
വരയന്‍ എന്നെ വിട്ട് പോയിട്ട് ഈ റമദാന് വന്നാല്‍ ഒരു വര്‍ഷം തികയും.ദുഷ്ട്ടനായിരുന്നു,അവന്.
ഓര്‍ക്കാന്‍ ഇഷ്ട്ടമില്ലെങ്കിലും പുണ്യമാസം അടുത്തപ്പോള്‍ അറിയാതെ ഓരോന്നും ഓര്‍ത്തുപോകുന്നു.

ഒരു വര്‍ഷത്തിന്റെ നീളമേയുള്ളുവെങ്കിലും ഓര്‍മ്മകള്‍ക്കെന്നും മങ്ങിയ നിറം തന്നെ..!
അന്ന് ഞങ്ങള്‍ റോഡിനപ്പുറത്തെ തറവാടിന്റെ തട്ടിന്‍പുറത്തായിരുന്നു താമസം.വരയനാണെങ്കില് എല്ലാ ദുശീലങ്ങളുമുള്ള ഒരാളും. കൂട്ടത്തില്‍ കട്ടുതിന്നുന്ന ഹോബിയും..
നോമ്പ് ആദ്യപകുതി ആയിട്ടുണ്ടാകുമെന്നാണെന്റെ ഓര്‍മ്മ..അത്താഴച്ചോറിനു കഴിക്കാനുള്ള ഇറച്ചി പൊരിക്കുന്ന മണം കേട്ടപ്പഴെ വരയന്‍ ഇരിക്കപ്പൊറുതിയില്ലാതായിരുന്നു..ചീനച്ചട്ടിയില്‍ കിടന്നുമൊരിയുന്ന ഇറച്ചിക്കഷ്ണങ്ങള്‍ തട്ടിന്പുറത്ത്നിന്നും നല്ലോണം കാണാം,, കറിവേപ്പില കൂടി ചേര്‍ത്ത് ഇളക്കിയപ്പോള്‍ എന്റെ കൊതിയും ഒന്നിളകിയോന്നു തോന്നി.
പെട്ടെന്ന് തന്നെ ഞാനത് നിയന്ത്രിച്ചു..
ചെറുപ്പം തൊട്ടേ അമ്മ പറയാറുള്ളതാ…കട്ടു തിന്നരുത് മക്കളെ..ക്ഷമയോടെ കാത്തിരുന്നാല്‍ മനുഷ്യര്‍ സ്നേഹത്തോടെ തന്നെ ഒരു പങ്കു നമുക്ക് തരും.കട്ടു തിന്നുന്നവരെയാകട്ടെ കാണും തോറും എറിഞ്ഞാട്ടുകയെയുള്ളൂ..
അമ്മ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അത് തെറ്റിച്ചിട്ടില്ല..
പക്ഷെ,വരയന്‍ ഈ കാറ്റഗറിയിലൊന്നും പെട്ടവനല്ല..
വീട്ടുകാരുറങ്ങിയപ്പോള് വരയന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല..എല്ലാം കഴിഞ്ഞ് ചട്ടിയും കയ്യും നക്കിത്തുടച്ചു എന്റെ അരികില്‍ വന്നു ഒന്ന്മറിയാത്തതുപോലെ വന്നു കിടപ്പായി.ഞാന്‍ ദേഷ്യത്തോടെ മുരണ്ട് തിരിഞ്ഞു കിടന്നു.
അതൊന്നും ഗൌനിക്കാതെ വരയന്‍ കൂര്‍ക്കം വലിക്കാനും തുടങ്ങി.
എനിക്കുറക്കം വന്നില്ല.വിശന്നു കുടല് കരിയുന്നുണ്ട്.അത്താഴം കഴിഞ്ഞാല്‍ കിട്ടുന്ന ഉച്ചിഷ്ടത്തിനായി പതിവ് പോലെ ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു.
ഒന്ന് മയങ്ങിയോന്നു സംശയം…അടുക്കളയിലെ ബഹളം കേട്ടാണ് പിന്നീടുണര്ന്നത്.
കാലിയായ ഇറച്ചിച്ചട്ടിക്കുമുന്നില് ദേഷ്യത്തോടെ നില്ക്കുന്ന വീട്ടുകാരി.
ന്റെ റബ്ബേ,,സുബഹി ബാങ്ക് കൊടുക്കാറായല്ലോ കുട്ട്യാള്‍ക്ക് ഞാനിനിയെന്തു കൊടുക്കും..ആ കള്ളപ്പൂച്ചന്റെ കാല് ഞാനിന്ന് തല്ലിയൊടിക്കും.
ഇതൊന്നും കേള്‍ക്കാതെ ഒരാള്‍ കൂര്‍ക്കം വലി തുടര്‍ന്നു..നാളെ അവനു കിട്ടിയത് തന്നെ,ഞാന്‍ മനസ്സിലുറച്ചു.
വെറും മുരിങ്ങയില താളിച്ചൊഴിച്ച ചോറ്റുപാത്രത്തിനു മുമ്പില്‍ ഉറക്കച്ചടവോടെയിരിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ എനിക്കലിവ് തോന്നി..
മിക്കപ്പോഴും അവരുടെ ബാക്കി ചോറാണ് എനിക്ക് ഉച്ചിഷ്ടമായി കിട്ടാറ്.
വിശപ്പുകാരണം വൈകിയുറങ്ങിയ ഞാന്‍ വരയന്റെ നിലവിളി കേട്ടാണുണര്‍ന്നത്.
തട്ടിന്‍പുറത്ത് നിന്നും ചാടിയിറങ്ങിയപ്പോള്‍ കണ്ടത് പൊള്ളിയുരിഞ്ഞ ശരീരവുമായി ഓടി മറയുന്ന വരയനെയാണ്,
ആ മുറിവ് പിന്നെ ഉണങ്ങിയില്ല എന്ന് മാത്രമല്ല, അധികം താമസിയാതെ വരയന്‍ മരണത്തിന്റെ ലോകത്തേക്ക് യാത്രയാകുകയും ചെയ്തു.
ഭാഗ്യം എന്നു പറയാമല്ലോ ആ ബന്ധത്തില്‍ എനിക്ക് കുട്ടികളൊന്നുമുണ്ടായില്ല!
ഒറ്റപ്പെട്ടു നടക്കുന്ന അക്കാലത്താണ് പാണ്ടനുമായി അടുക്കുന്നത്.
നല്ല സംസ്ക്കാരമുള്ള കുടുംബത്തില്‍ പിറന്നതാണെന്നു ഒറ്റനോട്ടത്തിലറിയാം..! മാന്യമായ പെരുമാറ്റം.
ഗൌരവ പ്രകൃതമാണെങ്കിലും ഉള്ളു നിറയെ സ്നേഹമുള്ളയാളാണ് പാണ്ടനെന്നു മനസ്സിലാകാന്‍ ഏറെ നാളൊന്നും എനിക്ക് വേണ്ടി വന്നില്ല.
ഒരു കണക്കിന് ഞാന്‍ ഭാഗ്യവതി തന്നെയാണ്.വൈകിയാണെങ്കിലും നല്ലൊരു ജീവിതം എനിക്ക് കിട്ടിയത് ഭാഗ്യം കൊണ്ടല്ലാന്ന് പറയാന്‍ പറ്റ്വോ..?
എന്നോടൊപ്പം കൂടിയേപിന്നെ പാണ്ടന്‍ മറ്റൊരുവളുടെ മുഖത്തേക്ക് അറിയാതെ പോലും നോക്കിയിട്ടില്ല.
അല്ല..അതിന്റെ ആവശ്യവും ഉണ്ടായിട്ടില്ല.
ദൈവംഎനിക്ക് തന്നെ ആവോളം സൌന്ദര്യം വാരിക്കോരിത്തന്നിട്ടുണ്ടല്ലോ..!പോരാത്തതിന് തുടുതുടുത്ത നാല് മക്കളും..അത് പോരെ!
അന്ന് തൊട്ടു ഊണിലും ഉറക്കത്തിലും ഒരു നിഴലുപോലെ പാണ്ടന്‍ എന്നോടൊപ്പമുണ്ട്..

ആറുമാസം കഴിഞ്ഞാണ് ഞങ്ങളുടെ ദാമ്പത്യ വല്ലരി പൂവണിഞ്ഞത്.
പ്രസവമടുത്തപ്പോള്‍ സുരക്ഷിതത്ത്വം കണക്കിലെടുത്ത് ഞങ്ങള്‍ ആ പഴയ തട്ടിന്‍പുറത്ത് തന്നെ ശരണം പ്രാപിച്ചു..
വൈകാതെ ഞങ്ങള്‍ക്ക് നാല് മക്കള്‍ പിറന്നു.

പക്ഷെ,,അധികം താമസിയാതെ ഞങ്ങള്ക്കവിടം വിട്ടു പോകേണ്ടി വന്നു…..
റമദാന് മുമ്പുള്ള ഒരു നനച്ചുളി ദിവസമായിരുന്നു അന്ന്.
വീട് മൊത്തം അരിച്ചു പെറുക്കി വൃത്തിയാക്കുന്ന തിരക്കിലാണ്..വീട്ടുകാര്‍.
പെട്ടെന്നാണത് സംഭവിച്ചത്…
തട്ടിന് പുറത്തേക്കു നീണ്ടു വരുന്ന മാറാല വടി!
തലനാരിഴയുടെ വെത്യാസതിലാണ് പാണ്ടന്‍ കുഞ്ഞുങ്ങളെ അതിന്റെ വീശലില്നിന്നും രക്ഷിച്ചത്.
ഇനിയും അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍
അന്നുതന്നെ റോഡില്‍ വാഹനങ്ങള്‍ നിലച്ച ഒരു പാതിരാനേരത്തു കുഞ്ഞുങ്ങളെയും കൊണ്ട് റോഡിനിപ്പുറത്തെ വീട്ടിലേക്കു ഓടിപ്പോന്നു.
ഇപ്പോള്‍ കര്‍ക്കിടകം പെയ്തു തിമര്‍ക്കുമ്പോള്‍,
ഇവിടെ മഴയെല്‍ക്കാതെ ഞങ്ങള്‍ കഴിയുന്നു,കൂട്ടിയിട്ട ഈ പഴയ
മരപ്പലകകള്‍ക്ക് മീതെ ഈ ജീവിതം ഞങ്ങള്‍ക്ക് സ്വര്‍ഗമാണ്.
മാറി മാറി ഞങ്ങള്‍ മക്കള്‍ക്ക് കാവലിരുന്നു.

ഞങ്ങള്‍ക്ക് കിട്ടാത്തതൊക്കെ മക്കള്‍ക്ക് കിട്ടുന്നല്ലോ എന്ന സന്തോഷത്തിലാണ് ഞങ്ങള്‍ ഏതു നേരവും.
മീന്‍ മുള്ളുകളുടെയും എല്ലിന് കഷ്ണങ്ങളുടെയും കാലമൊക്കെ എന്നോ കഴിഞ്ഞു പോയല്ലോ..
ഒരുണക്കമീനിന്റെ കഷ്ണം എന്നെങ്കിലും ഒരിക്കല്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു കുട്ടിക്കാലം മുഴുവന്‍ ജീവിച്ചു തീര്‍ത്തവളാണ് ഞാന്‍..!
കണ്ടില്ലേ ഒരു മുഴുവന്‍ മീനും തിന്ന സന്തോഷത്തിലാണ് എന്റെ മക്കളിപ്പോള്‍..! എനിക്കതുമതി…

വീണ്ടും ഒരു റമളാന്‍ കൂടി ആഗതമായിരിക്കുന്നു..
എനിക്കീ ജീവിതം സന്തോഷം നിറഞ്ഞതാണ്.
സ്നേഹം മാത്രം കൈമുതലായുള്ള എന്റെ പാണ്ടനും,പിന്നെ കുഞ്ഞു മക്കളുമൊത്ത്…ഞാനെന്റെ ഈ ജീവിതം ജീവിച്ചു തീര്‍ക്കട്ടെ..!!
*********
പാണ്ടനും കുഞ്ഞുങ്ങളുമൊത്തുള്ള എന്റെ കുറച്ചു ഫോട്ടോസ് കൂടിയുണ്ട്.
കണ്ട് നോക്കൂ..
![]() |
അവിടെ എന്തോ അനങ്ങുന്നു.... |
![]() |
കണ്ടോഡീ...അവന് ഇങ്ങോട്ട് കേറാന്‍ നോക്കുന്നെ... |
വാ മക്കളേ ,,കേറി വാ..അല്ലാ ,രണ്ടാളെവിടെപ്പോയി...? |
നിങ്ങളൊന്നു നോക്ക് മനുഷ്യാ...കുട്ടികള്‍ എവിടെപ്പോയെന്ന്... |
![]() |
ഉം...ശെരി.ഞാന്‍ നോക്കിയിട്ട് വരാം. |
![]() |
അച്ഛന് പിണക്കമാ... |
![]() |
ഉംമ്മ,,,,,മിണ്ട്യെലോ.. |
![]() |
ശ്ശോ... ഈ കുട്ടികളുടെ ഒരു കാര്യം..ഏതു നേരവും ഈ പാലുകുടിതന്നെ.. |
![]() |
ഞങ്ങളെ ഇഷ്ട്ടായോ...? |
ഇനി ഒരു മാസത്തേക്ക് വിട..