിന്മാറി,,....

കുട്ടികളുമായുള്ള   എന്‍റെ  ദിനങ്ങള്‍  സന്തോഷത്തോടെ  മുന്നോട്ടു പോയിക്കൊണ്ടിരിക്കെ   വല്ല്യുമ്മ  പുതിയൊരു  തന്ത്രം  മെനയുന്നത്...ഞാനോ
കുട്ടികളോ  അറിഞ്ഞില്ല,,,.കുളം  പറഞ്ഞു നിര്‍ത്തി,,,

കുളത്തിന്‍റെ   സാമാന്യം  നീണ്ടൊരു  നെടുവീര്‍പ്പില്‍  എന്‍റെ  ഡ്രെസ്സിന്‍റെ   അറ്റം മുഴുവനും  നനഞ്ഞു...
ഈര്‍ഷ്യയോടെ  ഞാന്‍  കുളത്തെ  നോക്കി..

അപ്പോഴേക്കും  പരല്‍മീനുകള്‍ക്കൊപ്പം...കുളവും  ഒരു  മയക്കത്തിലേക്ക്‌  വഴുതിവീണിരുന്നു..   പറയാനിരിക്കുന്ന   കഥകളുടെ  പൊരുളു തേടി  ഞാനാ പടവുകളില്‍  കാത്തിരുന്നു,,,

കുളത്തിന്‍റെ   ഉണര്‍ച്ചക്ക്  കാതോര്‍ത്ത്‌...


.

Friday, December 10, 2010

പോസ്റ്റ്‌ "കുള" മാകുന്നതെങ്ങനെ!!!!
വല്ലാത്തൊരസ്വസ്ഥത!   എന്താണെന്നൊരു പിടിയുമില്ല..ആ  ഫലൂദേം,, പായസോം   കുടിച്ച തിന്‍റെയാണോ.ന്നറിയില്ല.. ഒന്നുമങ്ങോട്ടു  തിന്നാനോ കുടിക്കാനോ തോന്നുന്നില്ല....വായനയില്ല..എഴുത്തില്ല,,

കമന്‍റിയില്ലെങ്കില്‍ ബ്ലോഗ്‌ ചങ്ങാതികള്‍ പിണങ്ങിയാലോ എന്ന് കരുതി  അക്കാര്യം    മുടങ്ങാതെ   ചെയ്യുന്നൂന്നു  മാത്രം .

വല്ല്യ ബ്ലോഗ്‌ മുതലാളി  മോന്‍ പറഞ്ഞു,,ഇനി  ഉമ്മാന്‍റെ പ്രഷറൊക്കെ  ഒന്ന് നോക്കുന്നത് നല്ലതാ,,ബ്ലോഗൊക്കെ തുടങ്ങിയതല്ലേ   ഇനി   കുറച്ച് പ്രഷറൊക്കെ ഉണ്ടാകാന്‍  ചാന്‍സുണ്ട്..ചെലപ്പോ അതാകും.   ഇതു കേട്ട ബ്ലോഗിമോന്‍ പറഞ്ഞു,."അതൊന്നുമല്ല  കാക്കാ..  എനിക്കറിയാം,,    ഉമ്മാക്ക്   പോസ്റ്റൊന്നും  ‌ കിട്ടാഞ്ഞിട്ടാ..."

അപ്പോഴാണ് എനിക്കും ആ ഉള്‍വിളിയുണ്ടായത്. ചെലപ്പം  അതായിരിക്കും  പ്രശ്നം!!

എല്ലാരും തോന്നുന്നതൊക്കെ പോസ്റ്റാക്കുന്ന  ഈ കാലഘട്ടത്തില്‍,,ഞാന്‍ മാത്രം  സ്റ്റോക്കൊക്കെ  തീര്‍ന്നു    ഒരു കുണ്ടാമണ്ടിപ്പോസ്റ്റുമിട്ട്   മ്ഴ്ങ്ങസ്യാ...ന്നിരിക്കുന്നു...,

ഇനിപ്പോ  നോക്കീട്ടു  കാര്യല്ല..പൊറത്തൊക്കെ  ഒന്നിറങ്ങി നോക്കട്ടെ ,,വല്ലതും  തടഞ്ഞാല്‍  പോസ്റ്റാലൊ..,ഇല്ലേല്‍  ഞാനും  വല്ല  ഇറച്ച്യോ,,കോഴ്യോ  പൊരിച്ച്  ഫോട്ടോ എടുത്തങ്ങട്ട്  പോസ്റ്റും....,ഇല്ലെങ്കില്‍   ഒരു   ചമ്മന്തിപ്പോസ്റ്റെങ്കിലും   ഇട്ടു    മാനം   കാക്കുമെന്നുറപ്പ്!!

‌ഇവിടെ  വന്ന സ്ഥിതിക്ക്  ഇനിയൊരു  തിരിച്ചുപോക്ക്    ആലോചിക്കാന്‍ പോലും  വയ്യ..

തേടിയ  പോസ്റ്റ്‌  കാലില്‍  ചുറ്റി  എന്നു  കേട്ടിട്ടില്ലേ ...അതാണു  പിന്നീട്  സംഭവിച്ചത്..അതാ,,കുളക്കരയില്‍   നിന്നൊരു  ശബ്ദം!    ഞാന്‍  തിരിഞ്ഞു  നോക്കി..  ദേ....നില്‍ക്കുന്നൊരു  കീരി!!!കീരിമാത്രമല്ല..കീരിപ്പീക്കിരികളുമുണ്ട്..

കീരിപ്പടങ്ങള്‍  നിറഞ്ഞ  ഒരു  കീരിപ്പോസ്റ്റിന്‍റെ  സ്വപ്നത്തില്‍  മതിമറന്ന്   ഒരു  നിമിഷം  ഞാനെല്ലാം  മറന്നു,,കുഞ്ഞുകീരികള്‍  തലപൊക്കി  എഴുന്നേറ്റുനിന്ന്  എന്നെത്തന്നെ  നോക്കുന്നു,,പിന്നെ  നിന്നില്ല  നിക്കിം  മക്കളേ,,പോകല്ലിം ..ന്നും  പറഞ്ഞു  കേമറ  എടുക്കാന്‍  ഓടി..( ഞങ്ങളോട് നിക്കാന്‍  പറഞ്ഞിട്ട്  ഈ  ഉമ്മ  എങ്ങോട്ടോടുന്നു  എന്ന  മട്ടില്‍  മക്കളെന്നെ  തുറിച്ചു  നോക്കി..)

ആ   ഓട്ടത്തില്‍  തന്നെ  എന്‍റെ  കാലില്‍ ചുറ്റിയ  പോസ്റ്റ്‌ അഴിഞ്ഞു  വീണത്  ഞാന്‍  കണ്ടില്ലെങ്കിലും    ബ്ലോഗിമോന്‍  കണ്ടിരുന്നു..

മടങ്ങി   വന്നപ്പോള്‍ കീരി  നിന്നിടത്ത്  ആരുമില്ലായിരുന്നു..

,പിറകെ  വന്ന  ബ്ലോഗിമോന്‍  അകത്തേക്ക്  നോക്കി   പറയുന്നത്  കേട്ടു.'".ഒന്നുമില്ല   കാക്കാ..ഉമ്മാക്കൊരു  പോസ്റ്റ്‌  നഷ്ട്ടപ്പെട്ടതാ.."'

ഇനിയിപ്പോ   അകത്തോട്ടേതായാലും   കേറാന്‍  വയ്യ...  കാലും  വെള്ളത്തിലിട്ട്  പരല്‍ മീനുകളെയും   നോക്കി   കുളപ്പടവില്‍   തന്നെയിരുന്നു.

ഒരു   'പോസ്റ്റ്‌  തേടുന്ന  ബ്ലോഗറായി' ഞാനും  മാറിക്കൊണ്ടിരിക്കുകയാണ്    .എന്ന  കുപ്പായമിടാത്ത സത്യം  എന്നെ  അക്ഷരാര്‍ത്ഥത്തില്‍  നടുക്കിക്കളഞ്ഞു!

പ്രവാസം   തുടങ്ങിയിടത്തുതന്നെ    ഒടുക്കണ്ടായിരുന്നു...നീണ്ട  പതിനേഴു  വര്‍ഷം  ഒരൊറ്റപ്പോസ്റ്റില്‍  ഒടുക്കിക്കളഞ്ഞ  നീയൊരു  വിഡ്ഢിക്കൂശ്മാണ്ടി  തന്നെ..  ഞാന്‍  എന്നെത്തന്നെ   കുറ്റപ്പെടുത്തി..

കുളത്തിനു  മുകളിലൂടെ     പോകുന്ന  കമ്പികളിലും    വരിതെറ്റാതെ  സ്ഥാപിച്ച   ഇരുമ്പിന്‍റെ  വമ്പന്‍   പോസ്റ്റുകളിലും   നോട്ടമുറപ്പിച്ച്,,   ആ  നടുക്കം  സൃഷ്ടിച്ച  വൈക്ലബ്യം  മാറ്റാന്‍   ഞാന്‍  ആവത്  ശ്രമിച്ചു..
                                                                                                                                                                   ( (തൊടി  നിറയെ  പോസ്റ്റുകളാണ്,,അടുത്ത കാലത്താണ്  ഞങ്ങളുടെ  വീട്ടു  വളപ്പിലൂടെ   33-kvലൈന്‍   കൊണ്ട്  പോയത്‌..ഒരു  പാട്  മരങ്ങളും  തെങ്ങുകളും  ഇക്കാരണത്താല്‍  മുറിച്ചു  നീക്കി,,
അതിന്‍റെ  ഏകദേശം ചുവട്ടിലായിട്ടാണ്  ഇപ്പോള്‍  കുളത്തിന്‍റെ   സ്ഥാനം...)

"എന്നെ  കുറിച്ചെഴുതിക്കൂടെ.. "?  ഞാന്‍  ഞെട്ടി.. നാലുപാടും  നോക്കി..,കീരി  തിരിച്ചു  വന്നതാണോ...,അതോ  ഇനി  കീരിയോടൊപ്പം  വന്ന  മറ്റു  വല്ലവനും..!!എന്‍റള്ളോ...,ഞാനറിയാതെ   എഴുന്നേറ്റുപോയി...!അതു വരെ ഒരനക്കവുമില്ലാതിരുന്ന   വെള്ളത്തിനൊരു  ഇളക്കം ..
അതെന്‍റെ  കാലില്‍   തൊട്ടുവിളിക്കുന്നോ,,ഏയ്..പരല്‍ മീനാകും,,!!ഒറ്റ  പരല്‍  മീനിനെയും  കാണാനില്ലല്ലോ...ഇവറ്റകളൊക്കെ   എവിടെപ്പോയീന്നു  അമ്പരന്നപ്പോള്‍  കുളം  വെള്ളം   തെറിപ്പിച്ച്   വീണ്ടും  തൊട്ടുവിളിക്കുന്നു...
ഞാന്‍   കാതോര്‍ത്ത്‌  വെള്ളത്തിലേക്ക്   തുറിച്ചുനോക്കി..അതുവരെ  വെള്ളത്തില്‍  നിശ്ചലമായി  കണ്ടിരുന്ന  തെങ്ങും  കവുങ്ങുമെല്ലാം   മെല്ലെ  മെല്ലെ   നൃത്തം  ചവിട്ടിത്തുടങ്ങിയിരുന്നു...

"ഈ  പോസ്റ്റുകള്‍ക്കും  കമ്പികള്‍ക്കും  താഴെ  വീര്‍പ്പുമുട്ടുന്ന  എന്നെ  ക്കുറിച്ചായിക്കൂടെ..നിങ്ങളുടെ  അടുത്ത  പോസ്റ്റ്?  "                                               "എന്നെ  മറന്ന  നിങ്ങളെക്കുറിച്ച്,,   നിങ്ങളുടെ  കുട്ടികളെക്കുറിച്ച്,  ഒക്കെ  എഴുതാമല്ലോ.".

‌കുളം  പറയാന്‍  തുടങ്ങി.........................................കുളത്തിനു  മുണ്ടാട്ടം  മുട്ടിയില്ലെങ്കില്‍   തുടരും...!

പോസ്റ്റ്‌   കുളമായെങ്കില്‍   സാദരം  ക്ഷമിക്കുക,,

Sunday, December 5, 2010

കൊയമാന്തരം പിടിച്ച ഇ_ കുണ്ടാമണ്ടികള്‍!!!!!!!!!!!!!!!!!!വാരിപ്പുറത്തേക്കിട്ട  സാധനങ്ങള്‍ക്കു മുമ്പില്‍  കുറെ നേരമായി നില്‍ക്കാന്‍ തുടങ്ങിയിട്ട്.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല,

ഖോജരാജാവായ തമ്പുരാനെ... എബടെ കൊണ്ടു പോയിക്കളയും ഞാന്‍..കുന്ത്രാണ്ടം പിടിച്ച ഇ- സാധനങ്ങള്‍!!?ഈ കൊയമാന്തരം പിടിച്ച  ലൊട്ടുലൊടുക്ക്കള്‍ കാരണം ഒന്നുമങ്ങോട്ടു നേരെയാകുന്നില്ലല്ലോ ,,റബ്ബേ...

നോമ്പിനുമുമ്പുള്ള "നനച്ചുളി"എന്നക്ലീനിംഗ് പ്രോഗ്രാം കഴിഞ്ഞിട്ടും വീട് പഴയ പോലെ തന്നെ.മേശയും റാക്കുകളും നിറഞ്ഞു തന്നെയിരിക്കുന്നു.,  സഹായിയായ പെണ്‍കുട്ടി  പിറുപിറുത്തുകൊണ്ടാണ് പണിയെടുക്കുന്നത്."എത്ര നന്നാക്കീട്ടും കാര്യല്ല". എന്ന്...!    ശെരിയാണ് കത്തിച്ചു കളയാമെന്നു വെച്ചാല്‍ അതിനും പറ്റില്ല,ഭയങ്കര വിഷമാണ്.എന്‍റോസള്‍ഫാന്‍ തോറ്റു പോകും..എന്നൊക്കെ യാണ്  പറഞ്ഞു കേള്‍ക്കുന്നത്..

ആദംവാപ്പാന്‍റെ കാലം മുതല്‍ക്കുള്ളതുണ്ട്. ഇതിനെന്തെങ്കിലും ഒരു പരിഹാരം കാണാതെ ഇനിയും വയ്യ.

അങ്ങനെയാണ് ഞാനിതൊക്കെ  വാരിവലിച്ചു പുറത്തിട്ടത്. 

നിങ്ങള്‍തന്നെ പറയ്‌,എന്താ ഞാന്‍ ചെയ്യേണ്ടത്‌??..                                                  

നിങ്ങളുടെ മറുപടി കിട്ടുമ്പോഴേക്കും മക്കളിങ്ങെത്തും..അതിനു മുമ്പ്‌ ഇതൊക്കെക്കൂടി ബാത്ത്റൂമിന്‍റെ തട്ടിന്‍ പുറത്തേക്കിടട്ടെ,,

                                                                    *         *
                                                                      *          *      
                                                                    *          *   
                                                                       *       *
                                                                    *       *     
                                                                        *       * 
                                                                      *       *       
                                                                    *            *
                                                                        *      *
ഭാവിയിലെങ്ങാനും വല്ല  ആക്രിക്കച്ചവടക്കാരും ഇതും ചോദിച്ച് വന്നാല്‍ 
നല്ലകാശിനുവില്‍ക്കാമല്ലോ... 

അമ്മാ....E--മാലിന്യംഎടുക്കാനുണ്ടോ...??പഴയ,,ഡിസ്ക്,,സീഡി...,   യു..എസ്.ബി., യു.പി.എസ്..,മൌസ്....,പീ..സി...   


****************************************************************************************