കൂട്ടുകാര്‍

Monday, March 28, 2011

നഷ്ടങ്ങളുടെ കണക്കെടുപ്പ്…നേട്ടങ്ങളുടെയും…!!

 
DSC01721

മേശവലിപ്പിനുള്ളില്‍  വിശ്രമിക്കുന്ന എന്‍റെ  അത്യാഗ്രഹങ്ങളുടെ ശേഷിപ്പുകള്‍.

അന്നൊക്കെ,,എന്നുപറഞ്ഞാല്‍ ..ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍,
എന്‍റെ മുന്നില്‍ എല്ലാം അറിയുന്ന ഒരാള്‍ ഇക്കാക്ക മാത്രമായിരുന്നു.ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇക്കാക്കാനെ അനുകരിക്കലായിരുന്നു  പ്രധാന ഹോബി എന്ന് തന്നെ പറയാം.

ഇക്കാക്ക നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടി ആയിരുന്നു.
അപ്പോള്‍ എനിക്കും അതാകാതെ പറ്റില്ലല്ലോ..
ഇക്കാക്ക വരക്കുന്നത് തന്നെ ഞാനും വരഞ്ഞു.
 ഇക്കാക്ക എഴുതുന്ന രൂപത്തില്‍ തന്നെ ഞാനും എഴുതാന്‍ ശ്രമിച്ചു.

അങ്ങനെയാണ് എനിക്ക്  ചിത്രം വരയ്ക്കണമെന്ന 
കലശലായ മോഹം ഉടലെടുക്കുന്നത്.ബുക്കായ  ബുക്കൊക്കെ ചിത്രംവരകള്‍ക്ക്    ഇരയായി...                                                                   

കൂട്ടുകാരികള്‍ എന്നെക്കാള്‍ മണ്ടികളായതിനാല്‍ അവരുടെ നോട്ടുബുക്കുകളും എന്‍റെ അക്ക്രമത്തിന്നിരയായി.
അങ്ങനെചിത്രകലക്ക്തന്നെഅഭിമാനമായി....സോറി..അപമാനമായി     ഞാനങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്...,
കുളിമുറിയുടെ ,കുമ്മായം  പൂശിയ ചുമര്‍ ശ്രദ്ധയില്‍ പെടുന്നത്. ചുമരില്‍  വലിയൊരു ചിത്രം വരക്കാന്‍ വല്ലാത്തൊരു മോഹം! 
രവി വര്‍മ്മയെ മനസ്സില്‍ ധ്യാനിച്ച്‌ വെണ്ണീറു കുഴിയില്‍ നിന്നും ഒരു മുട്ടന്‍ കരിക്കട്ട മാന്തിയെടുത്തു.

അടുക്കളഭാഗത്തെ  കുളിമുറിയുടെ ചുമര്‍ തലേന്നായിരുന്നു 
നീലം കൂട്ടി വെള്ള വലിച്ചത്. ..‌. 

ഉച്ചയൂണിനു ശേഷമുള്ള നിശബ്ദതയില്‍  ആട്ടിന്‍കൂടിനടുത്തുകൂടെ ഞാന്‍ മെല്ലെ കുളിമുറിക്ക് പിറകിലെത്തി.ആടുകള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ കാണില്ലഎന്നുറപ്പ്.
ഇന്തോനെഷ്യക്കാരനെപോലെ     കൂസന്‍താടിവെച്ച  കൊറ്റനാട് മാത്രം എന്നെയൊന്നു തുറിച്ചു നോക്കി.

ഒരു വെട്ടു കല്ലില്‍ കേറി നിന്നു കരിക്കട്ട കയ്യിലെടുത്തതെ ഓര്‍മയുള്ളൂ. ഒറ്റ വീര്‍പ്പില്‍ എനിക്കെത്താവുന്ന അത്രയും വലിപ്പത്തില്‍ ഒരു പെണ്ണിനെയങ്ങു വരച്ചു.
 
DSC01717

കുറച്ചു വര്ഷം മുമ്പ് നടത്തിയ ഒരു ശ്രമം..!നോക്കി വര. {ഇപ്പോള്‍ കവിളിനു കുഴപ്പമൊന്നുമില്ല കെട്ടോ.}

ദൂരേക്ക്‌ മാറിനിന്നൊന്നു വീക്ഷിച്ചു. എന്തോ ഒരു കുഴപ്പം .
ഒരു ഭാഗത്തെ കവിള്‍ വീര്‍ത്തിരിക്കുന്നു. 
മുമ്പ്‌ എനിക്ക് പല്ല് വേദന വന്നപ്പോള്‍ ആയതുപോലെ.  
പക്ഷെ  ചിത്രത്തിനും പല്ല് വേദന വരുമോ..?! ഓ..എന്തെങ്കിലും ആകട്ടെ.. വേറെ  കുഴപ്പമൊന്നും ഇല്ലല്ലോ അത് മതി.

{പിന്നീട്  ഞാന്‍ വരച്ച  പെണ്ണുങ്ങള്‍ക്കൊക്കെ  ഈ പല്ല്  വേദന   കവിളുകള്‍   തന്നെയായിരുന്നു.}

ആരും കാണാതെ ചിത്രം ഇക്കാക്കാനെ കാണിക്കണം. ഒരു വഴിയും കാണാതെ ഞാന്‍ മുറ്റത്ത്കൂടെ ‌ തലങ്ങും വിലങ്ങും നടന്നു.

"ഖോജ രാജാവായ  തമ്പുരാനേ....കുമ്മായം വലിച്ചു കജ്ജ്ട്ക്കിണീനും മുന്നേ ഏതു ബലാലാണ്  ഈ ചോരുമ്മേ   ഇക്കോലം കാട്ടീക്ക്ണ്."എബട്യാണ് ആ  പെമ്പറന്നോള്.. ,,ഓളെ  ചന്തി  ഞാനിന്ന്  തച്ച് പൊളിച്ചും..."

വല്ലിമ്മ ആടിന് പ്ലാവിലയുമായി വന്നപ്പോള്‍ ആ കൊറ്റനാട് 
കാണിച്ചു കൊടുത്തതാകും. വടിയുമായുള്ള വരവ് എന്‍റെ നേരെത്തന്നെ എന്നുറപ്പായപ്പോള്‍ വേഗം അവിടുന്ന് സ്ഥലം കാലിയാക്കി. വൈകുന്നേരം വരെ അയല്‍പക്കത്ത്‌ പറ്റിക്കൂടി .
മഗ്രിബ് നമസ്ക്കാരത്തിന് വല്ലിമ്മ തക്ബീര്‍ കെട്ടുന്ന 
നേരം നോക്കി ‌ മെല്ലെ വീട്ടില്‍ കേറിക്കൂടി.

ഈ  വരയോട് കൂടി  ഞാനൊരു ചിത്രകാരിയാണെന്ന  തോന്നല്‍  എന്നില്‍ വളര്‍ന്നു  വരാന്‍  തുടങ്ങി.. 
അയല്‍പക്കത്തുനിന്നും ഉമ്മാക്കാണെന്നു പറഞ്ഞു വാങ്ങിക്കൊണ്ട് വരുന്ന മംഗളത്തിലെ  വടിവൊത്ത പെണ്ണുങ്ങളെയൊക്കെ  നോക്കി വരച്ചു.ഒരു കവിള്‍ വീര്‍ത്ത സുന്ദരികളെക്കൊണ്ട് എന്‍റെ നോട്ട്ബുക്കുകള്‍ നിറഞ്ഞു!!

അമ്പിളി അമ്മാവനിലെ  വിക്രമാദിത്യനെയും വേതാളത്തെയും 
വരച്ചു ഞാന്‍ ഞെളിഞ്ഞു നിന്ന് സ്വയം അഭിമാനിച്ചു, 
അതും പോരാഞ്ഞ് ഇക്കാക്കാന്‍റെ ടെക്സ്റ്റ്‌ബുക്കിലെ അക്ബര്‍, ഹുമയൂണ്‍ ഷേര്‍ഷാമാരെയും  ഞാന്‍ വെറുതെ വിട്ടില്ല. 
ഭംഗിയുള്ള തലപ്പാവുകളും കൊമ്പന്‍ മീശകളുമായി 
അവരെന്‍റെ ചിത്ര ബുക്കിന്‍റെ മാറ്റ് കൂട്ടി.

എന്തിനധികം??    ഇങ്ങനെ  ചിത്രം വരയില്‍  
ഞാന്‍ എന്നെത്തന്നെ   മറന്നു.  
ക്ലാസിലിരുന്നു,  വരച്ച ചിത്രങ്ങള്‍  കുട്ടികള്‍  കാണ്‍കെ നിവര്‍ത്തിപ്പിടിച്ച് ഒന്നുമറിയാത്ത പോലെ ഇരുന്നു,,!
വിഡ്ഢികളായ എന്‍റെ കൂട്ടുകാരികള്‍ വരയില്ലാത്ത  
പേജുകളുമായി എന്‍റെ മുമ്പില്‍  ക്യൂ നിന്നു..  
ഒരു കവിള്‍  വീര്‍ത്ത  പെണ്ണുങ്ങളെ  ഒരു മടിയുമില്ലാതെ  
ഞാന്‍  വരച്ചു കൊടുത്തു..!

പക്ഷെ  പെട്ടെന്നൊരു ദിവസം  ഞാന്‍  വര  നിര്‍ത്താന്‍  നിര്‍ബന്ധിതയാവുകയാണുണ്ടായത്.

ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍  അകത്തുനിന്നും  ഒരു കൂട്ടച്ചിരിയുടെ  മേളം. അറിയാനുള്ള ആകാംഷയാല്‍,
മനമില്ലാ മനസ്സോടെ  വായിലെ പുളിങ്കുരു മുറ്റത്ത് തുപ്പിയിട്ടു  
വേഗം അകത്തേക്കോടി.., 
ഇക്കാക്കയും ഉമ്മയും പിന്നെ അമ്മായിന്റെ  മോളും ഒക്കെകൂടി ഒരു ബുക്കില്‍ നോക്കിയാണ് ചിരിക്കുന്നത്.  ഞാനുംഏന്തിവലിഞ്ഞുനോക്കി..ദേഷ്യമോ,സങ്കടമോ,,ഉഴലിച്ചയോ എന്താണ് എനിക്കപ്പോള്‍ തോന്നിയ വികാരമെന്നു അറിയില്ല.  
കവിള്‍  വീര്‍ത്ത പെണ്‍കുട്ടികളെ നോക്കി  അപ്പോഴും 
അവരൊക്കെ ചിരിക്കുകയാണ്.ഇക്കാക്ക  അത് കാണിച്ചു കൊടുക്കുന്നവനായി  ഞെളിഞ്ഞുനിന്നു കൂടെ ചിരിക്കുന്നുണ്ട്.

ഈ സംഭവത്തോടെ  ഞാനാ  പരിപാടി നിര്‍ത്തി.
ചിത്രം വരയ്ക്കുന്ന ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിനു  പകരം അവരൊക്കെ ചെയ്തത് അത് മുളയിലെ നുള്ളിക്കളയുകല്ലേ...

എന്‍റെ ഉള്ളില്‍  അമര്‍ഷം നുരഞ്ഞു പൊങ്ങി....
പതയടങ്ങി  താഴ്ന്നു പോയി..  

പിന്നീട് എല്ലാറ്റിലും ആരും കാണാതെയുള്ള ശ്രമങ്ങള്‍ മാത്രം.  
എട്ടാം ക്ലാസ്സ്‌ എത്തും വരെ ആഗ്രഹങ്ങള്‍ ഓരോന്നും കുഴിച്ചു മൂടിക്കൊണ്ട്, കഴിവുകളൊന്നും ആരും കാണാതെ, ആരാലും അന്ഗീകരിക്കപ്പെടാതെ, മുന്നോട്ടുപോയി. 
കുട്ടികള്‍ക്കിടയില്‍ ചെറിയൊരു ഹീറോ പരിവേഷം ഉണ്ടായിരുന്നെങ്കിലും..സ്വധവേ അന്തര്‍മുഖിയായ ഞാന്‍ 
അധ്യാപകരുടെ  മുന്നിലൊന്നും ശ്രദ്ധിക്കപ്പെട്ടതേയില്ല...!!

ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളുടെ പോക്കെങ്കിലും  
ഞാനും നേടിയെടുത്തു  ഒരു ചാമ്പ്യന്‍ ഷിപ്പ്..! 

അക്കഥ ഞാന്‍ പറയണോ..? 
 

Friday, March 25, 2011

ക്രിക്കെറ്റ് ബാറ്റും കുട്ട്യാളും….!!

Eroothno[21]

ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട് എന്‍റെ കുട്ടികള്‍  എത്ര ഭാഗ്യമുള്ളവരാണെന്നു. സാധാരണ ഇക്കാലത്തെ കുട്ടികള്‍ക്ക് ‌ ലഭിക്കാതെ പോകുന്ന ഒരു കുട്ടിക്കാലമല്ലേ അവര്‍ക്ക് ലഭിച്ചത്..! 

ഞങ്ങളടക്കം എല്ലാവരും തറവാടിന്‍റെ ചുറ്റു പാടുകളില്‍ തന്നെയാണ്. 
വീട് വെച്ചത്..,  ഓരോരുത്തര്‍ക്കും “ഇഷ്ട്ടം പോലെ” കുട്ടികള്‍..
{ ആര്‍ക്കും ആറില്‍ കൂടുതലില്ല കെട്ടോ..??!! }  
അവര്‍ക്ക് കളിക്കാന്‍  വിശാലമായ പറമ്പുകള്‍..!‍
ചുറ്റുവട്ടത്തുള്ള കുട്ടികളെല്ലാം ഇവിടുത്തെ പറമ്പിലാണ് കളിക്കാന്‍വരുന്നത്,


{അതിനൊരു കാരണമുണ്ട്,,രഹസ്യമാണ്,,എന്നാലും നിങ്ങളോടു  മാത്രം പറയാം.ഇപ്പറഞ്ഞ കുട്ടികളുടെ മാതാപിതാക്കള്‍ക്കൊരു ധാരണയുണ്ട്,,ഇവിടുത്തെ  കുട്ടികളുമായി കൂട്ടു  കൂടിയാല്‍ 
ചീത്തയായിപോകില്ലെന്ന്,}


പന്ത് കളിയായിരുന്നു  മുഖ്യ ഇനം..,അപ്പോള്‍ ക്രിക്കെറ്റോ..എന്ന് ഒരു പക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം.  ക്രിക്കറ്റ് കളി ഞങ്ങള്‍ മുതിര്‍ന്നവര്‍ ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ..സമയവും കാലവുമില്ലാത്ത ആ ഭ്രാന്തന്‍ കളി മഗ്രിബ് നമസ്ക്കാരം തെറ്റിക്കുന്നത് കണ്ടപ്പോഴാണ് ഈ ചൂടന്‍ കളിയെ കുറിച്ചു കൂട്ടത്തില്‍ മുതിര്‍ന്നവരോട് പറഞ്ഞു മനസ്സിലാക്കി കൊടുത്തത്‌.  
എന്നാലും പലര്‍ക്കും അതിനോട് തന്നെയായിരുന്നു താല്പര്യം, 

ക്രിക്കെറ്റ് ബാറ്റിനു വേണ്ടി  കരഞ്ഞു ശല്യം ചെയ്യാന്‍ ഏര്‍പ്പാടാക്കി ‌ അനിയന്മാരെ ഇടയ്ക്കിടെ ഞങ്ങളുടെ അടുത്തേക്കവര്‍ പറഞ്ഞയച്ചു കൊണ്ടിരുന്നു.

{ കുറെകാലം ‍ മൊത്തം മാതാക്കളും പിതാക്കളും  ഗള്‍ഫിലായിരുന്നു..    ആദ്യതലമുറ വലുതായപ്പോള്‍ ഞങ്ങള്‍ മാതാക്കള്‍‍ നാട്ടില്‍ കൂടാന്‍ നിര്‍ബന്ധിതരായി..വലിയ കുട്ടികളെ നാട്ടിലിട്ടു ചെറിയ കുട്ടികളുമായി ഗള്‍ഫില്‍ നില്‍ക്കാന്‍ ഞങ്ങള്‍ തയാറായില്ല..എന്നതാണ് വാസ്തവം.,
ഭര്‍ത്താക്കന്‍മാരുടെ പ്രലോഭനത്തിന് വഴങ്ങാതെ 
ഞങ്ങള്‍ അഞ്ചു മരുമക്കളില്‍ നാലുപേരും ഉറച്ചുനിന്നു,.അഞ്ചാമത്തെ ആള്‍ കുട്ടികള്‍ മുതിര്‍ന്നിട്ടില്ലാത്തതിനാല്‍  ഭര്‍ത്താവിനൊപ്പം ഇപ്പോഴും ഗള്‍ഫില്‍ കഴിയുന്നു.  }.


ഒരിക്കലും കുട്ടികളെ ഈ കളിയിലേക്ക് തള്ളി വിടരുത്‌..എന്ന കാര്യത്തില്‍ ഞങ്ങള്‍ മാതാശ്രീകള്‍ ഒറ്റക്കെട്ടായി ഉറച്ചു നിന്നു. അത് കൊണ്ട് തന്നെ ക്രിക്കെറ്റ് ബാറ്റു വാങ്ങിക്കൊടുക്കുന്നപ്രശ്നമേയില്ല,,
എന്ന്‍ തീരുനിക്കുകയും ചെയ്തു.

ഈ തീരുമാനങ്ങള്‍ക്ക് പുല്ലിന്‍റെ വിലയാണ് മക്കള്‍ കല്‍പ്പിച്ചതെന്ന കാര്യം വളരെ വൈകിയാണ് ഞങ്ങള്‍ അറിഞ്ഞത്...!
അപ്പോഴേക്കും ആ തീരുമാനങ്ങളെ കാറ്റില്‍ പറത്താന്‍ പോന്ന ചിലതൊക്കെ അവര്‍ ‍ അണിയറയില്‍ റെഡിയാക്കി വെച്ചിരുന്നു...!!


അങ്ങനെ അവര്‍ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തരായത് മൂക്കില്‍ വെച്ച വിരലുമായി അതിശയത്തോടെ നോക്കിനില്‍ക്കാനേ 
ഞങ്ങള്‍ മാതാശ്രീകള്‍ക്ക് കഴിഞ്ഞുള്ളു‍…!
നല്ല മക്കളല്ലേ…..ഇവരുടെ കൂടെ കൂടിയാല്‍ ഒരു മക്കളും ചീത്തയാവില്ല അല്ലേ…************************************************************************************************
************************************************************************
*********************************************************************
*************************************************
************************************
***************************
***********
*****
***
**
IMG_0580_thumb4

ക്രിക്കെറ്റ് ബാറ്റും കുട്ട്യാളും തറവാടിന്‍റെ ചുമരില്‍.ചാരി…..---2004-ല്‍ എടുത്ത ചിത്രം.


അങ്ങനെ കുട്ടികളില്‍  മൂത്ത തലമുറകളുടെ കളിക്കാലം കഴിഞ്ഞു.Wednesday, March 23, 2011

മിണ്ടാപ്രാണിയുടെ വിലാപം…


image001
Add caption
ദൈവമേ   ആരെയും   കാണുന്നില്ലല്ലോ.. ഒന്ന് സഹായിക്കാന്‍....

image002
എന്താ പറ്റിയെ.... ആരാണിത് ചെയ്തത്.. പറയ്‌..ങ്ഹാ  പറയ്‌…
image003
ദൈവമേ..ആരുമില്ലല്ലോ ഒന്ന് സഹായിക്കാന്‍..ഇവള്‍ മിണ്ടുന്നില്ലല്ലോ..ഒരിറ്റു വെള്ളം കൊടുക്കാന്‍ ഞാനെന്തു ചെയ്യും...എവിടുന്നു കൊടുക്കും..എനിക്ക് വയ്യ,,
image004
കണ്ണ് തുറക്ക്..പ്ലീസ്‌ ,,,എന്തെങ്കിലും എന്നോടൊന്നു പറയ്‌..

image005
അയ്യോ…ഞാനെന്തു ചെയ്യും..എന്നെ വിട്ടേച്ചു പോകല്ലേ..നിനക്കെന്താണ് പറ്റിയെതെന്നു പറഞ്ഞിട്ടെങ്കിലും പോകാമായിരുന്നില്ലേ…
image006
അയ്യോ..എനിക്കാരുമില്ലാതായെ..എന്നെ വിട്ടേച്ചു പോയെ..


ഇതൊക്കെ തന്നെയാവില്ലേ  ഈ പാവം പക്ഷിയും പറയാന്‍ ശ്രമിച്ചത്....!!?

ഇണ നഷ്ടപ്പെട്ടതിന്‍റെ  വേദന  പങ്കുവെക്കാനാരുമില്ലാതെ .....തനിച്ചൊരു  കിളി..!!കുറെ മുമ്പ്‌ മെയിലില്‍ കിട്ടിയതാണ്..,ഒരു പക്ഷെ നിങ്ങളൊക്കെ കണ്ടതുമാകാം.
എന്തായാലും ഇതൊരു കണ്ണ് നിറയ്ക്കും കാഴ്ച തന്നെ..**********************************************************************************


Sunday, March 20, 2011

കുളക്കഥ ഒരു ഫ്ലാഷ്ബാക്ക്………


കുളം ഇന്ന്,   പടവുകളിറങ്ങി  താഴോട്ട് പോയ  കുളം...


സൂര്യന്‍ മെല്ലെ തലപൊക്കി നോക്കിയതേയുള്ളൂ..അപ്പോഴേക്കും ചൂടിങ്ങെത്തിക്കഴിഞ്ഞു.ഇന്ന് ശെനിയാഴ്ച്ച..പരീക്ഷയായതിനാല്‍ ഇന്നും സ്കൂളുണ്ട്.അടുക്കളയിലാണെങ്കില്‍ പിടിപ്പത് പണിയുമുണ്ട്.
എന്നാലും പണിക്കിടയില്‍ പുറം കാഴ്ചകള്‍ കാണുന്നത്എന്‍റെ ഒരു പതിവാണ്.
വര്‍ക്കേരിയയില്‍നിന്നും നോക്കിയാല്‍ തൊടിയും കുളവും കാണാം.
ഇങ്ങനെ നോക്കി കഥകള്‍ മെനയുന്ന കാരണം 
രാവിലത്തെ കാര്യങ്ങള്‍  പലപ്പോഴും   താളം തെറ്റാറുമുണ്ട്.

ഇന്നും അങ്ങനെയൊരു താളം തെറ്റലിന്‍റെ ദിനമായിരുന്നു.
ഇന്നത്തെ പ്രാതല്‍ അല്പം മോഡേണ്‍ ആക്കാം എന്നുകരുതി,,
പേടിക്കേണ്ട മക്രോണയാണ് ഉദേശിച്ചത്‌. മക്രോണ  തിളപ്പിക്കാന്‍  വെച്ചു.
കാപ്സിക്കവും കേരറ്റും ചിരകിക്കൊണ്ട് നില്‍ക്കുമ്പോള്‍
പതിവുപോലെ കണ്ണുകള്‍ തൊടിയിലായിരുന്നു.  തൊട്ടു  മുന്നില്‍ നമ്മുടെ ഓര്‍ക്കാപ്പുളിമരമാണ്.


മാസങ്ങള്‍ക്ക്‌ മുമ്പ്  മരം  കായ്ച്ചു തുടങ്ങിയപ്പോള്‍..,നെച്ചുവും ഓര്‍ക്കാപുളിയും...

ഓര്‍മയില്ലേ…കുറച്ചുനാള്‍ മുമ്പ്‌ കുട്ടികളുടെ പീഡനത്തിനിരയായ……??!  ങാ..അതെന്നെ…!

കരിയില അനങ്ങുന്ന ശബ്ദമല്ലേ  കേള്‍ക്കുന്നത്...നോക്കുമ്പോള്‍ എന്‍റെ കണ്ണു തള്ളിപ്പോയി..മരത്തെ കണ്ടല്ല. കേട്ടോ...രണ്ടു കീരികള്‍..!

പണ്ട് കേമറ എടുക്കാന്‍ ഓടിയപ്പോള്‍, തേടി വന്ന പോസ്റ്റ്നഷ്ട്ടപ്പെട്ട കഥ നിങ്ങളും മറന്നിട്ടുണ്ടാകില്ല. ..അത് കൊണ്ട് കേമറയൊന്നും എടുക്കാനോടിയില്ല,
തൊട്ടടുത്തുള്ള മൊബൈല്‍ മെല്ലെ എടുത്തു.ഗ്രില്ലില്‍ ചേര്‍ത്ത്  വെച്ച്ക്ലിക്കി.
വലിയ ക്ലിയര്‍ ഇല്ലെങ്കിലുംകീരികള്‍ഫോട്ടോയിലായിട്ടുണ്ട്..സമാധാനായി.
                                                                      കണ്ടില്ലേ ഒരാള്‍ എന്നെയാ നോക്കുന്നേ…

പണ്ട്,,കുറെ പണ്ടൊന്നുമല്ല..ഈയടുത്തൊരു പണ്ട്…..കീരികള്‍ എന്നെ ചതിച്ചത് നിങ്ങളും വായിച്ചതാണല്ലോ...പക്ഷെ  അന്ന്      കുളം       കഥ  പറഞ്ഞെന്നെ രക്ഷിച്ചു.കുറെ കാലം കുളമെഴുത്തുകള്‍ക്കുടമയായി
ഞാന്‍  ബൂലോഗം  വാണു...!

പിന്നീട്  ഇത്ര നാളും എന്‍റെ എഴുത്തുകള്‍    ചമ്മന്തിയിലെക്കും  മറ്റു തരികിട പോസ്റ്റുകളിലേക്കും വഴിമാറിയപ്പോള്‍ ഞാന്‍ തലവഴി ഒരു മുണ്ടെടുത്തിട്ടു നടന്നെങ്കിലും നിങ്ങളെന്നെ പ്രോല്‍സാഹിപ്പിച്ചു "കൊന്നു!!"
എന്നിട്ടും ഞാന്‍ നിര്‍ത്തിയില്ല.

മനസ്സില്‍ നിന്നും ചുമ്മാ കഥകളൊന്നും  വരുന്ന ടൈപ്പല്ലാത്തതിനാല്‍  ഏതു നേരവും എന്‍റെ കണ്ണുകള്‍  തൊടിയിലോ മുറ്റത്തോ ഒക്കെ ആകും.. ..!
ഇങ്ങനെ വല്ലതും വീണു കിട്ടിയിട്ട് വേണം ഈയുള്ളവള്‍ക്ക്  വല്ലതുംകുത്തിക്കുറിക്കാന്‍...!!
ഈ വീടും തൊടിയും അങ്ങനെയാണ് എന്‍റെ എഴുത്തിന്‍റെ
ഇരകളായി മാറുന്നത്.
"പാവങ്ങള്‍"  എന്ന് പറയാന്‍ വരട്ടെ..
ഇങ്ങനെ  തൊടിയില്‍ നിന്നും  പറമ്പില്‍ നിന്നുംവീണു കിട്ടുന്നത് എഴുതിയുണ്ടാക്കുന്നതിന്ചില്ലറ അധ്വാനം വല്ലതും മതിയെന്നാണോ നിങ്ങള്‍കരുതിയത്‌??.

നിങ്ങള്‍ക്കറിയോ..എന്‍റെ കുളക്കഥക്ക് വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍!!???
അതിനുവേണ്ടി ഉറക്കമിളച്ച എത്രയെത്ര രാത്രികള്‍..!
ഉറക്കമിളച്ച കാരണം തലവേദന,  പണികള്‍   മുടക്കിയ  എന്‍റെ  അനേകം പകലുകള്‍..!!

ഇല്ല ഒന്നും നിങ്ങള്‍ക്കറിയില്ല..മക്കളുടെ സഹായം തേടാന്‍  പോലും
ഞാന്‍ പോയിട്ടില്ലല്ലോ..അല്ലെങ്കിലും എന്‍റെതോന്നലുകള്‍ക്കുംസമയങ്ങള്‍ക്കുമനസരിച്ച്അവരെ  കിട്ടിയിട്ട് വേണ്ടേ...?

ഏതായാലും കുളക്കരയിലൂടെ ഫോട്ടോ എടുത്ത് നടന്നു അതില്‍ വീണു മയ്യിത്താകാത്തത്‌ എന്‍റെ കുട്ടികളുടെ ഭാഗ്യം.!!കുളം കഥ പറഞ്ഞു   തുടങ്ങിയ നാളുകളില്‍.......


ഓരോ ഖണ്ഡത്തിനും ചേരുന്ന ഫോട്ടോകള്‍ അതാത് സമയത്ത്‌ എടുക്കാന്‍, നീന്തല്‍ വശമില്ലാത്ത ഞാന്‍ എന്തു ധൈര്യത്തിലാണ്
നിറഞ്ഞു നില്‍ക്കുന്ന കുളത്തിന്‍റെ  പടവുകളിലൂടെ  ഒറ്റയ്ക്ക് നടന്നത്...?

കഥ തുടങ്ങുമ്പോള്‍ നിറഞ്ഞു തുളുമ്പി നിന്നിരുന്ന കുളം,
കഥ തീരുമ്പോഴെക്കും വറ്റാന്‍ തുടങ്ങിയിരുന്നു...,അത്രക്കുഷാറിലായിരുന്നു  എഴുത്തിന്‍റെ പോക്ക്!!?
അങ്ങനെ മഴക്കാലത്ത് പറയാന്‍ തുടങ്ങിയ കഥ വേനലിന്‍റെ
ആരംഭത്തില്‍ അവസാനിച്ചു..

കുളത്തിന്‍റെ തുള്ളല്‍  ഫോട്ടോ എടുക്കാന്‍  ഒരുപാടു ബുദ്ധിമുട്ടി
കല്ല്‌ കുളത്തിലേക്കിട്ടതിന്‍റെയും മറ്റും  പ്രയാസങ്ങള്‍!!?  അതു വല്ലതും നിങ്ങളറിഞ്ഞിരുന്നോ..
അത് പോട്ടെ എന്‍റെ മക്കളങ്കിലുമറിഞ്ഞിരുന്നോ..!!?‍.

കുളം  കുലുങ്ങിച്ചിരിക്കുന്നത്  നിങ്ങളെ കാണിക്കാന്‍  കുണ്ടന്‍ വടികൊണ്ട്
അടിച്ചിട്ടുണ്ട് ഞാനാ പാവത്തെ..!ലോകത്ത് വേറെവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ... ?  അടികൊണ്ടാല്‍ കുലുങ്ങി ചിരിക്കുന്നവരെകുറിച്ച്.

ഉണ്ടാകില്ല. എന്നാല്‍ എന്‍റെ കുളം ഏറു കൊണ്ടാല്‍ തുള്ളും..!
അടികൊണ്ടാല്‍ ചിരിച്ചു മറിഞ്ഞു ആടിയുലയും!!
അപ്പൊ പിന്നെ അടിക്കാതെങ്ങിനെ…?!

ഫോട്ടോ  എടുപ്പ്  ‍അങ്ങനെ ഓക്കേയായി..

ഇനി കഥ,,,!! അത് അനുഭവകഥ കൂടിയാകുമ്പോള്‍   അറിയാമല്ലോ..ഒരിക്കലെങ്കിലും അനുഭവകഥ  എഴുതിയവര്‍ക്കേ
അത് മനസ്സിലാകൂ..എന്‍റെ ആദ്യത്തെ അനുഭവമാകയാല്‍
ആറു പെറ്റ ഞാന്‍ മറ്റൊരു കടിഞ്ഞൂല്‍ പേറിന്‍റെ വേദന അനുഭവിച്ചു..
എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല ..

സംഗതി ചില്ലറയല്ല കേട്ടോ..


നാലാം ക്ലാസ്സ്‌ മുതലുള്ള  ഓര്‍മ്മകള്‍...അവിടുന്നാണല്ലോ തുടക്കം.പക്ഷെ ഇന്നലെത്തെ കാര്യം പോലും ആലോചിച്ചിരിക്കാന്‍ സമയം കിട്ടാത്ത എനിക്ക്
അത് വളരെ വലിയൊരു ത്യാഗം തന്നെയായിരുന്നു.

രാത്രി കിടന്നിട്ടാലോചിക്കാംഎന്നു വെച്ചാല്‍ അതെങ്ങിനെ,, രാവിലത്തെ ചായക്ക് കടിയെന്ത്..കുട്ടികള്‍ക്ക് സ്കൂളിലേക്ക്കൊടുത്തുവിടാന്‍ കൂട്ടാനെന്ത്‌ എന്നൊക്കെയുള്ള  ടൈംടേബിള്‍ അന്നെരമല്ലേ മനസ്സില്‍ കുറിച്ചിടുന്നത്..

പകല്‍ പിടിപ്പതു തിരക്കുകളും. പറയാനുണ്ടോ പുകില്..

അങ്ങനെ .ഒഴിവില്ലാത്ത നേരങ്ങളിലാണ്   മനസ്സില്‍ ഭാവനകള്‍  തെരോട്ടത്തിനിറങ്ങുന്നത്..
ജീവിതത്തില്‍ ഇന്നേവരെ  കേട്ടിട്ടില്ലാത്ത മുന്തിയ ഇനം സാഹിത്യവാക്കുകളൊക്കെ ഉള്ളില്‍ കിടന്നങ്ങനെ തുള്ളും!!

മീനില്‍ മുളക് തേക്കുന്ന ഞാന്‍ മനസ്സിലെ  ഈ തുള്ളല്‍ക്കാരെ
തല്‍ക്കാലം ഉറക്കിക്കിടത്തുകയല്ലാതെ എന്ത് ചെയ്യും..!!?

ഒഴിവൊക്കെ  കിട്ടി,  ഒരുങ്ങിത്താങ്ങി ലാപ്പിന്‍റെ
മുന്നിലിരുന്ന് ന്യൂ പോസ്റ്റ്‌ ക്ലിക്കി  ഉറക്കിക്കിടത്തിയ
തുള്ളല്‍ക്കാരെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴല്ലേ  അറിയുക...

ക,,മ ..ന്നൊരക്ഷരം പോലും ബാക്കി വെക്കാതെ  അവരൊക്കെ
തങ്ങളുടെ പാട്ടിനു പോയിരിക്കും...!!

അങ്ങനെയാണ് രാത്രി പതിനൊന്നു മണി മുതല്‍ ഒരു മണി വരെയുള്ള സമയം ടയ്പ്പിങ്ങിനായി മാറ്റി വെക്കാന്‍  ഞാന്‍ തീരുമാനിക്കുന്നത്.. 
പാതിരയായാല്‍ തലയില്‍ ചിലതൊക്കെ  ഉരുത്തിരിയുന്ന സ്വഭാവമുള്ളതിനാല്‍  വരുന്നതിനെയൊക്കെ  ഒന്നു പോലും വിടാതെ ടൈപ്പിക്കൂട്ടി വെക്കും.


എട്ടു  വയസ്സില്‍  കൂട്ടുകാരിയുടെ കയ്യിലെ ഫോട്ടോയിലൂടെ കണ്ട..
അവളുടെ അമ്മാവന്‍റെവീട്ടിലെകുളം!!   അവളിലൂടെ   
കേട്ടറിഞ്ഞവിശേഷങ്ങള്‍…,!!!  

കാലങ്ങള്‍ക്കപ്പുറം   കുളത്തിന്‍റെ  
തൊട്ടയല്‍പ്പക്കത്തുനിന്നും വന്ന വിവാഹാലോചന, 

കല്യാണം കഴിഞ്ഞശേഷം പതിനാലു വയസ്സിന്‍റെ കുട്ടിത്തവുമായി
ഫോട്ടോയിലൂടെ കണ്ടും പറഞ്ഞും അറിഞ്ഞ അയല്‍പ്പക്കത്തെ 
കുളം കൌതുകത്തോടെ നോക്കിനിന്നത്..! 

വര്‍ഷങ്ങളുടെ ഇടവേളകളൊന്നില്‍ കുളവും പറമ്പും   സ്വന്തമാകുന്ന യാദൃശ്ചികതയുടെ കൈകള്‍..!  ദൈവ ഹിതങ്ങള്‍  വരുന്ന വഴികള്‍  
പലപ്പോഴും നമ്മെയിങ്ങനെ  അമ്പരപ്പിക്കുന്നു.. 
പിന്നീടവിടുന്നങ്ങോട്ടുള്ളജീവിതയാത്രയില്‍    കുളവും
ഞങ്ങളോടൊപ്പം  തന്നെയുണ്ടായിരുന്നു…

ഒക്കെ  ഓര്‍ത്തോര്‍ത്ത് ,,,ഓര്‍മ്മക്കുറവില്ലായ്മക്കുറവിനെ   തോല്‍പ്പിച്ച്  തോല്‍പിച്ചങ്ങനെ  എല്ലാം ഒരുവിധം  മനസ്സിലിട്ടു  പാകപ്പെടുത്തി..

പിന്നെ  നേരിട്ട്  കമ്പ്യൂട്ടറിലേക്ക് ,,പിറ്റേന്ന് വായിക്കും,,പ്രിവ്യൂ നോക്കും.വീണ്ടും വായിക്കും.അങ്ങനെ ഒരാഴ്ച വായനയും എഡിറ്റിങ്ങുമായി,,പബ്ലിഷ് ചെയ്യാനറച്ചറച്ചങ്ങനെ..പിന്നെ രണ്ടും 
കല്‍പ്പിച്ച്‌ ഒരു ക്ലിക്ക്‌.
അങ്ങനെ  ബൂലോഗത്ത്‌ എനിക്കും ഒരു മേല്‍വിലാസമൊക്കെ ഉണ്ടായി.
ഇനിയും  ഒരുപാട് കാലം  ഇവിടെത്തന്നെയുണ്ടാകണമെന്നാണ്  ആഗ്രഹവും...

സുഹൃത്തുക്കളേ..നിങ്ങളാണെന്നെ ഈ കാണുന്ന ഞാനാക്കിമാറ്റിയത്‌ .
നിങ്ങളുടെ കമന്‍റുകള്‍ എനിക്ക് മുന്നോട്ടുള്ള യാത്രക്ക് പ്രേരകമായി.
നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ എനിക്ക് മുതല്‍ക്കൂട്ടായി..
നന്ദി,,എല്ലാവര്‍ക്കും  എന്‍റെ  ഹൃദയം  നിറഞ്ഞ  നന്ദി...


*************************************************************************
നെച്ചുക്കുട്ടനെയും  ഒന്നു  നോക്കണേ....അവനും വരച്ചിട്ടുണ്ട്  ചിലതൊക്കെ..
Tuesday, March 8, 2011

വീട്ടു മുറ്റത്തെത്തിയ കുട്ടിപ്പട്ടാളം.....
 ഞങ്ങളീ  ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെ ആയി.. ഞങ്ങളെന്നു പറഞ്ഞാല്‍  വീട്ടില്‍ സഹായിക്കാന്‍ വരുന്ന പെണ്‍കുട്ടിയും,പിന്നെ ഞാനും.
കാത്തിരിക്കാതെ പറ്റില്ലല്ലോ..,ഇന്നലെ അവര്‍ക്ക് വാക്ക് കൊടുത്തതാണ്...

കുട്ടികളൊക്കെ  സ്കൂളില്‍ പോയകാരണം അവര്‍ക്കീ കാഴ്ച്ച നഷ്ട്ടമാകുമല്ലോ എന്ന ചിന്ത ഇടയ്ക്കിടെ  എന്നെ  അലോസരപ്പെടുത്തികൊണ്ടിരുന്നു.

രാത്രിയില്‍  വന്ന ഒരു ഫോണ്‍ കോളാണ് ഈ കാത്തിരിപ്പിനു  ഹേതുവായി മാറിയത്‌.

മഴ വിട പറഞ്ഞിട്ട് അധികം നാളുകളൊന്നും  ആയിട്ടില്ലായിരുന്നു,,അന്നൊരു രാത്രിയിലാണ് ആ  ഫോണ്‍ കാള്‍ വന്നത്.….,കുറച്ചു ദൂരെയുള്ള ഒരു സ്കൂളിലെ മാഷാണ്..വിളിച്ചത്‌.
ഞങ്ങളുടെ ഒരു ടൂര്‍ നിങ്ങളുടെ വീടിനു മുമ്പിലൂടെ കടന്നു പോകുന്നുണ്ട്.കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍  വീട്ടുമുറ്റത്തൊന്നു  സൌകര്യം ചെയ്തു തരുമോ..എന്നും  ചോദിച്ച്.

കുട്ടികള്‍ക്കിരുന്നൊന്നു ഭക്ഷണം കഴിക്കണം,പിന്നെ മൂത്രമൊഴിക്കാനും നമസ്ക്കരിക്കനുമുള്ള സൌകര്യവും അത്രയേ വേണ്ടൂ..അദ്ദേഹം പറഞ്ഞു.

(ഞങ്ങളെ പരിചയമുള്ള ഒരാള്‍ നമ്പര് കൊടുത്തിട്ട് വിളിച്ചതാണ്..)

പ്രത്യേകിച്ച് അസൌകര്യമൊന്നുമില്ലാത്തതിനാല്‍,
ആയിക്കോട്ടെ,  അതിനെന്താ..എന്ന് ഞാനും പറഞ്ഞു.

പന്ത്രണ്ട്മണി തൊട്ടുള്ള  ഇരിപ്പാണ്..വരുന്ന മട്ടൊന്നും കാണുന്നില്ല.

ഒരു ഒന്നര  ആയിക്കാണും..അപ്പോഴാതാ..

തേനീച്ച ക്കൂട്ടമിളകിയ മട്ടിലൊരു ഇരമ്പല്‍ !!?
താമസിയാതെ  രണ്ടു ബസ്സുകള്‍  ഗേറ്റിനരികില്‍ ശബ്ദത്തോടെ ബ്രേക്കിട്ടു.
ഒരാളിറങ്ങി  ഗേറ്റ് തുറന്നു.

(ബസ്സ്‌ മുറ്റത്തേക്കിറക്കുമെന്നു തീരെ കരുതാത്തതിനാല്‍
ഗേറ്റ് തുറന്നു വച്ചിരുന്നില്ല. ആദ്യമായി ഒരു ബസ്സ്‌ മുറ്റത്ത്
വന്നു നിന്നപ്പോള്‍ ഞാനാകെ അങ്കലാപ്പിലായി)

ഡോര്‍  തുറന്നതും കുട്ടികള്‍ പുറത്തേക്ക് ഒഴുകി മുറ്റത്ത് ചിതറിപ്പരന്നു.
ടീച്ചര്‍മാര്‍ പരക്കം പാഞ്ഞ് ഒക്കെറ്റിനെയും ഒരുവിധം ഒതുക്കി നിര്‍ത്തി ശാസിച്ചു..ശാസിച്ച ഭാവം  മുഴുവന്‍ മാറാതെ എന്നെ നോക്കി ചിരിക്കുന്നുമുണ്ട്.

മുറ്റത്ത്  നല്ല  വെയിലുണ്ട്..നിലാവത്തിറങ്ങിയ
കോഴിക്കുഞ്ഞിനെപോലെ അന്തം വിട്ടു നില്‍ക്കുന്ന
എനിക്ക് പോയ അന്തം തിരിച്ചു കിട്ടാന്‍ കുറച്ചു വയ്കിയെങ്കിലും,
വീണ്ടും വൈകിക്കാതെ   എല്ലാവരെയും വര്‍ക്കേരിയയിലേക്ക് ആനയിച്ചു.

അകത്തു  കേറിയ കുട്ടികള്‍ വീണ്ടും "കുട്ടികളായി..!!!"

ഒരു വികൃതി   ഓടി ച്ചെന്ന് വാഷിംഗ് മെഷീനിന്‍റെ  സ്വിച്ചില്‍
ഒറ്റ നെക്ക്.വെള്ളമില്ലാതെ അത് ഉച്ചത്തില്‍ തിരിയാന്‍
തുടങ്ങിയപ്പോള്‍ അവന്‍ അണ്ടി കളഞ്ഞ അണ്ണാനെപോലെയായി.

വിരലുകള്‍ വായില്‍ തിരുകി കുപ്പായത്തില്‍
തെരുപ്പിടിച്ചു എല്ലാവരെയുംനോക്കി.

ഞാന്‍ ചെന്ന് സ്വിച്ച് ഓഫ്‌ ചെയ്തു. ടീച്ചര്‍  ഓടിവന്ന് രഹസ്യമായി
കൊച്ചു വികൃതിയെ നുള്ളി..!

നുള്ളിയിട്ടേയില്ല എന്നമട്ടില്‍ എന്നെ നോക്കി ചിരിക്കുകയും ചെയ്തു.

പിന്നീട്  ഭക്ഷണം   കഴിക്കാനുള്ള  ഒരുക്കങ്ങളായിരുന്നു.

ഒരു തലക്കല്‍ നിന്നും പേപ്പര്‍ വിരിക്കാന്‍ തുടങ്ങി.ചില വികൃതികള്‍  വിരിക്കും മുമ്പ്‌ ചാടിയിരുന്നു പേപ്പര്‍ മുക്കാലും കീറി.

അവനവന്‍റെ  ലഞ്ച് ബാഗുകള്‍ തുറന്നു പാത്രവും
വെള്ളക്കുപ്പിയും പുറത്തെടുത്തു കുട്ടികള്‍  തിന്നാനുള്ള  വട്ടം കൂട്ടി.

ചില കുഞ്ഞു മിടുക്കന്‍മാര്‍പാത്രം പണിപ്പെട്ട്   തുറന്ന്
വിജയ ഭാവത്തില്‍ എല്ലാരെയും നോക്കുന്നു.

മറ്റു  ചിലര്‍ ആയയുടെ സഹായം തേടുന്നു.

പാതി  പേപ്പറിലേക്കും ബാക്കിപ്പാതി വായിലേക്കും എന്ന തത്ത്വം മുറുകെ പിടിച്ച ചില വിരുതന്മാര്‍ പെട്ടെന്നെഴുന്നേറ്റു കൈകഴുകാനോടി.
അവശേഷിച്ചവര്‍   മുന്നില്‍ വെച്ച ചോറ്റുപാത്രവുമായി,
തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന മട്ടില്‍ തല ചൊറിഞ്ഞിരിപ്പാണ്.
അവരെ നോക്കി ടീചേര്‍സ്  പെട്ടെന്ന്  കഴിക്കെന്നൊക്കെ   വിളിച്ചു പറയുന്നുണ്ട്.

അതുകേട്ട്  കുട്ടികള്‍ അട്ടത്തേക്ക് നോക്കി കൊട്ട് വാ ഇട്ടു!!!

കൂട്ടത്തില്‍  ഒരു കൊച്ചു  മിടുക്കി  പാത്രത്തില്‍ നോക്കി കരയുന്നു,,,""എന്‍റെ ഉരുള പൊട്ടീ...ങ്ഹീ....,അമ്മ ഉരുട്ടി ത്തന്ന  ഉരുള  പൊട്ടീ....ങ്ഹീ...ഹീ..ഹീ..."""

എല്ലാവരെയും  ഒരു വിധം എഴുന്നേല്‍പ്പിച്ചു. ആയയും ഇവിടുത്തെ പെണ്‍കുട്ടിയും കൂടി എല്ലാം അടിച്ചു വാരിത്തൂത്ത് വൃത്തിയാക്കി.

ഒരുകൂട്ടര്‍  നിസ്കരിക്കാനുള്ള തെയ്യാരെടുപ്പ് തുടങ്ങി.
മറ്റൊരു കൂട്ടര്‍ കുശലങ്ങളില്‍ മുഴുകി.

ചില കുഞ്ഞന്മാര്‍  ,"ഒന്ന്"  "രണ്ട്" എന്നീ കലാപരിപാടികളിലൂടെ
ആയയെ  കൊണ്ട് ക്ഷ  വരപ്പിച്ചു.!!!?

ഇതിനിടയില്‍  നേരത്തെ തിന്നെണീറ്റ  വിരുതന്മാരെ  കാണാതെ,,
തിരയുന്ന ഒച്ചയും ബഹളവും പുറത്തു നിന്നും കേള്‍ക്കുന്നു.
പെട്ടെന്നാണ് എന്‍റെ തലക്കകത്തൊരു  കൊള്ളിയാന്‍ മിന്നിയത്..,

ഞാനുറക്കെ  വിളിച്ചു പറഞ്ഞു..കുളം..കുളം...!!

കൂട്ടത്തില്‍ ഇളയവളായ ചുരിദാര്‍ ടീച്ചര്‍ പെട്ടെന്ന് കാര്യം ഗ്രഹിച്ച്
ഞാന്‍ ചൂണ്ടിയഭാഗത്തേക്ക് ബാണം വിട്ട മട്ടില്‍ ഓടി.

കുട്ടികളെ  ഓടിച്ചിട്ടു വിടുന്ന ശബ്ദം  കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.

നമസ്ക്കരിക്കുന്ന കുട്ടികളില്‍  ചിലര്‍ ബഹളം കേട്ടു തല തിരിച്ചു നോക്കി.
ഏതായാലും പടച്ചവന്‍ കാത്തു.    കുളം നിറഞ്ഞു നില്‍ക്കുന്ന സമയമാണ്.
അത് നേരത്തെ ഓര്‍മപ്പെടുത്താന്‍    ഓര്‍മയാകാത്ത, എന്‍റെ ഓര്‍മ്മക്കുറവില്ലായ്മക്കുറവിനെ  ഞാന്‍ മനസ്സാ  പഴിച്ചു.,

എന്നാലും  അവരെവിടെ???  ഓടിയ  ടീച്ചറെയും കാണാനില്ല ! പിടിച്ച കുട്ടികളെയും കാണുന്നില്ല...!!

ഒന്ന് നോക്കിയേക്കാം  എന്ന് കരുതി  ഞാന്‍ മെല്ലെ  കുളക്കരയിലേക്കുള്ള  വഴിയിലേക്കിറങ്ങി...വഴിയുടെ ഇടതു വശത്തുനിന്നും  ഒരു കലപില ശബ്ദം!!!

ദേ  നില്‍ക്കുന്നു..നിക്കറൂരിയ കണക്കെ  ഓര്‍ക്കാപ്പുളി മരം!

അതെ  അതു  തന്നെ മുന്‍പ് നിങ്ങളുടെയൊക്കെ വായില്‍
കപ്പലോടിച്ച്  തളര്‍ന്ന നമ്മുടെ പഴയ
"ബുളുംബി".  !!  {നമ്മുടെ മെയ്‌ ഫ്ലവര്‍  പറയുന്ന പേര്.}

ഓര്‍ക്കാപ്പുളിയുടെ  പഴയ രൂപം എന്‍റെ മനസ്സിലൂടെ കടന്നു പോയി.


പീഡനമേറ്റ  ഓര്‍ക്കാപ്പുളി മരത്തിനു ചുവട്ടില്‍,  ഗര്‍ഭം ധരിച്ച
ഒരുപാട്   ലഞ്ച് ബാഗുകള്‍...!!

മുകളിലുള്ളതു കൂടി എങ്ങനെ പറിക്കാംഎന്നാലോചിച്ചു  വായും പൊളിച്ചു മേലോട്ടും നോക്കി നില്‍ക്കുന്നു  ,,കാണാതായ  വിരുതന്മാര്‍.

എന്നാലും  ഈ ചുരിദാര്‍ ടീച്ചറിതെവിടെപ്പോയി!!?

കുളത്തില്‍  ചെന്ന് നോക്കിയപ്പോഴല്ലേ ,,കണ്ടത്‌...കാലും വെള്ളത്തിലിട്ട്   കുളപ്പടവില്‍  പരിസരം മറന്നിരിക്കുന്ന  ടീച്ചെര്‍!
ഞാന്‍ മെല്ലെ ചെവിയോര്‍ത്തുനോക്കി. ഇനിയിപ്പോ കുളം പുതിയ കഥ വല്ലതും പറഞ്ഞു തുടങ്ങിയോ...?
കാല്‍ പെരുമാറ്റം കേട്ടു   തിരിഞ്ഞു നോക്കിയ ടീച്ചെര്‍,എന്നെ നോക്കി  സൈക്കിളില്‍ നിന്നും വീണ ഒരു  ചിരി പാസ്സാക്കി..!
പകരം ഞാനങ്ങോട്ടു  ഒരു സാദാ ചിരിയും,,,!!
ടീച്ചര്‍ എഴുന്നേറ്റു എന്‍റെ പിറകെ പോന്നു.

അപ്പോഴെക്കും മാഷന്‍മാര്‍ കുട്ടികളെ എണ്ണമെടുത്ത്  ബസ്സില്‍ കേറ്റിത്തുടങ്ങിയിരുന്നു.

യാത്ര പറഞ്ഞ്  ടീച്ചര്‍ മാരും കേറി.ബസ്സ്‌ മെല്ലെ നീങ്ങി...
നീങ്ങുന്ന  ബസ്സില്‍ നിന്നും ഒരു ബഹളം..!കുട്ടികളെ ഭീഷണി പ്പെടുത്തി ടീച്ചര്‍മാര്‍  ഓര്‍ക്കാപ്പുളി വാങ്ങുന്ന തിരക്കായിരുന്നു....!!ഗേറ്റ് കടന്നു  ബസ്സും ആരവങ്ങളും  അപ്രത്യക്ഷമായി ..!!ഒരു മഴ പെയ്തു ചോര്‍ന്ന പ്രതീതി..
സ്വപ്നമോ  യാഥാര്‍ത്ഥ്യമോ  എന്നു നിര്‍വചിക്കാന്‍ കഴിയാത്ത   ഒരവസ്ഥയില്‍  ഞാന്‍ മുറ്റത്ത് നിന്നു..പിന്നെ  മെല്ലെ  അകത്തേക്ക് നടന്നു.

എല്ലാം  നഷ്ട്ടപെട്ട  ഓര്‍ക്കാപ്പുളി !!


{കുട്ടിപ്പട കണ്ട് അന്തം വിട്ടതിനാല്‍ കുട്ടികള്‍ ഇറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല.}

(മേപ്പാടം ബസ്സിന്‍റെ  ഫോട്ടോ എടുക്കാന്‍   കേമറയും കൊണ്ട് നില്‍ക്കാന്‍ ഞാനാര് അകമ്പാടമോ...!!!!!.)‍


DSC03122

പെട്ടെന്ന് കഴിക്ക്,,സമയം വയ്കിക്കല്ലേ……!!വര്‍ക്കെരിയ കുട്ടിക്കൂട്ടങ്ങള്‍ക്ക് ഭക്ഷണ വേദിയായപ്പോള്‍.സ്വന്തം കുഞ്ഞിന്‍റെ കാര്യത്തില്‍ ഉത്തരവാദിത്വ  ബോധമുള്ള ടീച്ചറമ്മയെ കണ്ടില്ലേ..


DSC03125

                           മേലോട്ട് നോക്കിയിരിക്കാതെ കഴിക്ക് മക്കളേ..


DSC03124

                  ടീച്ചറേ ഈ കുട്ടി എന്‍റെ വെള്ളക്കുപ്പി എടുത്തു….ങ്ഹീ…..


DSC03135
              
                     എന്താ നോക്കിയിരിക്കുന്നെ..പെട്ടെന്ന്,,പെട്ടെന്ന്…

DSC03139

         അടുക്കളപ്പുറത്തെ പൈപ്പിനരികില്‍ കൈകഴുകലിന്‍റെ മേളം.

DSC03138

                          ചോറ് തിന്നാതെ രക്ഷപ്പെട്ടത് ആരും കണ്ടില്ല.ഭാഗ്യം.

DSC03136
പിറകു വശത്തൊരു  ഗൂഡാലോചന!!
DSC03144
                                                    ളുഹര്‍ നമസ്ക്കാരം
DSC03146


DSC03147
ഉള്ള തണലില്‍  അല്‍പ്പനേരം...


DSC03151
പുല്ലു  നിറഞ്ഞ  മുറ്റത്ത്‌..........
DSC03150
ഓരോരുത്തര്‍  കേറ്..
DSC03154
വേഗം  കേറെഡോ,,,
DSC03162
അവസാനം  ടീച്ചറും...
DSC03164
ട്ടി ണ്ടിം ....പോട്ടെ  റൈറ്റ്....,മതിലു  തട്ടല്ലേ....
DSC03165
ഗേറ്റും കടന്ന്....
DSC03166
ആരവങ്ങള്‍    അകലങ്ങളിലേക്ക്......................


പഴയ  മുറ്റം...!!!  ഒരോര്‍മ്മ...!      {നെച്ചു}ചെടികള്‍  നഷ്ട്ടപ്പെട്ട്  കാട് പിടിച്ച  മുറ്റം.ചെടികള്‍ക്കായി   വീണ്ടും  ഒരു  ശ്രമം....

Wednesday, March 2, 2011

എന്നെ നോക്കി ഇങ്ങനെ വെള്ളമിറക്കല്ലേ......!!!????

ഇവര്‍ക്കൊക്കെ  ഇതെന്തുപറ്റി!!?
ഇങ്ങനെ  തുറിച്ചു നോക്കാന്‍മാത്രം  എന്നിലെന്താ  ഉള്ളത്??
എനിക്ക്  മനസ്സിലാകുന്നേയില്ലല്ലോ...
എന്‍റെ  കൂട്ടത്തിലുള്ളവരുടെ  രൂപഭംഗി  പോലും  എനിക്ക് കിട്ടിയിട്ടില്ല..,
എന്നിട്ടും  ഇവരെന്തിനാ എന്നെ  നോക്കി  വെള്ളമിറക്കുന്നത്..!!?
കൂട്ടത്തില്‍  വലിയവരെയെല്ലാം  മുമ്പേ തന്നെ
എല്ലാവരും  കൊണ്ടുപോയി,,
എനിക്കിന്നാണ്  ഈ വീട്ടിലെത്താനുള്ള  ഭാഗ്യമുണ്ടായത്..
എന്നെ കൊണ്ട്  വന്നപ്പോ  തുടങ്ങിയതാ  ഈ തുറിച്ചു നോട്ടം..

കുട്ടികള്‍  തൊട്ടു നോക്കുന്നും  ഉണ്ട്..ഇവറ്റകള്‍ക്കൊക്കെ
വേറെ പണിയില്ലേ..
എല്ലാവരെയും  ഒരുപോലെ സൃഷ്ടിക്കുമെന്നു  ദൈവം
ഇവര്‍ക്ക്  വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ..

അയ്യോ.. നേരത്തെ  തൊട്ടു നോക്കിയ  കുട്ടികളല്ലേ  അത് ..,
ഒരാളുടെ  കയ്യില്‍  കത്തിയുണ്ടല്ലോ..മറ്റവളുടെ കയ്യില്‍  മുളകുപൊടിയും  ഉപ്പും..
ഇവരിതെന്തിനുള്ള  പുറപ്പാടാ...!!!?


*******************************************************************************          *******************************************************************


                     ******************************************************


                                      ************************************


                                                      *******************
                                                    
                                                                ***********

                                                                  *********
                                      
                                                                     ******

                                                                       ***

                                                                         *  
                                                                         
                                                                         * 

ഞാനൊരു  കുമ്പളം...പാവം  വികലാംഗന്‍!!


വെറുമൊരു  വികലാംഗന്‍  കുമ്പളങ്ങയായ  എന്നെ ഇവരെന്താ  ഉപ്പും മുളകും കൂട്ടി തിന്നാന്‍ പോകുകയാണോ...!!!അയ്യോ............


ഇവിടെ നെച്ചൂന്‍റെ  വരയുമുണ്ട് കേട്ടോ..