കൂട്ടുകാര്‍

Sunday, May 15, 2011

വായിലോട്ടാന്‍   ഒരു കുഞ്ഞു   തോണിയെങ്കിലും….!!!??


DSC03564പാചകം എനിക്കെന്നും ബാലികേറാമലയായിരുന്നു, ഇന്നും അതെ.
ഉമ്മ പഠിപ്പിച്ചത്,, അല്ലെങ്കില്‍ ഉമ്മാന്‍റെ പക്കല്‍ നിന്ന് പഠിച്ചത്,,എന്നു പറയാന്‍  ഒന്നും തന്നെയില്ല എന്ന് പറയുന്നതാകും ശരി,

പൊതുവേ മലപ്പുറത്തുകാര്‍ പാചകത്തില്‍ രണ്ടാം നമ്പറാണല്ലോ..
അതും ഒരു കാരണമാകാം..

മുരിങ്ങ താളിക്കാനും ചക്കക്കുരുവും മാങ്ങയും വെക്കാനും ഉണക്ക‍മീന്‍ പൊരിക്കാനും നല്ലൊരു ചീനാപറങ്കിപ്പുമ്മളും അരക്കാന്‍ പഠിച്ചാല്‍ എല്ലാം തികഞ്ഞു.


ഇപ്പോള്‍ ഇങ്ങനെയൊന്നും അല്ല കേട്ടോ..,ഇപ്പോള്‍  ഉമ്മമാര്‍ക്കും വല്ല്യുമ്മ മാര്‍ക്കും വരെ മയോനയ്സ്‌ പുരട്ടിയ സാന്‍ഡ് വിച്ചു വേണം.,നൂഡില്‍സാണെങ്കില്‍ ഇന്ഡോമി തന്നെ വേണം.

കല്യാണമൊക്കെ  കഴിഞ്ഞു മറ്റൊരു വീട്ടില്‍ എത്തിയപ്പോഴും പാചകം പഠിക്കാനൊന്നും അവസരം കിട്ടിയില്ല. ഇനിയിപ്പോ കിട്ടിയാലും എനിക്കൊന്നുമറിയില്ലായിരുന്നു,,അതുകൊണ്ട് തന്നെ പഠിപ്പൊക്കെ കഴിഞ്ഞുള്ള ബാക്കി സമയം നാത്തൂനും ഇളയച്ചനും ഒപ്പം കൊത്തങ്കല്ല് കളിക്കും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കളി.

പാചകത്തില്‍ ഒരു ഡിഗ്രിയും നേടാതെ പത്താം ക്ലാസ്സും ‌ കഴിഞ്ഞ് ഞാന്‍ നേരെ ഗള്‍ഫിലുമെത്തി.

പോകുമ്പോള്‍ കുറെ പുസ്തകങ്ങള്‍ക്കൊപ്പം,,മിസ്സിസ് കെഎം മാത്യു,ഉമ്മി അബ്ദുള്ള തുടങ്ങിയവരെയും കൂടെ കൂട്ടാന്‍ മറന്നില്ല.

അവിടം മുതലാണ്‌ എന്‍റെ പാചകപരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്..!

അടുക്കളയിലെ മൂലയ്ക്ക് വെച്ചിരുന്ന അടപ്പുള്ള വലിയ കുമാമ ബക്കെറ്റ്(വേസ്റ്റ് ബാസ്കെറ്റ്) ഈ പരീക്ഷണഘട്ടങ്ങളില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.മിക്കവാറും ദിവസങ്ങളിലെ എന്‍റെ പരീക്ഷണങ്ങളുടെ ആകെത്തുക ആ ബക്കെറ്റിനകത്തായിരിക്കും...!!?

ഞങ്ങളുടെ ഭക്ഷണമാകട്ടെ ഹോട്ടലീന്നും.

അങ്ങനെയുള്ള ഞാന്‍ ഈ അടുത്ത കാലത്ത്‌ പരീക്ഷിച്ചു “വിജയിപ്പിച്ച” ഒരു പാതകം..സോറി പാചകം നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

ഇത് കണ്ട് നിങ്ങളുടെ വായില്‍ കപ്പലൊന്നും ഓട്ടിയില്ലെങ്കിലും ഒരു കുഞ്ഞുകടലാസ്സുതോണിയെങ്കിലും ഓട്ടാന്‍ കഴിയുമെന്ന പ്രത്യാശയോടെ….


മക്രോണി വിത്ത്‌ ചിക്കെന്‍..!DSC03562
അരക്കിലോ മക്രോണി.
അരക്കിലോ ചിക്കെന്‍ എല്ലില്ലാതെ കൊത്തി അരിഞ്ഞത്.
രണ്ടു കാപ്സിക്കം ചെറുതായി മുറിച്ചത്.
മൂന്നു ഇടത്തരം കേരട്ട് ചിരവിഎടുത്തത്.( ഈ സാധനങ്ങള്‍ ഇഷ്ട്ടമുള്ള അളവിലും എടുക്കാം.)

DSC03565
തക്കാളി രണ്ടെണ്ണം ചെറുതാക്കി മുറിച്ചത്‌.
സവാള ഒരെണ്ണം കൊത്തിയരിഞ്ഞത്‌.
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് രണ്ടു സ്പൂണ്‍.
DSC03566
മഞ്ഞള്‍ ഒരു നുള്ള്.
കുരുമുളക് എരിവിന് അവനവന്‍റെ ഇഷ്ട്ടത്തിന്.
കൊണ്ഫ്ലോര്‍ രണ്ട് വലിയ സ്പൂണ്‍.
വെളുത്തുള്ളി പേസ്റ്റ് രണ്ടു വലിയ സ്പൂണ്‍.
ഉപ്പ് പാകത്തിന്.
അമൂല്‍ ബട്ടര്‍ രണ്ടു ക്യൂബ്‌.
(പകരം കോണ്‍ ഓയിലോ,സണ്‍ഫ്ലവേര്‍ ഓയിലോ ഉപയോഗിക്കാം,വെളിച്ചെണ്ണ ഉപയോഗിക്കരുത്‌)

*************************************************************************************

മുറിച്ചു വെച്ച കോഴിയില്‍ മുകളില്‍ പറഞ്ഞ മഞ്ഞള്‍,കുരുമുളക്,കൊണ്ഫ്ലോര്‍,വെളുത്തുള്ളിപേസ്റ്റ്‌,ഉപ്പ്,,
നന്നായി പുരട്ടി അല്പസമയം വെക്കുക,


DSC03573
ഒരു ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബട്ടര്‍  ചേര്‍ക്കുക.


DSC03576
വെളുത്തുള്ളിയും സവാളയും ചേര്‍ക്കുക.
DSC03578
ഇളക്കി മൂപ്പിക്കുക.

DSC03583
തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.

DSC03585
മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.DSC03587
കുറഞ്ഞ തീയില്‍ മൂടി വെച്ച് മൂന്നു മിനിറ്റോളം വെക്കുക.DSC03594
ചിക്കെന്‍ പാകമായി.


DSC03598
ഇതിലേക്ക് കാപ്സിക്കവും കാരെട്ടും ചേര്‍ക്കുക.DSC03601
നന്നായിട്ടിളക്കി ഒരു മിനുട്ട് കൂടി വെക്കുക.DSC03602
ചിക്കെന്‍ കൂട്ട് റെഡി.


ഇനി ഒരു വലിയ പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെക്കുക. രണ്ടു സ്പൂണ്‍ എണ്ണയും,പാകത്തിന് ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ നമ്മുടെ മക്രോണി അതിലേക്കു ചേര്‍ക്കുക.
നല്ല സോഫ്റ്റ് പരുവം ആയി വരുമ്പോള്‍…


DSC03629
ഇതുപോലെ കോരിയെടുത്ത് വെള്ളം വാര്‍ത്ത് നമ്മുടെ ചിക്കെന്‍ കൂട്ടില്‍ ചേര്‍ത്ത് മിക്സ്‌ ചെയ്യുകDSC03626
ചീസ്‌  ചിരകിയത്‌ ആവശ്യത്തിന്.DSC03634
ചൂടോടെ ചേര്‍ക്കുക.DSC03610
ഇച്ചിരി കെച്ചപ്പുകൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.DSC03635

എന്നാ പിന്നെ കഴിച്ചാലോ…
*********************************************************************************

വാല്‍ക്കഷ്ണം>>>

ഉണ്ടാക്കാനൊന്നുമല്ല മക്കളേ പാട്….
ഉണ്ടാക്കുന്നതിനിടെ ഇതിന്‍റെയൊക്കെ ഫോട്ടോയെടുക്കാനാണെ..!
എന്‍റള്ളോ…..Tuesday, May 10, 2011

കുറിഞ്ഞിപ്പൂക്കള്‍…….

 

“ഈ കുറിഞ്ഞിപ്പൂക്കളൊന്നു വരച്ചു തരാന്‍ എത്ര ദിവസമായി ഉമ്മാനോട് പറയുന്നു.”

വരച്ചു റെഡിയാക്കി വെച്ച പൂക്കൂടയിലേക്ക്‌ ടോര്‍ച്ചു തെളിയിച്ചു ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എല്ലാം എഴുതി റെഡിയാക്കി വെച്ചതാ,ഇനി വരച്ചു വെച്ച ഫ്ലവെര് പോട്ടിന്‍റെ ഫോട്ടോ എടുത്ത്‌ കമ്പ്യൂട്ടെരിലാക്കണം..അത്രയെ ബാക്കിയുള്ളു.‍ അതും കൂടി കഴിഞ്ഞാല്‍ നാളെ കറന്‍റ് വന്നാല്‍ പോസ്റ്റ് ചെയ്യാമായിരുന്നു.

‘’’'പുരപ്പുറത്ത് വീണു കിടക്കുന്ന മരം വെട്ടി മാറ്റാന്‍ ഒരാളെ കിട്ടിയിട്ടില്ല..,.കരണ്ടാണെങ്കില് എന്ന് വരുമെന്ന് ഒരു നിശ്ചയവുമില്ല.പോസ്റ്റുകളും കമ്പികളുമൊക്കെ ‍റോഡില്‍ തന്നെ കിടക്കുന്നത് ഇന്നും കണ്ടതാണ്.”’

“അപ്പോഴാ അവളുടെ ഒരു കുറിഞ്ഞിപ്പൂക്കള്‍,,” എനിക്ക് ദേഷ്യം വന്നു.

ആഴ്ചകളായിട്ടു ഇവിടെ ഒരു കയ്യെഴുത്ത് മാസികയുടെ പണിപ്പുരയായിരുന്നു..മോളായിരുന്നു സബ് എഡിറ്റര്‍.കഥകള്‍ക്കും മറ്റും ഹെഡ്ഡിംഗ് എഴുതാനും ചിത്രങ്ങള്‍ വരക്കാനുമൊക്കെ ഞാന്‍ ഒരുപാട് സഹായിച്ചതുമാണ്.

Image1808

പണിപ്പുര.ഒരു കൈ സഹായം! നെച്ചു.

 

“എത്ര വട്ടം പറഞ്ഞതാ എനിക്ക് പൂക്കള്‍ വരക്കാന്‍ അത്രയ്ക്ക് വശമില്ലാന്ന്..പോരാത്തതിന് കരണ്ടുമില്ല.”

എനിക്ക് വീണ്ടും ദേഷ്യം വന്നു.

“ഉമ്മാക്കിപ്പോള്‍ ബ്ലോഗ്‌ ബ്ലോഗ്‌ ന്നൊരു വിചാരെയുളളു..ബ്ലോഗിലിടാനുള്ള ചിത്രം ഫോട്ടോ എടുക്കാന്‍ ടോര്‍ച്ചു മതി. എനിക്കൊരു കുറിഞ്ഞിപ്പൂക്കള്‍ വരച്ചു തരാന്‍ കറന്‍റ് തന്നെ വേണം.”  അവളും വിടുന്ന മട്ടില്ല…പുറം ചട്ടക്കുള്ള പേരും ചിത്രവുമാണ്.. .ഞാനാണെങ്കില്‍ ജീവനോടെ ഒരു കുറിഞ്ഞിപ്പൂവ് ഇതുവരെ കണ്ടിട്ടുമില്ല.

“സഫുകാക്ക ബ്ലോഗ്‌ ഉണ്ടാക്കിത്തന്നിട്ടില്ലെങ്കില്‍ കാണായിരുന്നു..!..ഉപ്പ ലാപ്ടോപ്പും വാങ്ങി ത്തന്നിട്ടില്ലെങ്കില്‍ ..‍ ഉമ്മാക്കിപ്പോ ഈ ബ്ലോഗുംണ്ടാകൂല…ഒരു ചുക്കൂംണ്ടാകൂല..!”

അവള്‍ ബ്ലോഗില്‍ കേറി പിടിക്കുന്നത് കണ്ടു ഞാനും ഒന്ന് തണുത്തു.വേഗം തന്നെ ടോര്‍ച്ച് തെളിയിച്ചു പൂപ്പാത്രത്തിന്റെ ഫോട്ടോയെടുത്തു.

Image1857

ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ എടുത്ത ഫോട്ടോ.

 

നാളെ കരണ്ട് വന്നില്ലെങ്കിലും നമുക്ക് മെഴുകുതിരി വെളിച്ചത്തില്‍ ചെയ്യാം എന്ന് പറഞ്ഞു മോളെ ഒരു വിധം തണുപ്പിച്ചു നിര്‍ത്തി.

കറണ്ട് പോയിട്ട് ഇത് മൂന്നാം ദിവസമാണ്. ഇന്‍വര്‍ട്ടറും എമര്‍ജന്‍സിയും ഒക്കെ ഒറ്റ ദിവസം കൊണ്ട് ചാര്‍ജ്‌ തീര്‍ന്നു.  മൊബയിലും ലാപ്പും ചത്തു കിടപ്പാണ്. മെഴുകുതിരി വാങ്ങാന്‍ ഇന്നും മറന്നു.സമയം പത്തു മണിയായി.ഈ രാത്രിയില്‍ ഇനി മെഴുക് തിരി കിട്ടാനും വഴിയില്ല.

മിനിഞ്ഞാന്ന് പാതിരാക്കാണ് നിനച്ചിരിക്കാതെ വന്ന പ്രകൃതി ക്ഷോഭത്തില്‍ ഞങ്ങള്‍ നേരം വെളുക്കുവോളം ഉറങ്ങാതെ ഇരുന്നത്.

ഭയം കൊണ്ട് ഒരു പോള കണ്ണടക്കാതെ ഒരു രാത്രി.

ഓര്‍ക്കാപ്പുറത്ത് നിലമിറങ്ങി പൊട്ടിയ ഇടിമുഴക്കങ്ങള്‍ക്കും മിന്നല്‍ പിണറുകള്‍ക്കുമൊപ്പം ആര്‍ത്തലച്ചു വന്ന വേനല്‍  മഴ! ജനല്‍ ചില്ലുകളും കര്‍ട്ടണുകളും തുളച്ചു കയറുന്ന  മിന്നല്‍ പിണരുകള്‍‍!

മഴയോടൊപ്പം വന്ന ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദങ്ങള്‍.

പുരപ്പുറത്ത് വന്നുവീണ വന്‍ശബ്ദത്തില്‍ ഞങ്ങള്‍ ഞെട്ടി വിറച്ചു.

ആകെയുള്ളൊരു  ടോര്‍ച്ച്. ഇടയ്ക്കിടെ  തെളിച്ച് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.

പേടിമൂലം വിടര്‍ത്തിപ്പിടിച്ച കണ്ണുകളുമായി ഞാനും കുട്ടികളും ആ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു.

പിറ്റേന്നത്തെ പുറം കാഴ്ചകള്‍ കണ്ടു അന്തം വിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

Image1869

മുറ്റത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് വീണ തേക്ക്.

 

Image1866

വര്‍ക്കെരിയ തകര്‍ത്തുകൊണ്ട് കൊടൊമ്പുളി മരം.

*********************************************************************************************************************

പറഞ്ഞു വന്നത് കയ്യെഴുത്ത് പുസ്തകത്തെകുറിച്ചായിരുന്നു.ഒരു മദ്രസ കയ്യെഴുത്ത് പ്രതി ഇറക്കുന്നത് ആദ്യം കാണുകയാണ്.രണ്ടു ദിവസം കഴിഞ്ഞാല്‍ വാര്‍ഷികമാണ്.കയ്യെഴുത്ത് പ്രതിയുടെ പ്രകാശനകര്‍മവും അന്നാണ്.

കുറിഞ്ഞിപ്പൂക്കള്‍ എന്ന് പേരെഴുതി പൂക്കളുടെ ചിത്രവും വരച്ചാല്‍ പുസ്തകം റെഡി.

പക്ഷെ എത്ര എഴുതിയിട്ടും വരഞ്ഞിട്ടും നന്നാവുന്നില്ല.കഴിവുകളൊക്കെ തുരുമ്പെടുത്ത്‌ പോയെന്നു തോന്നുന്നു.

Image1927

ഒന്നും ശരിയാകുന്നില്ല.

 

അവസാനം ഞാന്‍ തന്നെ ഒരു പോംവഴി കണ്ടെത്തി. മക്കളുടെ കുഞ്ഞുമ്മ  (ഉപ്പാന്റെ അനിയന്റെ ഭാര്യ) നന്നായി വരക്കും..പ്രത്യേകിച്ച് പൂക്കളും പഴങ്ങളുമൊക്കെ.

നല്ല ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് ചുമരില്‍ പോലും തൂക്കിയിട്ടുണ്ട്.

അങ്ങനെ മുഖ ചിത്രവും ഓക്കേയായി.

ഈ ദിവസങ്ങളിലാണ് ഞാന്‍ ഓര്‍മകളുടെ തേരിലേറിപ്പോയി ഒരു കയ്യെഴുത്ത് മാസികയും ഇച്ചിരി ചാമ്പ്യന്‍ ഷിപ്പ് കഥകളുമൊക്കെ നിങ്ങളുടെ മുമ്പില്‍ വിളമ്പിയത്.

അതിനു പ്രചോദനം നല്‍കിയ കുറിഞ്ഞിപ്പൂക്കള്‍ക്കുള്ള എന്‍റെ നന്ദി ഞാനിവിടെ ഇട്ടിട്ടു പോകുന്നു.

 

images 

മോള്‍ സബ് എഡിറ്ററായി വര്‍ക്ക്‌ ചെയ്ത “കുറിഞ്ഞിപ്പൂക്കള്‍” കയ്യെഴുത്ത് പ്രതിയുടെ പ്രകാശന കര്‍മം.

 

കയ്യെഴുത്ത് മാസികയിലേക്ക് മോന്‍ എഴുതിയ ലേഖനം ഇതാ ഇവിടെ വായിക്കാം.