കൂട്ടുകാര്‍

Monday, February 3, 2014

പിറവിയുടെ കിളിനാദം..!
20140129_115041_LLS

തുടര്‍ച്ച…

ഈ മുട്ട വിരിയാനെന്താ ഒമ്പത് മാസവും ഏഴ് ദിവസവും വേണോ…അല്ല പിന്നെ..അതൊന്നു വിരിഞ്ഞിട്ടു വേണം ബ്ലോഗില്‍ കേറി ഇട്ട പോസ്റ്റിന്‍റെ ബാക്കി എഴുതാന്‍…
പണ്ടേ ഇങ്ങനെയാ…ഇങ്ങനെ വല്ല കിളിയോ കൂടോ ഒക്കെ വീണുകിട്ടുമ്പോഴാണ് ഈയുള്ളവള്‍ക്കൊരു പോസ്റ്റും വീണു കിട്ടുന്നത്..
രാവിലെ അടുക്കളയില്‍ കേറിയാല്‍ ജനാലയിലൂടെ ഏന്തി വലിഞ്ഞു ഞാന്‍ പുറത്തേക്ക് നോക്കും.കിളിക്കൂട്ടില്‍ മുട്ടകള്‍ കണ്ട നാള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ ഒളിഞ്ഞു നോട്ടം.ഇടയ്ക്കു അമ്മക്കിളി കൂട്ടില്‍ ചൂട് പകരാനിരിക്കുന്നത് കാണാറുണ്ടെന്നല്ലാതെ മുട്ടകള്‍ വിരിയുന്ന ലക്ഷണമൊന്നും കണ്ടില്ല.

DSC00628


മുറ്റത്തിറങ്ങുമ്പോള്‍ കൂടിനടുത്ത് പോയി നോക്കും..അപ്പോഴേക്കും തള്ളക്കിളി എവിടുന്നെങ്കിലും പാറിയെത്തും.പിന്നെ അടുക്കാന്‍ സമ്മതിക്കില്ല.
മുട്ട വിരിയാതെ ബ്ലോഗില്‍ കേറാനൊക്കില്ല.ഇട്ട പോസ്റ്റിന്‍റെ ബാക്കി എഴുതണമെങ്കില്‍ അത് വിരിയാതെ പറ്റില്ലല്ലോ..അത് ചീമുട്ടയാകല്ലേ എന്ന് ഇടയ്ക്കിടെ മനസ്സില്‍ പ്രാര്‍ഥിക്കും…
എന്നാലും ഞാന്‍ വെറുതെയിരുന്നില്ല കേട്ടോ…ഭര്‍ത്താവ് സ്വന്തമായി ഉണ്ടാക്കിയ അടുക്കളത്തോട്ടവും   പൂക്കളും ഒക്കെ മൊബൈലില്‍ ക്ലിക്കി ഫെസ്ബൂക്കിലെ അടുക്കളത്തോട്ടത്തിലിടും…!!
അങ്ങനെയിരിക്കെ ഒരാഴ്ചമുമ്പൊരു പുലര്‍ക്കാലം…നിനച്ചിരിക്കാതെ ജനാലക്കല്‍ ഒരു കിളിക്കൊഞ്ചല്‍! ജനല്‍ പാളി മേല്ലെതുറന്നുനോക്കി.ദേ  കിളിക്കൂട്ടില്‍ അനക്കം..!എലികുഞ്ഞുങ്ങളെപോലെ രണ്ടു മാംസപിണ്ടങ്ങള്‍!!ചുവന്ന വായ പിളര്‍ന്നു കരയുന്നു.ഞാനാദ്യമായാണ് വിരിഞ്ഞ ഉടന്‍ കിളിക്കുഞ്ഞുങ്ങളെ കാണുന്നത്.

DSC00770
DSC00789


നോക്കിക്കൊണ്ട് നില്‍ക്കെ ബ്ലോഗിനെക്കുറിച്ചോര്‍ത്തു,,ഓടിപ്പോയി മൊബൈല്‍ കൊണ്ടുവന്നു.പുറത്തേക്ക് ഓടി.കൂടിനടുത്തെക്ക് എത്തിയില്ല…അതാ തള്ളക്കിളി തലയ്ക്കു മുകളില്‍!അടുക്കാന്‍ സമ്മതിക്കുന്നില്ല..
.നിരാശയോടെ അടുക്കളയില്‍ തിരിച്ചെത്തി..ചട്ടിയിലെ കരിഞ്ഞ ദോശ തോണ്ടിയെടുത്ത് വേസ്റ്റില്‍ ഇട്ടു.അടുപ്പ് ഓഫ്‌ ചെയ്തു.ഈ ദോശയെക്കാള്‍ വലുത് എനിക്കെന്‍റെ ബ്ലോഗ്‌ തന്നെ,,ഒരു പോസ്റ്റ്‌ തഞ്ചത്തില്‍ വീണു കിട്ടിയപ്പോള്‍ ബ്ലോഗിലേക്ക് വലിഞ്ഞു കേറിയതാണ്.അത് നഷ്ട്ടപ്പെടുത്തിക്കൂടാ,,,


DSC00837


ജനലിലൂടെ ഒരു കൈ നോക്കാം..മെല്ലെ പാളി നോക്കി കൂട്ടില്‍ തള്ളയില്ല.ഒരൊറ്റ ക്ലിക്ക്..സംഭവം ക്ളിക്കായെങ്കിലും രണ്ടാമതൊന്നു എടുക്കാന്‍ പറ്റിയില്ല,തൊട്ടു തന്നെയുള്ള  മഞ്ഞ മുളയുടെ കമ്പിലും കുഞ്ഞു നാരങ്ങാമരത്തിലും  അത് മാറി മാറി ഇരുന്നു എന്നെ തുറിച്ചു നോക്കി..


DSC00856
DSC00850

അത് വകവെക്കാതെ ഞാന്‍ ജനലിലൂടെ കയ്യിട്ടു ഫോടോ എടുക്കാന്‍ വീണ്ടും ഒരു ശ്രമം നടത്തി.ആ മാതൃസ്നേഹത്തിനു മുമ്പില്‍ ഞാന്‍ അടിയറവു പറഞ്ഞു,
അത് പറന്നു വന്നു ജനല്‍ പാളിയില്‍ കുട്ടികള്‍ക്ക് കാവലായി ഇരുപ്പുറപ്പിച്ചു..

DSC00857

രക്ഷയില്ലാന്നു കണ്ടു കുറെ നേരം ഞാന്‍ മാറി നിന്നു. കുറച്ചു കഴിഞ്ഞു വീണ്ടും വന്നു നോക്കി…അമ്മ കുട്ടികള്‍ക്ക് മീതെ ചൂട് പകര്‍ന്നു  ഇരുപ്പായിരുന്നു…


DSC00862


ഫോട്ടോ എടുത്ത് വീണ്ടും ശല്യം ചെയ്തില്ല. എന്‍റെ ദോശച്ചട്ടി തണുത്തിരുന്നു…പത്രത്തില്‍ തലയും പൂഴ്ത്തി ഇരുന്നിരുന്ന ഭര്‍ത്താവ്  ചായകുടിക്കാന്‍ നേരമായെന്ന സിഗ്നലോടെ നോക്കുന്നുണ്ട്.തല്‍ക്കാലം കിളിക്കൂട്‌ വിട്ടു ദോശയിലേക്ക് തിരിഞ്ഞു.
പിന്നീട് അഞ്ചു നാള്‍ കഴിഞ്ഞു ഞാന്‍ മുറ്റത്തുകൂടെ നേരിട്ട് കിളിക്കൂടിനടുത്തെത്തി.തള്ളക്കിളി പരിസരത്തൊന്നും ഇല്ലെന്നു ഉറപ്പു വരുത്തി..ഒരൊറ്റ ക്ലിക്ക്…സംഭവം ഓക്കെ…
ചിറകു മുളച്ചു തുടങ്ങിയിരിക്കുന്നു…ഒന്നുകൂടി മൊബൈലും കൊണ്ട് ചെന്നെങ്കിലും എവിടുന്നോ കുതിച്ചെത്തിയ തള്ളക്കിളി എന്‍റെ തലയ്ക്കു മുകളിലൂടെ  തലങ്ങും വിലങ്ങും പാറി..
കുത്തി മറിഞ്ഞു വീഴാതെ ഒരു വിധത്തില്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു.
അല്ലെങ്കിലും വല്ലപ്പോഴും ഇങ്ങനെ  ഓടെണ്ടി വരുമ്പോഴൊക്കെയ്യാണ് ആയ വയസ്സിനെ കുറിച്ചു അന്തമുണ്ടാവുന്നത്.

DSC00963

തിരിഞ്ഞു നോക്കുമ്പോള്‍ അമ്മക്കിളി ആസ്ബറ്റൊസിനു മുകളില്‍ ജാഗരൂഗയായി ഇരിക്കുന്നുണ്ട്‌.തന്‍റെ പോന്നു മക്കള്‍ക്ക്‌ കാവലായി…


.
DSC00929


ഒരാഴ്ച കൂടി കിളിയും മക്കളും കൂട്ടില്‍ തന്നെയുണ്ടായിരുന്നു..പിന്നീടെപ്പോഴോ ചിറകു മുളച്ച കുഞ്ഞുങ്ങളെയും കൊണ്ട് തള്ളക്കിളി എങ്ങോട്ടോ പറന്നുപോയി…
ഈ കൂട്ടിലെ ‍ രണ്ടാമത്തെ പിറവിയും അങ്ങനെ പറന്നകന്നു…


DSC00456


ഇനിയും മൂന്നാമതൊരു കിളിക്കൊഞ്ചല്‍ കാതോര്‍ത്ത് ഞാനും ഈ കിളിക്കൂടും ഇനിയും ബാക്കി…!!
((ഉണ്ടായാല്‍ എനിക്കൊരു ‘ഉപകാരമായേനെ’…!!??))