കൂട്ടുകാര്‍

Sunday, June 19, 2011

ആരും ചോദിച്ചില്ല ...എങ്കിലും ...!!??


ഓര്‍മകളേ....



എന്താ  ചോദിച്ചെ..
ഞാനിതുവരെ  എവിടെയായിരുന്നുന്നോ..?  ഇല്ല  ല്ലേ ചോദിച്ചില്ല..ല്ലേ..!എനിക്ക് തോന്നിയതാകും..
ആരും  ചോദിച്ചില്ലേലും പറയുക എന്നത് ഒരു വിശ്വസ്ത ബ്ലോഗിണിയുടെ കടമയാണെന്ന് വിശ്വസിക്കുന്ന എനിക്ക് പറയാതെ പറ്റില്ലല്ലോ...
അതുകൊണ്ടാ  കിട്ടിയ തക്കത്തില്‍ പറയാമെന്നു വെച്ചത്.{കിട്ടിയ തക്കം എന്നുദ്ദേശിച്ചത്ഒരു ലാപ്‌ ഒത്തുകിട്ടിയപ്പോള്‍ എന്നാണ്}

ബ്ലോഗു  തുടങ്ങി രണ്ടുമാസം തികയും മുമ്പാണ് അവളെ എനിക്ക് കിട്ടിയത്‌.
ഗള്‍ഫില്‍ നിന്നും ഭര്‍ത്താവ് വന്നപ്പോള്‍ എനിക്ക് നല്‍കിയ വലിയൊരു സമ്മാനം!
ഞാന്‍  വളരെ അരുമയോടെ ,,വര്‍ദ്ധിച്ച ശ്രദ്ധയോടെ ,,ഒക്കെ ത്തന്നെയാണ് അവളെ പരിപാലിച്ചതും കൊണ്ടുനടന്നതും..
താഴെവെച്ചാല്‍ ഉറുമ്പരിക്കും ..തലയില്‍ വെച്ചാല്‍ പേന്‍ കടിക്കും...!ഇത് രണ്ടും ഒരുപാട് കാലം മുമ്പേ തന്നെ അറിയുന്ന ഞാന്‍ ,,അവളെ എന്‍റെ ബെഡ് റൂമിലെ മേശയില്‍  നിന്നും  അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാതെ  സംരക്ഷിച്ചു.
എന്‍റെ  സ്വന്തം മക്കളെപ്പോലും ഞാന്‍ അവളില്‍ നിന്നും ഒരു വിളിപ്പാടകലെയെ നിര്‍ത്തിയിട്ടുളളു.., എന്‍റെ നെച്ചൂസിനെ അവള്‍ക്കു വേണ്ടി ഞാന്‍ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്..,എന്തിനധികം  അവളെ മേശപ്പുറത്തുനിന്നും എടുത്തു കൊണ്ട് പോയതിന്‍റെ പേരില്‍ എന്‍റെ  ബ്ലോഗിമോനുമായി ഞാന്‍ ശണ്ഠ കൂടിയിട്ടുണ്ട്.
ഞാന്‍  പറഞ്ഞു വരുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും.
വേറൊന്നും അല്ല ,,എന്‍റെ  കുഞ്ഞു സുന്ദരി ലാപ്!!
അവളെ കുറിച്ചാണ് പറയുന്നത്. ഒരു കുഴപ്പവുമില്ലാതിരുന്ന അവള്‍ പെട്ടെന്നൊരുനാള്‍ മുന്നറിയിപ്പേതുമില്ലാതെ മിണ്ടാട്ടം നിര്‍ത്തി നിലച്ചു പോയപ്പോള്‍  അട്ടം  നോക്കി അന്തിച്ചിരിക്കാനെ  എനിക്കായുള്ളു..!
എന്ത് ചെയ്തിട്ടും പിന്നീടവളൊട്ടുണര്‍ന്നതുമില്ല.

കമ്പ്യൂട്ടെറില്‍ ഒരു ജ്ഞാനവും പരിജ്ഞാനവും ഇല്ലാത്ത ഞാന്‍  പോസ്റ്റ് ദാരിദ്ര്യം ബാധിക്കുമ്പോള്‍  വെറുതെ അന്തവും കുന്തവുമില്ലാത്ത ചില പരീക്ഷണങ്ങള്‍ നടത്തിക്കളിക്കാറുണ്ട്. അങ്ങനെ ഒരു കളിക്കിടയിലാണ് പെട്ടെന്നവള്‍  പിണങ്ങി മാറിയത്‌. അതോടെ ഞാന്‍ ആകെ വെട്ടിലായി എന്ന് തന്നെ പറയാം..
എന്‍റെ മോന്‍ വളരെ പണിപ്പെട്ടു ഡിസൈന്‍ ചെയ്തു തന്ന എന്‍റെ ബ്ലോഗിനെ മറ്റൊരു ഡിസൈന്‍ കൊടുത്ത് പരീക്ഷിച്ചു കളിച്ച എനിക്ക് ഇത് തന്നെ കിട്ടണം..
എന്‍റെ ബ്ലോഗിനെ  പഴയ രൂപത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാന്‍ ഒരവസരം പോലും തരാതെ  അവള്‍ മൌസിന്‍റെ 'ആരോ'യില്‍ പിടി മുറുക്കി.
പിന്നെ  അനങ്ങാന്‍ പോലും കൂട്ടാക്കിയില്ല..,വെറും ഒരു സ്റ്റെക്ക് എന്നേ ഞാന്‍ കരുതിയുള്ളൂ..,'ആരോ' അനങ്ങുന്നതും കാത്തു ഞാനിരുന്നു..,
പക്ഷെ  ആരും അനങ്ങിയില്ല...! ക്ഷമ നശിച്ചു തുടങ്ങിയപ്പോള്‍,  കമ്പ്യൂട്ടറിന്റെ മര്‍മസ്ഥാനങ്ങളറിയാത്ത  ഞാന്‍ നിയമം തെറ്റിച്ചു എന്തെങ്കിലും ചെയ്തോന്നറിയില്ല.  അവളുടെ അനക്കം നിലച്ചെന്ന സത്യം ഒരു ഞെട്ടലോടെ ഞാന്‍  അറിഞ്ഞു.
പിന്നീടൊരുപാട്  തവണ  വന്നു ഞാന്‍  അവളെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും അവള്‍ ഉണര്‍ന്നതെ ഇല്ല.
ഇപ്പോള്‍  ആകെ അലങ്കോലമായി കാലിച്ചന്ത പോലെ  കിടക്കുന്ന എന്‍റെ ബ്ലോഗില്‍ ആരെങ്കിലും വരുന്നുണ്ടാകുമോ ..ഇയാളിതെവിടെ പ്പോയിക്കിടക്കുന്നു .. എന്ന് ആരെങ്കിലും  പറയുന്നുണ്ടാകുമോ  എന്നൊന്നുമറിയില്ല...അറിയാനൊട്ടു മാര്‍ഗവുമില്ല..

ഇടി തട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ യാണ് ഇപ്പോഴത്തെ അവസ്ഥ.
വീട്ടില്‍  പബ്ലിക്കായി വെച്ചിരുന്ന കമ്പ്യൂട്ടറാണെങ്കില്‍അതും  ഒപ്പം തന്നെ കേടായി.
അതിന്‍റെ മദറോ ഫാദറോന്നറിയില്ല ..ആരോ ഒരാള്‍  അടിച്ചു പോയെന്നു പറയുന്നത് കേട്ടു.
അതും  കൂടി പോയപ്പോള്‍ എന്‍റെ നെച്ചൂസിന്റെ  കാര്യവും കഷ്ട്ടമായി..


രണ്ടാഴ്ച മുമ്പ്‌ ഒരാള്‍ ഗള്‍ഫില്‍ പോയപ്പോള്‍,,ഭര്‍ത്താവ് പറഞ്ഞതനുസരിച്ചു  മനമില്ലാ മനസ്സോടെ  എന്‍റെ  കുഞ്ഞു ലാപ്പിനെയും അയാളോടൊപ്പം പറഞ്ഞയച്ചു.

ഇന്നലെ  വിളിച്ചപ്പോള്‍ പറഞ്ഞു. അവള്‍ക്ക് ഒരവയവ മാറ്റ ശാസ്ത്രക്രിയ വേണ്ടി വന്നെന്നും  അവളുടെ  മദര്‍ ബോര്‍ഡ്‌ മാറ്റി വെച്ചെന്നും. 

എനിക്ക് സന്തോഷമായി ..ബ്ലോഗ്‌ മരവിപ്പെന്ന മഹാരോഗത്തിന്‍റെ കാലൊച്ച കേട്ടുതുടങ്ങിയ എനിക്ക് ഇതില്‍ പരം മറ്റെന്തുണ്ട് സന്തോഷിക്കാന്‍..!?