കൂട്ടുകാര്‍

Monday, September 27, 2010

മോളുണ്ടാക്കിയ സ്പോഞ്ച് കേക്ക്‌ .

ഇന്ന്   ഞങ്ങള്‍ക്ക്‌   നാലുമണിച്ചായക്ക്     എന്‍റെ   മോളുണ്ടാക്കിയ    വാനില  സ്പോഞ്ച്    കേക്ക്‌.

വായ്ഭാഗ്യമുള്ള   ഗസ്റ്റ്‌    വന്നപ്പോള്‍  കൊടുത്തത്‌.
         
ഈ   സാദനങ്ങള്‍കൊണ്ടാണ്    ഉണ്ടാക്കിയത്.
300gm-maida
300gm-sugar
300gm-butter
6-8drops-vanila essance
2tspns-baking powder
6eggs   (പത്തു  പേര്‍ക്ക്)ഇളക്കുക  ,   വീണ്ടും  ഇളക്കുക,   വീണ്ടും  വീണ്ടും  ഇളക്കുക,     ഇളക്കി കൊണ്ടേയിരിക്കുക. 


വീട്ടിലെ   തട്ടിന്‍പുറത്തു    നിന്നും   ഉമ്മുമ്മാന്‍റെ     കാലത്തെ   കുക്കര്‍   പൊടി   തട്ടിയെടുക്കുക.      കുക്കറിന്‍റെ     കൂടെ  ഫ്രീ   കിട്ടിയ   തട്ട്   വല്ലതും   ഇരിപ്പുണ്ടെങ്കില്‍    അത്   അടിയില്‍  വെക്കുക.  ഇല്ലെങ്കില്‍   വേണ്ട.   


നന്നായി    വെണ്ണ  പുരട്ടിയ    അലൂമിനിയ പ്പാത്രം.


മാവ്      പാത്രത്തിലേക്ക്,


ഞാന്‍     റെഡി,


പത്ത്  മിനുറ്റ്    ചൂടാക്കിയ   കുക്കറിലേക്ക്          കേക്ക്പാത്രം ,,
കുക്കര്‍   വെയ്റ്റ്‌    ഇടാതെ  മൂടുക,   അമ്പത്‌  മിനിട്ട്    മീഡിയം   തീയില്‍   പാകം   ചെയ്യുക.   തീ  ഓഫ്  ചെയ്ത്   അഞ്ചു   മിനിട്ട്   കഴിഞ്ഞു    തുറക്കുക.
ഹായ്‌....
   


(വീട്ടില്‍   ഒവന്‍   ഇല്ലാത്ത   സങ്കടം   ഇപ്പോള്‍   മാറിയില്ലേ?!)

പുറത്തെത്തി.    

അലങ്കാരം    അവനവന്‍റെ      ഇഷ്ടം..   എങ്ങനെയുണ്ട്?       മുറ്റത്തുനിന്നും     സങ്കടിപ്പിച്ചതാ.........
  നടുവില്‍    വെക്കാന്‍     ഒരു   ചെറി  പോലും    കിട്ടിയില്ല.      തല്ക്കാലം      വാടാമല്ലികൊണ്ട്     അഡ്ജസ്റ്റ്     ചെയ്തു...


കടപ്പാട്:
http://sumthinzcooking.blogspot.com/
          

Sunday, September 26, 2010

ളോഹപോലൊരു സല്‍വാര്‍...

അങ്ങനെ  പത്ത് വര്‍ഷത്തെ  സ്കൂള്‍പഠനകാലം.    .    പരീക്ഷ  കയ്യെത്തും  ദൂരത്ത്.       ഭര്‍ത്തൃവീട്ടിലാണ്.   കൂടെ  എഴുതാന്‍  ഭര്‍ത്താവിന്‍റെ   അനിയനുമുണ്ട്.
 അങ്ങനെ  ആ   കടമ്പയും  നടന്നുകയറി,  റിസള്‍ട്ട്   കാത്തിരുന്ന  ദിനങ്ങളിലൊരു   നാള്‍  എന്‍റെ  പാസ്പോര്‍ട്ട്  കിട്ടി.  അതിനു  പിന്നാലെ  വിസയും.  സന്തോഷവും     സങ്കടവും  തോന്നിയില്ല.    ഒന്നെനിക്ക്  മനസ്സിലായി.  ഇനിയെനിക്ക്  കൂടുകാരികളില്ല.   കൂട്ടുകൂടലുകളും  കളികളും  അവസാനിച്ചിരിക്കുന്നു.                   ഇനി  എന്നെ  കാത്തു  നില്‍ക്കുന്നത്‌  വേര്‍പാടിന്‍റെ    ദിനരാത്രങ്ങള്‍...............- കൌമാരത്തില്‍       തന്നെ                യുവത്ത്വത്തിന്‍റെ      ആദ്യപടി     ചവിട്ടിക്കേറാന്‍     മനസ്സ്‌   പാകപ്പെട്ടുകൊണ്ടിരിക്കെ      റിസള്‍ട്ട്     വന്നു.    വിജയവാര്‍ത്ത      പ്രത്യേകിച്ചൊരു      വികാരവും        ഉണ്ടാക്കിയില്ല......._     എല്ലാം    അവസാനിച്ചു.        ഓര്‍ക്കുന്തോറും      എന്‍റെ      ചങ്ക്    പൊട്ടി....-      അങ്ങ്      ഏഴാം     കടലിനക്കരെ    ഒരുപാടു       സ്നേഹവുമായി                              എന്നെയും      കാത്തിരിക്കുന്ന         ഒരാളെപ്പററി      ഞാനോര്‍ത്തതെയില്ല.     
                                                                                                                                                                      
                                                                                                                                                     യാത്രയുടെ       ദിവസം   അടുത്തു  വരുന്നു.   അപ്പോഴാണ്    ആ  ചോദ്യം   ഉയര്‍ന്നത്.  ആരാണ്  ചോദിച്ചത്‌ എന്നെനിക്കൊര്‍മയില്ല. 

  പോകുമ്പോള്‍   എന്ത്   ഡ്രെസ്സിടും?   അതൊരു   വലിയ   ചോദ്യം  തന്നെയായിരുന്നു.   എന്തിടും??     ഞാനും   ചിന്തിച്ചു.  ഞാനിടുന്ന   ഒരേയൊരു   ഡ്രെസ്സ്   പാവാടയും  ജമ്പറുമാണ്.   പാവാടയിട്ട്   പ്ലൈനില്‍  കേറുമോ....?    ആലോചിച്ചിട്ട്  ഒരെത്തും  പിടിയും   കിട്ടുന്നില്ല.    സാരിയുടുപ്പിച്ചാലോ ... ആരോ  അഭിപ്രായപ്പെട്ടു.   സാരിയെന്നു   കേട്ടപ്പോഴേ  എനിക്കു  പേടിയായി.  ഇത്തിരിപ്പോന്ന  ഞാന്‍   സാരി  ചുറ്റിയിട്ട്   അതഴിഞ്ഞു  പോകാതെ  അത്രയും ദൂരം   എങ്ങനെഎത്തും..?    കല്യാണത്തിന്‍റെ   അന്നാണ്  ആദ്യമായി  സാരിയുടുത്തത്..     പാകമല്ലാത്ത ചിലതൊക്കെ  ഇടീച്ച്   അതിനു   മുകളില്‍    സാരിയും  വെച്ചു കെട്ടിയാണ്  അന്നെന്നെ  കൊണ്ടുപോയത്‌.
ഓര്‍ക്കുമ്പോള്‍  തന്നെ   ഒരുതരം   ബേജാര്‍....                                                         ‌.
    ചര്‍ച്ച   തുടര്‍ന്നു.  പരിഹാരം  ഒന്നും ആയില്ല.      അവസാനം   ആരും പറയാതെ  ത്തന്നെ   പരിഹാരം   ഗള്‍ഫില്‍നിന്ന്   പറന്നെത്തി.  കൂട്ടുകാരന്‍    
വഴി  കൊടുത്തയച്ച   രണ്ടു  പീസ്‌  തുണിയും  ഒരു   ഷാളും.   'ഇതുകൊണ്ട്  സല്‍വാര്‍   തയ്പ്പിച്ച്   അതിട്ടുകൊണ്ട്   പോരുക'     എന്നൊരു  കുറിപ്പും.  

            അതോടെ    ചര്‍ച്ച മറ്റൊരു   വഴിക്കായി.  സല്‍വാര്‍   ആരു  തയ്ക്കും..?   ഞങ്ങളുടെ    നാട്ടില്‍  ആരും   അങ്ങിനെയൊരെണ്ണം   ഇട്ടു  കണ്ടിട്ടില്ല.  ചൂട്‌പിടിച്ച   ചര്‍ച്ചക്കൊടുവില്‍    അമ്മായിന്‍റെ    മരുമോന്‍   എവിടെയോ   വെച്ച്  സല്‍വാറിട്ടവരെ   കണ്ടിട്ടുണ്ടെന്നും   അതുവെച്ച്   ഒന്ന്   ശ്രമിച്ചു  നോക്കാമെന്നും   തീരുമാനമായി.  മൂപ്പര്‍   അന്നത്തെ  വലിയ  ടൈലര്‍മാരില്‍   ഒരാളായിരുന്നു. [ ഇന്നു   ജീവിച്ചിരിപ്പില്ല.]     ശ്രമം  വിജയിച്ചു.  ഇപ്പോഴത്തെ  ചുരിദാര്‍ പോലെയൊക്കെത്തന്നെയായിരുന്നു.  കുറച്ചു  കൂടെ  സ്റ്റൈലാകട്ടെ  എന്നുപറഞ്ഞ്   അരയ്ക്കു  കെട്ടാന്‍  ഒരു  വള്ളിയും  അതില്‍  തുന്നിപ്പിടിപ്പിച്ചിരുന്നു.    പള്ളീലച്ചന്‍മാരുടെ      ളോഹപോലെ...
                               പിന്നീട്     സല്‍വാര്‍   ഇട്ടു   നോക്കുന്നവരുടെ    തിരക്കായിരുന്നു,.....      .
                                                                                                                                                      
  യാത്രയുടെ    ദിനം   അടുത്തെത്തി.......സ്വപ്നത്തില്‍      ഇരമ്പിയെത്തിയ     വിമാനങ്ങള്‍      എന്‍റെ     ഉറക്കം    കെടുത്തി.      പിന്നീടുളള                              എന്‍റെ      ദിവസങ്ങള്‍      നിറം   കെട്ടതായിരുന്നു......    
                                          ഇനി      യാത്ര........

   അതിനെ  ക്കുറിച്ച്  പറയാന്‍      ഇപ്പോള്‍    സമയം     പോര.    പിന്നീടൊരിക്കല്‍.                                                                                                                                                                                                                                                                                                                                                                                       

Saturday, September 25, 2010

The Chaos of Choice

"Two roads diverged into the concrete world,
And sorry i could not travel both!
Oh, I kept the first for another day!"

I'm at a very difficult juncture of life where for me to live i have to choose, not between 2 or 10 or 100! But from infinite.I have to choose whats next! I have to choose to learn or to work; to work while learning or to learn at work; to learn then work or to work then learn; to go by what dad said or by what friends said; to follow billgates(dropout) or to follow Larry Page(Google founder). This list is exhausting! Peer pressure is unbearable! When I read philosophers writing that the biggest problem of  future will be of choice, I used to laugh at them and now life laughs at me. The line of clarity have been crossed and chaos of choice is every where!  'Road Not Taken' was written by Robert Frost when he had to choose from two roads! What should I write when I stand clueless before many?
My bachelor degree is over, friends are all gone into hiding, and all I know of them is their facebook status and twitter updates now and then! The choice is mine to make, they might have already chosen or might have already got into the unstoppable flow of man-made blunders; Careerism, Scope and Payscale might have froze their true being and choosed for them.
Like all, I won't fall for the cowardice of being looked upon as strange, for choosing to be different. And here I take these oath:
  • My life won't be decided upon.
  • I'll 'Earn' while 'Living' and  will not 'Live' while 'Earning'.
  • I won't let what others think, decide for me!
  • My mistakes are for me to make and learn from! safwan 
"I shall be telling this with a sigh
Somewhere ages and ages hence:
many roads diverged into a concrete world, and I
I took the one less traveled by,
And that has made all the difference.
That has made 'ME'"

Friday, September 24, 2010

ഇപ്പോള്‍ കിട്ടിയത്.

കവി  ഓ.എന്‍.വി. ക്ക്    ജ്ഞാനപീഠം അവാര്‍ഡ്! ഇപ്പോള്‍ ന്യൂസില്‍ കണ്ടതാണ്.   നിങ്ങളറിഞ്ഞോ?

Thursday, September 23, 2010

ഖോജാത്തി സുറുമയുടെ മണം.വായന  വളര്‍ന്നു.  ഒപ്പം ഞാനും.
പുസ്തകങ്ങള്‍  തരുന്ന   കാര്യത്തില്‍    ഇക്കാക്ക  ഉദാരനായതും  ഇക്കാലത്താണ്. ചുവന്ന  പെയിന്‍റ്  അടിച്ച  ബുക്ക്‌ഷെല്‍ഫ്‌  എന്നെ  ഏതു  സമയവും  മാടിവിളിച്ചുകൊണ്ടിരുന്നു.
ഡ്രാക്കുള  വായിച്ചത്  ഇക്കാലത്താണ്.
ആരും  കാണാതിരിക്കാന്‍  പൊതിഞ്ഞിട്ടാണ്  വായിച്ചത്. 
പിന്നെ  പേടിയുടെ  നാളുകളായിരുന്നു. രാത്രിയില്‍  ഉറക്കമില്ലാതെയായി.
വല്ല്യുമ്മാനെ  ഇടയ്ക്കിടെ വിളിച്ചുണര്‍ത്തി  ഉറക്കം  കെടുത്തി. 
ചെല്ലിപ്പറഞ്ഞ്   (പ്രാര്‍ത്ഥിച്ച്)    കിടക്കാഞ്ഞിട്ടാണെന്ന്‍ പറഞ്ഞ്,
വല്ലിമ്മ  ഉറങ്ങാതെ  കൂട്ടിരുന്നു. 
കാരണം  ഡ്രാക്കുളയാണെന്നു  വല്ല്യുമ്മാക്കറിയില്ലല്ലോ.
പാവം  ഇന്നില്ല. ഖോജാത്തി  സുറുമയുടെ മണം 
ഇന്നും എന്നെ   വല്ല്യുമ്മാന്‍റെ  ഓര്‍മകളിലേക്ക്   കൂട്ടിക്കൊണ്ടുപോകുന്നു
                                                                                                                                                                         തോറ്റുതൊപ്പിയിട്ട്  ഉപേക്ഷിച്ചു  കളഞ്ഞിരുന്ന  പഴയ   കഥയെഴുത്ത് മോഹം  വീണ്ടും വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. 
മാധവിക്കുട്ടിയെപോലെ  എഴുതണം,
എന്നൊരൊററ  ചിന്ത മാത്രമായി  പിന്നെ. 
കഥ മാത്രം വന്നില്ലെന്നു  മാത്രം.  മുറ്റത്ത്  നീര്‍മാതളമൊന്നും  ഇല്ല. 
ആകെയുള്ളത്  വലിയൊരു  പുളിമരമാണ്.
പുളിമരക്കൊമ്പില്‍   തലങ്ങും  വിലങ്ങും  നോക്കി  കഥകള്‍  മെനയാന്‍   ശ്രമിച്ചു. ഒന്നും   വന്നില്ല.  തല്‍കാലം  താഴെ  വീണ
പുളി പെറുക്കിത്തിന്നു    മനസ്സിനെ  സമാധാനിപ്പിച്ചു. 
പിന്നെ  ഈ വക സാഹസങ്ങള്‍ക്കൊന്നും    തല്‍ക്കാലം  മുതിര്‍ന്നില്ല.
                                                                                                                                                          കാലം  നടന്നു.  പിന്നാലെ  ഞാനും.
                                                                                                                                         

Wednesday, September 22, 2010

കാറ്റില്‍ മുറിഞ്ഞു പോകുന്ന പാട്ടുകള്‍.

          
നഷ്ടപ്പെട്ട      ബാല്യത്തെ   തിരികെ    കൊണ്ടുവരാന്‍   ഒരു  വൃഥാ   ശ്രമം......
ഓര്‍മകളിലങ്ങനെ   മേഞ്ഞുനടന്നാല്‍    മതി,   ബാല്യത്തിന്‍റെ   മണങ്ങള്‍   
ചുറ്റിലും പരക്കാന്‍... ശബ്ദകോലാഹലങ്ങള്‍   സിരകളില്‍   മുഴങ്ങാന്‍ ......
ഞങ്ങളുടെ  വീടിനടുത്തുള്ള     ഓല മേഞ്ഞ       സിനിമാഹാളിനു
പിറകിലുള്ള   പാടത്തായിരുന്നു     വൈകുന്നേരത്തെ    കളികള്‍.  
സന്ധ്യാബാങ്ക്(മഗരിബ്)      കൊടുക്കുന്ന     സമയത്ത്  
സിനിമാഹാളില്‍നിന്നും     പാട്ടുതുടങ്ങും.      ഇതായിരുന്നു,  
കളി    നിര്‍ത്താനുള്ള     സമയം. .    ഇടയ്ക്കുകാറ്റില്‍     മുറിഞ്ഞു-  
വന്നും   പോയും    കൊണ്ടിരിക്കുന്ന  
പാട്ടിന്‍റെവരികള്‍..    ഇന്നും   എന്‍റെ   കാതുകളിലുണ്ട് .

മാടപ്രാവേ..വാ..................................,ഒരു കൂടു  കൂട്ടാന്‍  വാ.....,....

പിന്നെ  വീടുകളുടെ   മുറ്റങ്ങള്‍താണ്ടിയുള്ള    മടക്കയോട്ടം!
ഇന്ന്‍ ഈ  മുറ്റങ്ങള്‍  താണ്ടണമെങ്കില്‍  എത്ര ഗേറ്റുകളുടെ  കൊളുത്തഴിക്കണം!!???


                       ******************************************************

 Sunday, September 19, 2010

കത്തെഴുത്തിന്‍റെ *മാ* ശാസ്ത്രം.
എനിക്കു  മുന്നേ  കാലം  നടന്നോ..? അറിയില്ല...                 
ബാല്യമോ   കൌമാരമോ  എന്നെനിക്കുതന്നെ   നിശ്ചയമില്ലാത്ത   
പ്രായത്തില്‍ ഗള്‍ഫില്‍  നിന്നും  വരുന്ന  കത്തുകള്‍ക്ക്   മറുകുറി  അയക്കുന്ന  തത്രപ്പാടിലായിപ്പോയി  ഞാന്‍.
ഇക്കാലത്താണ്  ഞാന്‍  വായനയുടെ  മറ്റൊരു  തലത്തിലേക്ക്‌   വഴുതി  
വീണത്.  അയല്‍പക്കത്തെ   ഉമ്മറത്തിണ്ണയായി   പിന്നെ  എന്‍റെ  ഇഷ്ടസ്ഥലം.  അവിടെയിരുന്നാണ്   മംഗളവും  മനോരമയും  വായിച്ച്  കണ്ണീര്‍  വാര്‍ത്തത് .  അതിലെ   ഒരു പാട്  വരികള്‍ ക്ക്  എന്‍റെ കാരുണ്യത്തില്‍ വിസയില്ലാതെ  ഗള്‍ഫിലെത്താനുള്ള   ഭാഗ്യം  സിദ്ധിച്ചു?!!                                                          
അങ്ങനെ  കത്തെഴുത്തിലെങ്കിലും  ഒരു  ഡിഗ്രി   എടുക്കാനുള്ള   
ഭാഗ്യം എനിക്കുമുണ്ടായി.                                                                                                                  

സ്കൂള്‍  ലൈബ്രറിയില്‍നിന്നും  സങ്കടിപ്പിച്ച   മുട്ടത്തുവര്‍കിയെയും, കാനത്തെയും   താങ്ങിപ്പിടിച്ചുകൊണ്ട്  വന്ന  ഒരു  ദിവസം ഇക്കാക്ക      
തന്ന " ബാല്യകാല സ്മരണകള്‍" എന്‍റെ  മനസ്സില്‍  ചേക്കേറിയിരുന്ന   പൈങ്കിളികളെ  ഒന്നടങ്കം പറത്തിക്കളഞ്ഞു.  
പിന്നീടങ്ങോട്ടു ഖസാക്കിലെ കരിമ്പനക്കൂട്ടങ്ങള്‍ എനിക്ക് കുളിര്‍ക്കാററായി. 
മംഗസ്ററിനും നീര്‍മാതളവും എനിക്കു  തണലേകി.                                  

ഇതിനിടയിലെപ്പോഴാണ് കൌമാരം എന്നോട് വിട ചോദിച്ചത്..?                             
                             

കുഞ്ഞുണ്ണിമാഷും പിന്നെ ഞാനും!


പറഞ്ഞു   വരുന്നത്  കുട്ടിക്കാലം കഥകള്‍  തന്നെ.
പുതിയത്  വല്ലതും  മനസ്സീന്നു  വന്നിട്ടു വേണ്ടേ. 
എന്‍റെടുത്താണെങ്കില്‍  സ്റ്റോക്  വളരെ  പരിമിതം. 
(അല്ലെങ്കിലും ഒരു പത്താം  ക്ലാസുകാരി  ഇതില്‍  കൂടുതല്‍   എന്തെഴുതാന്‍!!??) 
                  
പറയാന്‍  വന്നത്   കുഞ്ഞുണ്ണി  മാഷെ പ്പറ്റി യാണ്.
 (നേരില്‍      കാണാന്‍   ഒരു പാട്  കൊതിച്ചിട്ടും  
കാണാന്‍  അവസരം  തരാതെ   കാലയവനികക്കുള്ളില്‍ 
മറഞ്ഞ   ആ  ചെറിയ  വലിയ  മനുഷ്യന്  ആദരാഞജലികള്‍ ...)  
                                  
അന്നെന്‍റെ    വീട്ടില്‍   ആകെ  വരുത്തിയിരുന്നത്,   ചന്ദ്രികവീകിലിയും,  
മലര്‍വാടിബാലമാസികയും,  പിന്നെ  പ്രബോധനവും,  പത്രവും.

അക്കാലത്ത്‌  ചന്ദ്രികയില്‍  കാനേഷ് പൂനൂരിന്‍റെ   "പൂകുറിഞ്ഞിപ്പക്ഷി"    
എന്ന  നോവല്‍    ഉമ്മ  വായിക്കാറുള്ളത്  ഓര്‍ക്കുന്നു.                
ഇക്കാക്ക   ചെറുപ്പത്തിലെ   ലൈബ്രറിയിലൊക്കെ   
പോകുന്നത്  കണ്ടു  അസൂയപ്പെട്ടിട്ടുണ്ട്. 
മൂപരന്നു  പത്താം  ക്ലാസ്സ്‌  കഴിഞ്ഞിട്ടേ യുള്ളൂ  കേട്ടോ , 
എന്നാലും  സ്വന്തം  ശേഖരത്തില്‍ നിന്നൊരു  ബുക്ക്‌  കിട്ടണമെങ്കില്‍ 
എന്തെല്ലാം   നിയമങ്ങളായിരുന്നു.   
പുസ്തകം   കിട്ടിയാല്‍   ആദ്യം  മൂപരുടെ  സാനിധ്യത്തില്‍   
അത്  പൊതിഞ്ഞെടുക്കണം. 
വായിച്ചു  വെച്ച   പേജ് മടക്കി   അടയാളം  വെക്കാന്‍  പാടില്ല.      
ഒരു   പുസ്തകം     തന്നു    നീണ്ട  ഒരു  ഇടവേളക്ക്   ശേഷമേ   
മറ്റൊരു പുസ്തകം    കിട്ടൂ.     
ആകെയുള്ള  മലര്‍വാടി യാണ്  പിന്നെ   എന്‍റെ   കൂട്ട്.                 
മലര്‍വാടിയിലന്നു   കുഞ്ഞുണ്ണി മാഷുണ്ടായിരുന്നു.  
അപ്പോഴൊരു   പൂതി.  എങ്ങനെയെങ്കിലും   ഒരു  കഥ  എഴുതണം.
പിന്നെ  താമാസിച്ചില്ല.  നോട്ട്ബുക്കില്‍  നിന്നൊരു  പേജ്  വലിച്ചു കീറി.     ഏതോ  ക്ലാസ്സില്‍  വെച്ച്  ഒരു  ടീച്ചര്‍    സ്ഥലം  മാറിപ്പോയപ്പോഴുണ്ടായ  
എന്‍റെ   സങ്കടം  ' ദുഖ:"സ്മരണ '    എന്ന്  ഓള്‍ഡ്‌  മോഡല്‍  പേരുമിട്ട്  കുഞ്ഞുണ്ണിമാഷിന്‍റെ   അഡ്രസ്സില്‍  വളരെ   ബുദ്ധിമുട്ടി  പോസ്റ്റുചെയ്തു.

പിന്നീട്   കാത്തിരുപ്പിന്‍റെ  നാളുകള്‍.     
പോസ്റ്റമാന്‍  വീട്ടില്‍  വരുന്ന  പതിവില്ലായിരുന്നു.  
കത്തുകള്‍  ഉപ്പാന്‍റെ  കടയിലാണ്  കൊടുത്തിരുന്നത്. 
ഉപ്പ  കടയടച്ചു  വരുമ്പോഴേക്കും കൂര്‍കം  വലിച്ചിരുന്ന  ഞാന്‍ , 
ഉറങ്ങാതെ   പഠിപ്പ്   അഭിനയിച്ചിരിക്കും. 
ഉപ്പ  കീശയില്‍നിന്നും  കയ്യില്‍നിന്നും  മേശപ്പുറത്ത്   വെക്കുന്ന  
ഓരോന്നും  സസൂഷ്മം നിരീക്ഷിച്ച്  കത്തില്ലെന്ന്  
ഉറപ്പു  വരുതിയിട്ടെ   കിടക്കൂ.  

നിരാശയുടെ   നാളുകള്‍കൊടുവില്‍   ഒരു   ദിവസം  
കുഞ്ഞുണ്ണിമാഷിന്‍റെ   കത്തു  കിട്ടി.   (ഇപ്പോഴായിരുന്നെങ്കില്‍   സന്തോഷംകൊണ്ടെനിക്കിരിക്കാന്‍   വയ്യേ  ... എന്നു  പാടിപ്പോയേനേ..!) 

വെട്ടിയും  തിരുത്തിയും  എന്‍റെ  കഥ   തിരിച്ചു  വന്നിരിക്കുന്നു. . 
മാതൃഭൂമി  ബാലപക്തിയിലേക്ക്‌  അയക്കുക. 
"അപ്പപ്പോള്‍   തോന്നുന്നത്   അപ്പപ്പോള്‍  എഴുതുക". എന്നു രണ്ടു  വരികളും..
തിരുത്തി  അയച്ചുതന്ന   കഥ.
ഇതൊക്കെ   എന്‍റെ    മാത്രം   സ്വകാര്യങ്ങളായിരുന്നു.   
കഥ  നല്ലൊരു   പേ പ്പറിലേക്ക്  മാറ്റിയെഴുതി.
കവറിലിട്ട്  മാഷയച്ചുതന്ന  അഡ്രസ്സും എഴുതി .  
പിറ്റെന്നു  സ്ക്കൂളില്‍  പോകും  വഴി  പോസ്റ്റു  ചെയ്തു.
മാതൃഭൂമിയില്‍  വന്നില്ലെങ്കില്‍  മടക്കി  അയക്കാന്‍ 
അഡ്രസ്സ്എഴുതിയ  കവറും  കൂടെയിട്ടു. 
വന്നാലും  കാണാന്‍  മാതൃഭൂമി  എവിടുന്ന്‍  കിട്ടും.                   
രണ്ടാഴ്ച  തികയുന്നതിനുമുമ്പേ  എന്‍റെ   കൈപടയില്‍     
അഡ്രസ്സുള്ള  കത്ത്  വന്നു.     പിന്നെ  കഥയെഴുത്തിനു   മുതിര്‍ന്നില്ല

കുഞ്ഞുണ്ണിമാഷുമായുള്ള   കത്തെഴുത്ത്  തുടര്‍ന്നു.  
രണ്ടോ മൂന്നോ.. വരികളെഴുതി  മറുപടി  അയക്കാന്‍  മാഷ്‌   ഒരിക്കലും  മറന്നില്ല.  ഇന്നും  അതെന്‍റെ   സൂക്ഷിപ്പിലുണ്ട്.
കുഞ്ഞുണ്ണിമാഷ്  എനിക്കയച്ച  രണ്ടു  കത്തുകള്‍.    കുഞ്ഞുണ്ണിമാഷിന്‍റെ    മരണശേഷം   ഓരോരുത്തരുടെ   അനുഭവക്കുറിപ്പുകള്‍   പത്രത്താളുകളില്‍   വായിച്ചപ്പോള്‍    ഞാന്‍  ഇതൊക്കെ   ഓര്‍ത്തുപോയി.
 ************************************************************************************

Friday, September 17, 2010

ഓര്‍ക്കുട്ടും ഫേസ്ബുക്കിലെ ചുമരെഴുത്തും!

മക്കളൊക്കെ കേറിയത് കണ്ട് ഞാനും ഒന്നെത്തിനോക്കി.
ഓര്‍ക്കുട്ടിലെയ്..!
ഒരുമാതിരി പഴയ മോഡല്‍ മൊബൈലിലേക്ക്‌ നോക്കിയപോലെ.
എന്നാപിന്നെ ഫേസ്ബുക്കിലൊന്നു കേറിനോക്കാമെന്നുവെച്ചു,, കേറി, കേറിയപാടെ ഒരു ചുമരെഴുത്തും അങ്ങു പാസ്സാക്കി..!!

അതെന്‍റെ വലിയ മോന്‍റെ ഫ്രെന്‍റിന്‍റെ ചുമരായിരുന്നുപോലും!?  
പിന്നീട് ഞാന്‍ സ്വന്തം ചുമരില്‍ പോലും എഴുതിയിട്ടില്ല.

ചെറുപ്പം കൊതിച്ചതും , കാലം നിനച്ചതും ,

വായനയായിരുന്നു  എന്നും പ്രിയപ്പെട്ടത്‌ .
കിട്ടുന്ന  കഥകളെല്ലാം  ആര്‍ത്തിയോടെ  വായിച്ചു.  
ഇക്കാക്കാന്‍റെ   ശേഖരത്തില്‍നിന്നും   ടോമ്സോയെര്‍,  ഹക്കില്‍ബറിഫിന്‍ ,   തുടങ്ങി   ഒരുപാട്  ഇംഗ്ലീഷ്   ബുക്കുകളുടെ   തര്‍ജമകള്‍ .  

അയല്‍പ്പക്കത്തെ   ടീച്ചറുടെ   വീട്ടില്‍  പോയി  ,കുഞ്ഞിക്കൂനനും ,  ഒരു കുടയും  കുഞ്ഞു  പെങ്ങളും .   തുടങ്ങി   ഒട്ടേറെ   വേറെയും. 

പിന്നെ  ബാലരമ,  പൂമ്പാറ്റ,   ചംപക്     [ഇതിനെ  ഇപ്പോള്‍  എവിടെയും   കാണാറില്ല ].   മൃഗങ്ങള്‍   ജെട്ടിയും   ഉടുപ്പും   ധരിച്ച    ചിത്രങ്ങള്‍  
അക്കാലത്ത്‌   ചംപകില്‍    മാത്രമേ   കണ്ടിരുന്നുള്ളൂ. സാരിയുടുത്ത    പൂച്ചപ്പെണ്ണും   പാന്‍റിട്ട   പാണ്ടന്‍  നായയുമൊക്കെ    അന്നത്തെ  കൌതുകക്കാഴ്ചകളില്‍    ഒന്നായിരുന്നു.    

ഇങ്ങനെ   മായാവിയും   കപീശുമൊക്കെ   വായിച്ചു   രസിച്ചു   നടക്കുന്ന   കാലത്താണ്    എന്നെ   പിടിച്ചു   കെട്ടിക്കുന്നത്   ബൂലോകരെ..., കാലത്തിന്‍റെ     (എന്‍റെ   ഉപ്പാന്‍റെ )   ഓരോ    വികൃതികളെയ്.....!