കൂട്ടുകാര്‍

Thursday, October 27, 2011

വരുന്നോ ഈ സുന്ദര ഗ്രാമത്തിലേക്ക്…..!?

 


തുടര്‍ച്ച….



 
 
nechu
 
 
ഹങ്കാളയിലേക്കൊരു യാത്ര….
 
കഴിഞ്ഞ ഭാഗം ഇവിടെ വായിക്കാം.
 
 
മലയിറങ്ങുമ്പോള്‍ ചെക്ക്‌പോസ്റ്റില്‍ വാങ്ങി വെച്ച ഭക്ഷണത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത.
 
വിശപ്പിന്‍റെ വിളി അത്രക്കും ദയനീയമായിരുന്നു.
കുടിച്ചു തീര്‍ത്ത സംഭാരത്തെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ടു.
 
കാന്താരിമുളകും  കറിവേപ്പിലയും അരച്ചുചെര്‍ത്തു അരിച്ചെടുത്ത നല്ല രുചിയുള്ള സംഭാരമായിരുന്നു.
പറഞ്ഞിട്ടെന്താ തുള്ളിപോലും ബാക്കി വെക്കാതെയല്ലേ കുളിര്‍മ തേടി മല കേറിയത്.

ഇനിയിപ്പോ ചെക്ക്‌പോസ്റ്റില്‍ വെച്ച് ഭക്ഷണം തിരിച്ചു കിട്ടിയില്ലേല്‍ അറ്റം കാണാത്ത ഈ വയലേലകളില്‍ നിന്ന് ഞങ്ങള്‍ക്ക് എന്ത് കിട്ടാന്‍. ഓര്‍ക്കാന്‍ കൂടി വയ്യ.
 
പേടിച്ചത് പോലൊന്നും സംഭവിച്ചില്ല..!? 
 
ഇരിക്കാന്‍ പറ്റിയൊരു സ്ഥലം തേടി വണ്ടി നീങ്ങി .
 
വഴിക്ക് ഉണങ്ങിപ്പാകമായ സൂര്യകാന്തി ത്തോട്ടം കണ്ട്.വിശപ്പിനൊപ്പം കടുത്ത നിരാശയും ഉള്ളില്‍ നിറഞ്ഞു.
 
 
DSC00347
 
ഇല്ല,  ഇനിയൊരു മഞ്ഞ വര്‍ണപ്പാടം സ്വപ്നം കാണുന്നത് വെറുതെ .
 
കൊയ്ത്തു കഴിയാത്ത ഒരു ചെണ്ടുമല്ലിത്തോട്ടം ഞങ്ങളെയും കാത്തു അവിടെയെവിടെയോ  ഉണ്ടെന്നു എന്‍റെ മനസ്സിനെ ഞാന്‍ പറഞ്ഞു വിശ്വസിപ്പിച്ചു.
 
അല്ലാതെ കാണാത്തൊരു കാര്യം മറ്റാരെയെങ്കിലും ഞാനെങ്ങിനെ വിശ്വസിപ്പിക്കും?
 
പടര്‍ന്നു പന്തലിച്ചൊരു തണല്‍ ഞങ്ങള്‍ക്കായി വഴിയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ആരോ വരുമെന്ന പ്രതീക്ഷയില്‍ ഒരു കൊടിച്ചിപ്പട്ടിയും അവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു.
 
വണ്ടി തണലിലേക്ക് ചേര്‍ത്ത് നിര്‍ത്തി.അതിനോട് ചേര്‍ന്ന് ഞങ്ങള്‍ പായവിരിച്ചു..ഭക്ഷണങ്ങള്‍ നിരത്തി.

 
വയറൊക്കെ നിറഞ്ഞപ്പോള്‍ കുട്ടികള്‍ ഉഷാറായി.
ഇര്‍ഫാന്റെ നേതൃത്വത്തില്‍ പാട്ടുപാടലും കളിയുമൊക്കെയായി എല്ലാവരും പഴയ മൂഡിലേക്ക് തിരിച്ചെത്തി.
 
ഞാനപ്പോഴും മല്ലികപ്പാടങ്ങള്‍ സ്വപ്നം കാണുകയായിരുന്നു.
 
ചില പൂക്കളും ചെടികളും അങ്ങനെയാണ്.അത് നമ്മെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും.വളരെ  പെട്ടെന്ന് ഓര്‍മകളുടെ ഒരു പൂങ്കാവനം തന്നെ അവക്ക് തീര്‍ക്കാനുമാകും. 
 
അതിലൊന്നാണ് എനിക്കീ ചെണ്ടുമല്ലി എന്നു വിളിക്കുന്ന മല്ലിക.
മല്ലികയുടെ ഒരില കയ്യിലെടുത്ത്  ചേര്‍ത്ത് പിടിച്ചൊന്നു മണത്താല്‍ മതി, കുട്ടിക്കാലത്തിന്‍റെ കോലാഹലങ്ങളിലേക്ക് അതെത്ര പെട്ടെന്നാണ് എന്നെ കൂട്ടിക്കൊണ്ടുപോകുകയെന്നോ..!  
  
ഇതിനിടെ വണ്ടി ഞങ്ങളെയുംകൊണ്ട് നീങ്ങിത്തുടങ്ങിയിരുന്നു.
ഇനി ഞങ്ങള്‍ക്ക് പോകേണ്ടത്‌ വലതു വശത്തേക്ക് തിരിയുന്ന റോഡിലൂടെയാണ്.
 
പാകമായ ചോളവയലുകളെയും ആവണക്കിന്‍ പാടങ്ങളെയും പിറകിലാക്കി വളരെ സാവധാനത്തിലാണ് ഞങ്ങളുടെ യാത്ര.

കാഴ്ചകളൊന്നും മിസ്സാകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു.

ആല്‍മരത്തിന്‍റെ വള്ളികളില്‍ ആടിത്തിമര്‍ത്തും പുല്‍മേടുകളില്‍ ആട്ടിന്‍പറ്റത്തോടൊപ്പം ഓടിക്കളിച്ചും ആവുന്നത്ര ആസ്വദിച്ചു കൊണ്ടാണ് ഞങ്ങളുടെ യാത്ര.

ആടുമേക്കുന്ന വൃദ്ധന്‍ കറപിടിച്ച പല്ലുകള്‍ കാട്ടി ഞങ്ങളെ നോക്കി ചിരിച്ചു.


 Image2948_thumb[3]


ഓ പ്രകൃതീ നീ എത്ര മനോഹരി!

ഈ പുല്‍മേട് വിട്ട് ഞാനിനി എങ്ങോട്ടുമില്ലെന്ന് വിളിച്ചു പറയാന്‍ മനസ്സ് വല്ലാതെ കൊതിക്കുന്നു.

ഒരു കൊച്ചു കുട്ടിയായിരുന്നെങ്കില്‍ വാശി പിടിച്ചു നോക്കാമായിരുന്നു.
ഈ പ്രായത്തില്‍ ഞാനങ്ങനെയൊക്കെ പറഞ്ഞാല്‍ എല്ലാവരും കളിയാക്കിച്ചിരിക്കുകയെയുളളു.

ആല്‍മരക്കൂട്ടങ്ങളും തൂങ്ങിയാടുന്ന വള്ളികളും  വല്ലാത്തൊരു നിരാശയിലെക്കാണല്ലോ കൊണ്ടുപോകുന്നത്.

കാഴ്ചകള്‍ മനസ്സിനെ വല്ലാതെ ചെറുപ്പമാക്കുന്നു.മനസ്സിന്‍റെ
ചെറുപ്പവും കൊണ്ട് ഒന്നാടിയാലോ എന്നാലോചിച്ചാണ് ആല്‍മരത്തിനു നേരെ നടന്നത്.

ആരോ ചന്തിയും കുത്തി താഴെ വീഴുന്ന
രംഗം ഉള്‍ക്കിടിലത്തോടെ ഓര്‍ത്തത്‌ പെട്ടെന്നാണ്!!?

കുട്ടികള്‍ ആടിത്തിമര്‍ക്കുന്നത് കണ്ടു തല്‍ക്കാലം സായൂജ്യമടഞ്ഞു.


DSC00404


ളുഹറും അസറും ഒന്നിച്ചു നമസ്ക്കരിക്കാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
 
കാളവണ്ടികളും കൃഷിക്കാരുമൊക്കെയുള്ള ഒരിടത്ത് തന്നെ ഞങ്ങള്‍ വണ്ടി നിര്‍ത്തി.
 
കാളവണ്ടി കണ്ടപ്പോള്‍ കുട്ടികള്‍ക്കൊക്കെ കൌതുകമായി.കാളയെ മാറ്റിക്കെട്ടിയിരുന്നതിനാല്‍ അവര്‍  വണ്ടിയില്‍ പറ്റിപ്പിടിച്ചു കേറാന്‍ തുടങ്ങി.
 
നെച്ചു കാളവണ്ടിയില്‍ കേറി ഫോട്ടോക്ക് പോസ്സ് ചെയ്യുന്നത് കണ്ട് ചോളവയലുകളില്‍ വെള്ളം തിരിച്ചു വിടുന്ന കര്‍ഷകര്‍ പണി നിര്‍ത്തി ഞങ്ങളെ നോക്കി.
 
 
DSC00339


ഓരോ വയലിനടുത്തും നിശ്ചിത അകലത്തില്‍ കൊച്ചു കൊച്ചു കുളങ്ങളുണ്ട്.ഗവണ്മെന്‍റ് വകയായുള്ള ഈ കുളത്തിലേക്ക് സദാ വെള്ളം വന്നു വീണു കൊണ്ടിരിക്കുന്നുണ്ട്.
 
ഈ കുളത്തില്‍ നിന്നും ചെറു ചാലുകളായും തോടുകളായും ആവശ്യാനുസരണം ഓരോ കൃഷിയിടത്തിലെക്കും വെള്ളം തിരിച്ചു വിട്ടിരിക്കുന്നതു കണ്ടു.

 
DSC00300


ഗ്രാമത്തനിമ വിളിച്ചോതുന്ന ഒരു വീടുപോലും കാണാന്‍ കഴിഞ്ഞില്ല.
ഗവണ്മെന്റ് വക ലക്ഷംവീടുകളാണ് ആകെ കണ്ടത്.
 
പെട്ടെന്ന് പ്രതീക്ഷയുടെ ഒരു കുഞ്ഞുതരി എന്നിലേക്കിട്ടുകൊണ്ട്  ഞങ്ങള്‍ക്ക് മുമ്പിലൂടെ  ഒരു സൈക്കിള്‍ കടന്നു പോയി.
 
 സൈക്കിളിന്‍റെ പിറകില്‍ വെച്ച വലിയ കുട്ട നിറയെ ചെണ്ടുമല്ലികള്‍!
അടുത്തെവിടെയോ പൂകൊയ്ത്ത് നടക്കുന്നുണ്ട്.പെട്ടെന്ന് പോയാല്‍ തീരും മുമ്പ്‌ എത്താം.പെട്ടെന്ന് വണ്ടിയെടുത്തു.
 
ഊഹം തെറ്റിയില്ല. ഞങ്ങളെ കാത്ത് ഒരുപൂപ്പാടം കൊയ്യാതെ ബാക്കിയുണ്ടായിരുന്നു.
തൊട്ടു താഴെ കൊയ്ത്തു കഴിഞ്ഞ വെളുത്തുള്ളി പ്പാടങ്ങളും,
വെളുത്തുള്ളി വേര്‍തിരിച്ചു ചാക്കിലാക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും.

 
 
DSC00385


ടീച്ചറനിയത്തി നേരെ വെളുത്തുള്ളിപ്പഠനത്തിനു പോയപ്പോള്‍ ഞാന്‍ മല്ലികപ്പൂക്കള് കൊതി തീരെ കാണുകയായിരുന്നു.‍
  
സമയം വയ്കിത്തുടങ്ങി.കരിമ്പില്‍ നിന്നും ശര്‍ക്കരയുണ്ടാക്കുന്നത് കൂടി കാണണമെന്നുണ്ടായിരുന്നു.അഞ്ചു മണിക്ക് മുമ്പെത്തിയാല്‍ കാണാം.എത്തുമോന്നൊരു നിശ്ചയവുമില്ല.
 
കൊയ്ത്തുകഴിഞ്ഞ കരിമ്പിന്‍ പാടങ്ങള്‍ക്ക് നടുവിലൂടെ വണ്ടി സാമാന്യം സ്പീഡില്‍ തന്നെ ഓടിക്കൊണ്ടിരുന്നു.
 
ഇരുവശവും ആല്‍മരങ്ങള് നിറഞ്ഞ  റോഡ്‌  അധീവ മനോഹരമായി തോന്നി. ആ മനോഹാരിതയെ കൂട്ടുപിടിച്ചെന്നോണം മെല്ലെ മെല്ലെ ഒരു ചാറ്റല്‍ മഴയും  വന്നെത്തി.
 
 
DSC00408  


കിലോമീറ്ററുകള്‍ എത്ര ഓടിയെന്നു അറിയില്ല. ഡീസല്‍ തീരാറായിരിക്കുന്നു. 
അടുത്ത് പെട്രോല്‍ പമ്പുകള്‍ ഉണ്ടോന്നറിയില്ല.ഈ പ്രശ്നം പരിഹരിക്കാതെ ശര്‍ക്കരക്കമ്പനി തേടിപ്പോകാനും പറ്റില്ല.
 
കൂടുതല്‍ ഓടാന്‍ അവസരമുണ്ടായില്ല.പമ്പിന്‍റെ ബോര്‍ഡ്‌ ദൂരെ കാണാനായി.
 
കുട്ടികള്‍ക്ക് ഭാഗ്യമില്ലാന്നു പറഞ്ഞാല്‍ മതിയല്ലോ,,
 
തൊട്ടടുത്ത്‌ തന്നെ രണ്ടു ശര്‍ക്കരപ്പന്തലുകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടും പണി നിര്‍ത്തി ആളുകള്‍ പോയിരുന്നു.
 
ആളില്ലാത്ത ഓലപ്പന്തലില്‍ കേറി  ഭീമന്‍ ശര്‍ക്കരത്തളികയും അടുപ്പുമൊക്കെ കണ്ടു തല്‍ക്കാലം ഞങ്ങള്‍ തൃപ്തിയടഞ്ഞു.
 
 
DSC00413


സമയം ഇരുട്ടിത്തുടങ്ങി.ഇനി മടങ്ങണം.ഒരുപാട് വയ്കും മുമ്പ്‌ ബന്തിപ്പൂര്‍ കാട് കടന്ന് നാട്കാണിച്ചുരമിറങ്ങണം.
 
ഇനിയുമിനിയും വരുമെന്ന മനസ്സായിരുന്നു മടങ്ങുമ്പോള്‍.ഇനി പാടങ്ങള്‍ കൊയ്യും മുമ്പേ ഇങ്ങെത്തണം.

റോഡരുകില്‍ പാതിഉണങ്ങിത്തുടങ്ങിയ ചെണ്ടുമല്ലിപ്പാടത്തു പൂ പറിച്ചെട്ക്കുന്ന  മലയാളീ യുവാക്കള്‍!അവരെന്തോ വിളിച്ചു പറയുന്നുണ്ട്.

ഞങ്ങള്‍ വണ്ടി സൈഡാക്കി ശ്രദ്ധിച്ചു.

വലിയ ചാക്കുകളില്‍ പൂക്കള്‍ പറിച്ചു നിറക്കുകയാണവര്‍..
“കിലോക്ക് പത്തുരൂപയെയുള്ളൂ.കുറച്ചു കൊണ്ട്പൊയ്ക്കൊള്ളൂ..”
അവര്‍ വിളിച്ചു പറഞ്ഞു.

ഓണം സീസനാണ്.നാട്ടില്‍ കൊണ്ട് വന്നു അവര്‍ക്കത്‌ പൊന്നും വിലക്ക് വിക്കാം.


DSC00338


ഞങ്ങള്‍ കയ്   വീശി യാത്ര പറഞ്ഞു. ‌

കണ്ടു മതിയാകാത്ത കാഴ്ചകള്‍ മനസ്സിലേറിയായിരുന്നു ഞങ്ങളുടെ മടക്കയാത്ര.

യാത്രാക്ഷീണമോ മടുപ്പോ ഒട്ടും തന്നെ ബാധിക്കാത്തൊരു യാത്ര.

കുട്ടികള്‍പോലും പോരുമ്പോഴുള്ള അതേ ഉത്സാഹം, മടക്കത്തിലും കാത്തു സൂക്ഷിച്ചിരിക്കുന്നു.

ഗൂഡല്ലൂരില്‍ എത്തിയാല്‍ നല്ല നെയ്റോസ്റ്റ് കിട്ടും.രാത്രി ഭക്ഷണം അവിടുന്നാക്കാം.

പക്ഷെ അതുവരെ ആരും ഉറങ്ങാന്‍ പാടില്ല.

മെല്ലെ ഒരു അന്താക്ഷരിക്ക് തിരികൊളുത്തി.
കുട്ടികള്‍ അടിപൊളി ഗാനങ്ങള്‍ പാടി ഞങ്ങളെ തറപറ്റിക്കാന്‍ ഒരുങ്ങുമ്പോള്‍.
ഞങ്ങള്‍ മുതിര്‍ന്നവര്‍ ഓള്‍ഡ്‌ മെലഡികള്‍ പാടി അവരെയും കറക്കി…
കാറ്റിനു തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്,..
പിറകില്‍ നിന്നുള്ള അടിപൊളിഗാനങ്ങളുടെ വോള്യം കുറഞ്ഞു കുറഞ്ഞു, നേര്‍ത്തില്ലാതായി…
മെല്ലെ മെല്ലെ വണ്ടിക്കുള്ളില്‍ നിശബ്ദതയുടെ കരിമ്പടം പുതച്ചുറങ്ങുന്നവരുടെ വിവിധതരം കൂര്‍ക്കം വലികള്‍.

ഏതു യാത്രയിലും വളയം പിടിച്ചവരുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഉറങ്ങാതെയിരിക്കുന്ന ഞാന്‍ അന്നും എന്‍റെ പതിവിനു മാറ്റമൊന്നും വരുത്തിയില്ല..

പുറം കാഴ്ചകള്‍ നഷ്ട്ടപ്പെട്ട രാത്രി വഴികളിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു.

കനം തൂങ്ങുന്ന കണ്‍പോളകളോട് പൊരുതി ജയിക്കാന്‍ പാടുപെട്ടുകൊണ്ട് പിന്നിട്ട കാഴ്ചകളെ കുറിച്ചോര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാനിരുന്നു.



Image2946



ഈ തണലുകള്‍ തേടി ഞാന്‍‍ ഇനിയുമിനിയും വരും.സൂര്യകാന്തികള്‍ പൂക്കും നേരം കൊതിയോടെ ഓടിവരും. ഈ പ്രകൃതി ഭംഗി അത്രത്തോളം എന്നെ  കീഴ്പ്പെടുത്തിക്കളഞ്ഞിരിക്കുന്നു.



*****************************************************************************************************************


യാത്രയുടെ യഥാര്‍ത്ഥ ഭംഗി പറഞ്ഞു ഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോന്നറിയില്ല.

ഫോട്ടോസ് ഒരുപാട് എടുത്തുകൂട്ടി. അത് കൊണ്ട് ഈ യാത്ര പൂര്‍ത്തിയാകാന്‍  ഇവിടെ കൂടി പോകാന്‍ മറക്കല്ലേ.



പ്രകൃതീ നീയെത്ര മനോഹരി.




പ്രകൃതീ നീയെത്ര മനോഹരി…!!
DSC00228
ഗോപാലസ്വാമി ബേട്ടയില്‍നിന്നൊരു  കാഴ്ച്ച.
                             
DSC00251
                                               ഒരു തരം പായല്‍ പിടിച്ച മരം


 DSC00251
                                        പ്രകൃതിയിയോട് ചേര്‍ന്ന്…  ബ്ലോഗിമോന്‍(ഇര്‍ഫാന്‍)



DSC00286
                    ക്ഷേത്രാങ്കണത്തില്‍ ആകാശം തൊട്ട്……നെച്ചു.



08092011174
               ഈ സഷ്ടിപ്പിന്‍റെ കരങ്ങള്‍ എത്ര മഹത്തരം…!!



DSC00219
                       കാട്ടുപൂക്കളുടെ മനോഹാരിത…



DSC00261
                                ഞങ്ങളെ തേടി വന്ന പാവമൊരു അതിഥി..



DSC00265
        അവനെ ഞങ്ങള്‍ നിരാശപ്പെടുത്തിയില്ല,ഉള്ളതില്‍ ഒരോഹരി അവനും
വിളമ്പി..


DSC00267

DSC00354
                                              ഉണങ്ങി വിത്ത് കൊഴിഞ്ഞ സൂര്യകാന്തി.



Image2938
                                                          ആവണക്കിന്‍ തോട്ടം.



DSC00288
                                               വിളഞ്ഞു നില്‍ക്കുന്ന ചോളം.


DSC00281
                                                 കൊയ്ത ചോളവുമായി..



DSC00282
                                                        വണ്ടിയിലേക്ക്..



DSC00287
ion

DSC00303
                                                 ആവണക്കിന്‍ കായ.



DSC00314
                                        കൊയ്തു നിരത്തിയ വെളുത്തിപ്പാടം.


DSC00309
                               ഇല കളഞ്ഞു വൃത്തിയാക്കുന്ന പെണ്ണുങ്ങള്‍.



DSC00310


DSC00319
                                          വില്‍പ്പനയ്ക്ക് തയ്യാറായി



DSC00327

DSC00328

DSC00396_thumb8
                                                ഇര്‍ഫാനും ചെങ്ങാതിയും..



 DSC00337
                                  കാശുണ്ടാക്കാനുള്ള വഴി ഇങ്ങനെയെങ്കില്‍ ഇങ്ങനെ.(മലയാളികള്‍)



DSC00340


എന്‍റെ മൊബൈലില്‍ എടുത്തതാണെ..
എന്തെങ്കിലും പറഞ്ഞിട്ട് പോണം..




Friday, October 14, 2011

വരുന്നോ..ഈ സുന്ദരഗ്രാമത്തിലേക്ക്‌…?




ഹങ്കാളയിലേക്കൊരു യാത്ര….

DSC00180


തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന്, കര്‍ണാടക സ്റ്റേറ്റിലെ ബന്തിപ്പൂരില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള പ്രധാന കാര്‍ഷിക കേന്ദ്രമാണ് ഹങ്കാള.

ഗുഡല്ലൂരില്‍ നിന്നും ബന്തിപ്പൂരിലേക്ക് 50 കിലോമീറ്റര്‍.അവിടെനിന്ന് പത്തു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഈ ഹള്ളിയിലെത്താം.
ഹങ്കാള എന്ന മനോഹര ഗ്രാമത്തില്‍.

ചുരം കേറിത്തുടങ്ങിയപ്പോള്‍ നേരം പുലര്‍ന്നുതുടങ്ങിയിട്ടേയുള്ളു. സുബഹി നമസ്കാരം കഴിഞ്ഞ് വെളിച്ചം വീഴും മുമ്പ്‌ വീട്ടില്‍ നിന്നും പുറപ്പെട്ടതാണ്.നെച്ചുവിന്‍റെ മുഖത്ത്‌ ഉറക്കച്ചടവിന്‍റെ ക്ഷീണമുണ്ടെങ്കിലും യാത്രയുടെ സന്തോഷം നീഴലിച്ചുകാണാം.

വഴിക്ക് വെച്ച് അനിയത്തിയും കുടുംബവും ഞങ്ങളോടൊപ്പം കൂടിയിരുന്നു.

ഞങ്ങളും ഞങ്ങളുടെ  മക്കളില്‍  പകുതി മക്കളും,(മൂന്നാള്‍). അനിയത്തിയും അവള്‍ക്ക് ആകെയുള്ള മൂന്നു മക്കളും  ഒരേയൊരു ഭര്‍ത്താവും.

എട്ടുമണിക്ക് ഗൂഡല്ലൂരില്‍‍ എത്തി.നല്ലൊരു സ്ഥലം നോക്കി വണ്ടി പാര്‍ക്ക് ചെയ്തു.
കയ്യില്‍ കരുതിയിരുന്ന ബ്രേക്ക്ഫാസ്റ്റ് കഴിച്ചു..സമയവും കാശും ലാഭിച്ചു.

വായിച്ചറിഞ്ഞുള്ള പോക്കാണ്.
ഗ്രാമങ്ങള്‍ കാണാന്‍ അത്രയ്ക്ക് കൊതിയാണ്.
പ്രത്യേകിച്ച് പൂക്കൃഷിയും മറ്റു കൃഷികളുമുള്ള സുന്ദരമായ ഗ്രാമം കൂടിയാകുമ്പോള്‍ പറയേണ്ടതില്ല.
കൂടെയുള്ളവര്‍ സമാനചിന്താഗതിക്കാരാകുമ്പോള്‍ സംഗതി ഭേഷ്‌.

റോഡരികിലെ ബോര്‍ഡുകളും മയില്‍കുറ്റികളും ഒന്നൊഴിയാതെ വായിച്ചാണ് ഞങ്ങളുടെ യാത്ര.

പെട്ടെന്നാണതു കണ്ണില്‍ പെട്ടത്.ഇടത്ത് വശത്തേക്ക് തിരിയുന്ന റോഡും ഒരുവലിയ ഗേറ്റും.

ഗോപാലസ്വാമി ടെമ്പിളിന്‍റെ വലിയ കമാനം ആയിരുന്നു അത്.
ഞങ്ങളുടെ മനസ്സില്‍ ഓരോ ലഡു വീതം പൊട്ടി!
വഴി ചോദിച്ചു ബുദ്ധി മുട്ടാതെ ഞങ്ങള്‍ ലക്ഷ്യത്തിലെത്താന്‍ പോകുന്നു.

ദൈവ പ്രതിമകള്‍ കൊണ്ട് തീര്‍ത്ത കൂറ്റന്‍ കവാടം കടന്നു ഞങ്ങള്‍ കാണാന്‍‍ കൊതിച്ച ഹള്ളി തേടി യാത്ര തുടര്‍ന്നു.
വഴി രണ്ടായിപിരിയുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തി.

വലതുവശത്തേക്കുള്ള റോഡുനിറയെ കൊയ്തെടുത്ത ചോളക്കറ്റകള്‍ നിരത്തുന്ന കര്‍ഷകര്‍.
കറ്റകള്‍ക്ക് മുകളിലൂടെ പോകുന്ന വണ്ടികള്‍ ഓരോന്നും അവര്‍ക്കൊരു മെതിയന്ത്രമായിമാറുകയാണെന്ന സൂത്രം  പിന്നീടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌.

ഇടതു വശത്തെക്കുള്ള റോഡരുകിലെ പാടത്തും പണിക്കാരുണ്ട്.

ഉയരത്തില്‍ കൂട്ടിയിട്ട എന്തോ ഒന്ന് മുറത്തില്‍ എടുത്തു കാറ്റിന്‍റെ സഹായത്താല്‍ പതിര് കളയുകയാണവര്‍.ആകാംക്ഷയോടെ അവര്‍ക്കരികിലേക്ക് നടന്നു.


DSC00196
സൂര്യകാന്തി വിത്തിലെ പതിര് കളയുന്ന കര്‍ഷകര്‍


കൊയ്ത്തു കഴിഞ്ഞ സൂര്യകാന്തിപ്പാടമാണതെന്നു അടുത്തെത്തും വരെയും ഞങ്ങള്‍ക്ക്  മനസ്സിലായില്ല.

കണ്ണെത്താദൂരത്തോളം വര്‍ണക്കാഴ്ച്ചയായി സൂര്യകാന്തിപ്പൂക്കള്‍
സ്വപ്നം കണ്ടുവന്ന  ഞങ്ങള്‍ക്ക് ഇത്തിരി നിരാശ തോന്നാതിരുന്നില്ല.

പെട്ടെന്നാണ് അനിയത്തിയിലെ ടീച്ചര്‍മനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.
സൂര്യകാന്തിയില്‍ നിന്നും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതും മറ്റും ഇവരോട് ചോദിച്ചുമനസ്സിലാക്കി ക്ലാസ്സില്‍ കുട്ടികളുടെ മുമ്പില്‍ ആളാകാം..
ഭര്‍ത്താവ് മാഷും സഹായത്തിനെത്തി.

“ഈ സൂര്യകാന്തീന്നു എണ്ണ….

ചോദിച്ചു തുടങ്ങിയപ്പോഴാണ് ഭാഷാപ്രശ്നത്തെ കുറിച്ച് ഓര്‍ത്തത്‌.
അവര്‍ക്കാണെങ്കില്‍ നമുക്കറിയുന്ന ഒരു ഭാഷയും അറിയില്ല.

പിന്നീടൊന്നും നോക്കിയില്ല, കയ്യും കാലും ഉപയോഗിച്ച് താളമേളങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ ഒരു വിധം കാര്യങ്ങള്‍ മനസ്സിലാക്കി.

വിത്തോട് കൂടിയ സൂര്യകാന്തിപ്പൂവും കുറച്ചു വിത്തും ചോദിച്ചു വാങ്ങാനും മറന്നില്ല.
മുറ്റത്തൊരു സൂര്യകാന്തിത്തോട്ടം സ്വപ്നം കണ്ടുകൊണ്ട് വിത്തും പൂവും വണ്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചു.


DSC00210
നെച്ചുവും ദിയമോളും ഹള്ളി മൂപ്പനൊപ്പം.

ഇടത്തോട്ടുള്ള വഴി ഗോപാലസ്വാമി ടെമ്പിളിലേക്കും വലത്തോട്ടുള്ള വഴി ഹങ്കാളയിലേക്കും.

ആദ്യം ടെമ്പിള്‍ കാണാമെന്നു വെച്ച് വണ്ടി ഇടത്തോട്ട് തന്നെ വിട്ടു.
ഏതാണ്ട് പത്തു കിലോമീറ്റര്‍ ഓടിയാല്‍  ക്ഷേത്രത്തിലെത്താം.ദൂരെ മഞ്ഞു പുതച്ചു നില്‍ക്കുന്ന മലക്ക് മുകളിലേക്ക് കൈ ചൂണ്ടി കൂട്ടത്തിലെ ഹള്ളി മൂപ്പന്‍ പറഞ്ഞു. “കുളിര്‍മ കുളിര്‍മ”.. 

അവരുടെ ഭാഷയില്‍ ഇതിനു മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്നറിയില്ലെങ്കിലും മലക്ക് മുകളിലെ ക്ഷേത്രത്തില്‍ തണുപ്പു തന്നെയാകും എന്ന് ഞങ്ങള്‍ക്ക് തോന്നി.


DSC00220


വഴിയരികിലെ കുഞ്ഞു മരങ്ങളില്‍ പോലും ഏറുമാടങ്ങള്‍ കെട്ടിയിരിക്കുന്നു.റോഡിലുടനീളം കണ്ട ആനപ്പിണ്ടികള്‍ ഏറുമാടങ്ങളുടെ ആവശ്യകത ഞങ്ങളെ ഓര്‍മപ്പെടുത്തുകയും നേരിയൊരു ഭയം ഉള്ളില്‍ ജനിപ്പിക്കുകയും ചെയ്തു.


DSC00217


നേര്‍രേഖപോലെ നീണ്ടു കിടക്കുന്ന റോഡിനകലെ കോടമൂടിയ മലനിരകള്‍ കണ്ടു തുടങ്ങി.
എല്ലാവര്‍ക്കും ഉത്സാഹമായി.കയ്യിലുണ്ടായിരുന്ന സംഭാരം എല്ലാവരും കൂടി കുടിച്ചു തീര്‍ത്തു.ഇനി തണുപ്പിലേക്കല്ലേ യാത്ര.അവിടെയെന്തു സംഭാരം?

കുറച്ചു ദൂരെ ഒരു ചെക്ക്‌ പോസ്റ്റ്‌ കാണാനായി.



DSC00224


ബന്തിപ്പൂര്‍ ദേശീയോദ്യാനത്തിന്‍റെ  മറ്റൊരറ്റമായിരുന്നു അത്. 
സെക്യൂരിറ്റി ഞങ്ങളുടെ വണ്ടി പരിശോധിക്കാന്‍ വന്നപ്പോള്‍ എനിക്കാകെയൊരു ഭയം!.
പര്‍ദ്ദയിട്ട് ക്ഷേത്രത്തില്‍ പോകുന്നത് കണ്ടു തീവ്രവാദികളെന്നു സംശയിച്ചിരിക്കുമോ..?

"ഇങ്ങനത്തെ യാത്രയിലൊക്കെ ചുരിദാര്‍ ഇടണം.എന്നെ കണ്ടില്ലേ..!"എന്ന് എന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു ടീച്ചറനിയത്തി ഒന്ന് ഞെളിഞ്ഞിരുന്നു.

അപ്പോഴേക്കും പരിശോധകര്‍ പോയിരുന്നു.പിറകെ കുറച്ചു കവറും തൂക്കി ഞങ്ങളുടെ ഭര്‍ത്താക്കന്മാരും!

ഉച്ചഭക്ഷണമായി കയ്യില്‍ കരുതിയിരുന്ന നെയ്ച്ചോറും കോഴിയും,ഇറച്ചിയുംകപ്പയും വെച്ചതും അങ്ങനെ അവരുടെ കസ്റ്റഡിയിലായി!!
മടങ്ങുമ്പോള്‍ തിരിച്ചു തരുമെന്നു പറഞ്ഞപ്പോള്‍ ആശ്വാസമായി.

വളരെ ഇടുങ്ങിയതും അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായ കുത്തനെയുള്ള ചുരത്തിലൂടെയാണ് ഇനിയുള്ള യാത്ര.

മുകളിലേക്ക് കേറും തോറും അരിച്ചെത്തുന്ന തണുപ്പ്..
താഴെ വെച്ച് ഗ്രാമവാസികള്‍ പറഞ്ഞ കുളിര്‍മ നമ്മുടെ മലയാളക്കുളിര്‍മതന്നെയാണെന്നു മനസ്സിലായി.

ഊട്ടിയില്‍ പോയൊരു പ്രതീതിയാണ് പെട്ടെന്ന് തോന്നിയത്‌.
താഴെ,ഒരു പാട് താഴെ, മറ്റൊരു കാലാവസ്ഥയുമായി വെയില്‍ പുതച്ചുറങ്ങുന്ന ഗ്രാമം..!


DSC00266





മറുവശത്ത് പച്ചപ്പട്ടു വിരിച്ച കുന്നുകളും വലിയ പാറക്കെട്ടുകളും..

മനോഹരമായ കാഴ്ചകള്‍.. ! യാത്രയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞതേയില്ല.
തണുപ്പ് കൂടിക്കൂടിവന്നു.


DSC00237






























സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1450 മീറ്റര്‍  ഉയരത്തില്‍
സ്ഥിതി ഈ ക്ഷേത്രം ദ്വാപരയുഗത്തിലെ 
അധിപുരാതനക്ഷേത്രങ്ങളിലൊന്നാണത്രേ ..
-AD1315- ചോള രാജ കാലത്താണ് ഈ ക്ഷേത്രം  നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.

യഥാര്‍ത്ഥ പേര് ഹിമവദ് ഗോപാലസ്വാമി ബേട്ട.(ബേട്ട എന്നാല്‍ കുന്ന് എന്നാണ്‌ കന്നഡയില്‍ അര്‍ഥം.)

വര്‍ഷം  മുഴുവന്‍ ഇവിടെ നല്ല മൂടല്‍മഞ്ഞാണെന്നു കേട്ടിട്ടുണ്ട്.
ഞങ്ങള്‍ ചെല്ലുമ്പോള്‍ നട്ടുച്ച ആയതിനാലാവാം  മൂടല്‍മഞ്ഞു കണ്ടില്ല.
നേരിയ മഴ ചാറി കൊണ്ടിരുന്നു.

ക്ഷേത്രത്തിന്‍റെ മുകള്‍ ഭാഗം കണ്ടുതുടങ്ങി.
അവിടവിടായി കുറച്ചുപേര്‍ ഉള്ളതല്ലാതെ വലിയ തിരക്കൊന്നും കണ്ടില്ല.

ഇടയ്ക്കു  വഴിയില്‍ വെച്ച് ണ്ടു ജീപ്പുകള്‍  കണ്ടതൊഴിച്ചാല്‍  മറ്റു  വാഹനങ്ങള്‍ ഒന്നും തന്നെ ണ്ടിരുന്നില്ല.
തണുപ്പ്  കൂടുന്ന സീസണില്‍ സഞ്ചാരികള്‍ വരാറുണ്ടാകാം..


മുസ്‌ലിങ്ങള്‍  ആയിട്ട് ഞങ്ങള്‍ മാത്രമേയുള്ളൂ..വന്ന സ്ഥിതിക്ക് ക്ഷേത്രം കാണാതെ പോകുന്നതെങ്ങനെ..

DSC00262


ചെരുപ്പൊക്കെ അഴിച്ചു വെച്ച് ഞങ്ങളും പടികള്‍ കേറിത്തുടങ്ങി.മുകളില്‍ ചെന്നാല്‍ നല്ല ഫോട്ടോകള്‍ എടുക്കാം.
ഞാന്‍ മനസ്സില്‍ കരുതി.

കുട്ടികള്‍ക്ക് വിശന്നു തുടങ്ങി.ഇനി ചുരമിറങ്ങണം.താഴെ ചെക്ക്‌പോസ്റ്റില്‍ ഞങ്ങളുടെ ഉച്ചഭക്ഷണമുണ്ട്..അത് കഴിച്ച് ഹങ്കാളയിലെ കൃഷിയിടങ്ങള്‍ തേടിയൊരു യാത്ര….
കൊയ്ത്തുകഴിയാത്ത  ഒരു പൂ പാടമെങ്കിലും ബാക്കിയുണ്ടാകണേ..
എന്നാണു പ്രാര്‍ത്ഥന.
അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കും കാണാം ചെണ്ടുമല്ലിപ്പൂക്കളുടെയും 
സൂര്യകാന്തി പാടങ്ങളുടെയും  വശ്യ സൌന്ദര്യം!!

അതിനെ കുറിച്ചു പറയാന്‍ ഞാന്‍ ഇനിയും വരാം..അപ്പോഴേക്കും നിങ്ങള്‍ ഈ ഫോട്ടോകളൊക്കെ ഒന്ന് കാണൂ..

ഒക്കെ ഞാന്‍ തന്നെയെടുത്തതാ..വെറുതെ പറയുകയല്ല സത്യം..

അപ്പൊ പറഞ്ഞത് പോലെ..
ഹങ്കാളയിലേക്ക്..!പറഞ്ഞല്ലോ..
അത് പറയാന്‍ ഞാന്‍ ഇനിയും വരും വരേയ്ക്കും വിട…!


DSC00287




DSC00235
നല്ല തണുപ്പാ...



DSC00226
ഇര്‍ഫാന്‍  ടെമ്പിളിനുമുമ്പില്‍



DSC00246
നെച്ചുവും ദിയയും.ശ്രീ കോവിലിനു മുമ്പില്‍.


DSC00206
വിത്തെടുത്ത സൂര്യകാന്തി.



DSC00270
  അനിയന്‍ ബ്ലോഗറുംചേട്ടന്‍ ബ്ലോഗറും 



 





08092011169
നെച്ചൂന്  തണുക്കുന്നൂ.....






തുടരും....തുടരും....തുടരും....തുടരും....(ഭീഷണി!!!)