
മേശവലിപ്പിനുള്ളില്‍ വിശ്രമിക്കുന്ന എന്റെ അത്യാഗ്രഹങ്ങളുടെ ശേഷിപ്പുകള്‍.
അന്നൊക്കെ,,എന്നുപറഞ്ഞാല്‍ ..ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍,
എന്റെ മുന്നില്‍ എല്ലാം അറിയുന്ന ഒരാള്‍ ഇക്കാക്ക മാത്രമായിരുന്നു.ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇക്കാക്കാനെ അനുകരിക്കലായിരുന്നു പ്രധാന ഹോബി എന്ന് തന്നെ പറയാം.
ഇക്കാക്ക നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടി ആയിരുന്നു.
അപ്പോള്‍ എനിക്കും അതാകാതെ പറ്റില്ലല്ലോ..
ഇക്കാക്ക വരക്കുന്നത് തന്നെ ഞാനും വരഞ്ഞു.
ഇക്കാക്ക എഴുതുന്ന രൂപത്തില്‍ തന്നെ ഞാനും എഴുതാന്‍ ശ്രമിച്ചു.
അങ്ങനെയാണ് എനിക്ക് ചിത്രം വരയ്ക്കണമെന്ന
കലശലായ മോഹം ഉടലെടുക്കുന്നത്.ബുക്കായ ബുക്കൊക്കെ ചിത്രംവരകള്‍ക്ക് ഇരയായി...
കൂട്ടുകാരികള്‍ എന്നെക്കാള്‍ മണ്ടികളായതിനാല്‍ അവരുടെ നോട്ടുബുക്കുകളും എന്റെ അക്ക്രമത്തിന്നിരയായി.
അങ്ങനെചിത്രകലക്ക്തന്നെഅഭിമാനമായി....സോറി..അപമാനമായി ഞാനങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്...,
കുളിമുറിയുടെ ,കുമ്മായം പൂശിയ ചുമര് ശ്രദ്ധയില്‍ പെടുന്നത്. ചുമരില്‍ വലിയൊരു ചിത്രം വരക്കാന്‍ വല്ലാത്തൊരു മോഹം!
രവി വര്‍മ്മയെ മനസ്സില്‍ ധ്യാനിച്ച് വെണ്ണീറു കുഴിയില്‍ നിന്നും ഒരു മുട്ടന്‍ കരിക്കട്ട മാന്തിയെടുത്തു.
അടുക്കളഭാഗത്തെ കുളിമുറിയുടെ ചുമര് തലേന്നായിരുന്നു
നീലം കൂട്ടി വെള്ള വലിച്ചത്. ...
ഉച്ചയൂണിനു ശേഷമുള്ള നിശബ്ദതയില്‍ ആട്ടിന്‍കൂടിനടുത്തുകൂടെ ഞാന്‍ മെല്ലെ കുളിമുറിക്ക് പിറകിലെത്തി.ആടുകള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ കാണില്ലഎന്നുറപ്പ്.
ഇന്തോനെഷ്യക്കാരനെപോലെ കൂസന്‍താടിവെച്ച കൊറ്റനാട് മാത്രം എന്നെയൊന്നു തുറിച്ചു നോക്കി.
ഒരു വെട്ടു കല്ലില്‍ കേറി നിന്നു കരിക്കട്ട കയ്യിലെടുത്തതെ ഓര്മയുള്ളൂ. ഒറ്റ വീര്‍പ്പില്‍ എനിക്കെത്താവുന്ന അത്രയും വലിപ്പത്തില്‍ ഒരു പെണ്ണിനെയങ്ങു വരച്ചു.
കുറച്ചു വര്‍ഷം മുമ്പ് നടത്തിയ ഒരു ശ്രമം..!നോക്കി വര. {ഇപ്പോള്‍ കവിളിനു കുഴപ്പമൊന്നുമില്ല കെട്ടോ.}
ദൂരേക്ക് മാറിനിന്നൊന്നു വീക്ഷിച്ചു. എന്തോ ഒരു കുഴപ്പം .
ഒരു ഭാഗത്തെ കവിള് വീര്‍ത്തിരിക്കുന്നു.
മുമ്പ് എനിക്ക് പല്ല് വേദന വന്നപ്പോള്‍ ആയതുപോലെ.
പക്ഷെ ചിത്രത്തിനും പല്ല് വേദന വരുമോ..?! ഓ..എന്തെങ്കിലും ആകട്ടെ.. വേറെ കുഴപ്പമൊന്നും ഇല്ലല്ലോ അത് മതി.
{പിന്നീട് ഞാന്‍ വരച്ച പെണ്ണുങ്ങള്‍ക്കൊക്കെ ഈ പല്ല് വേദന കവിളുകള്‍ തന്നെയായിരുന്നു.}
ആരും കാണാതെ ചിത്രം ഇക്കാക്കാനെ കാണിക്കണം. ഒരു വഴിയും കാണാതെ ഞാന്‍ മുറ്റത്ത്കൂടെ തലങ്ങും വിലങ്ങും നടന്നു.
"ഖോജ രാജാവായ തമ്പുരാനേ....കുമ്മായം വലിച്ചു കജ്ജ്ട്ക്കിണീനും മുന്നേ ഏതു ബലാലാണ് ഈ ചോരുമ്മേ ഇക്കോലം കാട്ടീക്ക്ണ്."എബട്യാണ് ആ പെമ്പറന്നോള്.. ,,ഓളെ ചന്തി ഞാനിന്ന് തച്ച് പൊളിച്ചും..."
വല്ലിമ്മ ആടിന് പ്ലാവിലയുമായി വന്നപ്പോള്‍ ആ കൊറ്റനാട്
കാണിച്ചു കൊടുത്തതാകും. വടിയുമായുള്ള വരവ് എന്റെ നേരെത്തന്നെ എന്നുറപ്പായപ്പോള്‍ വേഗം അവിടുന്ന് സ്ഥലം കാലിയാക്കി. വൈകുന്നേരം വരെ അയല്പക്കത്ത് പറ്റിക്കൂടി .
മഗ്രിബ് നമസ്ക്കാരത്തിന് വല്ലിമ്മ തക്ബീര്‍ കെട്ടുന്ന
നേരം നോക്കി മെല്ലെ വീട്ടില്‍ കേറിക്കൂടി.
ഈ വരയോട് കൂടി ഞാനൊരു ചിത്രകാരിയാണെന്ന തോന്നല്‍ എന്നില്‍ വളര്‍ന്നു വരാന്‍ തുടങ്ങി..
അയല്പക്കത്തുനിന്നും ഉമ്മാക്കാണെന്നു പറഞ്ഞു വാങ്ങിക്കൊണ്ട് വരുന്ന മംഗളത്തിലെ വടിവൊത്ത പെണ്ണുങ്ങളെയൊക്കെ നോക്കി വരച്ചു.ഒരു കവിള് വീര്‍ത്ത സുന്ദരികളെക്കൊണ്ട് എന്റെ നോട്ട്ബുക്കുകള്‍ നിറഞ്ഞു!!
അമ്പിളി അമ്മാവനിലെ വിക്രമാദിത്യനെയും വേതാളത്തെയും
വരച്ചു ഞാന്‍ ഞെളിഞ്ഞു നിന്ന് സ്വയം അഭിമാനിച്ചു,
അതും പോരാഞ്ഞ് ഇക്കാക്കാന്റെ ടെക്സ്റ്റ്ബുക്കിലെ അക്ബര്‍, ഹുമയൂണ്‍ ഷേര്‍ഷാമാരെയും ഞാന്‍ വെറുതെ വിട്ടില്ല.
ഭംഗിയുള്ള തലപ്പാവുകളും കൊമ്പന് മീശകളുമായി
അവരെന്റെ ചിത്ര ബുക്കിന്റെ മാറ്റ് കൂട്ടി.
എന്തിനധികം?? ഇങ്ങനെ ചിത്രം വരയില്‍
ഞാന്‍ എന്നെത്തന്നെ മറന്നു.
ക്ലാസിലിരുന്നു, വരച്ച ചിത്രങ്ങള്‍ കുട്ടികള്‍ കാണ്‍കെ നിവര്‍ത്തിപ്പിടിച്ച് ഒന്നുമറിയാത്ത പോലെ ഇരുന്നു,,!
വിഡ്ഢികളായ എന്റെ കൂട്ടുകാരികള്‍ വരയില്ലാത്ത
പേജുകളുമായി എന്റെ മുമ്പില്‍ ക്യൂ നിന്നു..
ഒരു കവിള് വീര്‍ത്ത പെണ്ണുങ്ങളെ ഒരു മടിയുമില്ലാതെ
ഞാന്‍ വരച്ചു കൊടുത്തു..!
പക്ഷെ പെട്ടെന്നൊരു ദിവസം ഞാന്‍ വര നിര്‍ത്താന്‍ നിര്‍ബന്ധിതയാവുകയാണുണ്ടായത്.
ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ അകത്തുനിന്നും ഒരു കൂട്ടച്ചിരിയുടെ മേളം. അറിയാനുള്ള ആകാംഷയാല്‍,
മനമില്ലാ മനസ്സോടെ വായിലെ പുളിങ്കുരു മുറ്റത്ത് തുപ്പിയിട്ടു
വേഗം അകത്തേക്കോടി..,
ഇക്കാക്കയും ഉമ്മയും പിന്നെ അമ്മായിന്റെ മോളും ഒക്കെകൂടി ഒരു ബുക്കില്‍ നോക്കിയാണ് ചിരിക്കുന്നത്. ഞാനുംഏന്തിവലിഞ്ഞുനോക്കി..ദേഷ്യമോ,സങ്കടമോ,,ഉഴലിച്ചയോ എന്താണ് എനിക്കപ്പോള്‍ തോന്നിയ വികാരമെന്നു അറിയില്ല.
കവിള് വീര്‍ത്ത പെണ്‍കുട്ടികളെ നോക്കി അപ്പോഴും
അവരൊക്കെ ചിരിക്കുകയാണ്.ഇക്കാക്ക അത് കാണിച്ചു കൊടുക്കുന്നവനായി ഞെളിഞ്ഞുനിന്നു കൂടെ ചിരിക്കുന്നുണ്ട്.
ഈ സംഭവത്തോടെ ഞാനാ പരിപാടി നിര്‍ത്തി.
ചിത്രം വരയ്ക്കുന്ന ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരൊക്കെ ചെയ്തത് അത് മുളയിലെ നുള്ളിക്കളയുകല്ലേ...
എന്റെ ഉള്ളില്‍ അമര്‍ഷം നുരഞ്ഞു പൊങ്ങി....
പതയടങ്ങി താഴ്ന്നു പോയി..
പിന്നീട് എല്ലാറ്റിലും ആരും കാണാതെയുള്ള ശ്രമങ്ങള്‍ മാത്രം.
എട്ടാം ക്ലാസ്സ് എത്തും വരെ ആഗ്രഹങ്ങള്‍ ഓരോന്നും കുഴിച്ചു മൂടിക്കൊണ്ട്, കഴിവുകളൊന്നും ആരും കാണാതെ, ആരാലും അന്ഗീകരിക്കപ്പെടാതെ, മുന്നോട്ടുപോയി.
കുട്ടികള്‍ക്കിടയില്‍ ചെറിയൊരു ഹീറോ പരിവേഷം ഉണ്ടായിരുന്നെങ്കിലും..സ്വധവേ അന്തര്‍മുഖിയായ ഞാന്‍
അധ്യാപകരുടെ മുന്നിലൊന്നും ശ്രദ്ധിക്കപ്പെട്ടതേയില്ല...!!
ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളുടെ പോക്കെങ്കിലും
ഞാനും നേടിയെടുത്തു ഒരു ചാമ്പ്യന്‍ ഷിപ്പ്..!
അക്കഥ ഞാന്‍ പറയണോ..?