കൂട്ടുകാര്‍

Sunday, July 31, 2011

കുറിഞ്ഞിപ്പൂച്ചയുടെ നോമ്പോര്‍മ്മകള്‍.‍…………




Image2624

വരയന്‍   എന്നെ വിട്ട്  പോയിട്ട്  ഈ റമദാന്‍ വന്നാല്‍ ഒരു വര്‍ഷം തികയും.ദുഷ്ട്ടനായിരുന്നു,അവന്‍.
ഓര്‍ക്കാന്‍ ഇഷ്ട്ടമില്ലെങ്കിലും പുണ്യമാസം അടുത്തപ്പോള്‍ അറിയാതെ ഓരോന്നും ഓര്‍ത്തുപോകുന്നു.

Image2637

ഒരു വര്‍ഷത്തിന്‍റെ നീളമേയുള്ളുവെങ്കിലും  ഓര്‍മ്മകള്‍ക്കെന്നും മങ്ങിയ നിറം തന്നെ..!
അന്ന് ഞങ്ങള്‍ റോഡിനപ്പുറത്തെ തറവാടിന്‍റെ തട്ടിന്‍പുറത്തായിരുന്നു താമസം.വരയനാണെങ്കില്‍ എല്ലാ ദുശീലങ്ങളുമുള്ള ഒരാളും. കൂട്ടത്തില്‍ കട്ടുതിന്നുന്ന ഹോബിയും..
നോമ്പ്‌ ആദ്യപകുതി ആയിട്ടുണ്ടാകുമെന്നാണെന്‍റെ ഓര്‍മ്മ..അത്താഴച്ചോറിനു കഴിക്കാനുള്ള ഇറച്ചി പൊരിക്കുന്ന മണം കേട്ടപ്പഴെ വരയന് ഇരിക്കപ്പൊറുതിയില്ലാതായിരുന്നു..ചീനച്ചട്ടിയില്‍ കിടന്നുമൊരിയുന്ന  ഇറച്ചിക്കഷ്ണങ്ങള്‍ തട്ടിന്‍പുറത്ത്നിന്നും നല്ലോണം കാണാം,, കറിവേപ്പില കൂടി ചേര്‍ത്ത് ഇളക്കിയപ്പോള്‍ എന്‍റെ കൊതിയും ഒന്നിളകിയോന്നു തോന്നി.
പെട്ടെന്ന് തന്നെ ഞാന‍ത് നിയന്ത്രിച്ചു..
ചെറുപ്പം തൊട്ടേ അമ്മ പറയാറുള്ളതാ…കട്ടു തിന്നരുത് മക്കളെ..ക്ഷമയോടെ കാത്തിരുന്നാല്‍ മനുഷ്യര്‍ സ്നേഹത്തോടെ തന്നെ ഒരു പങ്കു നമുക്ക് തരും.കട്ടു തിന്നുന്നവരെയാകട്ടെ കാണും തോറും എറിഞ്ഞാട്ടുകയെയുള്ളൂ..
അമ്മ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അത് തെറ്റിച്ചിട്ടില്ല..
പക്ഷെ,വരയന്‍ ഈ കാറ്റഗറിയിലൊന്നും പെട്ടവനല്ല..
വീട്ടുകാരുറങ്ങിയപ്പോള്‍ വരയന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല..എല്ലാം കഴിഞ്ഞ് ചട്ടിയും കയ്യും നക്കിത്തുടച്ചു  എന്‍റെ അരികില്‍ വന്നു ഒന്ന്മറിയാത്തതുപോലെ വന്നു കിടപ്പായി.ഞാന്‍ ദേഷ്യത്തോടെ മുരണ്ട് തിരിഞ്ഞു കിടന്നു.
അതൊന്നും ഗൌനിക്കാതെ വരയന്‍ കൂര്‍ക്കം വലിക്കാനും തുടങ്ങി.
എനിക്കുറക്കം വന്നില്ല.വിശന്നു കുടല് കരിയുന്നുണ്ട്.അത്താഴം കഴിഞ്ഞാല്‍ കിട്ടുന്ന ഉച്ചിഷ്ടത്തിനായി പതിവ് പോലെ ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു.
ഒന്ന് മയങ്ങിയോന്നു സംശയം…അടുക്കളയിലെ ബഹളം കേട്ടാണ് പിന്നീടുണര്‍ന്നത്.
കാലിയായ ഇറച്ചിച്ചട്ടിക്കുമുന്നില്‍  ദേഷ്യത്തോടെ നില്‍ക്കുന്ന വീട്ടുകാരി. 
ന്‍റെ റബ്ബേ,,സുബഹി ബാങ്ക് കൊടുക്കാറായല്ലോ കുട്ട്യാള്‍ക്ക് ഞാനിനിയെന്തു കൊടുക്കും..ആ കള്ളപ്പൂച്ചന്‍റെ കാല് ഞാനിന്ന് തല്ലിയൊടിക്കും.

ഇതൊന്നും കേള്‍ക്കാതെ ഒരാള്‍ കൂര്‍ക്കം വലി തുടര്‍ന്നു..നാളെ അവനു കിട്ടിയത് തന്നെ,ഞാന്‍ മനസ്സിലുറച്ചു.
വെറും മുരിങ്ങയില താളിച്ചൊഴിച്ച ചോറ്റുപാത്രത്തിനു മുമ്പില്‍ ഉറക്കച്ചടവോടെയിരിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ എനിക്കലിവ് തോന്നി..
മിക്കപ്പോഴും അവരുടെ ബാക്കി ചോറാണ് എനിക്ക് ഉച്ചിഷ്ടമായി കിട്ടാറ്‌.
വിശപ്പുകാരണം വൈകിയുറങ്ങിയ ഞാന്‍ വരയന്റെ നിലവിളി കേട്ടാണുണര്‍ന്നത്.
തട്ടിന്‍പുറത്ത് നിന്നും ചാടിയിറങ്ങിയപ്പോള്‍ കണ്ടത്‌ പൊള്ളിയുരിഞ്ഞ ശരീരവുമായി ഓടി മറയുന്ന വരയനെയാണ്,
ആ മുറിവ് പിന്നെ ഉണങ്ങിയില്ല എന്ന് മാത്രമല്ല, അധികം താമസിയാതെ വരയന്‍ മരണത്തിന്‍റെ   ലോകത്തേക്ക് യാത്രയാകുകയും ചെയ്തു.


ഭാഗ്യം എന്നു പറയാമല്ലോ ആ ബന്ധത്തില്‍ എനിക്ക് കുട്ടികളൊന്നുമുണ്ടായില്ല!

ഒറ്റപ്പെട്ടു നടക്കുന്ന അക്കാലത്താണ് പാണ്ടനുമായി അടുക്കുന്നത്.
നല്ല സംസ്ക്കാരമുള്ള കുടുംബത്തില്‍ പിറന്നതാണെന്നു ഒറ്റനോട്ടത്തിലറിയാം..! മാന്യമായ പെരുമാറ്റം.
ഗൌരവ പ്രകൃതമാണെങ്കിലും ഉള്ളു നിറയെ സ്നേഹമുള്ളയാളാണ് പാണ്ടനെന്നു  മനസ്സിലാകാന്‍ ഏറെ നാളൊന്നും എനിക്ക് വേണ്ടി വന്നില്ല.
ഒരു കണക്കിന് ഞാന്‍ ഭാഗ്യവതി തന്നെയാണ്.വൈകിയാണെങ്കിലും നല്ലൊരു ജീവിതം എനിക്ക് കിട്ടിയത്‌ ഭാഗ്യം കൊണ്ടല്ലാന്ന് പറയാന്‍ പറ്റ്വോ..?
എന്നോടൊപ്പം കൂടിയേപിന്നെ പാണ്ടന്‍ മറ്റൊരുവളുടെ മുഖത്തേക്ക് അറിയാതെ പോലും നോക്കിയിട്ടില്ല.
അല്ല..അതിന്‍റെ ആവശ്യവും ഉണ്ടായിട്ടില്ല.
ദൈവംഎനിക്ക് തന്നെ ആവോളം സൌന്ദര്യം വാരിക്കോരിത്തന്നിട്ടുണ്ടല്ലോ..!പോരാത്തതിന് തുടുതുടുത്ത നാല് മക്കളും..അത് പോരെ!
അന്ന് തൊട്ടു ഊണിലും ഉറക്കത്തിലും ഒരു നിഴലുപോലെ പാണ്ടന്‍ എന്നോടൊപ്പമുണ്ട്.. 

Image2884

ആറുമാസം കഴിഞ്ഞാണ് ഞങ്ങളുടെ ദാമ്പത്യ വല്ലരി പൂവണിഞ്ഞത്.
പ്രസവമടുത്തപ്പോള്‍ സുരക്ഷിതത്ത്വം കണക്കിലെടുത്ത്‌     ഞങ്ങള്‍ ആ   പഴയ തട്ടിന്‍പുറത്ത് തന്നെ ശരണം പ്രാപിച്ചു..
വൈകാതെ ഞങ്ങള്‍ക്ക് നാല് മക്കള്‍ പിറന്നു.

Image2643

പക്ഷെ,,അധികം താമസിയാതെ ഞങ്ങള്‍ക്കവിടം വിട്ടു പോകേണ്ടി വന്നു…..
റമദാന് മുമ്പുള്ള ഒരു നനച്ചുളി  ദിവസമായിരുന്നു അന്ന്.
വീട് മൊത്തം അരിച്ചു പെറുക്കി വൃത്തിയാക്കുന്ന തിരക്കിലാണ്..വീട്ടുകാര്‍.
പെട്ടെന്നാണത് സംഭവിച്ചത്‌…
തട്ടിന്‍ പുറത്തേക്കു നീണ്ടു വരുന്ന മാറാല വടി!
തലനാരിഴയുടെ വെത്യാസതിലാണ് പാണ്ടന്‍ കുഞ്ഞുങ്ങളെ അതിന്‍റെ വീശലില്‍നിന്നും രക്ഷിച്ചത്‌.
ഇനിയും അവിടെ നില്‍ക്കുന്നത്‌ പന്തിയല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍
അന്നുതന്നെ  റോഡില്‍ വാഹനങ്ങള്‍ നിലച്ച ഒരു പാതിരാനേരത്തു കുഞ്ഞുങ്ങളെയും കൊണ്ട് റോഡിനിപ്പുറത്തെ വീട്ടിലേക്കു ഓടിപ്പോന്നു.

ഇപ്പോള്‍ കര്‍ക്കിടകം പെയ്തു തിമര്‍ക്കുമ്പോള്‍,
ഇവിടെ മഴയെല്‍ക്കാതെ ഞങ്ങള്‍ കഴിയുന്നു,കൂട്ടിയിട്ട ഈ പഴയ 
മരപ്പലകകള്‍ക്ക് മീതെ ഈ ജീവിതം ഞങ്ങള്‍ക്ക് സ്വര്‍ഗമാണ്.
മാറി മാറി ഞങ്ങള്‍ മക്കള്‍ക്ക്‌ കാവലിരുന്നു.


Image2849



ഞങ്ങള്‍ക്ക് കിട്ടാത്തതൊക്കെ മക്കള്‍ക്ക്‌ കിട്ടുന്നല്ലോ എന്ന സന്തോഷത്തിലാണ് ഞങ്ങള്‍ ഏതു നേരവും. 
മീന്‍ മുള്ളുകളുടെയും എല്ലിന്‍ കഷ്ണങ്ങളുടെയും കാലമൊക്കെ എന്നോ കഴിഞ്ഞു പോയല്ലോ..

ഒരുണക്കമീനിന്‍റെ കഷ്ണം എന്നെങ്കിലും ഒരിക്കല്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു കുട്ടിക്കാലം മുഴുവന്‍ ജീവിച്ചു തീര്‍ത്തവളാണ് ഞാന്‍..! 

കണ്ടില്ലേ ഒരു മുഴുവന്‍ മീനും തിന്ന സന്തോഷത്തിലാണ് എന്‍റെ മക്കളിപ്പോള്‍..! എനിക്കതുമതി…

Image2621

വീണ്ടും ഒരു റമളാന്‍ കൂടി ആഗതമായിരിക്കുന്നു..
എനിക്കീ ജീവിതം സന്തോഷം നിറഞ്ഞതാണ്.
സ്നേഹം മാത്രം കൈമുതലായുള്ള എന്‍റെ പാണ്ടനും,പിന്നെ കുഞ്ഞു മക്കളുമൊത്ത്…ഞാനെന്‍റെ ഈ ജീവിതം ജീവിച്ചു തീര്‍ക്കട്ടെ..!!
                                                         *********

പാണ്ടനും കുഞ്ഞുങ്ങളുമൊത്തുള്ള എന്‍റെ കുറച്ചു ഫോട്ടോസ് കൂടിയുണ്ട്.
കണ്ട് നോക്കൂ..
Image2623
അവിടെ എന്തോ അനങ്ങുന്നു....

Image2619

Image2688
കണ്ടോഡീ...അവന്‍ ഇങ്ങോട്ട് കേറാന്‍ നോക്കുന്നെ...



Image2684
വാ മക്കളേ ,,കേറി വാ..അല്ലാ ,രണ്ടാളെവിടെപ്പോയി...?

Image2691
നിങ്ങളൊന്നു നോക്ക് മനുഷ്യാ...കുട്ടികള്‍ എവിടെപ്പോയെന്ന്...

Image2693
ഉം...ശെരി.ഞാന്‍ നോക്കിയിട്ട് വരാം.

Image2847
അച്ഛന്‍ പിണക്കമാ...

Image2848
ഉംമ്മ,,,,,മിണ്ട്യെലോ..


Image2852
  ശ്ശോ... ഈ കുട്ടികളുടെ ഒരു കാര്യം..ഏതു നേരവും ഈ പാലുകുടിതന്നെ..


Image2885
ഞങ്ങളെ ഇഷ്ട്ടായോ...?

  ************************************************


 റമദാന്‍ കരീം...!!






                   എല്ലാവര്‍ക്കും ഞങ്ങളുടെ റമദാന്‍ 
                   ആശംസകള്‍.....ഒപ്പം പ്രാര്‍ഥനയും..
                   ഇനി  ഒരു മാസത്തേക്ക്‌  വിട..



Tuesday, July 12, 2011

നെന്നൂസിനെ കാണാനായി ഒരു യാത്ര…….!!

nennoos.................dear...

                                                               ഈമാന്‍ കറം                                  


അബൂദാബീന്നും മോള്‍ വിളിച്ചപ്പോള്‍ ഒരു യാത്ര പോകാനുള്ള അവസ്ഥയിലായിരുന്നില്ല..
അവര്‍ ബാംഗ്ലൂരില്‍ വരുന്നുണ്ടെന്ന്. വരവ് ഒഫീഷ്യല്‍ ആയതിനാല്‍ വെറും ആറുദിവസം മാത്രം.

കഴിഞ്ഞ നവംബറില്‍ അവിടെ പഠിക്കുന്ന മക്കളുടെ കൂടെ രണ്ടു ദിവസം ചിലവഴിച്ചു മടങ്ങിയതാണ്.അതായിരുന്നു എന്‍റെ ആദ്യ ബാംഗ്ലൂര്‍ യാത്ര.  അന്ന് മോളും കുഞ്ഞും അബുദാബിയിലായിരുന്നു.അഞ്ചുമക്കളും ഉപ്പയുമൊത്തു രണ്ടു നാള്‍.

ഞങ്ങള്കൂടി ചെല്ലണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ വിളി.ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും കുട്ടികളും പിന്നെ മരുമോന്റെ ഉമ്മയും (മോളുടെ അമ്മായിമ്മ , അതായത്‌ എന്റെ നാത്തൂന്‍ ) കുട്ടികളും .

പോകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പോയാല്‍  മക്കളെല്ലാവരും ഒത്തു കൂടി കൊച്ചുമോളുമൊത്ത് കുറച്ചുദിനങ്ങള്‍! അവരുടെ ഉപ്പകൂടി വന്നിരുന്നെങ്കില്‍ സന്തോഷം ഇരട്ടിക്കുമായിരുന്നു.  

അല്ലെങ്കിലും അതങ്ങനെയാ…നമ്മള്‍ ആഗ്രഹിക്കുന്നതു മുഴുവനും നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല.അങ്ങനെ കിട്ടിയാല്‍ ഭൂമി തന്നെ സ്വര്‍ഗമായി മാറില്ലേ..അല്ലേ..

തീരുമാനമെടുക്കാനും ഒരുങ്ങാനും  രണ്ടേ രണ്ടു ദിവസം.

ജൂണ്‍  തിരക്കുകളുടെയും ചിലവുകളുടെയും മാസമാണെന്ന് അറിയാമല്ലോ.
അത് തന്നെയാണ് മുഖ്യ പ്രശ്നവും.

മഴയാണെങ്കില്‍‍ തോര്‍ന്ന നേരമില്ല. രാവും പകലും ഇരമ്പിയാര്‍ത്തു പെയ്തുകൊണ്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നു ഒരെത്തും പിടിയുമില്ല.
തൊടിയിലാണെങ്കില്‍ പണിക്കാരുടെ തിരക്ക്.

സ്കൂളും മദ്രസയും ഒരു ചോദ്യചിഹ്നമായി മുമ്പിലങ്ങനെ ‍ ഉയര്‍ന്നു നില്‍ക്കുന്നു..! 

റീഫൂനെ  (ബ്ലോഗിമോന്‍) ഹോസ്റ്റലില്‍ചെന്ന്   ലീവ് ചോദിച്ചു കൂട്ടിക്കൊണ്ടുവരണം. മറ്റു രണ്ടാള്‍ക്കും ലീവ് ചോദിക്കണം.
ക്ലാസ്സുകള്‍ തുടങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ.ഇപ്പോള്‍ തന്നെ ലീവ് ചോദിക്കുക എന്നൊക്കെ പറഞ്ഞാല്‍…

എല്ലാ പ്രശ്നങ്ങളും കൊച്ചുമോളെ കാണാനുള്ള കൊതിക്കുമുമ്പില്‍ പത്തിമടക്കുമെന്നു അറിയാഞ്ഞല്ല…

എങ്കിലും ആലോചിച്ചിട്ടു ഒരന്തവുമില്ല. നെന്നൂസിനെ കാണാനുള്ള കൊതി അടക്കിയിട്ടു നില്‍ക്കുന്നുമില്ല.അവള്‍ക്കു ഒരുവയസ്സു തികഞ്ഞിട്ടു അധികദിവസമായിട്ടില്ല.അവളുടെ രൂപമിപ്പോള്‍ എങ്ങനെയിരിക്കുമോ ആവോ..ഫോട്ടോയില്‍ കണ്ടപോലെയാകുമോ, മനസ്സ് തുള്ളിക്കളിക്കുകയാണ്..

കുഞ്ഞമ്മാവന്‍ നെച്ചൂനാകട്ടെ ആകെപ്പാടെ ഒരു ഇളക്കം.അവന്‍‍ സദാ ചിരിച്ചുകൊണ്ടാണ് നടപ്പ്..!

കുഞ്ഞമ്മായി മുനമോളും ഇതേ അവസ്ഥയിലായിരിക്കും.
അവരും തിരക്കിട്ട് ഒരുങ്ങുകയാണ്.ചക്കയും മാങ്ങയും പൈനാപ്പിളുമൊക്കെയാണ് അവരുടെ വകയായിട്ട് മകനും മരുമോള്‍ക്കും കൊണ്ടുപോകുന്നത്.

‍ഫോണിലൂടെ ഞങ്ങള്‍ നാത്തൂന്മാര്‍ തീരുമാനങ്ങള്‍ തിരക്കിട്ട് കൈമാറി.

ഞങ്ങള്‍ രണ്ടു വലിയ സന്തുഷ്ട്ട കുടുംബങ്ങളും ഒരു വല്ല്യുംമയും കേറിയാല്‍ വണ്ടിയില്‍ ലഗേജ്‌ വെക്കാന്‍ സ്ഥലമുണ്ടാകില്ല.

തല്‍ക്കാലം ഒരു കേരിയറ്‌‍ സംഘടിപ്പിച്ചു വണ്ടിക്കു മുകളില്‍ ഫിറ്റ് ചെയ്യാമെന്നും, രാവിലെ ഒമ്പതിന് തന്നെ പുറപ്പെടണമെന്നും തീരുമാനിച്ചു ഞങ്ങള്‍ രണ്ടു അമ്മായുമ്മമാര്‍..‍ തല്‍ക്കാലം തീരുമാനഫോണ്‍കോള്കള്‍ക്ക് വിരാമമിട്ടു.

ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. ഇനി ഒരുദിവസം മാത്രം.

വേഗം ഒരു ലീവ് ലെറ്റര്‍ എഴുതി.അതുമായി റീഫൂന്‍റെ  അടുത്തേക്ക് ആളെ വിട്ടു,അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി വെച്ചു.
ഒന്ന് രണ്ടു പലഹാരങ്ങളുണ്ടാക്കി പാക്ക്‌ ചെയ്തു.എല്ലാവര്‍ക്കും മൂന്നുദിവസത്തിനുള്ള ഡ്രസുകളും മറ്റു അത്യാവശ്യ സാധനങ്ങളും വെച്ചു ബാഗുകളൊക്കെ റെഡിയാക്കി.

മുന്നൂറിലധികം കിലോമീറ്റര്‍ പോകേണ്ടതുണ്ട്.  കുപ്പികളിലും ക്യാനുകളിലും വെള്ളം നിറച്ചു.

ഉച്ചഭക്ഷണം നാത്തൂന്‍ ഏറ്റിട്ടുണ്ട്.ഹോട്ടലില്‍ കേറി നേരം കളയെണ്ടല്ലോ.
ഇരുന്നു കഴിക്കാന്‍ പായും കുറച്ചു പേപ്പറുകളും എടുത്തു.

എഴുതിവെച്ച ലിസ്റ്റ് ഒന്നുകൂടി വായിച്ചു നോക്കി..ഒന്നും മറക്കരുതല്ലോ..
ഇനി സമാധാനം പോലെ ഉറങ്ങാം…

രാവിലത്തെ കാര്യങ്ങള്‍ മനസ്സില്‍ ഒന്ന് കൂടി കണക്കുകൂട്ടുന്നതിനിടെ മക്കളെ നോക്കി…

സന്തോഷം കൊണ്ടാകാം മൂന്നാള്‍ക്കും ഉറക്കമില്ല,
ബംഗ്ലൂരിലെ രണ്ടു ഇകാക്കമാരും താത്തയും നെന്നൂസും  അവരെ ഉറക്കത്തില്‍നിന്നും അകറ്റി നിര്‍ത്തി.

ഒറ്റവിളിക്ക് എണീറ്റില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല..വൈകിയാലറിയാമല്ലോ..അവസ്ഥ…ബോര്‍ഡര്‍ അടച്ചാല്‍ കാട്ടില്‍ വണ്ടി പിടിച്ചിടും..രാത്രി മുഴുവന്‍ കൊടും കാട്ടില്‍ വണ്ടിയില്‍..!പിന്നെ ആന,,പുലി..കാട്ടുപോത്ത്‌…

മുഴുവന്‍ കേള്‍ക്കുമുംപേ മൂന്നാളും കണ്ണ് ചിമ്മി. രണ്ടാളതു കേട്ട് പേടിച്ചിട്ടും.മൂന്നാമന്‍ എന്നെ പേടിച്ചും…,എന്തായാലും രാവിലെ വിളിക്കാതെ തന്നെ ഉണര്‍ന്നെണീറ്റു മൂന്നാളും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

***************************************************************
എല്ലാവരും റെഡിയായി,

വണ്ടിക്കുമുകളില്‍ ലഗേജുകള്‍ വെച്ച് ഷീറ്റ് കൊണ്ട് മൂടി നന്നായി കെട്ടിയുറപ്പിച്ചു.തുള്ളിമുറിയാത്ത മഴയാണ്.ബാഗൊന്നും നനയരുതല്ലോ..
എല്ലാം കഴിഞ്ഞപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ഒമ്പത് മണി..പതിനൊന്നായിരുന്നു… 
ഞങ്ങളുടെ ബാംഗ്ലൂര്‍ യാത്ര ആരംഭിച്ചു…

ഞങ്ങള്‍ക്ക് വേണ്ടിയെന്നോണം‍ മഴയൊന്നു നിന്നോ! .നല്ല തെളിഞ്ഞ ഈറനണിഞ്ഞ അന്തരീക്ഷം…സുഖകരമായ കാറ്റേറ്റ്‌ നെച്ചൂന്റെയും മുനമോളുടെയും മോണ്ടിസോറി കഥകള്‍ കേട്ട്…റീഫൂന്‍റെ   ബഡായികള് സഹിച്ച്  രണ്ടുമണിക്ക് ബന്ദിപ്പൂരിലെത്തി..

കൊണ്ടുവന്ന ബിരിയാണി ഇനിയും കഴിച്ചില്ലെങ്കില്‍ അത് കുരങ്ങുകള്‍ക്ക് പോലും പറ്റാതാകും.‍ അത് കൊണ്ട് ഉച്ചഭക്ഷണം  ബന്തിപ്പൂരില്‍ തന്നെയാക്കി.
  
കുരങ്ങുകളുമായി ഒരു യുദ്ധം തന്നെ നടത്തിയാണ്  ബിരിയാണി അകത്താക്കിയത്.  പല തവണ പ്ലേറ്റുകള്‍ തട്ടിപ്പറിച്ചു അവ ഓടി.കുട്ടികള്‍ക്ക് അതും ഒരു രസം..അവര്‍ മന:പൂര്‍വ്വം അവക്ക് മുമ്പില്‍ പാത്രം വെച്ച് കൊടുക്കാനും മടിച്ചില്ല.


*****************************************************************
ഭക്ഷണം കഴിഞ്ഞു വീണ്ടും യാത്ര…കാടിന്‍റെ സംഗീതവും ശ്രവിച്ച്,,ആനക്കൂട്ടങ്ങളെയും മയിലുകളെയും മാനുകളെയും തൊട്ടടുത്ത് കണ്ടു ഇത്തിരി പേടിച്ചും ഒത്തിരി രസിച്ചുമങ്ങനെ..

കാട് കടന്നു സൂര്യകാന്തിപ്പാടങ്ങള്‍ക്ക് നടുവിലൂടെ, ചെണ്ടുമല്ലി തോട്ടങ്ങള്‍ കടന്ന് നെല്‍ വയലുകലുകളും  ഗോതമ്പ് പാടങ്ങളും കടന്ന്..കരിമ്പ് തോട്ടങ്ങളില്‍  പണിയെടുക്കുന്നവരെ നോക്കി കൈവീശിക്കാണിച്ച്…ഞങ്ങളുടെ വണ്ടി   ഓട്ടം തുടര്‍ന്നു..


Image2593

Image2610നാലേക്കര്‍ സൂര്യകാന്തി തോട്ടത്തിന്‍റെ ഉടമയും മകനും കുശലം പറയാനെത്തിയപ്പോള്‍..


ടിപ്പുവിന്‍റെ ചരിത്രമുറങ്ങുന്ന കോട്ടക്കൊത്തളങ്ങള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ കൊട്ടാരവാതിലിനും തൊട്ടു മുമ്പിലൂടെ കടന്നു പോകുമ്പോള്‍... ഒരുപാട് തവണ കണ്ടതാണെങ്കിലും കൊട്ടാരം ഞങ്ങളെ മാടി വിളിക്കുന്നതായി തോന്നി.

ഞങ്ങള്‍ ബാംഗ്ലൂര്‍ ഹൈവെയില്‍ പ്രവേശിച്ചു.

ഇനിയും ദൂരം ഒരുപാട് താണ്ടാനുണ്ട്.,,
ആര്‍ക്കും ഒരു മുഷിച്ചിലുമില്ല.അന്താക്ഷരിയും മറ്റുമായി രസകരമായ യാത്രതന്നെയായിരുന്നു അത്.

എങ്കിലും ഒരു ചായകുടിച്ചിട്ടാകാം ഇനി യാത്ര.

*****************************************************************
നോക്കെത്താദൂരത്തോളം പൂത്തുനില്‍ക്കുന്ന കരിമ്പുപാടങ്ങള്‍ക്ക് നടുവിലൂടെ വീണ്ടും യാത്ര.

അസ്തമയസൂര്യന്‍റെ പൊന്‍കിരണങ്ങള്‍  മാനം ‍ ചെഞ്ചായം പൂശിത്തുടങ്ങി..
ഗ്രാമീണര്‍ കൃഷിയിടങ്ങളില്‍നിന്നും ആടുമാടുകളുമായി മടക്കയാത്ര തുടങ്ങിയിരിക്കുന്നു.


DSC02466

DSC02473

ഞങ്ങള്‍ക്കിനിയും രണ്ടര മണിക്കൂര്‍ യാത്ര ബാക്കി..
ഗ്രാമക്കാഴ്ചകള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നു വെറുതെ കൊതിച്ചു പോകുന്നു.

 Image0590 


DSC02162


Image0608
   ഗ്രാമക്കാഴ്ച്ചകള്‍…(ഓടുന്ന വണ്ടിയില്‍നിന്നും മോബയിലില്‍ ക്ലിക്കിയത്)

രാത്രി ഒമ്പത്‌ മണിക്ക് ബാംഗ്ലൂരില്‍ എത്തി.ഭക്ഷണം കഴിഞ്ഞാവാം റൂമില്‍ പോക്ക് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

അതനുസരിച്ച്,ബാംഗ്ലൂരിലെ വലിയ മാള്കളിലോന്നായ മന്ത്രിസ്ക്വയറില്‍ അവര്‍ ഞങ്ങളെയും   കാത്തിരിപ്പുണ്ടായിരുന്നു,

എല്ലാവരും നെന്നൂസിനെ പൊതിഞ്ഞു..എടുക്കാനും കൊഞ്ചിക്കാനും ഒരു മല്‍സരം  തന്നെ നടന്നു.

അവള്‍ക്കാകട്ടെ ഒരു പ്രശ്നവുമില്ല..എല്ലാവരുമായി പെട്ടെന്നിണങ്ങി..കുറച്ചു സമയം അവിടെ ചിലവഴിച്ചു.

കെന്റക്കി ഫ്റൈഡ് ചിക്കനും കഴിച്ച് റൂമിലേക്ക്‌ മടങ്ങി.യാത്രാക്ഷീണം കാരണം പെട്ടെന്നുറങ്ങി.

പിറ്റേ ദിവസം എല്ലാവരും കൂടി ബന്നാര്‍ഘട്ട് കാട്ടിലൂടെ ഒരു യാത്ര..

ഉദ്ദേശം ടൂര്‍ അല്ലാതിരുന്നതിനാല്‍ പ്ലാനട്ടോരിയവും ലാല്‍ബാഗ് പാര്‍ക്കും സന്ദര്‍ശിച്ചു ഉള്ളസമയം നെന്നൂസുമായി ചിലവഴിച്ചു.

മൂന്നു ദിവസങ്ങള്‍ എത്ര പെട്ടെന്നാണ് അവസാനിച്ചത്‌.

അവരെ ബാന്ഗ്ലൂര്‍ എയര്പോര്ട്ടില്‍ കൊണ്ട് വിട്ടു മടങ്ങുമ്പോള്‍ എല്ലാവരും കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങളും മടക്കയാത്ര ആരംഭിച്ചു.

പോയപ്പോഴത്തെ ഉത്സാഹം ആരുടെ മുഖത്തും കാണാനുണ്ടായിരുന്നില്ല.  കാട്ടിലെത്തിയത് നല്ല സമയത്തായിരുന്നു.വൈകുന്നേരം ആറുമണിക്ക്.

ഇടയ്ക്കിടെ റോഡരുകില്‍ പ്രത്യക്ഷപ്പെട്ട ആനക്കൂട്ടങ്ങള്‍ അല്‍പ്പം പേടിയുണ്ടാക്കിയെങ്കിലും യാത്ര മുതലായെന്ന ഭാവം എല്ലാവരിലുമുണ്ടാക്കി,

കാടു കടന്ന്..അതിര്‍ത്തികളും കടന്ന്,,,ചുരമിറങ്ങിത്തുടങ്ങിയ ഞങ്ങളുടെ യാത്രക്ക് രാത്രി പത്തോടെ അന്ത്യമായി…
പിന്നീടെല്ലാം ഒരു സ്വപ്നം പോലെ…

 3 copy

*****************************************************************************
യാത്രാമുറിക്കുറിപ്പ്: 
ആദ്യമാണ് ഒരു യാത്രാവിവരണം..അധികം കുളമാക്കാതെ നിര്‍ത്തുന്നു………..ചെറിയ ഇടവേളയ്ക്കു ശേഷമുള്ള എന്‍റെ വളിപ്പ് പോസ്റ്റ് വായിച്ചില്ലേലും തള്ളിക്കളയല്ലേ….!!


നെച്ചൂനുമുണ്ടൊരു ബാന്ഗ്ലൂര്‍ വിശേഷം.
വായിക്കാന്‍ മറക്കല്ലേ..