കൂട്ടുകാര്‍

Saturday, October 9, 2010

പടികടന്നെത്തിയവര്‍!!!!!!!!?
രണ്ടു  ദിവസം  മുമ്പാണ്   മൂന്നു   ചാക്ക്   നിറയെ  പുസ്തകള്‍
 എന്‍റെ   വീട്ടിലെത്താനുള്ള   സാഹചര്യമുണ്ടായത്.

മോള്‍ക്ക്‌  അബുദാബിയിലേക്ക്‌  പോകാന്‍  ഇനി അധികനാളില്ല.
ഉമ്മമ്മാനെയും  വല്ലിപ്പാനെയും  ഒന്ന് കണ്ടു വരാമെന്നു
പറഞ്ഞതുംഅവളാണ്.
രാവിലെ  തന്നെ പോകാനുള്ള  ഒരുക്കങ്ങളും  തുടങ്ങി.
ചോറിനു  അവിടേക്കെത്തിയാല്‍  എനിക്കു പണിയും  ലാഭം.

മടങ്ങുമ്പോഴാണ്   മോള്‍  'ഖസാക്കിന്‍റെ ഇതിഹാസം'
വേണമെന്ന് പറഞ്ഞത്.
( ഞാന്‍ ഒരുപാട്  തവണ  വായിച്ചത്കൊണ്ടും,    ഇക്കാക്കാന്‍റെ  ബുക്ക്‌ ഷെല്‍ഫില്‍  സാധനം ഉള്ളത്കൊണ്ടും   
എന്‍റെ    ലൈബ്രറിയിലേക്ക്‌   അത് വാങ്ങിയിരുന്നില്ല.)

ഒരുപാടു കാലങ്ങള്‍ക്കു  ശേഷം     മരക്കോണി    കേറി  ഞാന്‍ വീണ്ടും ആ  ബുക്കലമാരക്കുമുന്നില്‍  .....,!  
വീട്ടില്‍_  പോകും , വരും  എന്നല്ലാതെ 
ഈ  ബുക്കലമാരയെക്കുറിച്ച്‌   ഓര്‍ക്കാറെയില്ലായിരുന്നു.
.
ഇക്കാക്ക  ഗള്‍ഫില്‍  പോയ ശേഷം അനാഥത്തം പൂണ്ട  അതിന്‍റെ  ശോചനീയാവസ്ഥയില്‍  എന്‍റെ  മനസ്സ്‌നീറി.
പൂട്ടിയിട്ടിരുന്ന   അലമാര വലിച്ചു  തുറന്ന  അവസ്ഥയിലാണ്.

തേടിച്ചെന്ന  പുസ്തകമടക്കം  ഒരുപാടെണ്ണം  കാണാനുമില്ല.

പുസ്തകങ്ങള്‍  എന്നെ  നോക്കി  നിലവിളിക്കുന്ന  പോല തോന്നി.
പുറം ചട്ടയും  പേജുകളും  നഷ്ടമായ  "മാക്ബത്"..,, 
വാലന്‍മൂട്ടകളുടെ   അക്രമം    സഹിക്കാതെയേന്നോണം  
ആ  ചുവന്ന  മരയലമാരയുടെ   നേര്‍ത്ത നിലവിളിയും  എനിക്കു  കേള്‍ക്കാമായിരുന്നു.
                                                 


  
പിന്നെ  ഒന്നും  ചിന്തിച്ചില്ല. രണ്ടുമൂന്ന്‌  ചാക്കുകള്‍  സംഘടിപ്പിച്ച്
കഴിയുന്നത്ര  പുസ്തകങ്ങള്‍  നിറച്ചു,  കുട്ടികളുടെ  സഹായത്തോടെ
കോണിയിലൂടെ   താഴെയിറക്കി. വണ്ടിയുടെ  ഡിക്കിയില്‍  എത്തിച്ചു,

ഇവിടെ  എത്തിയ  ഉടന്‍ ഓണ്‍ലൈനില്‍  ഇക്കാക്കയുണ്ടോന്നു  നോക്കി.ഇക്കാക്കാന്‍റെ  ഭാര്യയുണ്ടായിരുന്നു.
പുസ്തകങ്ങളുടെ   ദുഖ: കഥ  പറഞ്ഞു.  സംരക്ഷണചുമതല    ഏറ്റെടുത്തതും.
അവകാശവാദം  ഉന്നയിച്ച്   എപ്പോള്‍  വരുന്നോ
ആനിമിഷം  തിരിച്ചുനല്‍കുമെന്നും,
ഇക്കാക്കനോടു  വിവരം  പറയണമെന്നുംപറഞ്ഞേല്പ്പിച്ചു.

                                                ;
                                                ;      
                                                .
                                                .
                                                .
 ഇനി  എല്ലാവരും  എന്‍റെ  കൂടെ  ഒന്ന് വന്നേ..
പുസ്തകങ്ങള്‍  ഒക്കെ  അടുക്കി  വെക്കണ്ടേ...
ഒത്തു  പിടിച്ചാല്‍......മലയും....
 മോചനം  കാത്ത്........


1979   മുതലുള്ള   ബാലപ്രസിദ്ധീകരണങ്ങള്‍..
 


ഹാവൂ...രക്ഷപ്പെട്ടു..അഞ്ചു   തവണ  കേറിയിറങ്ങി,         ഒക്കെ  മുകളിലെ   ലൈബ്രറിയില്‍       എത്തിക്കാന്‍.(അരക്കിലോ   തൂക്കം  കുറഞ്ഞു    കിട്ടിയാല്‍   അതായല്ലോ..?)ഒക്കെയൊന്നു    തരം   തിരിക്കണം.

  മുകളിലത്തെ   തട്ടില്‍    അല്‍പ്പം   ഒഴിവു   കാണുന്നുണ്ട്.

 പൊടി   തട്ടി   വെച്ചതാണ്..


അക്ഷീ....(തുമ്മിയതാണ്.)..          ഇത്   മുമ്പേ  ഇവിടെയുള്ള     പുസ്തകങ്ങളാണ്  കേട്ടോ...                   


ഒക്കെ  നശി കുശിയായി...


ഹാവൂ... സമാധാനായി.....

അടുക്കിയത്  ശെരിയായില്ലേ...

ഒക്കെ  ഒരു  അധീനത്തായി....


അക്ശീ......അക്ഷീ......( പൊടി    അലര്‍ജിയാണെയ്.)...
എന്‍റെ   ശേഖരം!!!!!!
 
ഇതും...!!

ഇതും.....

പിന്നെ    ഇതും.

തുമ്മി   കുഴങ്ങി.   ഞാനല്പം  വിശ്രമിക്കട്ടെ....

നിങ്ങള്‍     ഇവിടെയിരുന്നു   വായിക്കുകയോ,,,    പുറം    കാഴ്ച    കാണുകയോ  .. എന്താന്നുവെച്ചാ    ചെയ്തോ...
കണ്ടു   കഴിഞ്ഞല്ലോ .......
ഇനി  പോകുന്നില്ലേ..........?എനിക്ക്  തിരക്കുണ്ട്...


എന്‍റെ  ലൈബ്രറി   ഇഷ്ട്ടപ്പെട്ടോ....അഭിപ്രായം  അറിയിക്കുമല്ലോ..?
Thursday, October 7, 2010

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.ഇത്തിരിയേയുള്ളു  ഞാന്‍
എനിക്കു പറയാനിത്തിരിയേ  വിഷയമുള്ളൂ
അതു  പറയാനിത്തിരിയേ
വാക്കും  വേണ്ടൂ..
പുസ്തകതാളുകളിലൂടെ 
പുഴപോലൊഴുകും  പുഴയും
          പുഴുപോലിഴയും  പുഴുവും

          ഞാന്‍പോലലയും  ഞാനും

          അത്ഭുതമല്ലേ  ലോകം.
***********************************************************

Wednesday, October 6, 2010

മേഘസന്ധ്യ.....


മുറ്റത്തെ    ആകാശക്കാഴ്ച്ചകള്‍
കാട്ടിലെ  ചെടികള്‍!!!

"പുണ്ണ്യങ്ങളുടെ     പൂക്കാലം ''  വന്നപ്പോള്‍ എന്‍റെ  മുറ്റം  കാട് പിടിച്ചു പോയി.

Monday, October 4, 2010

ഇതും മോള്‍ ഉണ്ടാക്കിയത്!!!

                                       മുട്ട ക്കേക്ക്.

രണ്ട്‌-നേന്ത്രപ്പഴം,  നാല്-മുട്ട,  ഏലക്ക, പഞ്ചസാര, അണ്ടിപ്പരിപ്പ്-ആവശ്യത്തിന്‌.

അണ്ടിപ്പരിപ്പ്   നെയ്യില്‍  മൂപ്പിച്ച്   കോരിയത്.


ആ   നെയ്യില്‍    നേന്ത്രപ്പഴം  ചെറുതായി  നുറുക്കിയത്   വഴറ്റുക.
മുട്ടയും  പഞ്ചസാരയും  ഏലക്കയും  മിക്സിയില്‍   അടിച്ചത്  ഒഴിക്കുക.
അണ്ടിപ്പരിപ്പും   ചേര്‍ക്കുക.
പാത്രം  മൂടി   ചെറു  തീയില്‍  വെക്കുക.ഇടയ്ക്കു   തുറന്നു  നോക്കണം. മറിച്ചിടുന്ന   പരുവമായാല്‍    മറിച്ചിടുക.( പരന്ന   ഫ്രൈപാന്‍   ഉപയോഗിച്ചാല്‍   ബേജാറില്ലാതെ   മറിച്ചിടാം)
റെഡിയായാല്‍....    ഇങ്ങനെയൊരു   കഷ്ണം  എടുത്ത്    അങ്ങനെയങ്ങ്     തിന്നുക.  ങ്ഹൂം.............എന്താ   ഒരു   സ്വാദ്‌!!!!!!
നടുക്കഷ്ണം=     ഇതിന്   പ്രത്യേകം   സമയമില്ല.  ഒരു  മട്ടത്തിനങ്ങട്ട്   ചെയ്യുക.
'തൊള്ളപ്പാക്യം'   ഉണ്ടെങ്കില്‍   നന്നാകും.  ഇല്ലെങ്കില്‍   കുളമാകും.

Sunday, October 3, 2010

യാത്രക്കൊരുങ്ങുന്നു..

യാത്രയുടെ  നാള്‍  കയ്യെത്തും ദൂരത്ത്‌.  തീരുമാനങ്ങള്‍  മുറയ്ക്ക്  നടക്കുന്നു.
യാത്രയാക്കാന്‍    പോരാന്‍  ഒരു  നിരതന്നെയുണ്ട്.  
എല്ലാവരും പ്ലൈന്‍  കാണാത്തവര്‍.
  പോകാനുള്ള വണ്ടിയില്‍ എത്ര പേരെ കൊള്ളും. അവര്‍ ആരൊക്കെ എന്നൊക്കെ തീരുമാനിക്കുന്ന തിരക്കില്‍ ഉപ്പയും ഇക്കാക്കയും.

          കുറച്ചു പേര്‍ ഇപ്പോള്‍  പോരുക.  അല്ലാത്തവര്‍ക്ക്    ഗള്‍ഫീന്ന്‍  വരുമ്പോള്‍  കൊണ്ട് വരാന്‍  പോകാം   എന്ന  തീരുമാനത്തില്‍  അവസാനം  കാര്യങ്ങള്‍  എത്തിപ്പെട്ടു.

ജിദ്ദ  വരെ   ഹസ്സിന്‍റെ   ഫ്രെണ്ട്  കൂടെയുണ്ട്. ബോംബെ   വരെ   ഇക്കാക്കയും..

  ഈ സമയമൊക്കെ  ഞാന്‍ മറ്റൊരു  ഓട്ടത്തിലായിരുന്നു.        എന്‍റെ  പ്രിയപ്പെട്ട  സാധനങ്ങള്‍  സൂക്ഷിക്കാന്‍  ഒരിടം തേടുന്ന   തിരക്കില്‍,     ഞാന്‍ തിരിച്ചു  വരുമ്പോള്‍  അതൊക്കെ  ഇവിടെത്തന്നെ   വേണമല്ലോ. .. ഒരു     കുഞ്ഞു പെട്ടി കിട്ടി.  സംഗതി     ഉമ്മാന്‍റെയാണ്. അതിലെ    താമസക്കാരെ   നിര്‍ദ്ദാക്ഷിണ്യം
  ഒഴിവാക്കി.  രണ്ടു  നൂലുണ്ടകള്‍,  പൂഴിപിടിച്ച   മൂന്നു സൂചികള്‍ ,   അഞ്ചു  ബട്ടന്‍സുകള്‍.   ഇവര്‍  കുടിയൊഴിപ്പിക്കപ്പെട്ടവരായി    മേശപ്പുറത്ത്  കിടന്നു.


   
നാന്‍  താന്‍   ആ  പെട്ടി!!
 
എല്ലാം   ഒന്നുകൂടി   അടുക്കി  പ്പെറുക്കി  വെച്ചു.   ഗള്‍ഫില്‍നിന്നും   ഭര്‍ത്താവ്
കൊടുത്തയച്ച    ഔടോഗ്രാഫായിരുന്നു  അതില്‍ഏറ്റവും  ഭംഗി.  തിളങ്ങു ന്ന
പുറം ചട്ടയുള്ള       ഈ    കൊച്ചു പുസ്തകത്തിലായിരുന്നു   എന്‍റെ    കൂട്ടുകാരികളുടെ     അഡ്രസ്സുകള്‍.    ഒമ്പതാം    ക്ലാസ്സില്‍ നിന്ന്  മല്‍സരങ്ങളില്‍  കിട്ടിയ  സര്‍ടിഫിക്കറ്റുകള്‍...    (.അത് ജീവിതത്തില്‍  ആദ്യത്തേതും  അവസാനത്തേതുമാകാം..ഇതിനു  മുമ്പോ  പിമ്പോ  ഞാനൊരു   മത്സരത്തിലും പങ്കെടുത്തിരുന്നില്ല )   
കുഞ്ഞുണ്ണിമാഷിന്‍റെ    കത്തുകള്‍ ,   മാഷ്‌   തിരുത്തി    അയച്ചു  തന്ന    കഥ  ,
ഒക്കെ   ഒന്നുകൂടി   എടുത്തുനോക്കി.
                                                                                                             
                   മറ്റുള്ളവരുടെ   കണ്ണില്‍   നിസ്സാരമെന്നു  തോന്നിയേക്കാവുന്ന   എന്‍റെ
താമ്പാളപ്പെട്ടി ,      കല്യാണത്തിന്   കൊണ്ടുവന്ന   നമ്പര്‍ ലോക്കുള്ള  പെട്ടിയില്‍  വെച്ചു.  ഇന്നും  ആ കൊച്ചുപെട്ടി  ഞാന്‍   സൂക്ഷിക്കുന്നു,

          ഒരുക്കത്തിനിടയില്‍   ചിന്തകള്‍     കൊടും കാട്    കേറുന്നു........സോറി..
                                             
       ************************************************************************
                                              കൊച്ചി    കണ്ട  അച്ചി!!
                                              ജിദ്ദയിലേക്ക്...!!!!!

                                          
                                            ...

പുലരുമ്പോള്‍   പുറപ്പെടണം.  എല്ലാവരും  നേരത്തെ  കിടന്നു. 
പിറ്റേന്നു   ഞാനും  ഒരു  കുഞ്ഞുവാന്‍  നിറയെ  ആളുകളും  ഒരു പാട് ദൂരെയുള്ള  കൊച്ചിക്ക്  പുറപ്പെട്ടു.  ആദ്യമായാണ്  ഇത്രയും ദൂരത്തേക്ക് 
ഒരു  യാത്ര. 
 
വഴിയില്‍   ചര്‍ദി,  മൂത്രമൊഴി, തുടങ്ങിയ  കലാപരിപാടികളൊക്കെ  കഴിഞ്ഞ്
 ഞങ്ങള്‍        കൊച്ചി  വിമാനത്താവളത്തില്‍    എത്തി.      (അവിടെയിപ്പോള്‍    നേവി യാണ്.)   കാതടപ്പിക്കുന്ന   ഒച്ചയില്‍   പറന്നുയരുന്ന  വിമാനങ്ങള്‍  കണ്ട്   എല്ലാവരും    അന്തം വിട്ടു     നില്‍പ്പാണ്.  ദൂരെ   ഒരു  പൊട്ടുപോലെ   മാത്രം  കണ്ടിരുന്ന    വിമാനങ്ങളുടെ   ശെരിക്കുള്ള  വലുപ്പം  എല്ലാവരെയും  അമ്പരപ്പിച്ചു.      അതില്‍  കേറുന്നതാലോചിച്ച്      പേടി കൊണ്ട്  എന്‍റെ  നെഞ്ച്
പടപടാന്നു    മിടിച്ചു.  അധികം  താമസിയാതെ   തന്നെ  പേടി  കരച്ചിലായി
രൂപാന്തരം   പ്രാപിച്ചു.   ഉമ്മയും   അനിയത്തി മാരും  എനിക്കായി   കോറസ്സ്   കരഞ്ഞു.   

ഇക്കാക്കയാകട്ടെ    വലിയ  ഗമയിലങ്ങനെ   നില്‍പ്പാണ്.  ബോംബെ   വരെയുള്ള പ്ലൈന്‍   യാത്രയുടെ  ത്രില്ലിലാണ്   മൂപ്പര്‍.   

 പിന്നീട്‌   എന്തൊക്കെയാണ്   സംഭവിച്ച തെന്നു  എനിക്കറിയില്ല
കണ്ണീരുകൊണ്ട്   കണ്ണ്  കാണാതായ   ഞാന്‍   ആരുടെയൊക്കെയോ  പിറകെ
നടന്നും  നിന്നും  കോണി കേറി   പ്ലൈനിനകത്ത്  എത്തിയിരുന്നു .
പറന്നു പൊങ്ങിയ  വിമാനത്തില്‍    ഇക്കാക്കാന്‍റെ    കയ്യില്‍  മുറുകെ  
പിടിച്ചിരുന്നു  ഞാന്‍   ശഹാദത്തുകലിമ   നിര്‍ത്താതെ   ചൊല്ലി.

ബോംബെ   നഗരത്തില്‍  ഹോറിസെന്‍  ഹോട്ടലില്‍     താമസം.
വമ്പന്‍  ഹോട്ടലിലെ  പതു പതുത്ത   പരവതാനികള്‍,   എനിക്ക്   അത്ഭുതക്കാഴ്ചയായി.
.
ജിദ്ദയിലേക്ക്  എയര്‍  ഇന്ത്യയുടെ   കൂറ്റന്‍   വിമാനം.  മുകളിലേക്കു    ചുവന്ന  പരവതാനി   വിരിച്ച    പിരിയന്‍   കോണി.  ഇസ്തിരിയിട്ട  പോലെ    സാരി   ചുറ്റിയ   സുന്ദരിമാരായ   എയര്‍   ഹോസ്റ്റെസുകള്‍.......!   ശൂന്യമായ  മനസ്സോടെ   ഉള്‍ക്കാഴ്ചകള്‍   കണ്ടിരുന്നു.

  വിമാനം  പറക്കാന്‍  തെയ്യാറെടുത്തപ്പോള്‍    പഴയ  പേടി  കൂട്ടിനെത്തി.
തൊട്ട   സീറ്റില്‍   ഹസ്ബന്‍റിന്‍റെ   കൂട്ടുകാരനാണ്.  മുഖത്തെ  പേടി  അയാള്‍   കാണാതിരിക്കാന്‍   പുറത്തേക്ക്  നോക്കി.   നടുങ്ങിപ്പോയി   ഞാന്‍  .
വിമാനത്തിന്‍റെ   കൂറ്റന്‍   ചിറകുകള്‍    എന്‍റെ    തൊട്ടടുത്ത്!!...
പടച്ചറബ്ബേ.....      ഇത്രേം  വല്യൊരു  സാധനത്തിന്‍റെ   ഉള്ളിലാണല്ലോ..ഞാന്‍.
ഇതെങ്ങാനും......?  വീണ്ടും   ശഹാദത്ത്  കലിമ!!..


സുന്ദരിമാര്‍   ഭക്ഷണവുമായിട്ടെത്തി. ..,ചുറ്റു  ഭാഗവും  നിരീക്ഷിച്ച ശേഷം  ഞാനും   കത്തി..മുള്ള് .പ്രയോഗം   നടത്തി  നോക്കിയെങ്കിലും  ദയനീയമായ
പരാജയമായിരുന്നു.  കൈ കൊണ്ട്   തിന്നാല്‍  പോലീസ്  പിടിക്കുമെന്ന്
കരുതി  തല്‍കാലം  തീറ്റ  വേണ്ടെന്നു  വെച്ചു.
 
  വീണ്ടും  മനസ്സ്‌   സങ്കടക്കടലിലേക്ക്   കൂപ്പുകുത്തി...
      
എന്നെക്കാളും  രണ്ടു വയസ്സിനുമാത്രം     മൂത്ത    ഇക്കാക്ക   ഒറ്റക്കെങ്ങിനെ  നാട്ടിലേക്ക്  മടങ്ങുമെന്ന്  ആലോചിച്ച്    
ജിദ്ദയിലെത്തും   വരെ  ഞാന്‍  കണ്ണീര്‍  വാര്‍ത്തു....

 അങ്ങനെ      വെയില്‍  മണക്കുന്ന   നാട്ടിലെ    പ്രവാസികളില്‍
ഒരാളായി     ഞാനും.

ഇനി    പ്രവാസം. .....--സന്തോഷത്തിന്‍റെയും ....,  വേര്‍പ്പാടിന്‍റെയും..,..

 ********************************************************************* 
           

വര്‍ത്തമാനം തുടരും...